വിശാലമായ ഭാരതവര്‍ഷത്തിന്റെ ഗതിയും വിഗതിയും നിര്‍ണയിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ച ഇടമാണ് വിശാല തമിഴകത്തിനുള്ളത്. അത് സാംസ്‌കാരികമായ അര്‍ത്ഥത്തില്‍ ആയാലും രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ ആയാലും വിശാലമായ ഭാരതഭൂമിയുടെ അഖണ്ഡതയെ തമിഴ് സംസ്‌കാരം എന്നും മഹിമയോടെ പാടിയിട്ടുണ്ട്. അഖണ്ഡമായ ഈ സംസ്‌കൃതിയുടെ അനുസ്യൂതമായ സാംസ്‌കാരിക ധാരാപ്രവാഹത്തില്‍ ഒരുതരത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തമിഴ് സംസ്‌കൃതി എന്ന് സംഘകാല കൃതികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ‘ഭാരതീയസംസ്‌കാരം പ്രായേണ മതാധിഷ്ഠിതമായിരുന്നു. അതേ മതങ്ങളിലധിഷ്ഠിതമായിരുന്നു പഴന്തമിഴുകൃതികളില്‍ നിഴലിക്കുന്ന സംസ്‌കാരവും. വൈദികവും പൗരാണികവുമായ ഹൈന്ദവധര്‍മ്മത്തോടൊപ്പം ബൗദ്ധ ജൈനാജീവകധര്‍മ്മങ്ങളും ഒന്നിപ്പിച്ചതിനാലുണ്ടായ ഒരു സര്‍വ്വധര്‍മ്മസമന്വയത്തിന്റെ ഫലമായാണ് ഭാരതം ഒന്നെന്ന ധാരണ ചരിത്രാരംഭകാലത്തു തന്നെ ഇന്നാട്ടില്‍ തെളിഞ്ഞുകാണാനിടയായത്. ഭാരതത്തിന്റെ അടിസ്ഥാനപരമായ ഈ ഐക്യം അറിയപ്പെട്ട തമിഴുചരിത്രത്തിന്റെ ആദിമഘട്ടമായ സംഘകൃതികളില്‍ പകല്‍വെളിച്ചം പോലെ തെളിഞ്ഞു കാണാമെന്നു’ സംഘകാല കൃതികളിലെ തമിഴ് സംസ്‌കാരം എന്ന കൃതിയില്‍ ഡോ.കെ.കെ. ഉണ്ണിക്കിടാവ് നിരീക്ഷിക്കുന്നു. സംഘ തമിഴ് ആകട്ടെ ശേഷമുള്ള തമിഴ്‌സംസ്‌കൃതി ആവട്ടെ യാതൊരുവിധത്തിലും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് ഒരുവിധത്തിലുള്ള ഭിന്നതയും ഇല്ലാത്ത ഒന്നാണ്.
സംഘകാലത്തിന്റെ ഭാസുരമായ ഓര്‍മ്മകളില്‍ സംഘസാഹിത്യ പെരുമയില്‍ തിരഞ്ഞാല്‍ തെക്കു കുമരിയും വടക്ക് വേങ്കടവും (തിരുപ്പതി വെങ്കടാചലം) കിഴക്കും പടിഞ്ഞാറും കടലും അതിരു കോറിയിടുന്ന വിശാല തമിഴകത്തിന്റെ പാരമ്പര്യം നാം ഇന്നും പാലിച്ചു പോരുന്ന നമ്മുടെ സനാതനവും ജൈവികവുമായ ജീവസ്സുറ്റ ഒരു ധാരയാണ് എന്ന് കാണാം. സംഘകാല സംസ്‌കൃതി മണ്ണിനെയും കൃഷിയെയും ജനജീവിതത്തെയും സമന്വയിപ്പിച്ചിരുന്നത് അതിന്റെ ആരാധനാ പാരമ്പര്യത്തിലായിരുന്നു. ഈ ആരാധനാ പാരമ്പര്യത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ദേവതകള്‍ എല്ലാം തന്നെ മണ്ണില്‍ വേരുകളുള്ളതും ഇന്നും നാം ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായി ആരാധിക്കുന്ന ദേവതകളും ആണ് എന്നതില്‍ തര്‍ക്കമില്ല. സംഘകാലഘട്ടത്തിലെ ഈ ദേവതകള്‍ ആരായിരുന്നു, എന്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അവര്‍ നിലനിന്നത്? എന്നത് വ്യക്തമാകുന്ന തിണകളെ കുറിച്ചുള്ള ഒരു പ്രാചീന സംഘകാല പാട്ടു നോക്കാം
മായോന്‍ മേയ കാടുറൈ ഉലകവും
ചേയോന്‍ മേയ മൈവരെ ഉലകവും
വേന്തന്‍ മേയ തീംപുനല്‍ ഉലകമും
വരുണന്‍മേയ പെരുമണല്‍ ഉലകമും
മുല്ലൈ കുറിഞ്ചി മരുതം നെയ്തല് എന
ചൊല്ലിയ മുറൈയാന്‍ ചെല്ലവും പടുമേ.
സംഘകാലഘട്ടത്തില്‍ ഭൂമിയെ അവയുടെ സ്വഭാവം അനുസരിച്ച് അഞ്ചു വിഭാഗങ്ങളായാണ് തിരിച്ചിരുന്നത്. ഈ തരംതിരിവിനെ തിണകള്‍ എന്നാണ് വിളിച്ചത്. അഞ്ചു തിണകള്‍ എന്ന അര്‍ത്ഥത്തില്‍ ഐന്തിണകള്‍ എന്നും. തിണകളുടെ പ്രത്യേകതയനുസരിച്ച് അവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ഏര്‍പ്പെട്ടിരുന്ന ജോലികളും വ്യത്യസ്തമായിരുന്നു. അതോടൊപ്പം അവര്‍ ആരാധിച്ചിരുന്ന ദേവതകളും. തിണകളെ തരംതിരിച്ചത് ഓരോ പ്രദേശത്തും വളരുന്ന പുഷ്പങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തില്‍ ആണ്.
ഐന്തിണകളില്‍ താമസിച്ചിരുന്ന പ്രധാന കുലങ്ങള്‍ക്കെല്ലാം ഓരോ പ്രധാനദേവതയുണ്ടായിരുന്നു. ഉഴവര്‍ ‘വേന്തനെയും’ (ഇന്ദ്രന്‍), ആയര്‍ ‘മായോനെയും’ (വിഷ്ണു), പരതവര്‍ കടലോനെയും (വരുണന്‍), കുറവര്‍ ‘ചേയോനെയും’ (മുരുകന്‍), മറവര്‍ ‘കൊറ്റവൈ’ (കാളിയെയും) ആരാധിച്ചു വന്നു.
മേല്‍പ്പറഞ്ഞിരിക്കുന്ന ദേവതാ സങ്കല്പങ്ങള്‍ക്കൊപ്പം സംഘതമിഴകത്തിന്റെ ഹൃദയത്തില്‍ ചന്ദ്രക്കല ധരിച്ച ശിവപെരുമാളും, കലപ്പ ആയുധമാക്കിയ ബലരാമനും, വില്ലേന്തിയ രാമനും മഴുവേന്തിയ പരശുരാമനും കോട്ടകാക്കുന്ന ദുര്‍ഗ്ഗയും താമരയേന്തിയ ലക്ഷ്മിയും എല്ലാം സ്ഥാനം നേടിയിട്ടുണ്ട് എന്ന് തോല്‍ക്കാപ്പിയം, പത്തുപാട്ട്, അകനാനൂറ്, പുറനാന്നൂറു എന്നീ സംഘ കൃതികള്‍ ഘോഷിക്കുന്നു.
ബിസി മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ രചിക്കപ്പെട്ടതെന്ന് പണ്ഡിതര്‍ കരുതുന്ന തോല്‍കാപ്പിയം മുരുകനും തിരുമാലും (കൃഷ്ണന്‍ – തിരു -ശ്രീ മാല്‍-കളവ്) ആണ് തമിഴകത്തിന്റെ ഇഷ്ടദേവതമാര്‍ എന്ന് പറയുന്നു. വൈദിക സാഹിത്യങ്ങളായ പുരാണങ്ങളില്‍ ദേവന്മാരുടെ സേനാപതിയായിരിക്കുന്ന മുരുകന്‍ അഥവാ സുബ്രഹ്‌മണ്യന്‍ തമിഴ് സംസ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേവനായി മാറുന്നു. വൈദിക ധര്‍മ്മത്തെയും തമിഴ് പ്രാദേശിക സംസ്‌കാരത്തെയും കൂട്ടിയോജിപ്പിക്കുന്ന ഒരു ബിന്ദുവായി മുരുകനെ ഇത്തരത്തില്‍ കാണാവുന്നതാണ്. മുരുകന്‍ വിവാഹം കഴിച്ചിരിക്കുന്ന രണ്ടു ഭാര്യമാര്‍ ഈ തത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുമുണ്ട്. ദേവരാജാവായ ഇന്ദ്രന്റെ മകളായ ദേവയാനിയും കുറവരുടെ മകളായ വള്ളിയും. ദേവയാനി വെളുത്തവളും വള്ളി ഇരുണ്ട നിറത്തോടുകൂടിയവളുമാണ്. സംഘ കാലത്തിന്റെ ഇട ദശയില്‍ ഉണ്ടായിരുന്ന നക്കീരര്‍ എഴുതിയ തിരുമുരുകാറ്റുപ്പടൈയില്‍ ദേവയാനി മുരുകന്റെ ക്രിയാശക്തിയായും വള്ളി മുരുകന്റെ അന്‍പായും പറയുന്നു. എന്തൊക്കെ തരത്തില്‍ സനാതനധര്‍മ്മത്തിന്റെ ധാര്‍മിക പരിസരത്തുനിന്ന് തമിഴ് സംസ്‌കാരത്തെ അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചാലും ഇത്തരത്തിലുള്ള അതിശക്തമായ അന്തര്‍ധാരകള്‍ സംഘകാലം മുതല്‍ക്ക് തന്നെ തമിഴ് പാരമ്പര്യം തുടരുന്നു എന്നത് നാം ആശ്വാസത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ആര്യ-ദ്രാവിഡ വാദത്തിന് പിന്‍ബലം നല്‍കുക എന്ന ഉദ്ദേശ്യത്തില്‍ വൈദിക പാരമ്പര്യത്തിനെയും മറ്റും ആര്യമാക്കി അന്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളെ തമിഴ് സംസ്‌കാരം ചെറുത്തു തോല്‍പ്പിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തിരുവള്ളൂര്‍ തന്നെയാണ്. പി.കെ.ഗോപാലകൃഷ്ണന്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥത്തില്‍, കൃത്യമായി നിരീക്ഷിക്കുന്നത്, ശ്രീശങ്കരനും ശ്രീനാരായണനും മുഴക്കിയ അതേ ഉദ്ഗ്രഥന സന്ദേശം തന്നെയാണ് തിരുവള്ളുവര്‍ എന്ന കര്‍മ്മയോഗിയുടെ അനശ്വര കൃതിയായ തിരുക്കുറലില്‍ അമൃതവാണിയായി നാം കേള്‍ക്കുന്നത് എന്നാണ്. വൈദിക സംസ്‌കാരത്തിന്റെ ആണിക്കല്ലുകളായ ധര്‍മ്മം, അര്‍ത്ഥം, കാമം എന്ന ത്രിവര്‍ഗങ്ങളെ യഥാക്രമത്തില്‍ അറുത്തുപ്പാല്‍, പൊരുള്‍പ്പാല്‍, കാമത്തുപ്പാല്‍ എന്നിങ്ങനെ തിരുവള്ളൂര്‍ തന്റെ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. വള്ളുവരുടെ കുറല്‍ പാരമ്പര്യം വൈദിക സംസ്‌കൃതിയുടെ നൈതികതയും, മൂല്യവും അതേസമയം ഉപനിഷത്തുക്കളുടെ തത്വചിന്തയും ഉള്‍ക്കൊണ്ടിരിക്കുന്നതാണ്. വിജാതീയമതങ്ങള്‍ അല്ലാതിരുന്ന ബൗദ്ധ- ജൈന ധര്‍മ്മങ്ങളുടെ സ്വാധീനവും കുറലില്‍ കാണുന്നതു സൂചിപ്പിക്കുന്നത് എത്രമാത്രം ആ കൃതി തമിഴ്‌സംസ്‌കാരത്തോടൊപ്പം വൈദിക-ഔപനിഷദിക, ബൗദ്ധ -ജൈന പാരമ്പര്യത്തെയും ചേര്‍ത്ത് നിര്‍ത്തി എന്നതാണ്.
തമിഴ് സംസ്‌കാരത്തിന്റെ ഏറ്റവും ശക്തമായ ശബ്ദം മുഴങ്ങി കേള്‍ക്കുന്നത് തിരുക്കുറളിലാണ്. തിരുക്കുറളിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ജസ്റ്റിസ് ബി. സുബ്രഹ്‌മണ്യം എഴുതിയ ആമുഖത്തില്‍ അദ്ദേഹം പറയുന്നതായി പി.കെ.ഗോപാലകൃഷ്ണന്‍ ഉദ്ധരിക്കുന്ന വാക്യം എത്രമാത്രം തമിഴ് സംസ്‌കൃതി കുറളിന്റെ സ്വാധീനം കൊണ്ട് പോഷിപ്പിക്കപ്പെട്ടതാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ്. ബി.സുബ്രഹ്‌മണ്യം എഴുതുകയാണ് ”കുറള്‍ പ്രസിദ്ധീകരിച്ച കാലം മുതല്‍ ധര്‍മ്മം, നീതി, സദാചാരം എന്നിവയെക്കുറിച്ച് തങ്ങളുടെ സ്വന്തം മനസ്സാക്ഷിയുടെ ശബ്ദമാണ് തമിഴ് ജനത അതില്‍ ശ്രവിച്ചത്” എന്നാണ്. മഹത്തായ ഈ ധര്‍മ്മസന്ദേശങ്ങള്‍ ദക്ഷിണേന്ത്യയുടെ ആത്മസത്തയാണ് എന്ന് പി.കെ. ഗോപാലകൃഷ്ണന്‍ തിരുക്കുറളിനെ കുറിച്ച് നിരീക്ഷിക്കുമ്പോള്‍ നാം അറിയേണ്ടത് വിശാലമായ സനാതന സംസ്‌കൃതിയുടെ മൂല ബിന്ദുക്കളായ വേദാഗമങ്ങളോടു കുറല്‍ പാരമ്പര്യം എത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ്.
തമിഴ് സംസ്‌കൃതിയുടെ ആഴത്തിലേക്ക് നാം കടന്നു ചെല്ലുമ്പോള്‍ കാണുന്നത് അതിന്റെ വേരുകള്‍ നിശ്ചയമായും ഊന്നിയിരിക്കുന്നത് സംഘകാലത്തിലും, അതിലും പുറകിലുമുള്ള കാലങ്ങളിലും സനാതന സംസ്‌കൃതിയില്‍ തന്നെയാണ് എന്നതാണ്. പിന്നീട് തമിഴ് സംസ്‌കൃതി ഒരു വൃക്ഷമായി വളരുമ്പോള്‍ അതിന്റെ കാതലായി തമിഴ്‌ശൈവസിദ്ധാന്തവും, വൈഷ്ണവ, ശാക്ത, ഗാണപത്യ, കൗമാര മതങ്ങളെയും നാം കാണുന്നു. അതിന്റെ ഫലങ്ങളായി തമിഴ് ഭക്തിപ്രസ്ഥാനത്തെയും, സാമൂഹികമുന്നേറ്റ പ്രവര്‍ത്തനങ്ങളെയും നാം കാണുന്നു. ഇതില്‍നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് പിന്നീട് വളര്‍ന്നുവന്ന ആധ്യാത്മിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ദേശീയ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം അടിസ്ഥാനപരമായി ഊന്നിയിരിക്കുന്നത് സനാതനധര്‍മ്മത്തിന്റെ മൂല്യവ്യവസ്ഥിതിയില്‍ തന്നെയാണ്. തിരുവള്ളുവര്‍ മുതല്‍ സുബ്രഹ്‌മണ്യഭാരതിയില്‍ വരെ ഒളിയായി മിന്നുന്ന കാവ്യം ഒരേസമയം ആധ്യാത്മികവും, തീക്ഷ്ണമായ വിപ്ലവശേഷിയോടു കൂടിയതും, നവോത്ഥാനത്വരയോടുകൂടിയതും ആകുന്നത് സനാതനധര്‍മ്മത്തിന്റെ ആത്മവിമലീകരണ ശേഷി അത് ഉള്ളില്‍ വഹിക്കുന്നത് കൊണ്ടാണ്.
വിശാലഭാരതവര്‍ഷത്തിന്റെ ആധ്യാത്മികവും സാംസ്‌കാരികവുമായ അസ്തിത്വം തമിഴ് സംസ്‌കൃതി നിരന്തരം ഉദ്‌ബോധിപ്പിച്ചത് കൊണ്ടാണ് ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും അരനൂറ്റാണ്ട് മുന്‍പ് ‘ജമ്പുദ്ദീപപ്രകടനം’ എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം മരുത് സഹോദരന്മാര്‍ക്ക് നടത്തുവാന്‍ സാധിച്ചത്. തമിഴ്‌സ്വാതന്ത്ര്യവാദമല്ല, പ്രാദേശിക സ്വത്വനിര്‍മ്മാണ പ്രകടനമല്ല, ദക്ഷിണേന്ത്യയുടെ വിഭജനകാഹളമല്ല ആര്‍ഷോക്തമായ സമസ്തഭാരതവര്‍ഷവും നിലനില്‍ക്കുന്ന ജംബുദ്വീപത്തിന്റെ പൂര്‍ണസ്വരാജ്യത്തിനുള്ള കാഹളം.
സനാതനമായ മൂല്യവ്യവസ്ഥ ആഴത്തില്‍ ഉറപ്പിക്കാത്ത ഒരു കൃതിയും, ഒരു വിശ്വാസ പദ്ധതിയും തമിഴ് സംസ്‌കാരത്തില്‍ ഇല്ല. അവ ഉണ്ട് എന്ന് പറഞ്ഞു പരത്തുന്നത് വിശ്വസാക്ഷിയായ സൂര്യനെ കരിങ്കണ്ണട വെച്ച് മറയ്ക്കുന്നതുപോലെ ഭോഷത്തമാണ്. ഇത്തരം കുത്സിത പ്രവൃത്തികള്‍ നടത്തുന്നവരുടെ കണ്ണിലും മനസ്സിലും ഇരുട്ടാണ്, എന്നാല്‍ ആ ഇരുട്ട് തമിഴ് ജനതയുടെ ഹൃദയങ്ങളിലേക്ക് വ്യാപിക്കുകയില്ല. കാരണം അത് ആഴത്തില്‍ വേരു പിടിച്ചിരിക്കുന്നത് സനാതന സിന്ധുവാല്‍ ഉര്‍വ്വരമാക്കപ്പെട്ടിരിക്കുന്ന ഒരു ഭൂമിയിലാണ്. അത് ആദി ദ്രാവിഡം തന്നെയാണ്, ആദിദ്രാവിഡം ആദിതുറവിടമാണ്. മനുഷ്യപ്രജ്ഞ അതിന്റെ മഹത്തായ പ്രയാണം ആരംഭിച്ചിട്ടുള്ള ആദിത്തുറവിടം.
റഫറന്‍സ്
1. കെ.കെ. ഉണ്ണിക്കിടാവ് , 2007, സംഘകാല കൃതികളിലെ തമിഴ് സംസ്‌കാരം, കേരള സാഹിത്യ അക്കാദമി.
2. പി.കെ.ഗോപാലകൃഷ്ണന്‍, 1984, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
3. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, 2007, കേരള ചരിത്രത്തിലെ അടിസ്ഥാനരേഖകള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
4. ആര്‍ രാമാനന്ദ്, 2019 , കുട്ടിചാത്തന്‍, അയ്യപ്പന്‍, ശാസ്താവ്, ഡി.സി.ബുക്ക്‌സ്.
5. Sri, Padmanabhan S. 1984, “The Blend of Sanskrit Myth and Tamil Folklore in Thiru-muruga-tru-p-padai’”. Asian Folklore Studies.