പ്രകൃതിസുന്ദരമായ സഹ്യാദ്രികൂടങ്ങളിലെ നയന മനോഹരമായ കുന്നിന്‍ മുകളില്‍ പുണ്യ പൂങ്കാവനത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമല സന്നിധാനം ഭാരതത്തിലേതെന്നല്ല ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് പുണ്യ സങ്കേതം ആയി പരിലസിക്കുകയാണ്. വൃശ്ചികം ഒന്നു മുതല്‍ മകരവിളക്ക് വരെയുള്ള പുണ്യ ദിനങ്ങളില്‍ ശ്രീധര്‍മ്മശാസ്താവിനെ ദര്‍ശിക്കാനും, ആത്മസായൂജ്യമടയാനും ശബരിമല തീര്‍ത്ഥാടനത്തിലൂടെ അവസരമൊരുങ്ങുന്നു.
വൃശ്ചികം ഒന്നിന് തിരുനട തുറന്ന് ശബരിമല മേല്‍ശാന്തി മഹേഷ് നമ്പൂതിരി ശ്രീകോവിലില്‍ തിരിതെളിച്ച് ഭക്തജന കോടികളോട് ഒരു ആഹ്വാനം നടത്തിയിരുന്നു. ശബരിമല തീര്‍ഥാടനം പ്ലാസ്റ്റിക് മുക്തമാക്കി പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണം എന്നതായിരുന്നു ആഹ്വാനം.
പൂജാ ദ്രവ്യങ്ങളിലെ മായം ചേര്‍ക്കലിനെതിരെയും,ആചാരവിരുദ്ധ നടപടികള്‍ക്കെതിരെയും തന്ത്രി മഹേഷ് കണ്ഠരരും പ്രതികരിച്ചു.
നെയ്യഭിഷേകത്തിന് മായം കലര്‍ന്ന നെയ്യ് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്, ക്ഷേത്രങ്ങളിലെ പൂജാദ്രവ്യങ്ങളിലും, വിളക്കു തെളിയിക്കുന്ന എണ്ണയില്‍ പോലും മായം കലര്‍ന്നതാണ് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്. മായം കലര്‍ന്ന ശര്‍ക്കരയും, വിഷാംശമുള്ള ഏലക്കയും ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അരവണയില്‍ ഉപയോഗിച്ചു എന്നതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അരവണ പ്രസാദമാണ് കോടതി ഉത്തരവുമൂലം വിതരണം നടത്താതെ മാറ്റിവച്ചിട്ടുള്ളത്.
ഇരുമുടിക്കെട്ടുകളില്‍ പൂജാദ്രവ്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കി കൊണ്ടുവരുന്നത് ഗുരുതരമായ പരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതുകൂടാതെ പരമ്പരാഗത ആചാരങ്ങള്‍ തുടരുന്നതോടൊപ്പം ഇല്ലാത്ത ആചാരങ്ങള്‍ ആചാരം എന്ന പേരില്‍ അനുവര്‍ത്തിക്കുന്നതും തീര്‍ത്ഥാടനത്തിനു ഗുണകരമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാധാരണ ഇരുമുടിയില്‍ പണ്ടുകാലം മുതല്‍ നിശ്ചിത ദ്രവ്യങ്ങള്‍ ഉണ്ടാകും, ഇവയെല്ലാം ഇന്ന് പ്ലാസ്റ്റിക് കൂടുകളില്‍ ലഭ്യമായതുകൊണ്ട് ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങി ഇരുമുടിയില്‍ നിക്ഷേപിക്കുകയാണ്. ഇവയില്‍ പലതും മുന്‍കാലങ്ങളില്‍ ഇലയിലും പാളയിലും പൊതിഞ്ഞു കെട്ടി കൊണ്ടുപോയിരുന്നതാണ്. പ്ലാസ്റ്റിക് യുഗം വന്നപ്പോള്‍ അയ്യപ്പനെയും പൂങ്കാവനത്തെയും പമ്പയെയും അയ്യപ്പഭക്തര്‍ മറന്നു. ഫലം മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍. ഇതിന് പരിഹാരം നാം കണ്ടെത്തിയേ തീരൂ.
ഇരുമുടിയില്‍ ഏഴു മുതല്‍ 10 വരെ പ്ലാസ്റ്റിക് കൂടുകള്‍ ഉണ്ടാവും, അഞ്ചുകോടി ഭക്തര്‍ ശബരിമലയില്‍ എത്തിക്കുന്നത് 21 കോടി മുതല്‍ 50 കോടി വരെ പ്ലാസ്റ്റിക് കൂടുകളാണ്. ഇത് ഇരുമുടിയില്‍ മാത്രം. കച്ചവട സ്ഥാപനങ്ങള്‍ വഴി വന്നെത്തുന്നത് 15 കോടി മുതല്‍ 25 കോടി വരെയാണ്. ഇതെല്ലാം നിക്ഷേപിക്കുന്നത് പുണ്യ പൂങ്കാവനത്തിലും.
പൂജാവസ്തുക്കള്‍ പാളയിലും ഇലയിലും പൊതിഞ്ഞു കൊണ്ടുപോകാന്‍ തീരുമാനിച്ചാല്‍ പൂങ്കാവനം പാരിസ്ഥിതിക നാശത്തില്‍ നിന്നും മോചിതമാകും. മറ്റൊന്ന്,ഇല്ലാത്ത ആചാരത്തെ പൊല്ലാപ്പാക്കുന്ന ഉടുതുണി ഉപേക്ഷിക്കലാണ്, ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ തിരികെ മലയിറങ്ങി പമ്പയില്‍ കുളി കഴിഞ്ഞശേഷം കറുത്ത മുണ്ട് പമ്പയില്‍ ഒഴുക്കുന്നു.
ആരു പറഞ്ഞു, എന്താണ് ഇതിന്റെ ആചാരം എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, ഇത്തരം ആചാരവിരുദ്ധ പ്രവൃത്തികള്‍ ദോഷകരമാണെന്നതിന് തെളിവാണ് പമ്പാ മലിനീകരണം.
ഇത്തരം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ട്രാക്ട് മാഫിയാ ലോബികള്‍ പമ്പ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. തീര്‍ത്ഥാടകര്‍ ഒഴുക്കുന്ന വസ്ത്രങ്ങള്‍ പിടിച്ചെടുത്ത് ഉണക്കി വില്‍പ്പന നടത്തുകയും ചെയ്യുന്നു ഈ കൂട്ടര്‍.
ശബരിമല തീര്‍ത്ഥാടനത്തിലെ ഏറ്റവും സുപ്രധാന ചടങ്ങാണ് പേട്ടകെട്ട്. പേട്ടകെട്ടിന് ഉപയോഗിക്കുന്ന മായം കലര്‍ന്ന കളര്‍ പൊടികള്‍ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതും, ഗുരുതരമായ ത്വക്ക് രോഗങ്ങളെ സംഭാവന ചെയ്യുന്നതുമാണ്. മുന്‍കാലങ്ങളില്‍ ഇലകള്‍ പൊടിച്ചുള്ള പ്രകൃതി സൗഹാര്‍ദ്ദ കളര്‍ ആണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് മായം കലര്‍ത്തിയ പൊടികളാണ് എരുമേലിയില്‍ വില്‍പ്പന നടത്തുന്നത്, ഇത് നദീതടങ്ങളെയും മാലിന്യ പൂര്‍ണ്ണമാക്കും.
ശബരിമല തീര്‍ത്ഥാടനം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായി മാറേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സാഹചര്യങ്ങളിലൂടെ ഭക്തജനങ്ങളെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്തേണ്ടത്.
പ്രകൃതിയെയും, പ്രകൃതി സൃഷ്ടികളെയും സ്‌നേഹിച്ചും, ഇണങ്ങിച്ചേര്‍ന്നും സുസ്ഥിരമായി ജീവിക്കുക എന്നതാണ് നാം അനുവര്‍ത്തിക്കേണ്ട പരിസ്ഥിതി സങ്കല്പം. ക്രയ വിക്രയത്തില്‍ മാന്യത, ക്രമീകൃതമായ ഉപയോഗം, കവര്‍ന്നെടുക്കാതിരിക്കല്‍, പരിസ്ഥിതി നാശം സംഭവിപ്പിക്കാതിരിക്കല്‍, പ്രകൃതി സൃഷ്ടികളെ ആരാധനയോടെ സംരക്ഷിക്കല്‍, നാം കൈവശം വച്ചിരുന്നതെല്ലാം തലമുറയെ ഏല്‍പ്പിച്ചു കടന്നു പോവല്‍, മണ്ണും, വെള്ളവും, വായുവും പരമ പവിത്രമായി കരുതല്‍എന്നതെല്ലാം, പൂര്‍വികമായി തുടര്‍ന്നുപോരുന്ന ഭാരതീയ പരിസ്ഥിതി സങ്കല്പമാണ്.
പ്രകൃതി ദുരന്തങ്ങളെ ഭയപ്പെട്ട മനുഷ്യന്റെ ഭാവനയില്‍ അദൃശ്യ ശക്തികളോടുള്ള ബഹുമാനാദരവോടെ ആരാധനാപൂര്‍വ്വം ഈ വാസഗ്രഹമാകുന്ന ഭൂമിയെ കാത്തുസൂക്ഷിച്ചു പൂര്‍വിക സമൂഹം.
പന്നി പെറ്റു പെരുകുന്നത് പോലെ പെരുകാന്‍ പ്രകൃതി അനുവദിക്കില്ല. ജീവിച്ചിരിക്കുമ്പോള്‍ കാരുണ്യം കാണിക്കുക, ക്രമീകൃതമായി ഉപയോഗിക്കുക, വികസന വഴികളില്‍ ക്രിയാത്മകമായും ദീര്‍ഘവീക്ഷണത്തോടെയും പ്രതികരിക്കുക, അതാണ് യുക്തിയും പരിസ്ഥിതിയുടെ ശാസ്ത്രവും.
എക്കാലത്തെയും പരിസ്ഥിതി വാദത്തിന് മറവില്‍ പല പദ്ധതികളും ശബരിമലയില്‍ എതിര്‍ക്കപ്പെടുന്നു. അങ്കമാലി ശബരി റെയില്‍ പാതയും ഇത്തരത്തില്‍ എതിര്‍ക്കപ്പെട്ടതാണ്. യുക്തിഭദ്രമല്ലാത്ത കാരണങ്ങളാണ് എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയത്.
ശബരിമലയുടെ തിരക്ക് കുറച്ച് പരിസ്ഥിതി സംരക്ഷിക്കണമെന്ന് ഒരു കൂട്ടര്‍, സീസണ്‍ കാലത്തു ഓടിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ പോലും നിര്‍ത്തലാക്കണം, 10 മീറ്റര്‍ പൊക്കമുള്ള മലകള്‍ അരിഞ്ഞെടുത്താല്‍, പിന്നീട് 10 മീറ്ററോളം ഉള്ള മലകള്‍ പുന:സൃഷ്ടിക്കേണ്ടി വരും എന്ന് ബുദ്ധിജീവികള്‍,
യാത്രയില്‍ ഉടനീളം മലിനവസ്തുക്കള്‍ വലിച്ചെറിയും, ശബ്ദം കൊണ്ട് കിടന്നുറങ്ങാന്‍ കഴിയാതെ വരും, ഭൂചലനം കൂടും, കെട്ടിടങ്ങള്‍ തകരും, വെള്ളക്കെട്ടുകള്‍ ഉണ്ടാകും, അപൂര്‍വ്വ ജന്തുജാലങ്ങള്‍ അന്യം നിന്നു പോകും, ഇക്കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കണം എന്നതായിരുന്നു ഇക്കൂട്ടരുടെ വാദം.
കൊങ്കണ്‍ റെയില്‍, തീരദേശ റെയില്‍ ഇവ വന്നപ്പോഴും ഇത്തരത്തില്‍ വാദം ഉയര്‍ത്തിയിരുന്നു, എതിര്‍ക്കുക എന്നതാണ് പാരിസ്ഥിതികവാദം എങ്കില്‍, ഭാരതത്തിന്റെ പരിസ്ഥിതി വാദത്തെ മനസ്സിലാക്കിയിട്ടില്ല എന്ന് പറയേണ്ടിവരും. ഓരോ വൃക്ഷങ്ങളുടെ ചുവട്ടിലും അന്തിത്തിരികത്തിച്ചു പൂജിച്ച പാരമ്പര്യമുള്ള നാട്ടില്‍ കാവുകളും കുളങ്ങളും കെട്ടിട നിര്‍മ്മാണ ശൈലികളും പ്രകൃതി സ്‌നേഹവും വളര്‍ന്ന് വികസിച്ചത് പാശ്ചാത്യ വിദ്യാഭ്യാസ പൈതൃകത്തിലൂടെ അല്ല. മരങ്ങളെയും, മണ്ണിനെയും, ജീവജാലങ്ങളെയും, വെള്ളത്തെയും, നദിയെയും, പ്രപഞ്ചസൃഷ്ടികളെയും, സൂര്യ ചന്ദ്രന്മാരെയും പ്രതീകാത്മക ബിംബ കല്‍പ്പനയിലൂടെ ആരാധിച്ചു പോന്നിരുന്ന ഒരു സമൂഹമാണ് ഭാരതീയ പൗരാണിക സംസ്‌കൃതിയുടെ കര്‍ത്താക്കള്‍. ഇതാണ് ശബരിമല തീര്‍ത്ഥാടനത്തിലും നാം അനുവര്‍ത്തിക്കുന്നത്.
വികസന വിരോധികളുടെ ശബരിമല വിരുദ്ധ ശക്തികളുടെ മേധാശക്തിക്കും ചിന്താശക്തിക്കും നാം വഴങ്ങിക്കൂടാ. പ്രകൃതിയെ നമിച്ച് പ്രകൃതിയും ഭക്തനും മൂര്‍ത്തിയും സമന്വയിച്ച് മോക്ഷ പദത്തിലേക്ക് പ്രവേശിക്കുന്ന തീര്‍ത്ഥാടനം. അതാണ് ശബരിമലയുടെ അടിസ്ഥാനപരമായ തീര്‍ത്ഥാടന ലക്ഷ്യം. പ്രകൃതിയെ ഇത്രയേറെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വേറൊരു തീര്‍ത്ഥാടന കേന്ദ്രം ലോകത്ത് നമുക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല.
പ്രകൃതിയുടെ പുണ്യങ്ങള്‍ എല്ലാം ഈശ്വര ചൈതന്യമായി ഭക്തനിലേക്ക് പ്രവഹിപ്പിക്കുന്ന തീര്‍ത്ഥാടനം. കാടും, കാട്ടാറും, പക്ഷികളും, മൃഗങ്ങളും എല്ലാം ഭഗവത് പ്രതികങ്ങളാണ്, എന്തിനെയും ഏതിനെയും അയ്യപ്പനായി കാണുന്നു എന്നതാണ് തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത. സമഭാവനയുടെയും പാരിസ്ഥിതിക സൗഹാര്‍ദ്ദത്തിന്റെയും മഹത് സന്ദേശവും സമൂഹത്തിന് പ്രദാനം ചെയ്യുന്നു ശബരിമല തീര്‍ത്ഥാടനം.
പ്രകൃതിയെ ജഗത് ജനനിയുടെ ആവിഷ്‌കാരമായി കണ്ട ഭാരതീയ സമൂഹം പ്രകൃതിയെയും ജീവജാലങ്ങളെയും സകലമാന ഈശ്വര സൃഷ്ടികളെയും ആരാധിക്കുകയും അതുവഴി പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിന് ഹാനി ഉണ്ടാക്കുന്ന തരത്തില്‍ ചിന്തിക്കുക പോലും ഭാരതീയന് സാധ്യമല്ലായിരുന്നു.
എന്നാല്‍ ഇന്ന് സ്ഥിതി മാറി. പ്രകൃതി ചൂഷണത്തെ കുറിച്ചുള്ള മുറവിളികളാണ് ലോകത്താകമാനം. പ്രകൃതി സംരക്ഷണത്തിനായുള്ള പുതിയ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രകൃതിക്ക് ദോഷം വരുത്തുന്നതും പരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുമായ നിരവധി കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു കേരളീയര്‍.
അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വികസനത്തിന്റെയും പുത്തന്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയും പേരും ചാര്‍ത്തിക്കൊടുക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ വികസന വിരോധികള്‍ പരിഷ്‌കരണ വിരുദ്ധര്‍ എന്നൊക്കെയുള്ള പേര് വിളിച്ച് ഇവരെ പ്രതിരോധിക്കുന്നു.
അന്തരീക്ഷ താപനത്തിന്റെ സന്തുലനം, വനഭൂമിയിലെ പക്ഷി മൃഗാദികളുടെ ആവാസവ്യവസ്ഥ, കോടാനുകോടി ഭക്തജനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ എത്തിച്ചേരുന്ന എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍, എന്നിവയിലെല്ലാം പരിഹാരങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികമാക്കേണ്ടത് അനിവാര്യമെങ്കിലും സര്‍ക്കാരും ദേവസ്വം ബോര്‍ഡും മെല്ലെപോക്ക് നയമാണ് തുടര്‍ന്നുവന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പ ആക്ഷന്‍ പ്ലാന്‍, ശബരിമലയുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇതെല്ലാം കടലാസില്‍ ഒതുങ്ങി. സന്നിധാനത്ത് നിര്‍മ്മിച്ച മാലിന്യനിര്‍മാര്‍ജന പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ പോലും വരുത്തുന്ന കാലതാമസം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
ഓരോ തീര്‍ത്ഥാടന കാലത്തും നിരവധി പ്രഖ്യാപനങ്ങളാണ് സര്‍ക്കാരും, ദേവസ്വം ബോര്‍ഡും നടത്തുന്നത്. പ്രഖ്യാപനങ്ങള്‍ കടലാസ് രേഖകളിലും ഒരു ദിനത്തിലെ പത്രവാര്‍ത്തയിലും ഒതുങ്ങുകയാണ് ശബരിമലയിലെ പതിവ്.
സര്‍ക്കാര്‍ പുച്ഛിച്ചുതള്ളിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇന്നും വെളിച്ചം കാണാതെ സര്‍ക്കാര്‍ ഫയലുകളില്‍ വിശ്രമത്തിലാണ്. സിപ്പി മുഹമ്മദ് എംഎല്‍എ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടും, പിന്നീട് 1994 എന്‍. ടി.നൂറുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി ഉണ്ടാക്കിയ റിപ്പോര്‍ട്ടും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇന്ദ്രജിത്ത് സിംഗിന്റെ നേതൃത്വത്തില്‍ ശബരിമലയെ മാലിന്യമുക്തമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി. നിലയ്ക്കല്‍ കേന്ദ്രീകരിച്ച് വികസനം മറ്റൊരു ലക്ഷ്യമായിരുന്നു. 225 ഏക്കര്‍ നിലയ്ക്കല്‍ തോട്ടം തിരികെ ദേവസ്വം ബോര്‍ഡിന് ഏല്‍പ്പിച്ച് 25ഏക്കര്‍ വീതം തിരിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കുക, നിലക്കല്‍ മുഖ്യ ടൗണ്‍ഷിപ്പ് ആക്കി ഉയര്‍ത്തി ബേസ് ക്യാമ്പില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക, തിരക്കുള്ള ദിനങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി തിരക്ക് കുറയുന്ന മുറയ്ക്ക് ഭക്തരെ മലകയറ്റിവിടുക എന്നൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ആവശ്യങ്ങളെല്ലാം നിലയ്ക്കലില്‍ നിര്‍വഹിക്കാന്‍ കഴിയുന്നതോടെ പമ്പാതീരം മാലിന്യമുക്തമാക്കാം എന്നായിരുന്നു വിലയിരുത്തല്‍.
2005 ജൂണ്‍ 15ന് നിലയ്ക്കല്‍ തോട്ടം ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ എത്തിയെങ്കിലും ഒന്നുമുണ്ടായില്ല. നിയമസഭാ സമിതിയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ തടഞ്ഞു, പകരം ദല്‍ഹിയിലെ എക്കോ സ്മാര്‍ട്ടിനെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചു. 70 ലക്ഷം അന്യര്‍ കൊണ്ടു പോയി, പ്രൊഫ. എ.വി.താമരാക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് കോപ്പിയെടുത്ത് സര്‍ക്കാരില്‍ ഏല്‍പ്പിച്ച് അവര്‍ രക്ഷപ്പെട്ടു.
സ്വാമി ശരണം പദ്ധതി പ്രകാരം പമ്പാ ഡാം നാല് മീറ്റര്‍ ഉയര്‍ത്തിയപ്പോള്‍ വനംവകുപ്പും സര്‍ക്കാരും തടഞ്ഞു. 44 അടി ഉയരം ആയിരുന്നു നിര്‍ദ്ദേശം.
പദ്ധതികളും റിപ്പോര്‍ട്ടുകളും ഉണ്ട് എങ്കിലും പ്രശസ്തമായ കാനന േക്ഷത്രം ഒരു റിപ്പോര്‍ട്ടെങ്കിലും ഫലം കാണാതെ ഇന്ന് അടുത്ത റിപ്പോര്‍ട്ടു കള്‍ക്കായി കാത്തിരിക്കുന്നു.
ശബരിമലയെ കുറിച്ച് പത്തോളം പഠന റിപ്പോര്‍ട്ടുകള്‍ നിലവില്‍ ഉണ്ടെങ്കിലും, ഇതിലൊന്നും കാര്യമായ നടപടികള്‍ ജനാധിപത്യ സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് ശബരിമല വികസന കാര്യത്തിലും, പാരിസ്ഥിതിക വിഷയങ്ങളിലും ഉള്ള കാതലായ പ്രശ്‌നം.
പഠനങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും പ്രാധാന്യമേറിയ, തീര്‍ത്ഥാടന കേന്ദ്രമായി ശബരിമല മാറുമായിരുന്നു എന്നതാണ് വസ്തുത.
2004ലെ മകരവിളക്ക് ദിനത്തില്‍ ഭൂട്ടാസിങ് കമ്മിറ്റിയെ ശബരിമലയിലേക്ക് നിയോഗിച്ചത് അനുസരിച്ച് അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ താമസിക്കുന്ന മനുഷ്യത്വരഹിതമായ അവസ്ഥയില്‍ സമിതി പരിഭ്രാന്തരാണ് എന്ന് രേഖപ്പെടുത്തി.
ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ എല്ലാവിധ പ്രയാസങ്ങളും സഹിക്കുകയാണ്. അഗാധമായ ഭക്തിയാണ് അവരെ നയിക്കുന്നത്. എന്നതിനാല്‍ എല്ലാവിധ പ്രതികൂല സാഹചര്യങ്ങളും അവരെ ധൈര്യപ്പെടുത്തുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ അവരുടെ പ്രതികരണമില്ലായ്മയെ സൗകര്യപ്രദമായ കാരണമായി ഉപയോഗിക്കുകയും, ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരുടെ വന്‍ജനക്കൂട്ടത്തെ വ്യത്യസ്ത സ്ഥലങ്ങളില്‍ തടയണമെന്ന് നിര്‍ദ്ദേശിക്കുന്നത് അസംബന്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തീര്‍ത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിച്ച് ക്ഷേത്ര പരിസരത്ത് ഏത് സമയത്തും തങ്ങിനില്‍ക്കാന്‍ സൗകര്യമൊരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
അയ്യപ്പക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന 500 ഏക്കര്‍ വനപ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് വേര്‍തിരിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിരപ്പാക്കണം എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു.
റിപ്പോര്‍ട്ടിലെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ശബരിമല റിസര്‍വ്വ് കോര്‍ ഏരിയയില്‍ വരുന്നതല്ലെന്നും ബഫര്‍ സോണിലാണ് സ്ഥിതി ചെയ്യുന്നതെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നതായും സൂചിപ്പിക്കപ്പെട്ടു. തീര്‍ത്ഥാടനത്തിന്റെ യാഥാര്‍ത്ഥ്യവും തീര്‍ത്ഥാടക വര്‍ദ്ധനവും തിരിച്ചറിഞ്ഞ് പ്രദേശത്തിന്റെ പരിസ്ഥിതിയുടെ വിശാലമായ പരിഗണനകളുടെ കാതലായ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥമായ പരിഹാരം കണ്ടെത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശബരിമല അതിന്റെ പ്രത്യേകതകൊണ്ട് ലോകത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒന്നാണ്. എന്നാല്‍ ഇതുവരെ ദേശീയ ശ്രദ്ധയും വികസനവും നേടിയിട്ടില്ല. ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന കാഴ്ചപ്പാടിന്റെ അഭാവമാണ് തല്പര കക്ഷികളില്‍ നിന്ന് ഉത്ഭവിച്ചത്. ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രം പോലെയോ, മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ മാതൃകയിലോ വികസനം യാഥാര്‍ത്ഥ്യമാക്കണം.
ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഉന്നതതലത്തില്‍ പഠനംനടത്താന്‍ പരിസ്ഥിതി മന്ത്രിയും കേരളത്തിലെ വനം- ദേവസ്വം മന്ത്രിമാരും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കണം എന്നും ശുപാര്‍ശ ചെയ്തു.
പരിഹരിക്കപ്പെടാതെ കിടക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഈ രാഷ്ട്രീയ കാര്യ സമിതിക്ക് കഴിയുമെന്ന സൂചനയും പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഞങ്ങള്‍ പരിഗണിക്കേണ്ടതല്ല എന്ന സമീപനമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അന്ന് സ്വീകരിച്ചത്.
ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒമ്പത് അംഗ ഉന്നത അധികാര സമിതി രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ശബരിമല ഉന്നതാധികാര സമിതി എന്ന പേരുമാത്രം എടുത്ത് റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരുകള്‍ പുറന്തള്ളി.
ശബരിമലയും, പരിസര പ്രദേശങ്ങളും, ശുചിയായി സൂക്ഷിക്കുന്നതിന് പോലീസ് നടപ്പിലാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയും പോലീസ് അസോസിയേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇല്ലാതായി, ക്ഷേത്രങ്ങളില്‍ എന്തിനാണ് പോലീസ് ചവറുവാരുന്നത് എന്നാണ് ഇടതുപക്ഷ അനുകൂല പോലീസ് അസോസിയേഷന്‍ ചോദിച്ചത്. 2011ല്‍ ഐജി, പി. വിജയനാണ് മാലിന്യമുക്ത സന്നിധാനം എന്ന ആശയവുമായി പൂങ്കാവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന പൂജാ സാധനങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിഐ, എസ്‌ഐമാര്‍ ഉള്‍പ്പെടെ 50ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പുണ്യം പൂങ്കാവനം പദ്ധതി നടന്നുവന്നിരുന്നത്. തന്ത്രി, മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്,മെമ്പര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ഉന്നത പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പദ്ധതിയുടെ ഭാഗമായിരുന്നു.
പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പദ്ധതിയേയും ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും പ്രശംസിക്കുകയും, ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ചെറിയതോതില്‍ എങ്കിലും പരിഹാരമായിരുന്ന പദ്ധതി ഇടത് യൂണിയനായ പോലീസ് അസോസിയേഷനിലെ അംഗങ്ങളാണ് എതിര്‍ത്തത്. ഇവരുടെ സമ്മര്‍ദ്ദം മൂലമാണ് പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പവിത്രം, ശബരിമല പദ്ധതിയുടെ പേരിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിക്കപ്പെട്ടതിലൂടെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, അയ്യപ്പഭക്തര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സംയോജിപ്പിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് താളം തെറ്റിയത്. പൂങ്കാവനം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ശബരിമല തീര്‍ത്ഥാടന കാലയളവിലെ 50% മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും.
കോടാനുകോടി ഭക്തര്‍ പവിത്രമായി കാണുന്ന വിശുദ്ധ പമ്പ നേരിടുന്നത് ഗുരുതരമായ വെല്ലുവിളികളാണ്. അഞ്ചു കോടിയിലധികം തീര്‍ത്ഥാടകര്‍എത്തുന്ന ശബരിമല തീര്‍ത്ഥാടനത്തില്‍ പമ്പ,നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി നിലവിലുള്ള ശൗചാലയങ്ങളിലെ കക്കൂസ് ടാങ്കുകള്‍ക്ക് ഉള്ളത് അഞ്ചുദിവസത്തെ സംഭരണശേഷിയാണ്. ബാക്കിയുള്ള മനുഷ്യ മാലിന്യങ്ങള്‍ വിവിധ ചാലുകള്‍ വഴിഞുണങ്ങാറിലൂടെ പമ്പയില്‍ എത്തിച്ചേരും. പമ്പ തീരത്തെ അവസ്ഥയും ഏറെ ദയനീയമാണ്. പ്രളയം കരയാക്കി മാറ്റിയ പമ്പയില്‍ പത്തോളം ടോയ്ലറ്റ് കോംപ്ലക്‌സുകള്‍ മാത്രമാണുള്ളത്. ഇവിടെ നിന്നുള്ള മനുഷ്യരുടെ മാലിന്യങ്ങളും പമ്പയിലേക്ക് ഊഴ്ന്നി റങ്ങുകയാണ്. പമ്പാനദിയിലെ ഒരു മില്ലി ഗ്രാം വെള്ളത്തിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ് അനുവദനീയമായതിന്റെ 100 ഇരട്ടിയാണ്. പമ്പയെ മലിനമാക്കുന്നതില്‍ തീര്‍ത്ഥാടകര്‍ക്കും മുഖ്യപങ്കാണ് ഉള്ളത്. വിസര്‍ജ്യങ്ങളും, മാലിന്യങ്ങളും, പമ്പയിലും, തീരപ്രദേശങ്ങളിലും,തീര്‍ത്ഥാടന പാതകളിലും അവര്‍ നിക്ഷേപിക്കുകയാണ്.
2002ല്‍ പമ്പയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പമ്പ ആക്ഷന്‍ പ്ലാന്‍ ഇനിയും ലക്ഷ്യം കണ്ടില്ല എന്ന് മാത്രമല്ല, അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട പദ്ധതി 2023 ല്‍ എത്തി നില്‍ക്കുമ്പോഴും മൂന്ന് തടയണ നിര്‍മ്മാണത്തില്‍ മാത്രം നില്‍ക്കുന്നു.
കുട്ടനാടിന്റെ ജീവജലവും 30 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുമാണ് പുണ്യപമ്പ.
നിലക്കലിനെ മുഖ്യ ഇടത്താവളം ആക്കി വിവിധ വികസന പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും, 110 ഹെക്ടര്‍ സ്ഥലം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദേവസ്വം ബോര്‍ഡ് വിലയ്ക്കുവാങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നിലയ്ക്കലിനെ ടൗണ്‍ഷിപ്പ് ആക്കി ഉയര്‍ത്താന്‍ കഴിയുന്നില്ല. കോടികള്‍ ഇത്തരത്തിലും പാഴായത് അല്ലാതെ ഇവിടെ ഒന്നും ചെയ്യാന്‍ ദേവസ്വത്തിന് കഴിയുന്നില്ല. നിലയ്ക്കല്‍ എത്തുന്ന ഭൂരിപക്ഷം വാഹനങ്ങള്‍ ഇപ്പോഴും കാട്ടിലും, റബര്‍ തോട്ടത്തിലും, റോഡ് വക്കിലുമാണ് പാര്‍ക്ക് ചെയ്യുന്നത്.
വികസനം ഊട്ടിയുറപ്പിക്കുന്ന ശബരി റെയില്‍ പദ്ധതിയും പമ്പയെ മാലിന്യമുക്തമാക്കുന്ന പമ്പാ കര്‍മ്മപദ്ധതിയും ഇടത്താവളങ്ങളെ ടൗണ്‍ഷിപ്പുകള്‍ ആക്കി ഉയര്‍ത്തുന്ന വികസന പദ്ധതികളും യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രകൃതിയും, മനുഷ്യനും, മൂര്‍ത്തിയും സമന്വയിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമായി ശബരിമല പരിണമിക്കുമെന്നതാണ് വസ്തുത.
ശബരിമല തീര്‍ത്ഥാടനം ആചാരപരവും പരിസ്ഥിതി സൗഹൃദവും ആയി തീരേണ്ടത് ഇന്നത്തെ ആവശ്യമാണ്. കോടാനുകോടി അയ്യപ്പഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാനും, അയ്യപ്പ പുണ്യം അനുഭവിക്കാനും സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്തമാണ് ആതിഥേയര്‍ക്കുള്ളത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍, ദേവസ്വം അധികൃതര്‍, അയ്യപ്പഭക്ത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, അയ്യപ്പഭക്തര്‍, വ്യാപാരസ്ഥാപനങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് പരിസ്ഥിതിക്ക് ദോഷം വരുത്താത്ത എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും, ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.
ശബരിമലയുടെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും അനിവാര്യമാണ്. എരുമേലി, കൂനംകര, നിലയ്ക്കല്‍, പമ്പ എന്നീ ഇടത്താവളങ്ങളെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൗണ്‍ഷിപ്പുകള്‍ ആക്കി ഉയര്‍ത്തുകയാണ് ആദ്യപടിയായി സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. പ്രതിവര്‍ഷം 20% തീര്‍ത്ഥാടക വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ശബരിമല തീര്‍ത്ഥാടനം സുഗമവും, സുരക്ഷിതവുമായി മാറാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കണം. ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പ ആക്ഷന്‍ പ്ലാന്‍, വിവിധ കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ച പരിസ്ഥിതി സൗഹാര്‍ദ്ദമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ നടപ്പിലാക്കുക എന്നതിനാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്‍ഗണന നല്‍കേണ്ടത്. ശബരിമല വിഷന്‍ 2030 എന്ന ലക്ഷ്യത്തിലേക്ക് ഭക്തജനങ്ങളും അയ്യപ്പഭക്ത സംഘടനകളും വ്യാപാരസ്ഥാപനങ്ങളും ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടതും അനിവാര്യമാണ്. പരിസ്ഥിതി പ്രസ്ഥാനങ്ങളും ശബരിമല വികസനത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ കരിങ്കുന്നം രാമചന്ദ്രന്‍ നായരെ പോലുള്ള വ്യക്തികളും അധികാരികള്‍ക്കു മുന്‍പില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ വീണ്ടും പുനര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് ശബരിമലയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നതിനാല്‍ സൂചിപ്പിക്കുകയാണ്.
പമ്പാ നദിയുടെ ഇരു കരകളിലും അരക്കിലോമീറ്റര്‍ ചുറ്റളവിനു വെളിയിലായി 10 നിലയിലുള്ള കെട്ടിടങ്ങള്‍ സ്ഥാപിക്കണം. പമ്പാനദിയിലുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് പമ്പാനദിയെ സ്വച്ഛന്ദം ഒഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പമ്പാസ്‌നാനം, ബലിതര്‍പ്പണം, സ്‌നാനത്തിനു മുമ്പായി വിരിവയ്ക്കാന്‍ സൗകര്യങ്ങള്‍ എല്ലാം പമ്പയുടെ തീരങ്ങളില്‍ ഒരുക്കണം.
പമ്പയിലും, നിലയ്ക്കലിലും പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിനായി വേസ്റ്റ് ബിന്‍ സ്ഥാപിക്കുക. മാലിന്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക.
പരിസ്ഥിതി – വനം സംരക്ഷണ സന്ദേശങ്ങള്‍ സന്നദ്ധ സംഘടനകള്‍, വിവിധ ആദ്ധ്യാത്മിക- ഭക്തജന സംഘടനകള്‍, ദേവസ്വം- വനം വകുപ്പ് സംവിധാനങ്ങള്‍, എന്‍ജിഒ സംഘടനകള്‍ എന്നിവയെ ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കുക.
ശബരിമല തീര്‍ത്ഥാടന ബോധവല്‍ക്കരണ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുക. പരിസര സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്ത ശബരിമല സന്ദേശങ്ങള്‍ തീര്‍ത്ഥാടനത്തിനു മുന്‍പായി തന്നെ ഭക്തജന സമൂഹങ്ങളിലും തീര്‍ത്ഥാടകരിലും എത്തിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
എരുമേലി സ്‌നാനഘട്ടം നവീകരിക്കുകയും, മാലിന്യ മുക്തമാക്കുകയും വേണം, പേട്ടതുള്ളല്‍ പാത വിശുദ്ധ പാതയായി പ്രഖ്യാപിച്ച് തീര്‍ത്ഥാടക സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.
എരുമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടക വര്‍ദ്ധനനുസരിച്ച് ശൗചാലയങ്ങള്‍ സ്ഥാപിക്കുക. മനുഷ്യ മാലിന്യങ്ങള്‍ ബയോഗ്യാസ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് നിര്‍മ്മാണം നടത്തേണ്ടത്.
ശബരിമല തീര്‍ത്ഥാടനത്തില്‍ ഭക്തര്‍ക്ക് തുണിസഞ്ചികളും, ഇരുമുടികളും മാത്രം അനുവദിക്കുക. യാത്രാ കേന്ദ്രങ്ങള്‍, ദേവസ്വം, സ്വകാര്യ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ലഭ്യമാക്കണം.
സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ, ജനശ്രീ, അക്ഷയശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ പ്രസ്ഥാനങ്ങള്‍ എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്താം. ശബരിമല യാത്രാ പാതയില്‍ ഓരോ കിലോമീറ്ററിലും മാലിന്യനിക്ഷേപ ബോക്‌സുകള്‍ സ്ഥാപിക്കണം. സന്നിധാനത്തുനിന്ന് എല്ലാ വ്യാപാരസ്ഥാപനങ്ങളും ഒഴിവാക്കണം. ദേവസ്വം ഉടമസ്ഥതയിലും, ദേവസ്വം അത്യാവശ്യ സര്‍വീസായി കണക്കാക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമായ സ്ഥാപനങ്ങളും മാത്രമേ അനുവദിക്കാവൂ.
വാഴയില, വട്ടയില, കൂവയില, തേക്കില തുടങ്ങിയ ഇലകള്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനായി ഉപയോഗിക്കുക. ഉപ്പുമാവ്, പൊങ്കല്‍, ചപ്പാത്തി, പൂരി, പൊതിച്ചോറ് എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ ശീലിക്കാം. യാത്രാ മധ്യേ പമ്പയ്ക്ക് താഴെ ഇലവുങ്കല്‍ വരെ ഇവ വിതരണം ചെയ്യാന്‍ സൗകര്യം ഒരുക്കാവുന്നതാണ്. ദേവസ്വം ബോര്‍ഡ്, അയ്യപ്പഭക്ത സംഘടനകള്‍ എന്നിവയ്ക്ക് വിതരണത്തിന് അനുവാദം നല്‍കാം. സൗജന്യമായോ, നിശ്ചിത വില ഈടാക്കിയോ ഇത് നല്‍കാവുന്നതാണ്.
തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പയിലും, നിലയ്ക്കലിലും പ്രത്യേകം തയ്യാറാക്കിയ കോംപ്ലക്‌സുകളില്‍ അപ്പം, അരവണ, വഴിപാട് പ്രസാദങ്ങള്‍ ലഭിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുക. നെയ്യ് അഭിഷേകം അടക്കമുള്ള പ്രസാദങ്ങള്‍ വഴിപാടുകള്‍ തുടങ്ങിയവയ്ക്കുള്ള രസീതുകളും ഇവിടെ നിന്ന് ലഭ്യമാക്കണം.
എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകള്‍ നിര്‍മ്മിക്കുക, സന്നിധാനത്ത് അഴുക്കുചാല്‍ നിര്‍മ്മാണം ശാസ്ത്രീയമായി പൂര്‍ത്തീകരിക്കുക, പമ്പയില്‍ നിന്നും സന്നിധാനം വരെ ഓരോ 100 മീറ്ററിലും വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക, തീര്‍ത്ഥാടന പാതയില്‍ വിശ്രമകേന്ദ്രങ്ങളും, വിരി വയ്ക്കാനുള്ള സ്ഥാനങ്ങളും തയ്യാറാക്കുക മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഓക്‌സിജന്‍ പാര്‍ലറു കള്‍, മസാജിങ് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക. സ്വാമി അയ്യപ്പന്‍ റോഡില്‍ യൂറിനല്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ കൂടുതല്‍ സജ്ജമാക്കുക. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടിയും, ചെന്താമരകൊക്കയില്‍ തടയണ കെട്ടിയും, ശബരിമല മുതല്‍ നിലക്കല്‍ വരെ ഗ്രാവിറ്റിഫ്‌ളോയില്‍ വെള്ളം എത്തിക്കണം.
കക്കാട്ടാറിന്റെയും മഴയുടെയും യോജിക്കുന്ന സ്ഥലത്തും ചെക്ക് ഡാം കെട്ടി പമ്പ് ചെയ്ത് ഇത് നിലയ്ക്കല്‍ എത്തിക്കാം. തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കുടിവെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും ഭക്തര്‍ മോഹാലസ്യപ്പെട്ട് വീഴുന്നത് നിത്യ സംഭവമാണ്. ഭക്തരുടെ ക്യൂവിന് സമാന്തരമായി കണ്‍വെയര്‍ ബെല്‍റ്റി ലൂടെ കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കാന്‍ സംവിധാനം ഒരുക്കണം. എക്കോ ഫ്രണ്ട്ലി കുപ്പികള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഏല്‍പ്പിച്ചാല്‍ കുടിവെള്ള പ്രശ്‌നവും പരിഹരിക്കാം.
മുകളില്‍ സൂചിപ്പിച്ചത് ശബരിമല തീര്‍ത്ഥാടനത്തിന്റെ വിശുദ്ധിയും, മാലിന്യനിര്‍മാര്‍ജനവും പരിസ്ഥിതി സൗഹൃദവും ഉറപ്പുവരുത്തി ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ ശബരിമല പരിരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ്. ശബരിമല തീര്‍ഥാടനം പരിസ്ഥിതി സൗഹൃദമായി തീരുന്നതിലൂടെ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ക്ക് പരിഹാരം ആകും എന്ന കാര്യത്തില്‍ സംശയമില്ല. മൂര്‍ത്തിയും ഭക്തരും പരിപാലകരും പ്രകൃതിയുമായി ഒത്തുചേരുന്നതിലൂടെ സന്തുഷ്ടമായ, സംതൃപ്തമായ ഒരു തീര്‍ത്ഥാടന കാലത്തെ നമുക്ക് ഭക്തജന സമൂഹത്തിന് സമ്മാനിക്കാനാവും എന്നത് സംശയമില്ല അതിനായി ശബരിമല വിഷയം 2030 എന്ന ലക്ഷ്യവുമായി മുന്നേറാം. ഇതിനായി നമുക്ക് ഒന്നിക്കാം, ചിന്തിക്കാം, പ്രവര്‍ത്തികമാക്കാം.
കടപ്പാട്:
1.പരിസ്ഥിതിറിപ്പോര്‍ട്ടുകള്‍.
2.കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍ പഠന റിപ്പോര്‍ട്ട്.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആണ് ലേഖകന്‍)