അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും തികച്ചും ആധികാരികമായ വിജയം കരസ്ഥമാക്കിക്കൊണ്ട് ബിജെപി അതിന്റെ രാഷ്ട്രീയ വിജയരഥം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണ്. അഞ്ച് മാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന് പ്രതിപക്ഷകക്ഷികള്‍ തന്നെ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളില്‍ മൂന്നിലും ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കുകയും മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുകയും ചെയ്തു.
മധ്യപ്രദേശില്‍ ആകെയുള്ള 230 ല്‍ 163 സീറ്റുകളും 48.57% വോട്ടുകളും നേടിയ ബിജെപി സംസ്ഥാനത്തെ ഏഴില്‍ ആറ് മേഖലകളിലും കൃത്യമായ മേധാവിത്വം പുലര്‍ത്തി. മുഖ്യമന്ത്രിക്കസേരയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന ബിജെപി നേതാവ് എന്ന ഖ്യാതി സ്വന്തമാക്കിയ ശിവരാജ് സിങ് ചൗഹാന്‍ നടപ്പിലാക്കിയ ലാഡ്‌ലി ബെഹ്ന യോജന അടക്കമുള്ള സ്ത്രീ കേന്ദ്രീകൃത സാമൂഹിക ക്ഷേമ പദ്ധതികള്‍ ബിജെപിയുടെ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായി. രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകളാണ് ബിജെപിയുടെ വിജയത്തേരോട്ടത്തില്‍ ഞെരിഞ്ഞമര്‍ന്നത്. തിരഞ്ഞെടുപ്പ് നടന്ന 199 ല്‍ 115 സീറ്റുകളും 41.69% വോട്ടും ബി.ജെ.പി നേടിയെടുത്തപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രകടനം 69 സീറ്റുകളില്‍ മാത്രമായി ചുരുങ്ങി. ഇവിടെ മത്സരിച്ച 25 മന്ത്രിമാരില്‍ 16 മന്ത്രിമാരും ദയനീയ പരാജയം ഏറ്റുവാങ്ങി. ഛത്തീസ്ഗഡില്‍ ആകെയുള്ള 90 ല്‍ 54 സീറ്റുകളും 46.30% വോട്ടുകളും നേടിക്കൊണ്ടാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. സംസ്ഥാനത്തിന്റെ നിര്‍ണായക മേഖലകളിലെല്ലാം കോണ്‍ഗ്രസിന് കാലിടറി. കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന മാവോയിസ്റ്റ് മേഖലയായ ബസ്തറും ദന്തേവാഡയും ഉള്‍പ്പെടെ അവരെ കൈവിടുന്ന കാഴചയാണ് കണ്ടത്. മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരുന്ന സര്‍ഗുജ മേഖലയിലും കൈപ്പത്തിക്ക് അടിതെറ്റി. തുടര്‍ഭരണമെന്ന പ്രതീക്ഷയുമായി മത്സരിച്ച അവര്‍ 35 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. എക്‌സിറ്റ് പോളുകളുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതാണ് ഛത്തീസ്ഗഢിലെ ബിജെപിയുടെ മിന്നുന്ന വിജയം. 2013 മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ആരംഭിച്ച ബിജെപിയുടെ അജയ്യവിജയത്തിനിടയില്‍ ഒരു സംസ്ഥാനത്തു പോലും കോണ്‍ഗ്രസിന് തുടര്‍ഭരണം നേടാനായിട്ടില്ലെന്ന വസ്തുതയെ ഒന്നുകൂടി അടിവരയിടുന്ന ജനവിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
രാജസ്ഥാനും മധ്യപ്രദേശും അടങ്ങുന്ന വലിയ രണ്ട് സംസ്ഥാനങ്ങളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് അവരുടെ പരമ്പരാഗത ശക്തികേന്ദ്രമായ തെലങ്കാനയിലെ ആശ്വാസജയത്തില്‍ ആഘോഷിക്കാന്‍ യാതൊന്നുമില്ല. ദക്ഷിണ ഭാരതത്തില്‍ ക്രമാനുഗതമായി രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഇക്കുറി തെലങ്കാനയില്‍ നിലവിലുണ്ടായിരുന്ന ഒരു സീറ്റില്‍ നിന്ന് 8 സീറ്റുകളിലേക്ക് ഉയര്‍ന്ന് നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. കാമറെഡ്ഡിയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിനെയും പിസിസി പ്രസിഡന്റും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ രേവന്ത് റെഡ്ഡിയെയും 6789 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ബിജെപി സ്ഥാനാര്‍ഥിയായ കാട്ടിപ്പള്ളി വെങ്കിട രമണ റെഡ്ഢി ഉജ്വല വിജയമാണ് നേടിയത്. ഇടതുപക്ഷ കക്ഷികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും ജനസ്വാധീനം തകരുന്ന കാഴ്ചയ്ക്ക് കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിച്ചത്. രാജസ്ഥാനില്‍ നിലവില്‍ രണ്ട് എംഎല്‍എമാരുണ്ടായിരുന്ന സിപിഎം 17 നിയമസഭാ സീറ്റുകളിലാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. പക്ഷേ ഒരിടത്തു പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം ഉറപ്പിക്കാന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്കും (എഎപി) ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ ഒരിടത്തും പാര്‍ട്ടിക്ക് ഒരു ശതമാനം വോട്ട് പോലും നേടിയെടുക്കാനായില്ല. 2018 ല്‍ രാജസ്ഥാനില്‍ ആറ് സീറ്റ് ഉണ്ടായിരുന്ന ബിഎസ്പി ഇത്തവണ രണ്ട് സീറ്റില്‍ ഒതുങ്ങി. ഏതു തിരഞ്ഞെടുപ്പിലും അനായാസ വിജയം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ തികച്ചും ആശയപരമായ അടിത്തറയുള്ള ഒരു അടിസ്ഥാനവോട്ട്ബാങ്ക് രാഷ്ട്രഹൃദയഭൂമിയില്‍ ബിജെപി വികസിപ്പിച്ചെടുത്തു കഴിഞ്ഞുവെന്ന രാഷ്ട്രീയ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ മുന്നണിയുടെ നേതൃസ്ഥാനം പോലും ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയേക്കാം.
അഴിമതി വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരുന്ന ജനവിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന നടപടികള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അവസാനിപ്പിക്കണമെന്നും രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അഴിമതി, പ്രീണന രാഷ്ട്രീയം, കുടുംബാധിപത്യം എന്നിവയ്‌ക്കെതിരായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ആപത്തായ ഈ മൂന്നിനെയും ജനം തിരിച്ചറിഞ്ഞു തുരത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യത്ത് വിഭാഗീയതകള്‍ സൃഷ്ടിച്ച് ഭരണത്തിലേറാമെന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ജനവിധി. ജാതീയതയും ദേശീയതയും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ ജാതീയതയ്ക്കുമേല്‍ ദേശീയത ആധികാരിക വിജയം നേടിയിരിക്കുന്നു. പ്രതിപക്ഷം തൊടുത്തുവിട്ട ജാതിവാദത്തിന്റെയും പ്രാദേശികവാദത്തിന്റെയും അസ്ത്രങ്ങളെ സദ്ഭാവവും സദ്ഭരണവുമാകുന്ന പ്രത്യസ്ത്രങ്ങള്‍കൊണ്ട് ബിജെപി നിഷ്പ്രഭമാക്കിയിരിക്കുന്നു. ‘മണിപ്പൂര്‍ സംഘര്‍ഷം’ ആളിക്കത്തിച്ച് രാജ്യം മുഴുവന്‍ അതിനെ ചര്‍ച്ചാവിഷയമാക്കി ധ്രുവീകരണമുണ്ടാക്കിയെടുക്കാനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്ക് രാഷ്ട്രഹൃദയഭൂമിയിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയിരിക്കുന്നു. രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയചലനം സൃഷ്ടിക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെയും ബിജെപി വിരുദ്ധ മാധ്യമങ്ങളുടെ പ്രചാരണ കോലാഹലങ്ങളെയും ഈ ജനവിധി അപ്രസക്തമാക്കിയിരിക്കുന്നു. സനാതനധര്‍മ്മത്തെ അപഹസിക്കാനും ഭാരതമെന്ന പേരിനെ പോലും തിരസ്‌കരിക്കാനുമുള്ള ഗൂഢശ്രമങ്ങള്‍ക്ക് ജനങ്ങള്‍ ജനാധിപത്യപരമായി മറുപടി നല്‍കിയിരിക്കുന്നു. വിഭജനരാഷ്ട്രീയവും വികസനരാഷ്ട്രീയവും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനത്തില്‍ വികസന രാഷ്ട്രീയം ഒരിക്കല്‍കൂടി വിജയക്കൊടി പാറിച്ചിരിക്കുന്നു. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് സര്‍വ്വസജ്ജരായിക്കഴിഞ്ഞ ബിജെപിക്ക് ഈ ഫലം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന ‘ഇന്ത്യാ’ മുന്നണിയുടെ ഭാരതവിരുദ്ധ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഇപ്പോഴത്തെ ഈ ജനവിധി.