പാലക്കാട്: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി പതിനൊന്നാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് കേരള ഗസ്റ്റഡ് ഓഫീസേഴ്സ് സംഘ് 23-മത് സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ അഞ്ചു വര്‍ഷത്തെ ഇടവേളകളിലാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. അതനുസരിച്ച് 2019 ജൂലായ് ഒന്നു മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കേണ്ടതാണ്. എന്നാല്‍ കാലാവധി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും അതിന് വേണ്ട കമ്മീഷനെ പോലും നിയമിക്കാത്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.
ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരുടെ പ്രതീക്ഷയായ പി.എസ്.സി. യുടെ വിശ്വസ്യത പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ. ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു അദ്ധ്യക്ഷത വഹിച്ചു. ആര്. ആര്.കെ.എം.എസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍, എന്‍.ജി.ഒ.സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, കെ.എം.സി.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ.സാബു, പി.എസ്.സി.എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്, കെ.ജി.ഒ. സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ എം.സുരേഷ് എന്നിവര്‍ സംസാരിച്ചു.
സാംസ്കാരിക സമ്മേളനത്തില്‍ ആര്.എസ്.എസ്. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ പ്രഭാഷണം നടത്തി. കെ.പി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മുരളി.എം.നായര്‍ സ്വാഗതവും ടി.സുദര്ശനന് നന്ദിയും പറഞ്ഞു.