2018 ജനുവരിയില്‍ സ്വര്‍ഗീയ ഹരിയേട്ടന്റെ രചനാസമാഹാരം പ്രകാശിപ്പിക്കുമ്പോള്‍ പൂജനീയ സര്‍സംഘചാലകന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് ‘സമഗ്രഹരി’. സമഗ്രതയെന്നാല്‍ അങ്ങേയറ്റം വരെ മുഴുവനായും എന്നാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ മാത്രം പോരാ, മുഴുവന്‍ കൃതികളും പ്രസിദ്ധീകരിച്ചിട്ട് അതിന് സമഗ്രഹരി എന്നു പേരിടണം എന്നായിരുന്നു സര്‍സംഘചാലകന്‍ പറഞ്ഞത്. ഏതെങ്കിലും ഒരു വിഷയമാകട്ടെ, ചിന്തയാവട്ടെ, വ്യക്തിയെക്കുറിച്ചാവട്ടെ അതിന്റെ അങ്ങേയറ്റം വരെ ചെന്ന് സമ്പൂര്‍ണ്ണമായും വിശകലനം ചെയ്ത് അറിയുക, അറിയിക്കുക എന്നതാണ് ഹരിയേട്ടന്റെ രീതി. അതുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആ പേര് ഹരിയേട്ടനു ചേരും.
മരണത്തെയും ഇതേ സമഗ്രതയോടെ സമീപിച്ച വ്യക്തിയാണ് ഹരിയേട്ടന്‍. അനുഗൃഹീതരായ എല്ലാ മഹാത്മാക്കളും ഈ വിധത്തിലായിരിക്കും മരണത്തെ കാണുക എന്ന് തോന്നുന്നു. മരണം ആകസ്മികമായി പലരെയും തേടിയെത്തുന്നു, പലരും മരണത്തെ അങ്ങോട്ടു ചെന്നു സ്വീകരിക്കുന്നു. പലരും നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം മരണത്തെ പുല്‍കുന്നു. ഹരിയേട്ടന്റെ കാര്യം ഇതെല്ലം ഉള്‍ച്ചേര്‍ന്ന പോലെയാണ്. മരണം വഹിച്ചു കൊണ്ടുള്ള രോഗത്തിന്റെ ആകസ്മികമായ വരവും, അദ്ദേഹത്തിന്റെ കാത്തിരിപ്പും, ഒടുവില്‍ മരണം എത്താന്‍ വൈകിയപ്പോള്‍ അതിനെ വിളിച്ചുവരുത്തലും. ഇതായിരുന്നു അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതത്തിന്റെ രത്‌നച്ചുരുക്കം.
അദ്ദേഹത്തിന്റെ മസ്തിഷ്‌കവും ഹൃദയവും മൂത്രാശയവും വര്‍ഷങ്ങള്‍ക്കു മുമ്പേ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിരുന്നു. എന്നിട്ടും തീര്‍ത്തും ആരോഗ്യവാനായിക്കൊണ്ട് സംതൃപ്തനായി കര്‍മ്മം ചെയ്തു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ നവതി കടന്നു പോയത് (2019). അടുത്ത വര്‍ഷമാണ് ഇടതുകാലില്‍ പെട്ടെന്നുണ്ടായ വേദനയ്ക്ക് ചികിത്സ തേടി അദ്ദേഹം രാജഗിരി ആശുപത്രിയില്‍ എത്തിയത്. 2021 നവംബര്‍ 12-നാണ് അദ്ദേഹത്തിന് ഏകദേശം ഒന്നരവര്‍ഷത്തോളം പഴക്കമുള്ള അര്‍ബുദം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ആറുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയും മൂന്നു മാസത്തെ ആശുപത്രിവാസവും കഴിഞ്ഞ് അദ്ദേഹം മുറിയ്ക്ക് പുറത്തിറങ്ങുന്നത് ഫെബ്രുവരിയിലാണ്. അര്‍ബുദബാധിതനായിരുന്ന തന്റെ രണ്ടു വര്‍ഷം അദ്ദേഹം എങ്ങനെ ചെലവഴിച്ചുവെന്നതും, അദ്ദേഹം മരണത്തെ വരവേല്‍ക്കാന്‍ ഏതുവിധേന തയ്യാറെടുത്തുവെന്നതുമാണ് ഈ അനുസ്മരണക്കുറിപ്പിലെ പ്രതിപാദ്യം.
അര്‍ബുദത്തെ പുഞ്ചിരിച്ചു കൊണ്ട് നേരിട്ട ഒരുപാട് സഹോദരങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. എന്നാല്‍ അര്‍ബുദത്തെ നേരിട്ട് കൊണ്ട് പുഞ്ചിരിക്കാനും പൂര്‍വാധികം ശക്തിയോടെ കര്‍മ്മം ചെയ്യാനും ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്തശേഷം മെല്ലെ മെല്ലെ പിന്‍വലിയാനും, ഈ സമയങ്ങളിലൊക്കെ തന്നെ തന്റെ വ്യക്തിത്വത്തിലെ സവിശേഷമായ തനിമകളെ മുറുകെപ്പിടിക്കാനും ഹരിയേട്ടന് സാധിച്ചു എന്നതാണു വ്യതിരിക്തത. അദ്ദേഹത്തിന്റെ പതിനൊന്നു പുസ്തകങ്ങളാണ് ഈ കാലയളവില്‍ പുറത്തിറങ്ങിയത്. മൂന്നു പുസ്തകങ്ങള്‍ ഇപ്പോഴും പണിപ്പുരയിലാണ്. ഈ പുസ്തകങ്ങളുടെ രചനയ്ക്കായി ഗീതയും മഹാഭാരതവും ശ്രീരാമകൃഷ്ണവചനാമൃതവും പ്രിഥ്വീസൂക്തവും ജ്ഞാനേശ്വരിയും ഒരാവര്‍ത്തി കൂടി അദ്ദേഹം വായിച്ചു. അനുബന്ധമായി വേറെയും പുസ്തകങ്ങള്‍ അദ്ദേഹത്തിന് വായിക്കേണ്ടി വന്നു. ഇടവിട്ടിടവിട്ടുള്ള ഐ.സി.യു വാസങ്ങള്‍ക്കിടയിലാണ് അദ്ദേഹം ജ്ഞാനേശ്വരിയെക്കുറിച്ചുള്ള പുസ്തകം എഴുതി തീര്‍ത്തത്. സുധീന്ദ്ര ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം ഈ പുസ്തകം എഴുതി തീര്‍ത്തത്. ചുരുക്കത്തില്‍ 15 വര്‍ഷമായി ചുമതലാമുക്തനായിരിക്കുന്ന അദ്ദേഹം എന്തു മുഖ്യകര്‍മ്മമാണോ (എഴുത്ത്-വായന അഥവാ സ്വാധ്യായം) അനുഷ്ഠിച്ചു പോന്നത് അത് തന്നെയാണ് അവസാന രണ്ടുവര്‍ഷക്കാലത്ത് പൂര്‍വ്വാധികം ശക്തിയോടെയും ഭദ്രതയോടെയും അനുഷ്ഠിച്ചത്.
ചുമതലാമുക്തനായിരിക്കുന്ന ഒരു പ്രചാരകന്‍ എങ്ങനെയാണ് സംഘജീവിതം നയിക്കേണ്ടത് എന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളായി ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. തന്റെ അവസാനകാലത്തെ ജീവിതചര്യ മുഴുവനായും ഒ.ടി.സി. ക്യാമ്പിലെ ദിനചര്യപോലെ ചിട്ടപ്പെടുത്തിയ പ്രചാരകന്മാര്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തിലും അഗ്രഗണനീയനാവുന്ന തരത്തിലായിരുന്നു ഹരിയേട്ടന്റെ അവസാന കാലത്തെ ജീവിതം. സ്വാധ്യായവും സമ്പര്‍ക്കവുമായിരുന്നു ഇക്കാലത്ത് സംഘസംവികാസത്തിനായി അദ്ദേഹം ഉപയോഗിച്ച രണ്ടു കരുത്തുറ്റ ആയുധങ്ങള്‍. ആയുധങ്ങള്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ കാരണം ക്ഷാത്രവീര്യത്തോടെ ആയിരുന്നു ആ ജ്ഞാനവൃദ്ധന്‍ അപ്പോഴും പെരുമാറിയിരുന്നത് എന്നത് കൊണ്ടാണ്. ആന്തരികവും ദാര്‍ശനികവുമായ മുന്നോട്ടു പോക്കിനുള്ള ആയുധമായി സ്വാധ്യായവും, ബാഹ്യവും സംഘടനാപരവുമായ മുന്നോട്ടു പോക്കിനുള്ള ആയുധമായി സമ്പര്‍ക്കവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഈ രണ്ടു പ്രവര്‍ത്തനത്തിലും അദ്ദേഹം സമഗ്രത സൂക്ഷിച്ചു. തന്റെ പഴയ അറിവു നിലനിര്‍ത്തുന്ന കൂട്ടത്തില്‍ തന്നെ പുതിയവ കൂട്ടിച്ചേര്‍ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതു തന്നെ ആയിരുന്നു സമ്പര്‍ക്കത്തിന്റെ കാര്യവും. തന്നാലാവുന്നത്രയും വിധം അവസാന കാലം വരെ അദ്ദേഹം അതിനു ശ്രമിച്ചു. കോവിഡ് സമയത്ത് ഭാരതത്തില്‍ തന്നെ ഏറ്റവും അധികം ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നടത്തിയത് ഹരിയേട്ടന്‍ ആയിരിക്കുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വ്യത്യസ്തതലങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളിലായി ഏകദേശം മുന്നൂറില്‍പരം പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.
2023 ആഗസ്റ്റ് 21-നു മായന്നൂരില്‍ തണല്‍ ബാലാശ്രമത്തില്‍ നടന്ന ”വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍” എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ മെട്രോമാന്‍ ഇ.ശ്രീധരന്റെ സാന്നിധ്യത്തില്‍ ആയിരുന്നു അദ്ദേഹം അവസാനമായി പ്രഭാഷണം നടത്തിയത്. ഈ പ്രഭാഷണത്തിനായി ദിവസങ്ങള്‍ എടുത്തുകൊണ്ടു അദ്ദേഹം തന്റെ ശബ്ദവും ഊര്‍ജ്ജവും സംഭരിച്ചുവെക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹം മെല്ലെമെല്ലെ സംസാരം കുറച്ചിരുന്നുവെങ്കിലും ഈ പ്രഭാഷണത്തിന് ശേഷമാണ് ‘അക്ഷരസന്യാസ’ത്തിനു മുമ്പേയുള്ള ‘സ്വരവാനപ്രസ്ഥം’ അദ്ദേഹം കണിശമായി അനുഷ്ഠിച്ചത്. വളരെ അത്യാവശ്യകാര്യങ്ങള്‍ മാത്രം സംസാരിക്കുക എന്ന തീരുമാനം അദ്ദേഹം എടുത്തു. തുടര്‍ന്നുവന്ന രണ്ടുമാസം അദ്ദേഹം അത് നടപ്പിലാക്കി.
ഭക്ഷണത്തിന്റെ കാര്യവും അങ്ങനെതന്നെയായിരുന്നു. ഏകദേശം രണ്ടുവര്‍ഷത്തോളമായി അദ്ദേഹം ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് മുഖ്യമായി കഴിച്ചിരുന്നത്. അവസാനത്തെ ആറുമാസം സ്പൂണ്‍ എണ്ണിക്കൊണ്ട് ഭക്ഷണം കഴിക്കുക എന്ന ശൈലിയില്‍ അദ്ദേഹം അടിയുറച്ചു നിന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞ രസകരവും എന്നാല്‍ ഗൗരവമേറിയതുമായ ഒരു കാര്യം ഓര്‍ക്കുന്നു, ”ഇവര്‍ എന്നെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നു. അത് പറ്റില്ല എന്നു പറയണം. പത്തു സ്പൂണ്‍ എന്ന് പറഞ്ഞിട്ട് ചില സമയങ്ങളില്‍ പതിമൂന്നു എണ്ണം വരെ തരുന്നുണ്ട്. അത് ശരിയല്ല. അത് നിങ്ങള്‍ തിരുത്തിയില്ലെങ്കില്‍ എനിക്ക് ഏഴു സ്പൂണ്‍ മതി എന്ന് തീരുമാനിക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ തരുന്നത് കൃത്യം പത്ത് സ്പൂണ്‍ ആയിരിക്കും.” ഈ ശൈലി തന്നെ മരുന്നിന്റെ കാര്യത്തിലും അദ്ദേഹം അനുവര്‍ത്തിച്ചു. സെപ്റ്റംബര്‍ മാസം അമൃത ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ഏതെങ്കിലും ഒരു രീതിയിലുള്ള മരുന്നുകള്‍ മാത്രം മതി എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ആയുര്‍വേദ മരുന്നുകളും നിര്‍ത്തണമെന്ന് അദ്ദേഹം ഡോ.ജി.കെ. പിള്ളസാറോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. തന്റെ ആരോഗ്യരക്ഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന സംഘ അധികാരിമാര്‍ക്കും തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും പരിചരിക്കുന്ന സ്വയംസേവകര്‍ക്കും ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ മാത്രം പര്യാപ്തമായ മരുന്നും ഭക്ഷണവും സംസാരവും മതി എന്നായിരുന്നു അവസാന രണ്ടു മാസക്കാലത്തെ അദ്ദേഹത്തിന്റെ നിലപാട്. അതില്‍ക്കവിഞ്ഞൊരു മരുന്നും ഭക്ഷണവും കൊണ്ട് തിരിച്ചു പിടിക്കാവുന്നതല്ല തന്റെ ശരീരം എന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ട് മരണത്തെ സമചിത്തനായി കാത്ത് നിന്ന ഹരിയേട്ടനെ നമുക്കിവിടെ കാണാം. എന്നാല്‍ ഈ കാത്തിരിപ്പ് ഏകദേശം ഒന്നരവര്‍ഷത്തോളം നീണ്ടു നിന്നു. കഴിഞ്ഞ വര്‍ഷം വ്യാസഭാരതത്തിലെ ഭീഷ്മര്‍ എഴുതിയപ്പോള്‍ ഇതായിരിക്കും തന്റെ അവസാന പുസ്തകം എന്നദ്ദേഹം കണക്കു കൂട്ടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആയുസ്സ് നീണ്ടു പോയപ്പോള്‍ വെറുതെ ഇരിക്കുക അല്ലെങ്കില്‍ രോഗിയായി വിശ്രമിക്കുക എന്ന നയം അദ്ദേഹം കൈക്കൊണ്ടില്ല. എന്നാല്‍, യുധിഷ്ഠിരനും ജ്ഞാനേശ്വരിയും പൃഥ്വീസൂക്തവും പരമഹംസ ധ്വനികളും പോലെ കൂടുതല്‍ ആയാസമുള്ള പഠനങ്ങള്‍ വേണ്ടി വരുന്ന പുസ്തകങ്ങള്‍ ഏറ്റെടുത്തു. പൂര്‍ത്തിയാക്കി. അവസാനം 2023 ജൂണ്‍ 26നു ‘പരമഹംസ ധ്വനികള്‍’ എഴുതി തീര്‍ത്തപ്പോള്‍, തന്റെ അവസാനത്തെ പുസ്തകമാണ് ഇത് എന്ന് അതിന്റെ പിന്‍കുറിപ്പില്‍ എഴുതിക്കൊണ്ടാണ് അദ്ദേഹം പേന താഴെ വെച്ചത്. ഇനിയും എഴുതാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, അറിവില്ലാഞ്ഞിട്ടല്ല, പദ്ധതി ഇല്ലാഞ്ഞിട്ടല്ല. പൃഥ്വീസൂക്തം പോലെ പുരുഷസൂക്തത്തിനും ഒരു ഭാഷ്യം എഴുതണം എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു (എന്നാല്‍ മോഹിച്ചിരുന്നില്ല). പക്ഷെ, അതിനൊരുമ്പെട്ടാല്‍, അത് പൂര്‍ത്തിയാകുമോ എന്ന സംശയം അദ്ദേഹത്തെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍വലിപ്പിച്ചു. പൂര്‍ത്തിയാക്കാനാവാത്ത ഒരു പ്രവര്‍ത്തനവും അദ്ദേഹം ഏറ്റെടുക്കില്ല. പൂര്‍ത്തിയാക്കാനാവാത്ത ഒരു പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിലും നല്ലത് പൂര്‍ണ്ണമാക്കിയ കര്‍മ്മങ്ങളുടെ ചാരിതാര്‍ത്ഥ്യം അനുഭവിക്കലാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്.
ഇനി സമഗ്രമായ സമ്പര്‍ക്കത്തിന്റെ കാര്യം. എഴുപത്തി മൂന്നുവര്‍ഷം പ്രചാരകനായിരുന്ന ഒരു വ്യക്തിയുടെ സമ്പര്‍ക്കം അളക്കുക സാധ്യമല്ല. എന്നാല്‍, ആ ശൈലിയുടെ സമഗ്രതയിലേക്ക് ഒന്ന് എത്തി നോക്കാം. രാജഗിരി ആശുപത്രിയില്‍ നിന്നും പുറത്തു വരുമ്പോള്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അദ്ദേഹം സ്വാധീനിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അവസാന കാലത്ത് അമൃതയിലും ഇതു തന്നെയായിരുന്നു സ്ഥിതി. വെറും പതിനാലു ദിവസം മാത്രം പരിചയമുള്ള ഒരു ഡോക്ടര്‍ ഹരിയേട്ടനാല്‍ അങ്ങേയറ്റം സ്വാധീനിക്കപ്പെടുകയും മരിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് അവരുടെ പ്രകൃതത്തിനനുയോജ്യമായ തന്റെ ചില പുസ്തകങ്ങള്‍ സ്വയം നിശ്ചയിച്ച് അദ്ദേഹം അവര്‍ക്ക് നല്‍കുകയും ചെയ്തു.
ഹരിയേട്ടനോട് പരിചയമുള്ള ആയിരക്കണക്കിന് സ്വയംസേവകരും സംഘബന്ധുക്കളും ഉണ്ട്. അദ്ദേഹത്തിന് മാനസികമായി അടുപ്പമുള്ള നൂറു കണക്കിന് ആളുകളുണ്ട്. വളരെ അടുത്ത് ഇടപഴകുന്ന കുറച്ചു പേരുണ്ട്. എന്നാല്‍, എല്ലാവരെയും അദ്ദേഹം സംഘദൃഷ്ടിയിലാണ് സമ്പര്‍ക്കം ചെയ്തു പോന്നത്. എല്ലാ മുതിര്‍ന്ന പ്രചാരകരെയും പോലെ ഹരിയേട്ടനും അവരില്‍ ഉണ്ടാക്കിയ ബന്ധനം സ്‌നേഹത്തിന്റെതാണ്. ഓരോരുത്തര്‍ക്കും തോന്നും ഹരിയേട്ടന്‍ എന്റെതാണ് എന്ന്. ആ തോന്നല്‍ അദ്ദേഹം ഉണ്ടാക്കും. ആ തോന്നലില്‍ നിന്നും സംഘ-സമാജ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം അവരെ പ്രേരിപ്പിക്കും. എന്നാല്‍ അദ്ദേഹം ആരുടേയും അടുപ്പക്കാരന്‍ അല്ലായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ അവസാന കാലത്തെ അബോധാവസ്ഥയിലെ ആത്മഗതങ്ങള്‍ തെളിവുകളാണ്. ആദ്യ കാലത്ത് അദ്ദേഹം അര്‍ദ്ധബോധാവസ്ഥയില്‍ അടുത്തു സ്‌നേഹിച്ച ചില വ്യക്തികളുടെ പേരുകള്‍ ഉറക്കത്തിനിടയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബോധം മങ്ങിപ്പോയ (നഷ്ടമായതല്ല) സമയങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സു വ്യാപരിച്ചത് രണ്ടു പേരുകളിലാണ്. സ്വര്‍ഗീയ ഭാസ്‌കര്‍റാവു, സംഘം. ”ഭാസ്‌കര്‍ റാവുവിന് ഭക്ഷണം കൊടുത്തോ, എന്താണ് വൈകിപ്പിക്കുന്നത്, കൂടെ വന്ന സ്വയംസേവകര്‍ എവിടെ, അദ്ദേഹത്തെ കൂട്ടാന്‍ ആരു പോകും” എന്നൊക്കെയുള്ള ചിന്തകളില്‍ തന്റെ കണ്‍കണ്ട ദൈവത്തിനു വ്യവസ്ഥ ഒരുക്കുന്ന തിരക്കിലായിരുന്നു ആ മഹാമനീഷിയുടെ ചിന്ത. ഇടയ്ക്കിടെ കൈകള്‍ ചലിപ്പിച്ചു കൊണ്ട് ബൗദ്ധിക്കുകളും നടത്തിയിരുന്നു. പൂജനീയ ഡോക്ടര്‍ജി, ഗുരുജിയെയും ഭാരതമാതാവിനെയും സംബന്ധിച്ചാണ് രോഗശയ്യയില്‍ സംസാരിച്ചത്. ഹരിയേട്ടനാവട്ടെ ഭാസ്‌കര്‍റാവുജിയെയും സംഘത്തെയും പറ്റിയും. ആഗമാനന്ദ സ്വാമികളുടെ ആശ്രമവാടത്തില്‍ ആത്മസാധന അനുഷ്ഠിച്ചു തുടങ്ങിയ ആര്‍.ഹരി എങ്ങനെ പ്രചാരകനായി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മഗതങ്ങള്‍. ആഗമാനന്ദസ്വാമികളുടെ അദ്ധ്യാത്മതേജസ്സിന്റെ സ്വാധീനത്തില്‍ നിന്നും ഭാസ്‌കര്‍റാവുജിയുടെ സ്‌നേഹത്തിന്റെ വഴിയിലേക്ക് അദ്ദേഹം നടന്നടുക്കുകയായിരുന്നു.
സ്വര്‍ഗീയ മുകുന്ദേട്ടന്‍ മരിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ്, തൊട്ടുതാഴത്തെ നിലയില്‍ ഉണ്ടായിരുന്ന ഹരിയേട്ടന്‍ മുകുന്ദേട്ടന്റെ സഹോദരന്‍ ചന്ദ്രേട്ടനെ വിളിക്കുകയും അദ്ദേഹം വന്നപ്പോള്‍ സംസാരിക്കുകയും മക്കളെ പരിചയപ്പെടുകയും ചെയ്തു. തീരെ സംസാരം കുറച്ച സമയത്തായിരുന്നു ഈ സമീപനം. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ചന്ദ്രനെ കണ്ടാല്‍ മുകുന്ദനെ കണ്ടത് പോലെയാണ്, എനിക്ക് മുകളിലേക്ക് പോകാന്‍ കഴിയില്ലല്ലോ, അതുകൊണ്ടാണ് ചന്ദ്രനെ ഇങ്ങോട്ട് വിളിപ്പിച്ചത് എന്നാണ്. എന്നിട്ട് തമാശരൂപേണ പറഞ്ഞു, മുകുന്ദനും ഞാനും ഉടനെ കാണും. ഇതു കൊണ്ടും നിര്‍ത്തിയില്ല. ആശുപത്രിക്കിടയ്ക്കയില്‍ കിടന്നു കൊണ്ട് സംഘടനാ ദൃഷ്ടിയില്‍ മുകുന്ദേട്ടന്റെ മരണശേഷം എന്തൊക്കെ ചെയ്യണമെന്ന് തനിക്ക് ചില അഭിപ്രായങ്ങള്‍ ഉണ്ടെന്നും അതു പറയാനായി പ്രാന്തപ്രചാരകനെ ഒന്നു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ്, രോഗശയ്യയില്‍ അഥവാ മരണക്കിടക്കയില്‍ എന്നു പറയാവുന്ന അവസ്ഥയിലും അദ്ദേഹത്തിന്റെ സംഘദൃഷ്ടി. ആ സംഘദൃഷ്ടി അദ്ദേഹം അവസാനകാലം സ്വയംസേവകരെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ കത്തിലെ ആറു ഖണ്ഡികകളിലും കാണാം. പ്രചാരകനായത് കൊണ്ട് പ്രണാമം വേണ്ടാ, പവിത്രമായത് കൊണ്ട് കാവി വേണ്ടാ, സംഘസ്ഥാനല്ലാത്തത് കൊണ്ട് പ്രാര്‍ത്ഥന വേണ്ടാ, അനന്തരാവകാശികള്‍ ഇല്ലാത്തത് കൊണ്ട് അന്ത്യേഷ്ടിബന്ധനങ്ങള്‍ വേണ്ടാ.. ഇതൊക്കെ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പിന്നെ വേണ്ടതെന്താണ്? തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സംഘകാര്യം ചെയ്യാന്‍ ഒരു ജന്മം കൂടിയാണ്. അദ്ദേഹത്തിന്റെ തന്നെ വരികളില്‍ പറയുന്നപോലെ സംഘകാര്യമെന്ന ഏകനിഷ്ഠയില്‍ സേവകരൂപം പൂണ്ട മനുഷ്യനാണ് നാമെങ്കില്‍ എന്തിനാണ് വേറെ മോക്ഷം (‘ഏകനിഷ്ഠ സേവകനായ് ഞാന്‍’ എന്ന ഗീതം). ആദരണീയനായ എം.എ.സാര്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണം ഇവിടെ ഓര്‍ക്കുന്നു, ‘സംഘം ഒരു ശാസ്ത്രമാണെങ്കില്‍ ഹരിയേട്ടന്‍ അതിന്റെ സൂത്രമാണ്.’ സമ്പൂര്‍ണ്ണമായ സംഘ ജീവിതം. ടി.ആര്‍. സോമേട്ടന്‍ പറഞ്ഞത് സംഘത്തെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന അനേകായിരം പേരുണ്ട്, അത് പോലെ സംഘത്തെ ശരീരത്തിലും കൊണ്ടു നടന്നവരില്‍ പ്രഥമഗണനീയനാണ് ഹരിയേട്ടന്‍ എന്നാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അടിമുടി പ്രചാരകന്‍.
സാമാന്യം ഗൗരവമേറിയ ആറു ശസ്ത്രക്രിയകള്‍ കഴിഞ്ഞ ശരീരമായിരുന്നു അത്. എങ്കിലും, ആ ശരീരവും മനസ്സും ഒരിക്കലും മരണത്തെ തെല്ലും ഭയപ്പെടുകയോ അതില്‍ നിരാശപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് വ്യക്തിപരമായ സംസാരമധ്യേ കുറഞ്ഞത് പത്തുതവണയെങ്കിലും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചു കൂടെചിരിച്ച വ്യക്തി എന്ന നിലയില്‍ ഈ ലേഖകന് ഉറപ്പിച്ചു പറയാം. യജ്ഞഭാവേന കര്‍മ്മം ചെയ്യുക എന്നാണല്ലോ. മരണവും ഒരു കര്‍മ്മമാണ് എന്നായിരുന്നു ഹരിയേട്ടന്റെ പക്ഷം. ആ കര്‍മ്മം ഇത്ര മനോഹരമായി എങ്ങനെ അനുഷ്ഠിക്കാം എന്നദ്ദേഹം കാണിച്ചു തന്നു. മരണത്തെ ഉള്‍ക്കൊള്ളുക, തയ്യാറെടുക്കുക വരവേല്‍ക്കുക. ഈ സമയത്തും യജ്ഞഭാവേന കര്‍മ്മം ചെയ്യുക, മരണത്തെ ഒരു കര്‍മ്മം എന്ന് മനസ്സിലാക്കി സ്വീകരിക്കുക. ഇതായിരുന്നു ആ ഭാവം. തന്റെ ശരീരത്തിനും ചെയ്യേണ്ട അവസാനത്തെ കര്‍മ്മം മരണത്തെ സ്വീകരിക്കുക എന്നതായിരുന്നുവത്രേ. ആഗസ്റ്റ് മുപ്പത്തൊന്നിന് മരണം വരും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം പത്തുദിവസം മുമ്പ് സംസാരം കുറച്ചത്. ആഗസ്റ്റ് മുപ്പതിന് വൈകിട്ട് അതികലശലായ പനിയും മറ്റനുബന്ധ അസ്വസ്ഥതകളും വലിയ തോതില്‍ ഉണ്ടായി. അദ്ദേഹം അതിജീവിച്ചു. എല്ലാവരും സന്തോഷം കൊണ്ടു. അദ്ദേഹത്തിന് മാത്രം അത്ര സന്തോഷം ഉണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇനി ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെ കാത്തിരിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒക്ടോബര്‍ 29-നായിരുന്നു മരണം വന്നത്. സ്വന്തം മനസ്സിനെ അറിയുന്നത് പോലെ തന്നെ സ്വന്തം ശരീരത്തെയും അറിയുക എന്നതും ഒരു സിദ്ധി തന്നെ. അറിയുക എന്നാല്‍ സമഗ്രമായി അറിയുക, എന്ന തത്വം അദ്ദേഹം ഇവിടെയും പാലിച്ചു. സ്വന്തം മനസ്സിനെയും ശരീരത്തെയും, ജീവിതത്തെയും മരണത്തെയും അദ്ദേഹം സമഗ്രമായി അറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം സമഗ്രഹരി ആവുന്നത്. ജ്ഞാനസൂര്യന്‍ അസ്തമിച്ചു എന്നു നാം പറയുന്നു. എന്നാല്‍ അറിവിന്റെ ആ സൗരമണ്ഡലത്തിലെ നിത്യനിതാന്തമായ തപം അടങ്ങുന്നുണ്ടാവില്ല. അതുകൊണ്ട് ആ ജ്ഞാനതാപസനും ആ തപസ്സുകൊണ്ട് അദ്ദേഹം നേടിയ ജ്ഞാനവരപ്രസാദവും ഒരിക്കലും ഒടുങ്ങുന്നില്ല.