ഒരുമുറിയ്ക്കുള്ളിലൊറ്റയ്ക്കിരുന്നൊരു
പകലിനോടു പിണങ്ങിപ്പിരിയവേ
പലപ്രകാരം പറഞ്ഞതോന്ന്യാസങ്ങള്‍
പതിവുപോല്‍ വന്ന് തര്‍ക്കം ചുരത്തവേ
ഋതുപതംഗങ്ങള്‍ ചിറകുനീര്‍ത്തുന്നൊരീ
സന്ധ്യയില്‍ ഞാന്‍ കിതയ്ക്കുന്നു പിന്നെയും
ഇരുളിനാഴത്തില്‍ ഏതോ അപാരമാം
ശരികള്‍ പാടുന്ന ഗസലിന്റെ ഈണത്തില്‍
ഒരുതരം തീവ്ര വേദനയ്ക്കടിമയായ്
എഴുതിവയ്ക്കുന്നു ഞാനീ മനോഗതം.
ചില നിരാസങ്ങള്‍ വായിച്ചെടുക്കുവാന്‍
ചിരപുരാതന സൗഹൃദം പാടുവാന്‍
മിഴിതുടയ്ക്കുവാന്‍ മൗനം ജപിക്കുവാന്‍
അശരണര്‍ക്കാത്മ സാന്ത്വനം മൂടുവാന്‍
അരുകിലേയ്‌ക്കൊരാള്‍ വരുമെന്ന തോന്നലില്‍
അരുണകുങ്കുമം തൊട്ടു ഞാന്‍ പിന്നെയും.
ഇടയിലെന്റെ നിരാശപ്പരുങ്ങലില്‍
ഇമയടച്ചുള്ള ഓടിയൊളിക്കലില്‍
അറുതിവേണമെന്നോര്‍മ്മപ്പെടുത്തുവാന്‍
അരുകിലേയ്‌ക്കെത്തി നില്‍ക്കുന്നു പൊന്‍വെയില്‍
പകലുമിരവുമീ അന്തിക്കലമ്പലില്‍
പതിവുവാക്കിന്റെ പൊരുളില്‍ മയങ്ങാതെ
പുതിയ കാഴ്ചകള്‍ കാട്ടിത്തരുന്നൊരു
പകരമില്ലാത്ത വാഴ്‌വില്‍ വിളങ്ങുവാന്‍
അവസരംതന്നെ അത്രമേല്‍ ധന്യമെ-
ന്നറിവുനേടി ഞാന്‍ തുടരുന്നു യാത്രകള്‍
ഒരുമുറിയ്ക്കുള്ളിലൊറ്റയ്ക്കിരിക്കാത
ഉരിയരിച്ചോറുമാത്രം നിനയ്ക്കാതെ
അപരഹൃദയ പറുദീസ പൂകുവാന്‍
അതുലമീയാനം അഭിമാനസാര്‍ത്ഥകം…!