എന്തെങ്കിലും സംശയം ചോദിക്കാന്‍ ഇട നല്‍കാതെ വൈരമുത്തു കോട്ടക്ക് മുന്നില്‍ ഇറക്കിവിട്ട് ‘ഇറങ്ങുമ്പോള്‍ വിളിച്ചാല്‍ മതി’ എന്നറിയിച്ച് സ്ഥലം വിട്ടു. കോട്ടക്കുള്ളിലേക്കുള്ള നടപ്പാതയിലേക്ക് കടക്കുന്നതിന് മുമ്പ് ചെറിയൊരു മ്യൂസിയമുണ്ട്. കോട്ടയുടെ ചരിത്രവും വിശേഷങ്ങളുമെല്ലാം അവിടെ എഴുതിവച്ചിരിക്കുന്നു. രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഭരണങ്ങളുമെല്ലാം പ്രദര്‍ശനത്തിനുണ്ട്. മഹാഭാരതത്തില്‍ വിശേഷിപ്പിച്ചിരിക്കുന്ന ത്രിഗര്‍ത്തമാണ് കാംഗ്ര. ഹിമാചല്‍പ്രദേശിലെ ഏറ്റവും വലിയ കോട്ടയും രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കോട്ടകളില്‍ ഒന്നുമാണ് കാംഗ്ര പാലസ്. 1009 ല്‍ മഹമ്മൂദ് ഗസ്‌നി, 1360 ല്‍ ഫിറൂസ് ഷാ തുഗ്ലക്ക്, 1540 ല്‍ ഷേര്‍ ഷാ എന്നീ മൂന്ന് ഭരണാധികാരികളാണ് കാംഗ്ര കോട്ട പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. കോട്ടയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തില്‍ നാട്ടുരാജാക്കന്‍മാര്‍ സമര്‍പ്പിച്ച അളവില്ലാത്ത നിധികളൊക്കെ ഇവര്‍ കൊള്ളയടിച്ചു. ചരിത്രം വായിച്ചുനില്‍ക്കെ സെക്യൂരിറ്റി വന്നറിയിച്ചു മ്യൂസിയം അടയ്ക്കാനുള്ള സമയമായെന്ന്. ഇനിയും അറിയാനുണ്ടല്ലോ എന്ന നിരാശയോടെ പുറത്തിറങ്ങി. മൊബൈലില്‍ ഗൂഗിള്‍ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.’പത്താം നൂറ്റാണ്ടില്‍ മുഹമ്മദ് ഗസ്‌നി ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്ന് കാന്‍ഗ്ര നഗരം മുസ്ലിം ഭരണത്തിന് കീഴിലായി. പിന്നീട് നിലവിലുള്ള രാജവംശങ്ങളില്‍ എറ്റവും പുരാതനമായ കടോച്ച് വംശം കാന്‍ഗ്രയുടെ ഭരണം പിടിച്ചെടുത്തു. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം അവസാനിച്ചതോടെ ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലായി. 1846ല്‍ കാന്‍ഗ്രയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനിയിലെ ഒരു ജില്ലയാക്കി. 1947ലെ വിഭജനത്തിന് ശേഷം കാന്‍ഗ്ര പഞ്ചാബിന്റെ ഭാഗമായി മാറി. എന്നാല്‍ 1966ല്‍ കാന്‍ഗ്രയെ പഞ്ചാബില്‍ നിന്ന് വേര്‍പെടുത്തി ഹിമാചല്‍പ്രദേശില്‍ ലയിപ്പിച്ചു’ ഗൂഗിളിനോടാണോ കളി, കടലുപോലെ വിവരങ്ങള്‍ മുന്നില്‍.
മ്യൂസിയത്തില്‍ നിന്നിറങ്ങിയാല്‍ ചെറിയ നടപ്പാതകളുണ്ട് ക്ഷേത്രത്തിലേക്കും കോട്ടയിലേക്കുമായി. സമയപരിമിതി മൂലം നേരേ കോട്ടയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. സുരക്ഷാമുന്‍കരുതലുകളില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന കോട്ടവാതിലുകള്‍. ഓരോന്നിനും ഓരോ പേരാണ്. ഒന്നാം കോട്ടയിലേക്ക് കടക്കുമ്പോള്‍ കാലുവേണോ തല വേണോ എന്ന് തീരുമാനിച്ചിട്ട് കടക്കണമത്രെ. അതായത് ആദ്യം കാലാണ് വയ്ക്കുന്നതെങ്കില്‍ അമ്പ് കാലില്‍ തറയ്ക്കും. തല മുന്നിലേക്കിട്ടാണ് കടക്കുന്നതെങ്കില്‍ തല പോകും. കരിങ്കല്ലുകള്‍ വിരിച്ച വിശാലമായ കോട്ടവാതിലുകള്‍. ഇരുവശവും വലിയ കരിങ്കല്‍ക്കെട്ടുകള്‍. ത്രികാലജ്ഞാനമുണ്ടായിരുന്നെങ്കില്‍ കണ്ണടച്ച് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോകാമായിരുന്നു. കാലാളും കലാകാരന്‍മാരും രാജസദസ്സും അന്ത:പുരങ്ങളുമൊക്കെയായി ഉത്സവപ്രതീതിയില്‍ ഒരു കോട്ടകൊത്തളം. ഓര്‍ക്കുമ്പോള്‍ വല്ലാത്ത പരവേശം..എത്രപെട്ടെന്നാണ് കാലം ഓരോന്നും തൂത്തുതുടച്ചെടുക്കുന്നത്… കാലാഹിനാ പരിഗ്രസ്തമാം ലോകവും..
ദലൈലാമയുടെ ആസ്ഥാനമായ ധരംശാല സമീപത്തായതിനാലാകാം ചെറുപ്പക്കാരായ ടിബറ്റന്‍ സന്യാസികള്‍ സന്ദര്‍ശകരുടെ കൂട്ടത്തിലുണ്ട്. ലാമ ധരിക്കുന്നതുപോലെയുള്ള മെറൂണ്‍ വസ്ത്രമണിഞ്ഞവര്‍ സന്യാസികളാണോ അനുയായികളാണോ എന്ന് സംശയം തോന്നി. പിന്നീട് മനസ്സിലായി അനുയായികള്‍ക്കും ആശ്രമത്തിലുള്ളവര്‍ക്കുമെല്ലാം ഈ മെറൂണ്‍ നീളന്‍ കുപ്പായമാണെന്ന്. കോട്ടയുടെ വിവിധ ഭാഗങ്ങളില്‍ പോസ് ചെയ്ത് ഫോട്ടോയെടുക്കുന്ന ഉത്സാഹത്തിലായിരുന്നു എല്ലാവരും. വിശാലമായ കോട്ടവാതിലുകള്‍ പിന്നിട്ട് മുകളിലേക്കുള്ള പടിക്കെട്ടുകള്‍ കയറി വിശാലമായ ഒരങ്കണത്തിലെത്തി. ഒറ്റനോട്ടത്തില്‍ തന്നെ സഭാമണ്ഡപമെന്ന് തോന്നും. ചുറ്റും വിശാലമായ വരാന്തകളും കിളിവാതിലുകളുമുണ്ട്. മുകളില്‍ ചെറിയൊരു ക്ഷേത്രം. ക്ഷേത്രത്തില്‍ വിശേഷദിവസങ്ങള്‍ നടക്കുമ്പോള്‍ ഒത്തുകൂടാനുള്ള സ്ഥലവുമാകാം. മുകളിലേക്ക് വളഞ്ഞും തിരിഞ്ഞും വീണ്ടും കല്‍പ്പടവുകള്‍ പോകുന്നു, വശങ്ങളില്‍ ഭടന്‍മാര്‍ക്ക് കാവല്‍ നില്‍ക്കാനുള്ള സൗകര്യത്തെ ഓര്‍മ്മപ്പെടുത്തുന്ന ചെറിയ തിട്ടകളുണ്ട്.
ഏറ്റവും മുകളില്‍ സുഖദമായ കാറ്റേറ്റിരിക്കാന്‍ കല്‍ബെഞ്ചുകള്‍. മുകളില്‍ നിന്നുള്ള കാംഗ്രയുടെ ദൃശ്യം മനോഹരമായിരുന്നു. ചേതോഹരങ്ങളായ താഴ്‌വരകള്‍, നദികള്‍, വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകള്‍, അകലെ മഞ്ഞുമൂടിയ മലകളുടെ നീണ്ടനിര. മനസ്സും ശരീരവും ശാന്തമാക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും ഇറങ്ങി വരാന്‍ തോന്നില്ല. അതിമനോഹരിയാണ് ഹിമാചലെങ്കില്‍ കാംഗ്ര അതിലൊരു യുവസുന്ദരിയാണെന്നാണ് ഇവിടെ സന്ദര്‍ശിച്ച സഞ്ചാരികള്‍ നല്‍കുന്ന വിശേഷണം. ദിവസവും ആയിരങ്ങള്‍ സന്ദര്‍ശനം നടത്തുന്ന ഹരിപ്പൂര്‍-ഗൂലേര്‍, ബ്രജേശ്വരി ക്ഷേത്രം, ദേശാടനപക്ഷികളുടെ താവളമായ മഹാറാണ പ്രതാപ് സാഗര്‍ തണ്ണീര്‍ത്തടം, സൗത്ത് കാന്‍ഗ്രയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ ക്ഷേത്രസമുച്ചയം ഇവയൊക്കെ കാംഗ്രയിലെ പ്രധാന കേന്ദ്രങ്ങളാണ്. പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. സമയപരിമിതി മൂലം ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം സന്ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ഇന്റര്‍നെറ്റില്‍ നിന്നും പരിചയക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയൊക്കെ പട്ടികയായി എഴുതി വച്ചിരുന്നു.
ആറര മണിയായിട്ടും നാട്ടിലെ അഞ്ച് മണിയുടെ പ്രതീതി. നേരത്തെ ഉദിച്ച് വൈകി അസ്തമിക്കുകയാണ് മെയ് ജൂണ്‍മാസങ്ങളില്‍ സൂര്യനിവിടെ. ഏഴ് മണിയായതോടെ കോട്ടയില്‍ നിന്ന് അവസാനത്തെ സഞ്ചാരിയും തിരിച്ചിറങ്ങാന്‍ തുടങ്ങി. കോട്ടവളപ്പിനുള്ളില്‍ ഇനിയും കണ്ടെത്താനാകാത്ത നിധി ശേഖരങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. കോട്ടയ്ക്ക് ചുറ്റും വെറുതെ കണ്ണോടിച്ചു. കല്‍ക്കെട്ടുകള്‍ക്ക് താഴെ തഴച്ചുവളരുന്നുണ്ട് കറിവേപ്പില. വെറുതേ പറിച്ച് മണപ്പിച്ചപ്പോള്‍ നാട്ടിലെ കറിവേപ്പിലയെ വെല്ലുന്ന മണം. രാവിലെ കടലക്കറി ഉണ്ടാക്കുമ്പോള്‍ സുബി പറഞ്ഞിരുന്നു റോഡ് സൈഡിലെ കുറ്റിക്കാടുകളില്‍ നിന്നാണ് കറിവേപ്പില ശേഖരിക്കുന്നതെന്ന്. പുറത്തിറങ്ങിയിട്ട് കുറച്ചുദിവസങ്ങളായതിനാല്‍ കറിവേപ്പില തീര്‍ന്നുപോയെന്നും അവള്‍ പറഞ്ഞു. അത് സൂചിപ്പിച്ചപ്പോള്‍ ആള്‍ മുണ്ടും മടക്കിക്കുത്തി ചെറിയ മതില്‍ കടന്ന് അപ്പുറംചാടി ഒരുപിടി കറിവേപ്പില ഒടിച്ചെടുത്തു. ഇതുംകൊണ്ട് പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റി പിടിച്ചുനിര്‍ത്തിയാലോ എന്ന് ആശങ്കപ്പെട്ടപ്പോള്‍ ഈ കാടും പടലും അവര്‍ക്കെന്തിനാ എന്ന ചോദ്യവുമായി മുന്നോട്ട് നടക്കാനും തുടങ്ങി. ഗേറ്റിലാരെങ്കിലും ഉണ്ടെങ്കിലല്ലേ ചോദിക്കേണ്ടതുള്ളൂ. വിജനമാണ് കോട്ടയുടെ പരിസരം. കോട്ടക്കുള്ളിലേക്ക് കടന്നവരെല്ലാം ഇറങ്ങിയോ എന്ന് അന്വേഷിക്കാനും ഇറങ്ങണം എന്ന് നിര്‍ദേശിക്കാനും ആരുമില്ല. സിസിടിവി വഴി നടത്തുന്ന നിരീക്ഷണം വഴി എല്ലാവരും പുറത്തുപോയെന്ന് അകത്താരെങ്കിലും ഉറപ്പാക്കുന്നുണ്ടാകും.

അല്ലെങ്കില്‍ തന്നെ കോട്ട കീഴടക്കാനെത്തിയവര്‍ വെട്ടിയെറിഞ്ഞ തലകള്‍ വീണുരുണ്ട ഈ മണ്ണില്‍ ആര്‍ക്കാണ് രാവ് കഴിച്ചുകൂട്ടാന്‍ താത്പര്യം. ഒന്നല്ല, പലതവണ ആക്രമിക്കപ്പെട്ടതാണ്. കാവല്‍ നില്‍ക്കുന്നതിനിടെ പാറാവുകാര്‍, അമൃതേത്ത് തയ്യാറാക്കുന്നതിനിടെ കുശിനിക്കാര്‍, അന്തപ്പുരങ്ങള്‍ അലങ്കരിക്കുന്നതിനിടെ ദാസിമാര്‍, അണിഞ്ഞൊരുങ്ങുന്നതിനിടെ കുമാരിമാര്‍, സൊറ പറഞ്ഞിരിക്കുന്നതിനിടെ ഇളമുറത്തമ്പുരാക്കന്‍മാര്‍… എത്രയെത്ര പച്ചജീവനുകളാകും നിമിഷം കൊണ്ട് പറിച്ചുമാറ്റപ്പെട്ടത്. ആരാണെന്ന് ചോദിക്കുന്നതിന് മുമ്പ്, അയ്യോ എന്നൊന്ന് നിലവിളിക്കുന്നതിന് മുമ്പ് പിടഞ്ഞുവീണ ജീവനുകള്‍ വിട്ടുപോകുമോ ഇവിടെ? അധികാരപ്രൗഢിയുടെ ചരിത്രശേഷിപ്പുകള്‍ കണ്ട് അതിശയിക്കാനെത്തുന്നവരില്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാകും ഇവിടെ ഒഴുകിപ്പരന്ന ചുടുചോരയെക്കുറിച്ച്..ചരിത്രം അങ്ങനെയാണ് ചിലതൊക്കെ ഉയര്‍ത്തിപ്പിടിച്ച്് വാഴ്ത്തുപാട്ടുകളുണ്ടാക്കും, മറ്റ് ചിലതൊക്കെ എവിടെയെങ്കിലും കുഴിച്ചിടും..
ദേവഭൂമിയില്‍ കാല്‍ കുത്തിയിട്ട് മൂന്ന് പകലും രണ്ടു രാത്രിയും കഴിഞ്ഞിരിക്കുന്നു. സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ നീണ്ട പട്ടിക കയ്യിലുണ്ട്. ആദ്യം അടുത്ത സ്ഥലങ്ങള്‍ കഴിഞ്ഞാവാം ദൂരേക്കെന്നാണ് ബിനുവിന്റെ ചങ്ങാതി ഡ്രൈവറുടെ നിര്‍ദേശം. രാവിലെ കാപ്പികുടിക്കുമ്പോഴാണ് ബിനു പറഞ്ഞത് തിരുമേനി, ഇന്ന് നിങ്ങള്‍ക്ക് ആകാശത്ത് പറന്നു നടക്കാം.. അതെങ്ങനെ എന്ന മട്ടില്‍ രണ്ടുപേരും ആശ്ചര്യത്തോടെ ബിനുവിനെ നോക്കി. രാജ്യത്തെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് സെന്ററിലേക്കാണ് ഇന്ന് പോകുന്നത്. കേട്ടപ്പോഴേ നെഞ്ചിടിക്കാന്‍ തുടങ്ങി, പാരച്യൂട്ടില്‍ കയറി കാറ്റിന്റെ ഗതി അനുസരിച്ച് ആകാശത്തുകൂടി ഒരു കുഞ്ഞിക്കിളിയെപ്പോലെ പറന്നു നടക്കണമെന്ന് എത്രയോ ആഗ്രഹിച്ചിട്ടുണ്ട്. ആ സ്വപ്‌നം അത്രയും അടുത്തെത്തിയിരിക്കുന്നെന്നോ.. പക്ഷേ ഉള്ളിലെന്തിനാണിത്ര നടുക്കം. എന്തായാലും ബിനുവിന്റെ തിരുമേനി വലിയ ആവേശത്തിലായി, കാപ്പികുടി പെട്ടെന്ന് തീര്‍ത്ത് പാരാഗ്ലൈഡിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്. എങ്കില്‍ നിങ്ങള്‍ കൂടി വരൂ നമുക്കൊന്നിച്ച് പറക്കാമെന്ന് പറഞ്ഞപ്പോള്‍ സുബി നിലവിളി തുടങ്ങി. ഇല്ല ഇല്ല എന്നുറക്കെ പറഞ്ഞ് അവള്‍ ബിനുവിനോട് അരുതെന്ന് ആംഗ്യം കാട്ടി. പട്ടാളക്കാരനാണ് ബിനു, പേടിയൊന്നുമുണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും കയറില്ലേ എന്ന് ചോദിച്ചപ്പോള്‍ ആള്‍ ഒന്നു പരുങ്ങി. പറഞ്ഞിരുന്നപ്പോള്‍ ഡ്രൈവറുടെ ഫോണെത്തി. അഞ്ച് മിനിട്ടിനകം താഴെയെത്തും.
ധര്‍മശാലയില്‍ നിന്ന് വലിയ ദൂരമില്ല, പത്തറുപത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാരാഗ്ലൈഡിംഗ് സെന്ററായ ബിര്‍ -ബില്ലിങ്ങിലെത്താം. ജനവാസമേഖലയില്‍ കൂടി വളഞ്ഞും തിരിഞ്ഞും മുകളിലേക്കാണ് യാത്ര. പരമ്പരാഗത ഹിമാചല്‍ ഗൃഹങ്ങള്‍ നഗരങ്ങളില്‍ തീരെ കുറവാണ്. നഗരം വിട്ടുകഴിഞ്ഞാല്‍ വിശാലമായ കുന്നുകളുടെയും മലകളുടെയും താഴ്‌വാരങ്ങളുടെയും അവയിലൂടെ ഒഴുകുന്ന നദികളുടെയും മനോഹരമായ കാഴ്ചകള്‍ മാത്രം. (ഹിമാചലിന്റെ പ്രകൃതിഭംഗി പറഞ്ഞുപോകാനാകില്ല. കണ്ടതും കേട്ടതും അനുഭവിച്ചതുമായ ആ ശാന്തതയും ധന്യതയും മാത്രം വിവരിക്കാന്‍ ഒരു അധ്യായം വേണ്ടിവരും. അത് പിന്നീട് പറയാം. ഇപ്പോള്‍ ബിര്‍ ബില്ലിങ്ങിലെ സാഹസിക വിനോദത്തെക്കുറിച്ചാകാം.) ഒടുവില്‍ വിശാലവും നിരപ്പാര്‍ന്നതുമായ ഒരു ഭൂപ്രദേശമെത്തിയപ്പോള്‍ കാര്‍ നിന്നു. കുറെ പേര്‍ മൈതാനം പോലെയുള്ള ആ സ്ഥലത്ത് ചിതറി നില്‍ക്കുന്നുണ്ട്. പാരാഗ്ലൈഡിംഗ് കഴിഞ്ഞ് ലാന്‍ഡ് ചെയ്യുന്ന സ്ഥലമാണത്. പറക്കുന്ന മനുഷ്യരെ കാണാനുള്ള ആര്‍ത്തിയോടെ ചാടിയിറങ്ങി മുകളിലേക്ക് നോക്കിയപ്പോള്‍ സ്തംഭിച്ചുപോയി അങ്ങുയരത്തില്‍ പൊട്ടുപോലെ ഒഴുകിനടക്കുന്ന പാരച്യൂട്ടുകള്‍. ആ കാഴ്ചയില്‍ ഭയംകൊണ്ട് സര്‍വ്വനാഡികളും തളര്‍ന്ന് ഭര്‍ത്താവിനെ നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി, എത്ര രൂപയായാലും പറന്നുനടന്നിട്ടുതന്നെയെന്ന് ഉറപ്പിച്ച് ഏജന്റുമാരുമായി സംസാരിക്കുകയാണ് അദ്ദേഹം. മണ്ണില്‍ കാല്‍ കുത്തി നിന്ന് മുകളിലെ കാഴ്ച കാണുമ്പോള്‍തന്നെ കാലുകള്‍ കുഴയുന്നതുപോലെ. പിന്നെ എങ്ങനെയാണ് ഇത്ര ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്നത്? എന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ തടയുക എന്നാലോചിച്ച് കുറച്ചുനേരം അവിടെത്തന്നെ നിന്നുപോയി.