പ്രബോധസംഗീതം
ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍നായര്‍
പേജ്: 632 വില: 800 രൂപ
കുരുക്ഷേത്ര പ്രകാശന്‍
ഫോണ്‍: 0484-2338324
ഭാഷാശാസ്ത്രാചാര്യനും ഭാഷാഗവേഷകനും ഭാഷാപരിപോഷകനും മാത്രമല്ല, ഈടുറ്റ ക്ലാസിക്കല്‍ സംഗീത രചനകളുടെ കര്‍ത്താവ് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് വി.ആര്‍.പ്രബോധനചന്ദ്രന്‍നായര്‍ ‘പ്രബോധസംഗീതം’ എന്ന ബൃഹത്കൃതിയിലൂടെ. അഞ്ഞൂറ്റി മുപ്പത്തഞ്ചു കീര്‍ത്തനങ്ങളാണ് ഇതില്‍ അകാരാദിക്രമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ ദേവി, മൂകാംബികാ ഭഗവതി, മൂലാധാരത്തില്‍, ലക്ഷ്മി, ശാസ്താവ്, ശ്രീകൃഷ്ണന്‍, ശ്രീപരമേശ്വരന്‍, സരസ്വതി, സുബ്രഹ്‌മണ്യന്‍, ചട്ടമ്പിസ്വാമികള്‍ എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളില്‍ പത്തു ശ്ലോകങ്ങളും കാണാം. ആറു പ്രധാനപ്പെട്ട അനുബന്ധങ്ങളും കൃതിയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മിക്ക കീര്‍ത്തനങ്ങള്‍ക്കും ശ്ലോകങ്ങള്‍ക്കും ചുവടെ രചയിതാവുതന്നെ ലഘുവ്യാഖ്യാനവും നല്കിയിട്ടുണ്ട്. പ്രബോധന സംഗീതകൃതികളെ വിഷയാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണിക്കുന്നതാണ് അനുബന്ധങ്ങളില്‍ ഒന്ന്. ഓരോ ദേവനെയും ദേവിയെയും കുറിച്ച് എത്രത്തോളം കൃതികള്‍ ഉള്‍ക്കൊള്ളുന്നു എന്നു വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. പ്രമാണീകരണ ഗ്രന്ഥമായി ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഏതു കീര്‍ത്തനവും എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പാകത്തിനുള്ള സൂചനകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
‘പ്രബോധസംഗീതത്തിന്റെ വികാസപരിണാമങ്ങള്‍’ എന്ന ഡോ/പ്രൊഫ. ബി.പുഷ്പാകൃഷ്ണന്റെ പഠനവും ‘പ്രബോധസംഗീതം – സമൂഹകീര്‍ത്തനാലാപം’ എന്ന പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ളയുടെ വിലയിരുത്തലും ഈ കൃതിക്ക് മാറ്റുകൂട്ടുന്നു എന്നു പറയാതെ വയ്യ. രണ്ടുപേരും ഈ പുസ്തകത്തിലൂടെ മാനസസഞ്ചാരം ചെയ്ത് കാച്ചിക്കുറുക്കി എഴുതിയിരിക്കുകയാണ്. പ്രബോധസംഗീതത്തിന്റെ ശ്രുതിയും ലയവും മാത്രമല്ല, സാരസ്വതഭാവവും ഇരുവരും തിരിച്ചറിഞ്ഞിരിക്കുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അഗ്രശാലയില്‍ (ഊട്ടുപുര) പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്ന ശ്രീമഹാഗണപതിയെ സ്തുതിക്കുന്ന ആദ്യത്തെ ഗാനത്തില്‍ യഥാര്‍ത്ഥ ഭക്തിയും വിഭക്തിയും സമന്വയിച്ചിരിക്കുകയാണ്. ഇരുത്തംവന്ന ഒരാള്‍ക്കു മാത്രമേ ഇപ്രകാരം എഴുതാനാവുകയുള്ളൂ.
”പത്മനാഭ! നിന്‍ കാല്ക്കലും തലയ്ക്കലും ഭൂ-ലക്ഷ്മിമാര്‍
അല്‌പേതര ശ്രദ്ധാസേവ കെല്‍പോടെന്നും ചെയ്തുവാഴ്‌വു” എന്ന കീര്‍ത്തനം ശ്രീപത്മനാഭനെ വാഴ്ത്തുന്നതാണെന്ന് എടുത്തുപറയേണ്ടതില്ല. പദ്മനാഭന്റെ കാല്‍ക്കലും തലയ്ക്കലും ഭൂ-ലക്ഷ്മിമാര്‍ (ഭൂമിദേവിയും ലക്ഷ്മീ ഭഗവതിയും) ഒട്ടും കുറയാത്ത (അല്‍പേതര) ശ്രദ്ധയോടുള്ള ശുശ്രൂഷ ചെയ്യുന്നു. ഭഗവാന്റെ മനസ്സിനു മാത്രമേ ആരും കാവലില്ലാതുള്ളൂ. അപ്രകാരം കാവലില്ലാത്ത ആ മനസ്സ് കവിയുടെ ബോധത്തിനു കുറവോ വൈകല്യമോ വരാതെ സദാ കാവലാവണേ എന്ന പ്രാര്‍ത്ഥനയാണ് ഈ പല്ലവിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ദക്ഷിണ മൂകാംബിക എന്നു പേരുകേട്ട വടക്കന്‍ പറവൂരെ സരസ്വതീക്ഷേത്രത്തിന്റെ തിരുമുറ്റത്തുള്ള വെള്ളമണല്‍ പറവൂര്‍കാര്‍ എങ്ങോട്ടു താമസം മാറ്റിയാലും ഒരുപിടി കൂടെക്കൊണ്ടുപോയി പരിശുദ്ധമായി സൂക്ഷി ക്കും. കുട്ടികളെ എഴുത്തിനിരുത്താനും മറ്റും ഉപയോഗിക്കാനാണിത്. ഇക്കാര്യം പല്ലവിയില്‍ എടുത്തു പറഞ്ഞുകൊണ്ടാണ് മറ്റൊരു ഗാനം പ്രബോധചന്ദ്രന്‍ നായര്‍ സമാരംഭിച്ചിരിക്കുന്നത്. എന്നിട്ട് അദ്ദേഹം തുടര്‍ന്നെഴുതുന്നു:
”ഏകാന്തധ്യാനമാവെണ്‍ മണലിന്‍ മുന്നില്‍
ഏകാത്തതെന്തുള്ളു കല്‍പദ്രുപോല്‍!”
ബാഹ്യ ലോകസംബന്ധമെല്ലാം ഒഴിവാക്കിക്കൊണ്ടുള്ളതാണല്ലോ ഏകാന്ത ധ്യാനം അഥവാ ഏകാഗ്രധ്യാനം. അങ്ങനെ ധ്യാനിച്ചാല്‍ ലഭിക്കാത്തതായൊന്നുമില്ല. എങ്ങനെ, കല്‍പവൃക്ഷം എന്ന പോലെ ചോദിക്കുന്നതെന്തും നല്‍കുന്നതും സ്വര്‍ഗ്ഗത്തിലുള്ളതുമായ വൃക്ഷവിശേഷമാണല്ലോ കല്‍പദ്രു.
ഈ പുസ്തകത്തിലെ രചനകള്‍ക്ക് ക്ഷേത്രകൃതികള്‍ എന്ന വിശേഷണമാണ് കൂടുതല്‍ ഇണങ്ങുക. ചെറുതും വലുതുമായ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളെയും കുറിച്ച്, പ്രത്യേകിച്ച് ഓരോ ക്ഷേത്രത്തിലെയും മുഖ്യദേവതയെക്കുറിച്ച് ഭക്ത്യാദരപൂര്‍വ്വം കൃതികള്‍ ചമച്ചിരിക്കുകയാണ് അദ്ദേഹം. ഒരേ ക്ഷേത്രത്തെക്കുറിച്ച് ഒന്നിലേറെ കൃതികളും പിറന്നിട്ടുണ്ട്.
തീരെ അപ്രധാനമെന്നു നാം കരുതുന്ന ചില ക്ഷേത്രങ്ങളെക്കുറിച്ചും ഉദാത്തമായ കൃതികള്‍ രചിക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു. ഇത്രയേറെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അവയെക്കുറിച്ചു മനസ്സിലാക്കി ആശയഗാംഭീര്യത്തോടെ കൃതികള്‍ രചിക്കുക എന്നാല്‍ നിസ്സാരകാര്യമല്ല. കേരളത്തിന്റെ കലാരൂപങ്ങള്‍, വാദ്യോപകരണങ്ങള്‍ എന്നുവേണ്ട വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം കൃതികളില്‍ സമ്യക്കായി ഇണക്കിച്ചേര്‍ത്തിട്ടുണ്ട് അദ്ദേഹം. കച്ചേരിക്കും നൃത്തപരിപാടികള്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് മിക്കകൃതികളും. രാഗവും താളവും തുടക്കത്തില്‍ കൊടുത്തിരിക്കുന്നതിനാല്‍ അവ ചിട്ടപ്പെടുത്തുന്നവര്‍ക്കും ആലപിക്കുന്നവര്‍ക്കും ജോലി എളുപ്പമാകും.
സാഹിത്യവും സംഗീതവും ഒരു പോലെ ഭംഗിയാംവിധം സമ്മേളിച്ചിരിക്കുന്ന ഒരാള്‍ക്കു മാത്രമേ ഇത്തരം കൃതികള്‍ രചിക്കാനാവൂ. ഈ കൃതികള്‍ കാലാതിവര്‍ത്തിയായി വരുംതലമുറകളെപ്പോലും ആകര്‍ഷിക്കും. ഓജസ്സുറ്റഭാഷ, ആഴമേറിയ ആശയം, ഭക്തിയുടെ മൂര്‍ത്തഭാവം എന്നിവ ഓരോ കൃതിയേയും വേറിട്ടതാക്കുന്നു.