പുറംമോടികളില്‍ അഭിരമിക്കുന്ന ഒരു സമൂഹമായി കേരളീയര്‍ മാറിയിട്ട് ദശകങ്ങളായി. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സ് സംഘടിപ്പിക്കുന്നതു പോലെയാണ് ഇവിടെ സാധാരണ ജനങ്ങള്‍ വിവാഹാഘോഷങ്ങളും മറ്റും നടത്തുന്നത്. സമ്പന്നരായ ആളുകള്‍ പണം ദുര്‍വ്യയം ചെയ്ത് സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുമ്പോള്‍ ഇടത്തരക്കാരും പാവപ്പെട്ടവരും കടം വാങ്ങിയും സ്ഥലം വിറ്റും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റിനും മീതെ പണത്തെ ആരാധിക്കുന്ന, പൊങ്ങച്ചം പ്രകടിപ്പിക്കുന്ന ഒരു ഉപഭോഗ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഈ ദുഷ്പ്രവണത ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന ഒരവസരമാണ് വിവാഹാഘോഷങ്ങള്‍. മംഗളകരമായി നടക്കേണ്ട വിവാഹത്തെ ഒരു വന്‍ കച്ചവടമാക്കി മാറ്റുന്ന തരത്തില്‍ സ്ത്രീധന സമ്പ്രദായം ഇവിടെ കൊടികുത്തി വാഴുന്നു. ഈ കച്ചവടത്തില്‍ സ്ത്രീയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത് വിവാഹത്തിന് വരന് കൊടുത്ത സ്വര്‍ണ്ണത്തിന്റെ പവന്‍ കണക്കും കാറിന്റെ മേന്മയും സ്ഥലത്തിന്റെ അളവുമെല്ലാം അടിസ്ഥാനമാക്കിയാകുമ്പോള്‍ സ്ത്രീ വെറും വില്പനച്ചരക്കായി മാറുന്നു. നാടകത്തിലെ ശബ്ദമില്ലാത്ത കഥാപാത്രത്തെ പോലെ പെണ്‍കുട്ടികള്‍ ഈ ദുരാചാരത്തിന് വഴങ്ങിക്കൊടുക്കുമ്പോള്‍ അതിനെ മുതലെടുത്ത് അവരുടെ ജീവിതം പന്താടാന്‍ ചിലര്‍ ശ്രമിച്ചു വരുന്നു. സ്ത്രീധന പീഡനങ്ങളുടെ പേരില്‍ നിരവധി യുവതികള്‍ ആത്മഹത്യ ചെയ്യുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാര്‍ ഈ ദുഷ്പ്രവണയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരുമാണ്.
ഈ ഡിസംബര്‍ 4-ാം തിയ്യതി കേരളത്തിന്റെ തെക്കും വടക്കുമായി രണ്ട് യുവതികളാണ് സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനി സുഹൃത്തായ ഡോക്ടര്‍ വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തത്. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ് ‘ എന്ന ആത്മഹത്യാ കുറിപ്പിലെ വാക്കുകള്‍ കേരളത്തിന്റെ മനഃസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു. ‘സ്ത്രീധനമോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലെന്നുള്ളത് സത്യമാണ് ‘ എന്നും അവള്‍ ആത്മഹത്യാകുറിപ്പില്‍ എഴുതി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഡോക്ടറെ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനക്കുറ്റവും ചുമത്തി റിമാന്റിലാക്കിയിരിക്കുകയാണ്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ സര്‍വകലാശാലയ്ക്ക് തന്റെ ബിരുദം റദ്ദാക്കാമെന്നും പ്രവേശന സമയത്ത് സത്യവാങ്മൂലം നല്‍കിയ വ്യക്തി കൂടിയാണ് പ്രതി. കേസില്‍ പ്രതിയായ അവന്റെ പിതാവ് ഒളിവിലുമാണ്. സ്ത്രീധനമെന്ന ദുരാചാരം മൂലം രണ്ട് കുടുംബങ്ങളുടെ നല്ല ഭാവിയാണ് ഇവിടെ തകര്‍ന്നു തരിപ്പണമായത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഡോക്ടറായ ഒരു യുവതിക്കു പോലും സ്ത്രീധനത്തിന്റെ ബലിയാടാകേണ്ടി വന്നെങ്കില്‍ സാധാരണക്കാരായ ലക്ഷക്കണക്കിനു യുവതികള്‍ പുറത്തറിയിക്കാതെ അനുഭവിക്കുന്ന വേദന എത്ര ഭീകരമായിരിക്കും എന്നു ചിന്തിക്കേണ്ടതുണ്ട്.
ഇതേ ദിവസം ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് നാദാപുരത്തെ യുവതിക്കും സ്ത്രീധനത്തിന്റെ പേരില്‍ വലിയ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഭര്‍ത്താവിന്റെ അമ്മാവന്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വരെ ലഭിച്ച പോലീസ് അയാളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുകയാണ്. യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം നിരവധി സംഭവങ്ങളാണ് കേരളത്തില്‍ നിത്യേനയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ 2020 ല്‍, കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസും 2021 ല്‍ നിലമേല്‍ സ്വദേശിനിയായ ബി.എ.എം.എസ്. വിദ്യാര്‍ത്ഥിനി പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും കേരളീയ സമൂഹം സ്ത്രീധന നിരോധനത്തിന്റെ കാര്യത്തില്‍ ഒട്ടും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന വസ്തുതയാണ് പുതിയ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നിയമം മൂലം ദശാബ്ദങ്ങള്‍ക്കു മുന്‍പേ നിരോധിച്ചിട്ടും സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ പീഡനങ്ങളില്‍ സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം അറുപതിലേറെയാണ്. ഭര്‍തൃവീട്ടുകാരുടെ ഉപദ്രവത്തെ തുടര്‍ന്നുള്ള കേസുകള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പതിനയ്യായിരത്തിലേറെയായെന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
1961 ല്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണ് സ്ത്രീധന സമ്പ്രദായമെങ്കിലും നിയമം നടപ്പാക്കുന്നതില്‍ കുറ്റകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. സ്ത്രീധനം ചോദിച്ചാല്‍ ‘താന്‍ പോടോ’ എന്നു പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ നേടണമെന്നു പറയുന്ന മുഖ്യമന്ത്രി വിജയന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്‌തോ എന്ന് ആത്മപരിശോധന നടത്തണം. പത്രക്കാരോട് ‘കടക്ക്, പുറത്ത് ‘ എന്നു പറയുന്നതുപോലെ എളുപ്പമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അനാഥാലയങ്ങളുടെയും ദത്തെടുക്കലിന്റെയും കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന സര്‍ക്കാരിന് സ്ത്രീധന നിരോധന നിയമം നടപ്പാക്കാനും കഴിയും. അതിനുള്ള ഇച്ഛാശക്തി വേണമെന്നു മാത്രം. വനിതാ-ശിശു കമ്മീഷന്‍, നിയമം കര്‍ശനമായി നടപ്പാക്കാന്‍ 2021 ജൂണ്‍ 24 നു നല്‍കിയ ശുപാര്‍ശകളിലൊന്ന് പോലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല എന്നതില്‍ നിന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള അലസത മനസ്സിലാക്കാവുന്നതാണ്. രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമായി നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ഒരു ശുപാര്‍ശ. അതുപോലെ വധുവിനുള്ള സമ്മാനങ്ങള്‍ വിനിയോഗിക്കാനുള്ള അവകാശം വധുവിനു മാത്രമായിരിക്കണം, വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം നല്‍കണം തുടങ്ങിയ ശുപാര്‍ശകളും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ സമൂഹത്തിന്റെ നിലപാടിലും സ്വാഭാവികമായി മാറ്റം വരും. അതോടൊപ്പം സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഏകീകരണം ഉണ്ടാകേണ്ടതുണ്ട്. വിവാഹം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ടുള്ള ജാതി, മത നിയമങ്ങളും ആചാരങ്ങളും മാറ്റിയെഴുതപ്പെടണമെന്ന, ഡോക്ടേഴ്‌സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഡോ. നാദിയ എസ്. ജലീലിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. ഏകീകൃത സിവില്‍ നിയമത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വത്ത് സംബന്ധമായ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ. വിവാഹ സമയത്ത് വിലപേശി വധുവിന്റെ സ്വത്ത് പരമാവധി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനും ഏകീകൃത നിയമം ആവശ്യമാണ്. സാദ്ധ്യമായ എല്ലാ പരിഹാരങ്ങളും നടപ്പാക്കാന്‍ സമൂഹം ഒന്നടങ്കം ശ്രമിച്ചാലേ സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുകയുള്ളൂ.