കോഴിക്കോട്: ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മതവിഭാഗങ്ങള്‍ക്ക് അടക്കം അഭയം നല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘മത ന്യൂനപക്ഷങ്ങളും രാഷ്ട്രീയ സ്വയംസേവക സംഘവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂതന്മാരും പാഴ്‌സികളും തൊട്ട് ടിബറ്റന്‍ ജനത വരെയുള്ളവര്‍ക്ക് ഭാരതം അഭയം നല്‍കി. ഈ പാരമ്പര്യം മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കൊന്നും അവകാശപ്പെടാനാവില്ല. വിവിധ മതങ്ങളെഎല്ലാം വിശാലതയോടെ സ്വീകരിച്ച ഏക രാഷ്ട്രം ഭാരതമാണ്.
മുസ്ലീം മതത്തിലെ 72 ഉപവിഭാഗങ്ങള്‍, ക്രിസ്ത്യന്‍ മതത്തിലെ 229 ഉപവിഭാഗങ്ങള്‍, ബുദ്ധമതത്തിലെ 18 വിഭാഗങ്ങള്‍, ജൈനമതത്തിലെ 11 വിഭാഗങ്ങള്‍ മുതലായവ ഭാരതത്തിലുണ്ട്. നാം എല്ലാ വൈവിധ്യങ്ങളെയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. മതം, ഭാഷ, ജാതി, വേഷം തുടങ്ങിയ വൈവിധ്യങ്ങള്‍ക്കെല്ലാം ഉപരിയായി ഭാരതീയര്‍ക്ക് ഒരേ പൈതൃകമാണുള്ളത്. മതം മാറിയതുകൊണ്ടോ ആരാധനാ രീതികള്‍ മാറിയതുകൊണ്ടോ പാരമ്പര്യത്തിന്റെ വേരുകള്‍ അറുക്കാനാകില്ല.
വിഭാഗീയതയ്ക്ക് പകരം രാഷ്ട്രഹിതത്തിന് ഒന്നാം സ്ഥാനം നല്‍കുന്ന മനോഭാവമായിരിക്കണം ഉണ്ടാകേണ്ടത്. കൊറോണ സമയത്ത് അടക്കം പ്രതിസന്ധികളില്‍ നിന്ന് ലോകത്തെ രക്ഷിച്ച ഭാരതത്തിന് ലോകത്തെ നയിക്കാനും ദാരിദ്ര്യമുക്തവും കലാപരഹിതവുമായ സമൂഹത്തെ സൃഷ്ടിക്കാനും കഴിയും.
മുസ്ലിം ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ സ്‌നേഹസംവാദങ്ങള്‍ നടത്താനും അകല്‍ച്ച കുറയ്ക്കാനും ആര്‍എസ്എസ് നേതൃത്വം മുന്‍കൈയെടുക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സത്യദൂതന്‍ എഡിറ്ററും അഹമ്മദീയ മുസ്ലീം ജമാഅത്ത് ആഭ്യന്തരകാര്യ സെക്രട്ടറിയുമായ മുഹമ്മദ് സലീം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ തമ്പി എരുമേലിക്കര, അല്‍കാദിരി കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, അഡ്വ. എസ്. മുഹമ്മദ് റിഷാല്‍, സതീഷ് മലപ്രം എന്നിവര്‍ സംസാരിച്ചു. അമൃതശതം പ്രഭാഷണ പരമ്പര സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.എന്‍.ദേവദാസ് സന്നിഹിതനായിരുന്നു. ഗോപി കൂടല്ലൂര്‍ ഗീതം ആലപിച്ചു.