Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

സനാതനധര്‍മ്മ ചിന്തയുടെ പരമാചാര്യന്‍

ആചാര്യശ്രീ രാജേഷ്

Print Edition: 8 December 2023

മഹര്‍ഷി ദയാനന്ദസരസ്വതിയുടെ 200-ാം ജന്മവാര്‍ഷികമാണ് ഈ വര്‍ഷം

ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ലക്ഷ്യത്തില്‍, പലവിധങ്ങളായ കുടിലപദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘ബ്രേക്കിങ് ഇന്ത്യ’ ശക്തികള്‍ ഒരിക്കല്‍കൂടി തലപൊക്കിയിരിക്കുകയാണ്. ഭാരതസംസ്‌കൃതിയുടെ ആത്മാവായ സനാതനധര്‍മത്തോട് പരസ്യമായ യുദ്ധപ്രഖ്യാപനമാണ് ഇക്കുറി ഇവര്‍ നടത്തിയിരിക്കുന്നത്. ആര്യവംശവാദത്തിന്റെ ഉപജ്ഞാതാവായ മാക്‌സ് മുള്ളറും ദ്രാവിഡവംശവാദം മെനഞ്ഞെടുത്ത ബിഷപ്പ് കാല്‍ഡ്വെല്ലും ജാതിവ്യവസ്ഥയില്‍ വംശവാദത്തെ തിരുകിക്കയറ്റി അത് ഭാരതത്തില്‍ സെന്‍സസിലൂടെ നടപ്പിലാക്കിയ ലോര്‍ഡ് റിസ്ലിയും പാകിയ വംശീയ വിഘടനവാദത്തിന്റെ വിഷവിത്ത് തമിഴ് നാട് സ്വദേശിയായ, ‘തന്തൈ പെരിയാര്‍’ എന്ന ഇ.വി. രാമസ്വാമിയിലൂടെ മുളപൊട്ടിയത് ഒരു നൂറ്റാണ്ട് മുന്‍പാണ്. ഒരു നൂറ്റാണ്ടിനിപ്പുറം ഇന്നീ പാരമ്പര്യത്തിന് പിന്‍തുടച്ചക്കാര്‍ ഏറെയാണ്. അതിലൊരാള്‍ മാത്രമാണ് ഉദയനിധി സ്റ്റാലിന്‍. ഏതൊരു ഇവാഞ്ചലിക്കല്‍ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണോ ഒന്നര നൂറ്റാണ്ടു മുന്‍പ് ഈ വിത്ത് വിതയ്ക്കപ്പെട്ടത് എന്ന് പഠിക്കുമ്പോഴേ, ഉദയനിധിയുടേത് ഒരു ഒറ്റപ്പെട്ട, രാഷ്ട്രീയ പ്രസ്താവനയല്ല എന്ന് മനസ്സിലാവുകയുള്ളൂ.

സനാതനധര്‍മമാണ് ജാതിവിവേചനത്തിന്റെ, ഉച്ചനീചത്വങ്ങളുടെ ഉറവിടം എന്നും അതുകൊണ്ടുതന്നെ അത് സാംക്രമികരോഗങ്ങളെപ്പോലെ ‘നിര്‍മാര്‍ജനം’ ചെയ്യപ്പെടേണ്ടതാണെന്നുമായിരുന്നു ഉദയനിധിയുടെ വിദ്വേഷം കലര്‍ന്ന പരാമര്‍ശം. സമൂഹമാധ്യമങ്ങളില്‍ ഈ പ്രസ്താവനയെ ആഘോഷമാക്കി കൊണ്ടുനടന്നവരും ഏറെയാണ്. ഇതിന്റെ ഭാഗമായി സനാതനധര്‍മത്തിനെതിരായ അസത്യ പ്രചാരണങ്ങള്‍ എങ്ങും നടമാടിക്കൊണ്ടിരിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാനായി സനാതനധര്‍മസ്‌നേഹികളായ ആളുകള്‍ക്കുപോലും കൃത്യമായ മറുപടി ഇല്ലാത്ത അവസ്ഥയാണ് പൊതുവെ കാണാന്‍ സാധിച്ചത്. എന്താണ് സനാതനധര്‍മം, എന്താണതിന്റെ അടിസ്ഥാന ആശയങ്ങള്‍ തുടങ്ങി ഇതുസംബന്ധിച്ച വ്യക്തമായ ധാരണ നാം സനാതനധര്‍മികള്‍ക്കിടയില്‍പോലും ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സനാതനധര്‍മപഠനമല്ലാതെ മറ്റൊരു പ്രതിവിധിയും ഈ ദുരവസ്ഥയ്ക്കില്ലതാനും.

സത്യസന്ധമായി സനാതനധര്‍മത്തിന്റെ അന്തഃസത്തയെ അറിയാനുള്ള ലക്ഷ്യത്തില്‍ നാം മുന്നോട്ടുപോകുകയാണെങ്കില്‍, വിചാരവഴിയില്‍ എവിടെയെങ്കിലുംവെച്ച് മഹര്‍ഷി ദയാനന്ദ സരസ്വതി എന്ന മഹാമനീഷിയുടെ ദര്‍ശനങ്ങളെ കാണാതെ പോകുക സാധ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവും വേദോദ്ധാരകനും ഭാരതസ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രേരണാസ്രോതസ്സുമായ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാമത് ജന്മവാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നിശ്ചയമെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അതിനൊരു കമ്മിറ്റി രൂപീകരിച്ച് ആഘോഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയും ചെയ്തിരിക്കുന്ന അവസരമാണിത്.

സനാതനധര്‍മവും മഹര്‍ഷി ദയാനന്ദ സരസ്വതിയും തമ്മില്‍ എന്തു ബന്ധം എന്ന് പറയുന്നതിന് മുന്‍പായി ‘സനാതനധര്‍മം’ വാസ്തവത്തില്‍ എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

സനാതനം എന്ന വാക്കിന് നിത്യം എന്നാണര്‍ത്ഥം എന്നും, അതായത്, നാശമില്ലാത്തതും മാറ്റമില്ലാത്തതുമെന്തോ അതാണ് ‘സനാതനം’ എന്നും ഇന്ന് പലര്‍ക്കും അറിയാം. പക്ഷേ അതിലുപരിയായി സനാതനധര്‍മത്തെക്കുറിച്ച് എന്തറിയാം എന്നതാണ് ചോദ്യം.
വേദങ്ങളിലാണ് ‘സനാതന’ശബ്ദം ആദ്യമായി കാണാനാകുന്നത്. ഉദാഹരണമായി, ഈശ്വരന്റെ, പരബ്രഹ്‌മത്തിന്റെ പേരായി അഥര്‍വവേദത്തില്‍ ‘സനാതന’ത്തെ മുന്നോട്ടുവെച്ചിരിക്കുന്നു.

സനാതനമേനമാഹുഃ (അഥര്‍വവേദം 10.8.23)
സനാതനമെന്നത് പരബ്രഹ്‌മത്തിന്റെ പേരാകുന്നു.

ഉപാസതൈ സനാതനം. (അഥര്‍വവേദം 10.8.22)
ആ സനാതനത്തെ ഉപാസിക്കുന്നു.

അപ്പോള്‍ സനാതനധര്‍മം എന്താണ്? സനാതനനായ, അഥവാ നിത്യനായ ഈശ്വരനാല്‍ ഉപദേശിക്കപ്പെട്ട ധര്‍മം എന്തോ അത് സനാതനധര്‍മം. എന്താണ് ഈശ്വരനാല്‍ ഉപദേശിക്കപ്പെട്ടത്? അത് നാല് വേദങ്ങളാകുന്നു. ഇത് ഈ ലേഖകന്റെ അഭിപ്രായമല്ല. പ്രാചീന ഋഷിമാരെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ്, വേദം ഈശ്വരവാണിയാകുന്നു എന്ന്. ബൃഹദാരണ്യകോപനിഷത്തില്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് പേരെടുത്ത് പറഞ്ഞുകൊണ്ട് ഇവ നാലും ഈശ്വരനില്‍നിന്നും ഉണ്ടായതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഛാന്ദോഗ്യോപനിഷത്തിലും ശ്വേതാശ്വതരോപനിഷത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വേദാന്തദര്‍ശനത്തില്‍ ‘ശാസ്ത്രയോനിത്വാത്’ എന്ന സൂത്രത്തിലൂടെ ഭഗവാന്‍ വേദവ്യാസന്‍ പറഞ്ഞിരിക്കുന്നത്, വേദങ്ങളുടെ ഉറവിടം ബ്രഹ്‌മമാകുന്നു എന്നാണ്. സാംഖ്യം, ന്യായം, വൈശേഷികം തുടങ്ങിയ മറ്റ് ദര്‍ശനങ്ങളിലും മഹാഭാരതത്തിലുമെല്ലാം ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. അതായത്, സനാതനധര്‍മത്തെ ഈശ്വരന്‍ ഉപദേശിച്ചത് നാല് വേദങ്ങളിലൂടെയാകുന്നു.

മനുസ്മൃതിയിലെ പ്രസിദ്ധമായ രണ്ട് പ്രസ്താവനകള്‍ ചേര്‍ത്തുവെച്ചാല്‍ ഇപ്പറഞ്ഞ കാര്യത്തെ നമുക്ക് എളുപ്പത്തില്‍ മനസ്സിലാകും. ‘വേദോങ്കഖിലോ ധര്‍മമൂലം’ (2.6) എന്നതാണ് ആദ്യ പ്രസ്താവന. വേദം സമ്പൂര്‍ണമായും ധര്‍മത്തിന്റെ സ്രോതസ്സാകുന്നു എന്നാണിതിന്റെ അര്‍ഥം. രണ്ടാമത്തെ പ്രസ്താവന ‘വേദശ്ചക്ഷുഃ സനാതനം’ (12.94) എന്നതാണ്. ‘വേദമാണ് സനാതനമായ നേത്രം’ എന്നര്‍ഥം. രണ്ടും ചേര്‍ത്തുവെച്ചാല്‍ സനാതനധര്‍മത്തിന്റെ സ്രോതസ്സ് എന്താണെന്ന് സംശയലേശമന്യേ മനസ്സിലാകും. അതായത്, വേദമാകുന്ന സനാതന നേത്രത്തിലൂടെ കാണാന്‍ സാധിക്കുന്ന ധര്‍മമാണ് സനാതനധര്‍മം.

ഇനി മറ്റൊരു രീതിയില്‍ വിശദമാക്കാം. നമുക്ക് നമ്മുടെ പ്രാമാണിക ഗ്രന്ഥങ്ങളെ ശ്രുതി എന്നും സ്മൃതി എന്നും രണ്ടായി തിരിക്കാം എന്നറിയാമല്ലോ. ധര്‍മത്തിന്റെ ആധാരങ്ങളാണ് ശ്രുതിയും സ്മൃതിയും. ശ്രുതി എന്നാല്‍ വേദങ്ങളാണ്. അവ സനാതനമാണ്. അഥവാ മാറ്റമില്ലാത്ത, ശാശ്വതമായ സത്യങ്ങളാണ്. ഈശ്വരവാണിയായതിനാല്‍തന്നെ അവയാണ് നമ്മെ സംബന്ധിച്ച് ഏറ്റവും വലിയ പ്രമാണം. ‘പ്രമാണം പരമം ശ്രുതിഃ’ എന്ന് മനുസ്മൃതിയിലും കാണാം. ശാശ്വതസത്യങ്ങളായതിനാല്‍ ശ്രുതിയില്‍ മനുഷ്യചരിത്രം ഉണ്ടാകില്ല. ഏതെങ്കിലും രാജാവിനെക്കുറിച്ചോ ഋഷിമുനിമാരെക്കുറിച്ചോ ഒന്നും വേദങ്ങളിലില്ല. ഭൂമിയെ സംബന്ധിച്ച് സൂര്യനുള്ളതുപോലെ എല്ലാ കാലത്തും ഒരേപോലെ സ്വീകരിക്കപ്പെടേണ്ടതാണ് ശ്രുതി. അങ്ങനെയുള്ള ശ്രുതിയില്‍ അഥവാ വേദങ്ങളില്‍ പറയപ്പെട്ട ധര്‍മമാണ് സനാതനധര്‍മം. അങ്ങനെയെങ്കില്‍ സനാതനമല്ലാത്ത ധര്‍മമെന്താണ്? അത് സ്മൃതിയിലെ ധര്‍മമാണ്. സ്മൃതികള്‍ മനുഷ്യരാല്‍ എഴുതപ്പെടുന്നതാണ്. ദേശകാലങ്ങള്‍ക്കനുസരിച്ച് അത് മാറും, അഥവാ മാറ്റി രചിക്കപ്പെടും. മാറേണ്ടത് അനിവാര്യവുമാണ്.

എന്നാല്‍ മാറാത്ത ചില ധര്‍മങ്ങളെക്കുറിച്ചും സ്മൃതിയില്‍ പറഞ്ഞിട്ടുണ്ടാകാം. അതാകട്ടെ ശ്രുതിയില്‍നിന്നും നേരിട്ട് സ്വീകരിച്ചതുമായിരിക്കും, അഥവാ സനാതനധര്‍മവുമായിരിക്കും. ഉദാഹരണമായി മനുസ്മൃതിയിലെ ഒരു ശ്ലോകം കാണുക:

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം.
പ്രിയം ച നാനൃതം ബ്രൂയാത് ഏഷ ധര്‍മഃ സനാതനഃ. (മനുസ്മൃതി 4.138)

അര്‍ഥം: സത്യമായത് പറയുക, പ്രിയമായത് പറയുക, അപ്രിയസത്യം പറയാതിരിക്കുക, പ്രിയമായ കള്ളവും പറയാതിരിക്കുക, ഇങ്ങനെയുള്ള ധര്‍മം സനാതനമാകുന്നു.

നോക്കൂ, ‘സത്യം ബ്രവീമി’ (ഞാന്‍ സത്യം പറയുന്നു), ‘മധുമതീം വാചം ഉദേയം’ (എന്നില്‍നിന്നും ഉതിരുന്ന വാക്ക് മധുരപൂര്‍ണമാകട്ടെ) തുടങ്ങിയവ വേദങ്ങളിലെ ഉപദേശങ്ങളാണ്. ഈ ഉപദേശങ്ങളെ ചേര്‍ത്തുവെക്കുകയാണ് മനുസ്മൃതിയില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ ധര്‍മം സനാതനധര്‍മമാണ്. സത്യത്തെ മധുരമായി പറയുക എന്നത് എക്കാലത്തേക്കും പൊതുവായി വേണ്ട ഉപദേശമാണല്ലോ. കാലമെത്ര മുന്നോട്ടുപോയാലും എ.ഐ.യുഗം വന്നാലും ഈ ഉപദേശം പ്രസക്തമാണ്. അതുകൊണ്ട് മനുസ്മൃതിയില്‍തന്നെ ഇത് സനാതനമായ ധര്‍മമാണെന്ന് എടുത്തു പറഞ്ഞു.
ഇതില്‍നിന്നും നമുക്ക് പല കാര്യങ്ങള്‍ മനസ്സിലാകുന്നു. ഏതെങ്കിലുമൊരു സ്മൃതിയില്‍ എന്തെങ്കിലുമൊരു കാര്യം പറഞ്ഞതുകൊണ്ട് അത് സനാതനധര്‍മമാവില്ല. വേദങ്ങളിലുള്ള ധര്‍മമാണെങ്കില്‍ മാത്രമേ സനാതനധര്‍മമാകൂ. പല കാലങ്ങളില്‍ അന്നത്തെ ആളുകള്‍ അന്ന് ആ ദേശത്ത് നിലവിലുള്ള വിശ്വാസങ്ങളും സ്വന്തം കാഴ്ചപ്പാടുകളും എല്ലാം ചേര്‍ത്ത് സ്മൃതികള്‍ എഴുതിയിട്ടുണ്ട്. മനുസ്മൃതി പോലുള്ള ആര്‍ഷഗ്രന്ഥങ്ങളിലും ഒരുപാട് കാര്യങ്ങള്‍ ഇത്തരക്കാര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതെല്ലാം സനാതനധര്‍മമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരോട് നാം പറഞ്ഞുകൊടുക്കേണ്ടത് എന്താണ് സനാതന ധര്‍മം എന്നതാണ്. ജാതിവിവേചനം, സ്ത്രീവിദ്വേഷം തുടങ്ങി എന്തൊക്കെ ആരോപണങ്ങള്‍ ആരൊക്കെ ഉന്നയിച്ചാലും ഇവിടെയെല്ലാം നാം പരിശോധിക്കേണ്ടത് ഇത്തരം വിഷയങ്ങളില്‍ വേദങ്ങളുടെ അഭിപ്രായം എന്തെന്നാണ്. വേദങ്ങളിലുണ്ടോ എങ്കില്‍ സനാതനധര്‍മമാണ്. വേദങ്ങളിലില്ലേ എങ്കില്‍ സനാതനധര്‍മമല്ല.

ചുരുക്കത്തില്‍, ഈശ്വരവാണിയും സനാതനനേത്രവുമായ വേദങ്ങളിലൂടെയാണ് നാം സനാതനധര്‍മത്തിന്റെ യഥാസ്വരൂപത്തെ അറിയേണ്ടത്. അഥവാ വേദങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുന്നവനാരോ അവനാണ് സനാതനധര്‍മി. ഇങ്ങനെ തന്നെയാണ് നമ്മുടെ പൂര്‍വാചാര്യന്മാര്‍ സനാതനധര്‍മത്തെ മനസ്സിലാക്കിയിരുന്നത്. ഇതിന് ഏറ്റവും നല്ല ഒരു തെളിവ് മഹാഭാരതത്തില്‍നിന്നും കാണിക്കാം. നോക്കൂ:
ന വേദാനാം പരിഭവാന്ന ശാഠ്യേന ന മായയാ.
മഹത് പ്രാപ്നോതി പുരുഷോ ബ്രഹ്‌മണി ബ്രഹ്‌മ വിന്ദതി.
ദര്‍ശം ച പൗര്‍ണമാസം ച അഗ്‌നിഹോത്രം ച ധീമതഃ
ചാതുര്‍മാസ്യാനി ചൈവാസംസ്തേഷു ധര്‍മഃ സനാതനഃ. (മഹാഭാരതം 12.271.19, 20)

അര്‍ഥം: വേദങ്ങളെ അനാദരിക്കുന്നതിലൂടെയും ശാഠ്യത്താലും കാപട്യത്താലുമൊന്നും മനുഷ്യന് പരബ്രഹ്‌മത്തെ നേടാനാവില്ല, അതിന് വേദത്തെ ആശ്രയിക്കണം. അഗ്നിഹോത്രം, ദര്‍ശ-പൗര്‍ണമാസേഷ്ടികള്‍, ചാതുര്‍മാസ്യം തുടങ്ങി, ബുദ്ധിയുള്ളവര്‍ക്കുവേണ്ടി വേദങ്ങളില്‍ ഉപദേശിക്കപ്പെട്ട കാര്യങ്ങളിലാണ് സനാതനധര്‍മം നിലകൊള്ളുന്നത്.

ഇപ്രകാരം ഋഷിമാര്‍ ഉപദേശിച്ചതു പ്രകാരം, വേദങ്ങളുടെ മാര്‍ഗത്തില്‍നിന്നും അണുവിട മാറാതെ ജീവിച്ച, അങ്ങനെ ജീവിക്കാന്‍ സമ്പൂര്‍ണ മാനവസമൂഹത്തോടും ആഹ്വാനം ചെയ്ത, അക്ഷരാര്‍ഥത്തില്‍ സനാതനധര്‍മിയായിരുന്ന ഒരാള്‍ നമുക്കു മുന്‍പേ, നമുക്ക് വഴികാട്ടിയായി ജീവിച്ചിരുന്നു. അദ്ദേഹമാണ് മഹര്‍ഷി ദയാനന്ദ സരസ്വതി. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം, ആദ്യമായി വേദങ്ങളുടെ അടിസ്ഥാനത്തില്‍, സനാതനധര്‍മമെന്ത്, സനാതനധര്‍മമല്ലാത്തതെന്ത് എന്ന് കൃത്യമായി വിവേചിച്ച് നമുക്ക് പറഞ്ഞുതന്നത് മഹര്‍ഷി ദയാനന്ദനായിരുന്നു. സര്‍വലോകര്‍ക്കും സ്വീകാരയോഗ്യമായ ആ ധര്‍മത്തെ മഹര്‍ഷി ദയാനന്ദന്‍ ‘വൈദികധര്‍മം’ എന്നാണ് വിളിച്ചത്. തന്റെ മതം ‘വേദ’മാണ് എന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. അദ്ദേഹം സത്യാര്‍ഥപ്രകാശമെന്ന കൃതിയില്‍ ഇങ്ങനെ എഴുതി: ‘വേദമാണ് എന്റെ മതം. അനുഷ്ഠിക്കണമെന്നോ അനുഷ്ഠിക്കാതിരിക്കരുതെന്നോ വേദം വിധിക്കുംപടി ഞാന്‍ പ്രവര്‍ത്തിക്കുന്നു’ (സത്യാര്‍ഥപ്രകാശം, മൂന്നാം സമുല്ലാസം).

യാഥാസ്ഥിതികചിന്തകളെ സനാതനധര്‍മമെന്ന് തെറ്റിദ്ധരിച്ച് അത് പിന്തുടരുന്നവരോട് മഹര്‍ഷി ദയാനന്ദന്‍ ഇങ്ങനെ പറയുന്നു: ‘നിങ്ങള്‍ അഞ്ചോ ആറോ തലമുറയില്‍ നടന്നുവന്നത് സനാതനമായ നടപ്പാണെന്നു വിചാരിക്കുന്നു… ജഗദീശ്വരപ്രകാശിതമായ വേദാനുജ്ഞ മാത്രമേ സനാതനമായിരിക്കുകയുള്ളൂ. അതിനു വിരുദ്ധമായതൊന്നും സനാതമാണെന്നു വിചാരിക്കാനേ വയ്യ’ (സത്യാര്‍ഥപ്രകാശം, നാലാം സമുല്ലാസം).

വേദങ്ങളുടെ സനാതന ദര്‍ശനങ്ങളെ ദയാനന്ദനിലൂടെയാണ് ആധുനികലോകമറിഞ്ഞത്. ‘അര്‍ചന്നനു സ്വരാജ്യം’ (സ്വരാജ്യത്തെ പൂജിക്കൂ) എന്നും ‘രാഷ്ട്രീ പ്രഥമാ യജ്ഞിയാനാം’ (രാഷ്ട്രദേവിയാണ് പൂജിക്കേണ്ട ദേവതകളില്‍ പ്രഥമഗണനീയ) എന്നുമെല്ലാമുള്ള വേദങ്ങളിലെ സങ്കല്പം ദയാനന്ദനിലൂടെ സ്വരാജ്യസങ്കല്പത്തിന്റെയും രാഷ്ട്രഭക്തിയുടെയും പ്രവാഹമായി ഭാരതീയ മനസ്സുകളെ പ്രചോദിതമാക്കി. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനങ്ങളും മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, സ്വാമി ശ്രദ്ധാനന്ദന്‍, ലാലാ ലജ്പത് റായി, വീര്‍ സവര്‍ക്കര്‍, ഭഗത്‌സിംഗ്, സുഭാഷ് ചന്ദ്രബോസ്, മഹാദേവ് ഗോവിന്ദ് റാനഡെ, മദന്‍ലാല്‍ ധീംഗ്ര, ശ്യാംജി കൃഷ്ണ വര്‍മ, മാഡം കാമ, രാം പ്രസാദ് ബിസ്മില്‍, ആനി ബസന്റ് തുടങ്ങി അനേകമനേകം സ്വാതന്ത്ര്യസമരസേനാനികളെ സ്വാധീനിച്ചു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മഹര്‍ഷി ദയാനന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകളിങ്ങനെയാണ്:

”നിസ്സഹായതയുടെ ചതുപ്പുനിലങ്ങളിലേക്ക് വീഴുന്നതില്‍നിന്നും ഭാരതത്തെ രക്ഷിച്ചത് സ്വാമി ദയാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ സ്വാത്രന്ത്യത്തിനായുള്ള അടിത്തറയിട്ടത്. പില്‍ക്കാലത്ത് ഗാന്ധിജി അനുവര്‍ത്തിച്ച തൊട്ടുകൂടായ്‌മെക്കതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വിത്തുവിതച്ചതും, നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുജനതയെ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. ധര്‍മ്മത്തിനു പകരം അധര്‍മ്മത്തെ കൊണ്ടാടുക വഴി ലോകത്തിന് മുമ്പില്‍ ഹിന്ദുധര്‍മ്മം പരിഹാസപാത്രമാകുന്ന പതിവിന് പൂര്‍ണ്ണവിരാമമിടാന്‍ അദ്ദേഹത്തിനായി. ഹിന്ദുധര്‍മ്മത്തിനുമേല്‍ പറ്റിപ്പിടിച്ചിരുന്ന കറകളും അഴുക്കുകളും അദ്ദേഹം തുടച്ചുനീക്കി.” (1)

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പറഞ്ഞ അവസാന വാചകങ്ങള്‍ വിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള സംസ്‌കാരമാണിത്. ഋഷിമാരുടെ പ്രാചീനകാലത്തുനിന്നും മധ്യകാലത്തേക്ക് എത്തിപ്പെട്ടപ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാകുന്ന കറകളും അഴുക്കുകളും ഈ ധര്‍മത്തിനുമേല്‍ പറ്റിപ്പിടിച്ചിരുന്നു. ജാതീയത എന്നത് അതിലൊന്നായിരുന്നു. ശൈശവവിവാഹം മറ്റൊന്നായിരുന്നു. സ്ത്രീവിദ്യാഭ്യാസവും വിധവാവിവാഹവും യാഥാസ്ഥിതികരാല്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം അന്ന് നിലനിന്നിരുന്നു. തങ്ങളുടെ ആവശ്യത്തിനൊത്ത സംസ്‌കൃതശ്ലോകങ്ങള്‍ സ്മൃതികളില്‍ എഴുതിച്ചേര്‍ത്തും പുതിയ സ്മൃതികള്‍ നിര്‍മിച്ചും ഇത്തരം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അവര്‍ കരുത്തു പകര്‍ന്നിരുന്നു. ഈയൊരു ദുരവസ്ഥ അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ദയാനന്ദന്‍ വേദങ്ങളുമായി മുന്നോട്ടുവരുന്നത്. അദ്ദേഹം വേദങ്ങളുടെ അടിസ്ഥാനത്തില്‍ സനാതനധര്‍മമെന്താണ് എന്ന് കൃത്യമായി നിര്‍വചിച്ചു. വേദമന്ത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ന കാര്യം സനാതനധര്‍മമാണെന്നും ഇന്ന കാര്യം സനാതന ധര്‍മമല്ലെന്നും വ്യക്തമായി പറഞ്ഞുതന്നു. സനാതനധര്‍മമല്ലാത്ത ആശയങ്ങളിലെ യുക്തിരാഹിത്യത്തെയും നിശിതമായി എതിര്‍ത്തു. പ്രമുഖരായ യാഥാസ്ഥിതിക പണ്ഡിതരോട് ശാസ്ത്രാര്‍ഥം നടത്തി തന്റെ ആശയങ്ങളെ വേദങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചു. ക്രിസ്തുമതവും ഇസ്ലാംമതവുമെല്ലാം അദ്ദേഹത്തിന്റെ ഖണ്ഡനത്തിന് പാത്രമായി.

ജാതീയത പോലുള്ള സങ്കല്പങ്ങള്‍ വേദങ്ങളിലില്ല എന്നും വേദങ്ങളുടെ ആശയത്തിന് നേര്‍വിരുദ്ധമാണെന്നും അദ്ദേഹം കാട്ടിത്തന്നു. വൈദികഋഷിമാര്‍ മുന്നോട്ടുവെച്ച വര്‍ണവ്യവസ്ഥയുടെ വികലവും കടകവിരുദ്ധവുമായ രൂപമാണ് പില്‍ക്കാലത്ത് ഉണ്ടായിവന്ന ജാതിവ്യവസ്ഥ എന്നത് ഒട്ടനവധി യുക്തികളിലൂടെയും ശ്രുതി-സ്മൃതി പ്രമാണങ്ങളിലൂടെയും അദ്ദേഹം സ്ഥാപിക്കുന്നത് സത്യാര്‍ഥപ്രകാശത്തിന്റെ നാലാം സമുല്ലാസത്തില്‍ നമുക്ക് വായിക്കാം. എഴുത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും അദ്ദേഹം ഈ വൈദിക സങ്കല്പത്തെ നടപ്പാക്കി. ജാതിക്കതീതമായി ഏവരെയും വേദങ്ങളും വൈദിക കര്‍മങ്ങളും പഠിപ്പിക്കാനും അദ്ദേഹം ആരംഭിച്ചു. ജാതീയത കൊടികുത്തി വാണിരുന്ന ഒരു കാലത്ത്, ദളിതനും പൂണൂലിട്ടുകൊടുത്ത് വേദം ചൊല്ലിക്കൊടുത്ത മഹര്‍ഷി ദയാനന്ദ സരസ്വതിയെ പക്ഷേ നമ്മളില്‍ എത്ര പേര്‍ക്കിന്നറിയാം? ഇതിനേക്കാള്‍ വലിയ ഒരു ‘അയിത്തോച്ചാടന’ മാര്‍ഗം മറ്റെന്താണുള്ളത്?
”സ്വാമി ദയാനന്ദന്‍ നമുക്കായി അവശേഷിപ്പിച്ച പൈതൃകസ്വത്തുക്കളില്‍, തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ഉറച്ചസ്വരത്തിലുള്ള ആഹ്വാനം മുഖ്യമായ ഒന്നാണ്” എന്ന് ഗാന്ധിജി പില്‍ക്കാലത്ത് പ്രസ്താവിക്കുകയുണ്ടായി.(2)

വൈദിക വര്‍ണവ്യവസ്ഥയ്ക്ക് ഗാന്ധിജി നല്‍കിയ വ്യാഖ്യാനം ഫലത്തില്‍ ജാതിവ്യവസ്ഥയെത്തന്നെ ആണ് പ്രകടമാക്കുന്നത് എന്ന് പറഞ്ഞ് ഗാന്ധിജിയെ വിമര്‍ശിച്ച ഡോ.ബി.ആര്‍. അംബേദ്കര്‍, പക്ഷേ ദയാനന്ദന്‍ വര്‍ണവ്യവസ്ഥയ്ക്ക് നല്‍കിയ വ്യാഖ്യാനത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അംബേദ്കറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
”സ്വാമി ദയാനന്ദനും മറ്റും വര്‍ണത്തിന്റെ വൈദികസിദ്ധാന്തത്തിന് നല്‍കിയ വ്യാഖ്യാനം വിവേകപൂര്‍ണവും നിരുപദ്രവകരവുമാണെന്ന കാര്യം ഞാന്‍ തീര്‍ച്ചയായും അംഗീകരിക്കേണ്ടതായുണ്ട്. സമൂഹത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനം നിശ്ചയിക്കുന്ന നിര്‍ണായകഘടകമായി അത് ജന്മത്തെ സ്വീകരിക്കുന്നില്ല. മറിച്ച് യോഗ്യതയെയാണ് മാനിക്കുന്നത്.”(3)

ജാതിവ്യവസ്ഥയ്ക്ക് കാരണമായത് വേദങ്ങളിലെ ചാതുര്‍വര്‍ണ്യസങ്കല്പമാണെന്നും അതുകൊണ്ട് വേദവും സനാതനധര്‍മവും എതിര്‍ക്കപ്പെടണമെന്നും വാദിക്കുന്നവരില്‍ എത്ര പേര്‍ക്ക് അംബേദ്കര്‍ പ്രശംസിച്ച, മഹര്‍ഷി ദയാനന്ദന്റെ വൈദികസങ്കല്പത്തെ അറിയാം? അതുപോകട്ടെ, സനാതനധര്‍മികളില്‍ എത്ര പേര്‍ക്ക് ചാതുര്‍വര്‍ണ്യത്തിന്റെ ദയാനന്ദീയവീക്ഷണത്തെ അറിയാം?
ജാതീയതയ്‌ക്കെതിരെ പോരാടാന്‍ ദയാനന്ദന്‍ തന്റെ അനുയായികളോടും ആവശ്യപ്പെട്ടു. ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനായി അദ്ദേഹത്തിന്റെ ശിഷ്യര്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തി. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാള്‍ കേരളത്തിലും എത്തി വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. സ്വാമി ശ്രദ്ധാനന്ദനായിരുന്നു അത്. ‘ദളിതരുടെ ഏറ്റവും മഹാനും സത്യസന്ധനുമായ യോദ്ധാവ്’ എന്ന് അംബേദ്കര്‍ വാഴ്ത്തിയത് സനാതനവൈദിക ധര്‍മാനുയായിയായ ഈ ദയാനന്ദശിഷ്യനെ ആയിരുന്നു.(4)

ജാതിവിവേചനം മാത്രമല്ല, സ്ത്രീവിദ്വേഷത്തിന്റെ പേരിലും സനാതനധര്‍മം ഇന്ന് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ശരിയാണ്, പല സ്മൃതികളിലും പുരാണഭാഗങ്ങളിലും ഇത്തരം പ്രസ്താവങ്ങള്‍ നമുക്കിന്നും കാണാനാകും. ”സ്ത്രീശൂദ്രദ്വിജബന്ധൂനാം ത്രയീ ന ശ്രുതിഗോചരാ” (സ്ത്രീ, ശൂദ്രന്‍, പതിതരായ ദ്വിജന്മാര്‍ തുടങ്ങിയവരൊന്നും വേദങ്ങള്‍ കേള്‍ക്കുകപോലും ചെയ്യരുത്) എന്നിത്യാദി പുരാണവചനങ്ങളെ പ്രമാണമാക്കിയവരാല്‍ നയിക്കപ്പെട്ട ഒരു ഇരുണ്ട മധ്യകാലം നമുക്കുണ്ടായിരുന്നു. പക്ഷേ ഈ സ്മൃതിപുരാണവചനങ്ങളും സനാതനധര്‍മവും തമ്മില്‍ എന്ത് ബന്ധം? വേദത്തെ പരമപ്രമാണമാക്കി മുന്നോട്ടുപോയ മഹര്‍ഷി ദയാനന്ദന്‍ ഈ യാഥാസ്ഥിതിക ചിന്തയെ സത്യാര്‍ഥപ്രകാശമെന്ന തന്റെ ഗ്രന്ഥത്തില്‍ ശക്തമായി എതിര്‍ത്തുകൊണ്ട് ഇങ്ങനെ എഴുതി: ”സകല സ്ത്രീപുരുഷന്മാര്‍ക്കും- എല്ലാ മനുഷ്യര്‍ക്കും – പഠിക്കാന്‍ അവകാശമുണ്ട്….. സ്ത്രീകള്‍ക്ക് പഠിക്കാന്‍ അവകാശമില്ല എന്ന് പറയുന്ന നിഷേധവാക്യങ്ങള്‍ എടുത്ത് കിണറ്റില്‍ ഇട്ടുകൊള്ളുക” (സത്യാര്‍ഥപ്രകാശം, മൂന്നാം സമുല്ലാസം).

വേദങ്ങള്‍ സ്ത്രീകള്‍ കേട്ടുകൂടാ, പഠിച്ചുകൂടാ എന്നിങ്ങനെ പറയുന്ന പുരാണ-സ്മൃതിവാക്യങ്ങള്‍ക്ക് ബദലായി സ്ത്രീകളുള്‍പ്പെടെ എല്ലാവരും വേദം പഠിക്കണമെന്ന് പറയുന്ന ‘യഥേമാം വാചം കല്യാണീം…’ എന്നു തുടങ്ങുന്ന യജുര്‍വേദമന്ത്രമാണ് സത്യാര്‍ഥപ്രകാശത്തില്‍ ആദ്യമായി ദയാനന്ദന്‍ മുന്നോട്ടുവെക്കുന്നത്. അതിനുശേഷം സ്ത്രീവിദ്യാഭ്യാസത്തെ ഊന്നിപ്പറയുന്ന ഒരു അഥര്‍വ വേദവാക്യം കൂടി ദയാനന്ദന്‍ ഉദ്ധരിക്കുന്നുണ്ട്. അഥര്‍വവേദത്തിലെ പ്രസിദ്ധമായ ബ്രഹ്‌മചര്യസൂക്തത്തിലെ ”ബ്രഹ്‌മചര്യേണ കന്യാ യുവാനം വിന്ദതേ പതിം” എന്നതാണാ വാക്യം. ബ്രഹ്‌മചാരിണിയായ, വേദവിദ്യാഭ്യാസം ചെയ്ത കന്യക അഥവാ യുവതി ബ്രഹ്‌മചാരിയായ, വേദവിദ്യാഭ്യാസം ചെയ്ത യുവാവിനെ വരനായി സ്വീകരിക്കുന്നു എന്നാണ് ഈ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് മഹര്‍ഷി ദയാനന്ദന്‍ എഴുതുന്നു- ”അതിനാല്‍ സ്ത്രീകള്‍ക്ക് ബ്രഹ്‌മചര്യവും വിദ്യാഭ്യാസവും അത്യന്താപേക്ഷിതമാണ്. നിശ്ചയമായും ശ്രൗതസൂത്രം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ”ഇമം മന്ത്രം പത്നീ പഠേത്” – യാഗത്തില്‍ ഈ മന്ത്രം പത്നി ചൊല്ലണം എന്നിങ്ങനെയൊക്കെ നിര്‍ദ്ദേശിക്കുന്നുണ്ട്. വേദാദിശാസ്ത്രങ്ങള്‍ അധ്യയനം ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീക്ക് യാഗത്തില്‍ സ്വരസഹിതം മന്ത്രം ഉച്ചരിക്കാനോ സംസ്‌കൃതത്തില്‍ സംസാരിക്കുവാനോ എങ്ങനെ കഴിയും? ഭാരതീയ നാരീസമൂഹത്തിന്റെ ഭൂഷണമായ ഗാര്‍ഗിയും മറ്റും വേദശാസ്ത്രപാരംഗതയായ വിദുഷി ആയിരുന്നുവെന്ന് ശതപഥബ്രാഹ്‌മണം പറയുന്നു. പുരുഷന്‍ പഠിപ്പുള്ളവനും സ്ത്രീ പഠിപ്പില്ലാത്തവളും ആയിരിക്കുക, അഥവാ പുരുഷന്‍ പാമരനും സ്ത്രീ വിദുഷിയും എന്നു വന്നാല്‍ വീടുതോറും സദാ ദേവാസുരയുദ്ധം നടക്കും. സ്ത്രീകള്‍ പഠിക്കാതെയിരുന്നാല്‍ കന്യാപാഠശാലയില്‍ അവരെങ്ങനെ അധ്യാപികമാരാകും? ആര്യാവര്‍ത്തത്തിലെ ക്ഷത്രിയസ്ത്രീകള്‍ ധനുര്‍വേദം അഥവാ യുദ്ധവിദ്യകൂടി നന്നായി അറിഞ്ഞിരുന്നു. അല്ലെങ്കില്‍ കൈകേയിയും മറ്റും ദശരഥനോടും മറ്റും ചേര്‍ന്ന് യുദ്ധഭൂമിയിലിറങ്ങി പോരാടിയതെങ്ങനെ?…. വ്യാകരണം, ധര്‍മശാസ്ത്രം, സാമൂഹ്യനീതി എന്നിവയെല്ലാം പുരുഷന്മാര്‍ ഏറെക്കുറെ അഭ്യസിക്കുന്നതുപോലെ സ്ത്രീകളും വ്യാകരണം, ധര്‍മശാസ്ത്രം, വൈദ്യം, ഗണിതം, ശില്പവിദ്യ എന്നിവയെല്ലാം നിശ്ചയമായും പഠിക്കണം….” (സത്യാര്‍ഥപ്രകാശം, മൂന്നാം സമുല്ലാസം).

മഹര്‍ഷി ദയാനന്ദന്റെ വേദഭാഷ്യത്തിലുടനീളം ഈ സ്ത്രീപക്ഷചിന്ത നമുക്ക് കാണാന്‍ സാധിക്കും. ഇതേക്കുറിച്ച് ലോകപ്രശസ്ത സാഹിത്യകാരനും ലോകത്ത് ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായ, സാപ്പിയന്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ യൂവല്‍ നോഹ ഹറാറി പറഞ്ഞ വാക്കുകള്‍ നാമോരോരുത്തരും കേട്ടിരിക്കേണ്ടതാണ്.

“Dayananda often interpreted the Vedas in a surprisingly liberal way, supporting, for example, equal rights for women, long before the idea became popular in the West”
‘സ്ത്രീകള്‍ക്ക് തുല്യ അവകാശം’ എന്ന ആശയം പാശ്ചാത്യലോകത്ത് പ്രചരിക്കുന്നതിനും എത്രയോ കാലം മുന്‍പ് ഇത്തരം ആശയങ്ങളെ പിന്‍താങ്ങിക്കൊണ്ട് ദയാനന്ദന്‍ വേദങ്ങള്‍ക്ക് ഭാഷ്യം രചിച്ചു’ എന്നാണ് യൂവല്‍ നോഹ ഹറാറി തന്റെ പുസ്തകമായ ഹോമോ ഡേയസില്‍ എഴുതിയത്.
ഇതൊന്നും ദയാനന്ദന്റെ മാത്രം കാഴ്ചപ്പാടുകളായിരുന്നില്ല. അദ്ദേഹം വാസ്തവത്തില്‍ ചെയ്തത് വേദങ്ങളിലെ സനാതനധര്‍മത്തിന്റെ യഥാസ്വരൂപത്തെ കാട്ടിത്തരുകമാത്രമാണ്. ലോകത്തിന് വഴികാട്ടുന്ന, പുരോഗമനപരവും യുക്തിഭദ്രവും അത്യുദാത്തവുമായ ഈ സനാതനദര്‍ശനങ്ങളെയാണ് ഇന്നത്തെ സമൂഹം അറിയേണ്ടത്. ഇപ്രകാരം, ദയാനന്ദനിലൂടെ സനാതനധര്‍മത്തെ നാം അറിയാന്‍ തുടങ്ങുമ്പോള്‍, അതിനെതിരെ വിഘടനവാദികള്‍ ഇന്ന് തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന വാദങ്ങളോരോന്നിന്റെയും മുനയൊടിഞ്ഞുപോകുന്നത് കാണാം. അതുകൊണ്ട് ദയാനന്ദ ദര്‍ശനങ്ങള്‍ പഠനവിധേയമാക്കണം എന്നത് കാലത്തിന്റെ ആവശ്യകതയാണ്.

ഹിന്ദുധര്‍മമെന്ന വിശാലവൃക്ഷത്തിന്റെ തായ്ത്തടിയാണ് സനാതനധര്‍മം. ആ തായ്ത്തടിയാകട്ടെ നിലയുറപ്പിച്ചിരിക്കുന്നത് വേദങ്ങളാകുന്ന വേരുകളിലാണ്. സനാതനധര്‍മമാകുന്ന ആ തായ്ത്തടിയില്‍നിന്നും മുളപൊട്ടിയ, അതില്‍നിന്നും ഭിന്നമായ ഒട്ടേറെ ശാഖോപശാഖകള്‍ ഹിന്ദുധര്‍മമാകുന്ന ഈ വിശാലവൃക്ഷത്തിലുണ്ട്. പക്ഷേ തായ്ത്തടി നഷ്ടപ്പെട്ടാല്‍ ആ ശാഖോപശാഖകള്‍ക്കും നിലനില്‍പ്പില്ല. സനാതനധര്‍മത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യവും ഈ വിശാലവൃക്ഷത്തിന്റെ നാശമാണ്. ഇത്തരം ആസുരികശ്രമങ്ങളെ പ്രതിരോധിക്കാനുള്ള വജ്രായുധത്തെ നമുക്ക് വെച്ചുനീട്ടിയ ദയാനന്ദനെ നാം ഇനിയെങ്കിലും വേണ്ട രീതിയില്‍ പരിഗണിക്കേണ്ടിയിരിക്കുന്നു.

(മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര സാംസ്‌കാരികവകുപ്പ് രൂപീകരിച്ച കമ്മറ്റിയില്‍ കേരളത്തില്‍നിന്നുള്ള ഏകപ്രതിനിധിയാണ് ലേഖകനായ ആചാര്യശ്രീ രാജേഷ്)
1. Source: The Hindustan Times, 11 November 1950, Quoted from ‘Paropkari’ magazine, February- 2014, 1st issue.
2. Dayanand Commemoration Volume (1933):Sarda Har Bilas, p.1.
3. A Reply to the Mahatma by Dr. B. R. Ambedkar, THE ANNIHILATION OF CASTE, 9.2.
4.Dr. Babasaheb Ambedkar Writings & Speeches Vol. 9. Dr. Ambedkar Foundation. 1991. pp. 23-24.

* സത്യാര്‍ഥപ്രകാശത്തില്‍നിന്നുള്ള ഉദ്ധരണികള്‍ സ്വീകരിച്ചത് സ്വര്‍ഗീയ നരേന്ദ്രഭൂഷണിന്റെ മലയാള വിവര്‍ത്തനത്തില്‍നിന്ന്.

 

Share8TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies