‘നേരാണയ്യാ രസമിപ്പോള്‍ –
നേരം നാലരയായല്ലോ;
നേരെ ചേര്‍ന്നു കളിപ്പാനി –
ന്നോരോ കുട്ടികള്‍ കൂടുന്നു.’
കാല്‍പ്പന്തും, ഗോട്ടിയും, തൊട്ടുകളിയുമായി ബാല്യം വിളയാടിയ കാലത്തെക്കുറിച്ച് മഹാകവി പന്തളം കേരളവര്‍മ്മ എഴുതിയ ‘കളി’ എന്ന കുട്ടിക്കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. മനസ്സിനും ശരീരത്തിനും ആരോഗ്യം പകരുന്ന കളികളെ മനോഹരമായി വര്‍ണ്ണിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു:
‘കളികൊണ്ടിങ്ങനെ ദേഹത്തില്‍
തെളിവും ബലവും കൂടുന്നു.
കുളിയൂണെന്നിവ പോലെന്നും
കളിയും ബാലനു വേണ്ടതു
താന്‍.’
ബാലന്മാരും ബാലികമാരും മാത്രമല്ല മുതിര്‍ന്നവരും മനുഷ്യരാശിയുടെ ആരംഭം മുതല്‍ തന്നെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി കളികളെ ആശ്രയിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ആരോഗ്യകരമായ മനസും ശരീരവും ചിന്തയും പ്രദാനം ചെയ്യുന്ന കാര്യത്തില്‍ മനുഷ്യരാശിയ്ക്ക് കളികള്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ലെന്ന് കാണാം. കല്ലിലും കമ്പിലും ആരംഭിച്ച് ബോര്‍ഡ് ഗെയിംസിലൂടെയും കാര്‍ഡ് ഗെയിംസിലൂടെയും മുന്നേറി ഇന്‍ഡോറും ഔട്ട്‌ഡോറുമായ നൂറുകണക്കിന് കളികളിലൂടെ കളികളുടെ ചരിത്രം ഇലക്ട്രോണിക് ഗെയിംസില്‍ എത്തി നില്‍ക്കുന്നു. മനുഷ്യരാശിയുടെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ മറ്റ് ഏതിനേയും പോലെ കളികളും വളര്‍ന്നു കൊണ്ടിരിക്കുന്നു. കളികള്‍ രാഷ്ട്രങ്ങള്‍ തമ്മിലും മനുഷ്യകുലങ്ങള്‍ തമ്മിലുമുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിച്ചതും ചൂതുകളിച്ച് സകലതും നഷ്ടപ്പെടുത്തി നാടുവിടേണ്ടി വന്ന പാണ്ഡവ വംശത്തെയും ഒക്കെ മുന്‍കാലങ്ങളിലേക്ക് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ കാണാന്‍ സാധിക്കും. അതിലൂടെ ഒരു കണ്ണോട്ടം നടത്തുമ്പോള്‍ നാം തിരിച്ചറിയുന്നത് കളിയുടെ തെരഞ്ഞെടുപ്പില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കളി കാര്യമായി മാറുമെന്ന കാഴ്ചയാണ്.
മനുഷ്യരാശിക്ക് അപകടകരമായി മാറുന്ന രോഗങ്ങളുടെ പട്ടികയായ ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസിന്റെ (ICD) പതിനൊന്നാം പുനരവലോകനത്തില്‍, ലോകാരോഗ്യ സംഘടനക്ക് എന്തിനാണ് കളികളിലെ പുത്തന്‍ കൂറ്റുകാരനായ ഓണ്‍ലൈന്‍ ആന്‍ഡ് വീഡിയോ ഗെയിംസിനെ ഉള്‍പ്പെടുത്തേണ്ടി വന്നത് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. മരണം വരെ സംഭവിക്കാവുന്നതരത്തില്‍ അപകടകാരിയായ ഒരു മാനസിക രോഗമായാണ് ‘ഗെയിമിംഗ് ഡിസോര്‍ഡര്‍’ എന്ന പേരില്‍ ഇലക്ട്രോണിക് ഗെയിംസ് അവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. മദ്യം, മയക്കുമരുന്ന്, ചൂതാട്ടം ഇവയെപ്പോലെ തന്നെ പെരുമാറ്റ ആസക്തിയുളവാക്കി ഒരാളുടെ ജീവിതത്തെ നാമാവശേഷമാക്കാനുള്ള സാധ്യത ഗെയിമിംഗ് ഡിസോഡറിനും ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഈ നടപടിക്ക് മുതിര്‍ന്നിരിക്കുന്നത് എന്ന് കാണാം.
1997 ല്‍ നോക്കിയ കമ്പനിയുടെ ബേസ് മോഡല്‍ ഫോണായ 6110ലെ ഇരവിഴുങ്ങുന്ന പാമ്പിന്‍ കളിയിലൂടെ (Snake Game) നമ്മളിലേക്ക് കടന്നു വന്ന ഗെയിമുകള്‍ ഇന്ന് ആഗോള ഭീമന്മാരായ ആമസോണും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും, ടെന്‍സണുമൊക്കെ അടക്കിവാഴുന്ന 204 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വരുമാനമുള്ള പണംവാരി കാളിയനായി വളര്‍ന്നിരിക്കുന്നു. 2030 സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ യുഎസ് ഡോളറിന്റെ വളര്‍ച്ചയാണ് ഈ മേഖല പ്രതീക്ഷിയ്ക്കുന്നത്.
ഭാരതവും ഓണ്‍ലൈന്‍ ഗെയിമിംഗും
ലോകത്തെയെമ്പാടും തകര്‍ത്തെറിഞ്ഞ കോവിഡ് – 19 മഹാമാരിയുടെ കാലത്ത് ആഗോളതലത്തില്‍ സകല വ്യവസായങ്ങളും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കോവിഡ് സൃഷ്ടിച്ച സാഹചര്യങ്ങളെ മുതലാക്കി വന്‍വളര്‍ച്ച നേടിയ ചുരുക്കം ചില വ്യവസായങ്ങളില്‍ ഒന്നാണ് ഓണ്‍ലൈന്‍ ഇന്‍ഡസ്ട്രി. 1980 കളില്‍ തുടങ്ങി 2010 ല്‍ മൊബൈല്‍ ഫോണുകളുടെ കടന്നുവരവ് വരെയുള്ള ആദ്യ 4 ഫേസുകളിലും ഇഴഞ്ഞ് മുന്നേറിയിരുന്ന ഭാരതീയ ഗെയിമിംഗ് മാര്‍ക്കറ്റ് 2010 ല്‍ സ്മാര്‍ട്ട് ഫോണുകളുടെ കടന്നുവരവോടെ കുതിച്ച് ചാടുകയായിരുന്നു. 2010 ലെ 1.5 കോടി ഗെയിമേഴ്‌സ് എന്നതില്‍ നിന്നും 2019 കാലഘട്ടമായപ്പോഴേക്കും 16.6 കോടിയിലേക്ക് അത് വളരുകയുണ്ടായി. 2019 ലെ കോവിഡിന്റെ കടന്നു വരവില്‍, ഒറ്റപ്പെടലില്‍ നിന്നും വിരസതയില്‍ നിന്നും രക്ഷനേടാനായി ലോകം മൊബൈലില്‍ അഭയം തിരഞ്ഞപ്പോള്‍ 63.9 കോടി എന്നനിലയിലേക്ക് ഒരു കുതിച്ചുചാട്ടമാണ് കാണാനായത്.
ഉപഭോക്താക്കളുടെ എണ്ണത്തിലെ കുതിച്ചുചാട്ടം ആ മേഖലയെ സാമ്പത്തികമായും വന്‍വളര്‍ച്ചയില്‍ എത്തിച്ചു. 2018 ല്‍ 4,400 കോടി മൂല്യമുണ്ടായിരുന്ന ഗെയിമിംഗ് ഇന്‍ഡസ്ട്രി 2022ല്‍ 14,300 കോടി രൂപയിലെത്തി, 10,000 കോടി രൂപയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
നമ്മുടെ ഭാരതമാകട്ടെ 2016 ല്‍ കേവലം 200 കോടി മൊബൈല്‍ ഗെയിംസ് ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്തിരുന്നതില്‍ നിന്നും 2022 ആയപ്പോഴേക്കും 1100 കോടി എന്നതിലേക്ക്, 5 ഇരട്ടി വര്‍ദ്ധനവോടെ, ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു. നിലവില്‍ ആഗോള ഗെയിമിംഗ് കമ്പനികളുടെ പ്രിയപ്പെട്ട വിപണന കേന്ദ്രമാണ് ഭാരതം. ഗെയിമിംഗ് കമ്പനികള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണ് ഭാരത വിപണി എന്ന് നമുക്ക് മനസ്സിലാക്കണമെങ്കില്‍ 18 കോടിപ്പേര്‍ കളിച്ചിരുന്ന പബ്ജി എന്ന മള്‍ട്ടിപ്ലെയര്‍ ഗെയിം ദേശസുരക്ഷാ ഭീഷണി, യുവതലമുറയെ അക്രമത്തിനും കൊള്ളയ്ക്കും പ്രേരിപ്പിയ്ക്കല്‍, സാമ്പത്തിക ചൂഷണം തുടങ്ങിയവ ചുമത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം നിരോധിച്ച സംഭവം പരിശോധിച്ചാല്‍ മതിയാകും. ഭാരതസര്‍ക്കാര്‍ മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് പുതിയ കുപ്പായത്തില്‍ മിന്നല്‍ വേഗത്തില്‍ മടങ്ങി വരാന്‍ ആ കുത്തക ഭീമനെ പ്രേരിപ്പിച്ചത് അവരുടെ ആകെയുള്ള വിപണിയുടെ 25% ഭാരതമാണ് എന്നത് മാത്രം. ഭാരതം ആഗോള ഗെയിമിങ്ങ് കുത്തകകളുടെ കൊയ്ത്തുപാടം ആണെങ്കിലും അതില്‍ നിന്നും സാമ്പത്തിക ലാഭം കൊയ്യുന്ന ആദ്യ 10 രാജ്യങ്ങളില്‍ പോലും ഇടം പിടിച്ചിട്ടില്ല. നമ്മെ വിഴുങ്ങാന്‍ അവസരം കാത്തിരിക്കുന്ന ചൈനീസ് വ്യാളിയാണ് ലോക ഗെയിമിംഗ് വിപണിയുടെ 35% ഉം കൊണ്ടുപോകുന്നത്.
2023 ലെ കണക്ക് പ്രകാരം ഭാരതത്തിലെ 101 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 69 കോടി പേര്‍ ഗെയിം കളിക്കുന്നവരാണ് മൊബൈല്‍ ഉപയോക്താക്കളായ 70% യുവാക്കളും കുട്ടികളും ഗെയിമുകള്‍ കളിക്കുന്നവരാണ്. സ്റ്റേറ്റ് ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ 2020ലെ പഠനങ്ങള്‍ പ്രകാരം ആഴ്ചയില്‍ ഭാരതീയര്‍ ഗെയിം കളിക്കാന്‍ ചെലവഴിക്കുന്ന സമയം ആഗോള ശരാശരിയേക്കാള്‍ മുകളിലാണ്. (ഗ്ലോബല്‍ ടൈം സ്‌പെന്റ് ഓണ്‍ ഗെയിമിംഗ് – 6.33 hrs/week,, ഭാരതം-6.35hrs/week,).
അരിപ്പൊടിക്കാരന്റെ ദിവാസ്വപ്‌നം
18 ആഗസ്റ്റ് 2023 – ആകാശ് (24) ബാലുശേരി – (അവലംബം: കേരള കൗമുദി)
26 ഏപ്രില്‍ 2022 – ബിജീഷ – കോഴിക്കോട് – (അവലംബം:- മാതൃഭൂമി)
3 ജനുവരി 2021- വിനീത് (28) തിരുവനന്തപുരം – (അവലംബം:- ദി ന്യൂസ് മിനിട്ട്)
17 നവംബര്‍ 2021 – ആകാശ് – തൃശൂര്‍ – (അവലംബം:- ദി ടൈംസ് ഓഫ് ഇന്ത്യ)
15 സെപ്തംബര്‍ 2023 – റോഷ് (23) ഇടുക്കി – (അവലംബം: – മനോരമ ഓണ്‍ലൈന്‍)
റിയല്‍ മണി ഗെയിംസ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ചൂണ്ടകളില്‍ കൊത്തി പകുതിയില്‍ ജീവിതം അവസാനിപ്പിച്ചവരില്‍ ചിലരാണ് മുകളിലെ പേരുകാര്‍. എല്ലാവരും യുവത്വം വിട്ടുമാറാത്തവര്‍. പ്രശസ്ത സിനിമാ താരങ്ങളും കായികതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന മോഹന വാഗ്ദാനങ്ങളില്‍ ഭ്രമിച്ച് കരിഞ്ഞു വീണ ജീവിതങ്ങള്‍. സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടും ചൂതാട്ടമെന്ന യാഥാര്‍ത്ഥ്യത്തെ സ്‌കില്‍ ഗെയിം എന്ന മരീചിക കൊണ്ട് മറച്ച് നിയമത്തിന്റെ കണ്ണു വെട്ടിച്ച്, സ്വപ്‌നങ്ങള്‍ വച്ച് നീട്ടി കിടപ്പാടം പോലും വിറ്റ് ഭാഗ്യം തേടാന്‍ പ്രേരിപ്പിക്കുന്ന ഫാന്റസി സ്‌പോര്‍ട്ട് ഗെയിമിന്റെയും, കാര്‍ഡ് ഗെയിമുകളുടെയും ഇരകള്‍.
എന്താണ് റിയല്‍ മണി ഗെയിംസ് ?
ഒന്നു വച്ചാല്‍ പത്ത്, പത്ത് വച്ചാല്‍ നൂറ് എന്ന മോഹം ഉണര്‍ത്തി പണം പിടുങ്ങുന്ന പഴയ മുച്ചീട്ട് കളിക്കാരന്റെയും, നാടകുത്തുകാരന്റെയും പുത്തന്‍ വേഷ പകര്‍ച്ചയാണ് റിയല്‍ മണി ഗെയിംസ്. അന്തിവെളുക്കുവോളം കടത്തിണ്ണയിലും പൂരപ്പറമ്പിലും പോലീസിനെ പേടിച്ച് കാശു വച്ച് കളിക്കുന്നവന്റെ ജാള്യതയില്ലാതെ; കിടപ്പ് മുറിയിലും തീന്‍ മേശയിലും എത്തിച്ചേര്‍ന്ന ഇവ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല. നിയമത്തിന്റെ കണ്ണികളില്‍ നിന്നും തെന്നിമാറി കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വിശ്വസിപ്പിച്ച് കടന്നുവരുന്ന നൂതന മാരീചന്മാരാണിവര്‍.
ആള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്‍ – ദി ഓണ്‍ലൈന്‍ ഗെ യിമിംഗ് ഇന്‍ ഇന്ത്യ-ദി ജിഎസ്ടി കോണ്‍ഡ്രംസ് റിപ്പോര്‍ട്ട് എന്നിവ സൂചിപ്പിക്കുന്നത് റിയല്‍ മണി പ്ലയേഴ്‌സിന്റെ സംഖ്യ 2023 ഓട് കൂടി 15 കോടിയിലേക്ക് കടക്കും എന്നാണ്. ചുരുക്കം ചില കാസിനോകളില്‍ നടന്നിരുന്ന ചൂതാട്ടം ഓണ്‍ലൈനിലൂടെ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്നു.
ഡ്രീം 11, MPL തുടങ്ങിയ മുന്നൂറിലധികം വരുന്ന ഫാന്റസി സ്‌പോര്‍ട്ട്‌സ് ഗെയിമിംഗ് ആപ്പുകളും, A23, Teen Patty, pocker, Junglee Rummy തുടങ്ങി ആയിരത്തിലധികം വരുന്ന കാര്‍ഡ് ഗെയിം ആപ്പുകളും രാപ്പകലന്യേ സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് വിലയിട്ട് വിറ്റുകൊണ്ടിരിക്കുന്നു.
കുതിരപ്പന്തയത്തില്‍ വാതുവയ്ക്കുന്നത് സ്‌കില്‍ ഗെയിമായി പറയുന്നത് പോലെ തന്നെയാണ് റിയല്‍ മണി ഗെയിംസ്, സ്‌കില്‍ ഗെയിംസില്‍ പെടുത്തിയിരിക്കുന്നത്. കളിക്കുന്നയാളുടെ അത്യാഗ്രഹത്തെ പരമാവധി ചൂഷണം ചെയ്ത് ഭ്രാന്തമായി തങ്ങളെ പിന്തുടരാന്‍ പ്രേരിപ്പിയ്ക്കുന്നു. അതുകൊണ്ടാണ് സിഗരറ്റ് പായ്ക്കറ്റിലും മദ്യത്തിലും എഴുതിയിരിക്കുന്നത് പോലെ ഞാഴ പരസ്യങ്ങള്‍ താഴെ ‘ഈ കളിയില്‍ നിങ്ങള്‍ അടിമപ്പെട്ടു പോകാനോ, സാമ്പത്തിക നഷ്ടം ഉണ്ടാകാനോ സാദ്ധ്യതയുണ്ട്. സുരക്ഷിതമായി കളിക്കുക’ എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം പോലെ തകര്‍ക്കപ്പെടുന്നത് സ്വന്തം ജീവിതവും കുടുംബവും മാത്രം, സ്വപ്‌ന സാക്ഷാത്കാരം ഗെയിം ഡവലപ്പര്‍ക്കും.
തലമുറകളെ തകര്‍ക്കുന്ന കളിക്കളങ്ങള്‍
“Youth are not Useless
They are used ‘less’
They are not careless
They are cared ‘less’
þ Swami Chinmayananda
യുവത്വം അഗ്‌നിയുടെ പ്രതീകമാണ്. സാംസ്‌കാരികവും ബൗദ്ധികവും കായികവുമായി ഉയര്‍ന്ന് നില്‍ക്കുന്ന വരുംതലമുറയാണ് ഏതൊരു നാടിന്റെയും ഭാവി നിര്‍ണയിക്കുന്നത്. ആ തലമുറയെ ശരിയായി വാര്‍ത്തെടുക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ഭാരതമാകട്ടെ യുവശക്തിയാല്‍ സമ്പുഷ്ടവും. അമേരിക്കയും ചീനയും അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ക്ക് വാര്‍ദ്ധക്യം ബാധിച്ചുവരുമ്പോള്‍ നമ്മള്‍ യൗവനത്തിലേക്ക് കാല്‍ വച്ചിട്ടേയുള്ളൂ. യുവജനതയ്ക്ക് വരുന്ന ഏതൊരു മൂല്യച്യുതിയും ലോകത്തിന്റെ മുന്നോട്ട് പോക്കിനെ ഗണ്യമായി ബാധിക്കും എന്ന തിരിച്ചറിവ് തന്നെയാണ്v WHO sb Gaming disorder (GD) എന്ന രോഗത്തെ തിരിച്ചറിയാനും അവയ്ക്ക് പരിഹാരം കാണാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനും നിര്‍ബന്ധിതമാക്കിയത്. ഇന്ന് ലോകത്ത് ഗെയിം കളിക്കുന്നവരില്‍ 80% വരുന്നത് യുവ ജനതയാണ്. ഭാരതവും അതില്‍ നിന്നും വ്യത്യസ്തമല്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത് പ്രകാരം 2019 നും 2022 ജൂലായ് 4 നും ഇടയില്‍ രണ്ടര വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം ഓണ്‍ലൈന്‍ ഗെയിമുകള്‍ കാരണം 25 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കോവിഡ് 19 നിശ്ചലമാക്കിയ സമയപരിധിയില്‍ വിദ്യാഭ്യാസ രംഗം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ മൊബൈല്‍ ഉപയോഗവും ഗണ്യമായി വര്‍ദ്ധിച്ചതായി കാണുവാന്‍ സാധിക്കും. 2018 ല്‍ ഭാരതത്തിലെ വിദ്യാര്‍ത്ഥികളില്‍ 29.6% പേര്‍ക്ക് മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ സൗകര്യം നിലനിന്നിരുന്നത്. എന്നാല്‍ കോവിഡാനന്തരം 2020 ല്‍ 56.4 % വും 2021 ല്‍ 63.7 % വും പേരിലേക്ക് ഇത് എത്തിച്ചേര്‍ന്നു. കേരളത്തിലാകട്ടെ 97.5% പേര്‍ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യത ഉള്ളത്. അതില്‍ തന്നെ 76.2% പേര്‍ക്ക് സ്വന്തമായി ഫോണ്‍ ഉള്ളവരാണ്. കോവിഡ് കാലത്ത് മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ മൊബൈല്‍ ഫോണിനെ ആശ്രയിച്ച് തങ്ങളുടെ സമയം തള്ളിനീക്കുകയാണല്ലോ ഉണ്ടായത്. കുട്ടികള്‍ എപ്പോഴും തങ്ങളുടെ സൗഹൃദങ്ങളിലും കളികളിലും മുഴുകാന്‍ ആഗ്രഹിക്കുന്നവരാണ്. കോവിഡ് എല്ലാം അടച്ചിട്ടപ്പോള്‍ തങ്ങളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുമായി അവര്‍ കൂടുതല്‍ സമയം മൊബൈലില്‍ തന്നെ ഒതുങ്ങിക്കൂടി. കോവിഡ് കാലം കഴിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇല്ലാതായപ്പോള്‍ അവര്‍ ഇന്റര്‍നെറ്റിന്റെ മറ്റ് സാധ്യതകളിലേക്ക് കടക്കുകയുണ്ടായതായി കാണാം.
കേവലം തമാശയ്ക്കും വിനോദത്തിനുമായി ആരംഭിച്ച് പതിയെ പതിയെ നമ്മളെ അടിമകളാക്കുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം പോലെ തന്നെയാണ് ഗെയിമിംഗ്. ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന അഭിനവ പൂതനമാരായി ഇവ മാറും. മാനസിക സമ്മര്‍ദ്ദവും സ്വഭാവ വൈകല്യവുമുള്ളവര്‍ വളരെ വേഗത്തില്‍ തന്നെ ഇവയ്ക്ക് ജീവിതം അടിയറ വയ്ക്കുന്നതായി കാണുവാന്‍ സാധിക്കും. കുടുംബ – സാമൂഹിക ബന്ധങ്ങളെയും, ശാരീരിക- മാനസിക അവസ്ഥകളെയും തകര്‍ക്കുന്ന ഗെയിമിംഗ് അഡിക്ഷന്‍ സാമ്പത്തികമായും വ്യക്തിയെ ഇല്ലാതാക്കുന്നതായി കാണാം. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് കമ്മ്യൂണിറ്റി മെഡിസിന്‍സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്തിന്റെ 2020 ലെ പഠന പ്രകാരം 3.5% വരുന്ന നമ്മുടെ കൗമാരക്കാര്‍ ഗെയിമിംഗ് ഡിസോഡറിന്റെ ഇരകളാണ്. ആഗോള ശരാശരിയേക്കാള്‍ 0.5 % ഉയര്‍ന്ന നിരക്കാണിത്. 8% ആണ്‍കുട്ടികളും 3% പെണ്‍കുട്ടികളും ഇതിലേക്ക് വഴുതി വീണിരിക്കുന്നു. ജനിച്ച് വീണ് രണ്ടാം മാസം മുതല്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് അവരെത്തിച്ചേരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
റാകി പറക്കുന്ന ഓണ്‍ലൈന്‍ കഴുകന്മാര്‍
2019 വര്‍ഷത്തില്‍ നിന്ന് ഗെയിമിംങ്ങിനൊപ്പം കുതിച്ച് ചാടിയ ഒന്നാണ് സൈബര്‍ ക്രൈമുകളും മരണങ്ങളും. വിരല്‍ തുമ്പില്‍ സൗകര്യങ്ങള്‍ക്കൊപ്പം എത്തിച്ചേര്‍ന്ന ചതിക്കുഴികള്‍ ഇവിടെ അരക്കില്ലമൊരുക്കി കാത്തിരിക്കുന്നു.
♠ ഡോക്‌സിംങ്ങ് ‘dropping dox or documents’ എന്നതില്‍ നിന്നാണ് ഡോക്‌സിംങ്ങ് എന്ന പദം വരുന്നത്. ഓണ്‍ലൈന്‍ കളിക്കാരില്‍ 29% പേരും ഡോക്‌സിങ്ങിന് ഇരകളാണ്. നമ്മുടെ കയ്യിലിരിക്കുന്ന മൊബൈലിന്റെ മറുവശത്ത് വിശാലമായ ലോകമാണുള്ളത് എന്ന് ചിന്തിക്കാതെ ഗെയിം കളിക്കാന്‍ കയറുമ്പോള്‍ നല്‍കുന്ന അനുവാദങ്ങളും വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യ, രഹസ്യ വിവരങ്ങള്‍, ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയ പരസ്യപ്പെടുത്തുന്ന രീതിയാണിത്. പണം, ലൈംഗികത എന്നിവയ്ക്ക് വേണ്ടിയുള്ള ഭീഷണിയായും ചുരുക്കം ചില കേസുകളില്‍ ഗെയിമില്‍ നിന്ന് പിന്‍മാറുമ്പോഴുമോ ആകും ഇതുണ്ടാവുക.
♠ സ്വാറ്റിംഗും ഫ്രാപ്പിംഗും നിങ്ങളില്‍ നിന്ന് ഡോക്‌സിംങ്ങ് വഴി ശേഖരിച്ച വിവരങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ഉപദ്രവിക്കുന്നതാണിത്. ഡോക്‌സിംങ്ങിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍ മീഡിയ ഐഡികളില്‍ നിന്നോ മെയിലുകളില്‍ നിന്നോ നിങ്ങള്‍ കുറ്റവാളിയാകുന്ന തരത്തില്‍ മെസേജുകള്‍, വീഡിയോകള്‍, അശ്ലീല ചിത്രങ്ങള്‍ ഇവയൊക്കെ അയക്കുകയും സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുത്തകയും കുറ്റവാളിയാക്കുകയും ചെയ്യുന്നു. നിങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയെന്നതാണിതിന്റെ ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങിയ അടിയന്തര സംവിധാനങ്ങളെ നിങ്ങളുടെ വീട്ടിലേക്ക് തെറ്റായ സന്ദേശം നല്‍കി പറഞ്ഞയക്കുന്നതും നിങ്ങളെ പരിഭ്രാന്തരാക്കുന്നതും അടിയന്തര സംവിധാനങ്ങളെ കബളിപ്പിക്കുന്നതും സ്വാറ്റിംഗിന്റെ ഭാഗമായി കാണാറുണ്ട്.
♠സൈബര്‍ സ്റ്റാക്കിംഗും ട്രോളിംഗും ഇരയായ വ്യക്തിയെ ഓണ്‍ലൈനില്‍ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്യുകയും ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന ഗുരുതര കുറ്റമാണ് സ്റ്റാക്കിംഗ്. ഒരാളെ മാനസികമായി ശല്യപ്പെടുത്താനായി പ്രകോപനപരമായ സന്ദേശങ്ങള്‍ അയക്കുന്നതാണ് ട്രോളിംഗ്.
♠അപരിചിതമായ സൗഹൃദങ്ങള്‍ ഒട്ടുമിക്ക ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെയും സഹകളിക്കാരുമായി സംവദിക്കാന്‍ സാധിക്കുന്നു. മറുവശത്തുള്ള അപരിചിതനെ കുറിച്ച് അറിയാതെ സ്ഥാപിക്കുന്ന സൗഹൃദങ്ങള്‍ പിന്നീട് രക്ഷപ്പെടാനാകാത്ത നീരാളി കൈകളിലേക്ക് ചെന്നെത്തിക്കുന്നു. ഏറിയ പങ്കും കുട്ടികളാണ് ഈ ചതിക്കുഴിയില്‍ പെട്ടു പോകാറുള്ളത്. കാണാമറയത്തെ ചങ്ങാതിയുടെ ലക്ഷ്യങ്ങള്‍ അറിയാതെ മയക്കുമരുന്നിനും, അക്രമത്തിനും, ലൈംഗിക ചൂഷണത്തിനും ഇരയാകുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. കുട്ടികളിലൂടെ കുടുംബാംഗങ്ങളുടെ സ്വകാര്യതയിലേക്കും ബാങ്കിംഗ് വിവരങ്ങളിലേക്കും കടന്നു കയറാനും ഇവര്‍ക്കാവുന്നുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ വേഗം കൂട്ടുന്ന കാരണങ്ങള്‍
♠ലോകം മുഴുവനും വളരെ വേഗത്തില്‍ വളരുന്ന നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി. 4 ജിയും 5ജിയുമായി ലോകം കീഴടക്കുന്ന സാങ്കേതിക വിദ്യയുടെ വളര്‍ച്ച കാരണം എല്ലായിടത്തും എല്ലാവര്‍ക്കും വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്ന നെറ്റ്‌വര്‍ക്ക് ശൃംഖല.
♠ യംഗ് കണ്‍സ്യൂമര്‍ ബേസ് – ശക്തമായ യുവ ഉപഭോക്തൃ അടിത്തറയാണ് ഓണ്‍ലൈന്‍ ഗെയിമിംഗിന് ഉള്ളത്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട മാനസികാവസ്ഥയുള്ള യുവത്വം അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നത്.
♠ ജീവത ശൈലി മാറ്റം – കോവിഡ് മഹാമാരി കാലഘട്ടത്തില്‍ ഉണ്ടായ ജീവിത ശൈലി മാറ്റം.
♠ കുടുംബ ഘടന – അണുകുടുംബ വ്യവസ്ഥയില്‍ പലപ്പോഴും ഉണ്ടാകുന്ന അരക്ഷിതാവസ്ഥ. മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും തിരക്കുകള്‍ കാരണം ഉണ്ടാകുന്ന ഒറ്റപ്പെടല്‍. തിരക്ക് പിടിച്ച ജീവിത ശൈലിയില്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റാനും, ഭക്ഷണം കഴിപ്പിക്കാനും മൊബൈല്‍ നല്‍കുമ്പോള്‍ ഓര്‍ക്കുക നിങ്ങളവരെ മൊബൈല്‍ അഡിക്ഷനിലേക്ക് നയിക്കുകയാണെന്ന് .
♠ എസ്‌കേപ്പിസം ഫാക്ടര്‍ – നേരിടേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലിനായി ഗെയിമിനെ ആശ്രയിക്കുന്നു. പരീക്ഷ, സ്‌കൂള്‍ വര്‍ക്ക് തുടങ്ങിയവയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയായി കാണുന്നു.
♠ ദി വെറൈറ്റി ഓഫ് ഗെയിംസ് – ലോകമെമ്പാടും ഇറങ്ങുന്ന പലതരത്തിലുള്ള ലക്ഷക്കണക്കിന് ഗെയിമുകളുടെ കടന്നുവരവ്.
♠ സ്മാര്‍ട്ട് ഫോണുകളുടെ വിപ്ലവം – വില കുറഞ്ഞതും, കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളതുമായ മൊബൈല്‍ ഫോണുകളുടെ കുത്തൊഴുക്ക്.
♠ സാര്‍വ്വത്രികമായ ഇ-പെയ്മന്റ് സൗകര്യം – upi, നെറ്റ് ബാങ്കിംഗ്, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ വഴി എളുപ്പത്തിലുള്ള പണവിനിമയ സൗകര്യവും അവയുടെ പ്രചാരവും കാരണം വളരെ വേഗത്തില്‍ പണം നല്‍കാന്‍ കഴിയുന്നു.
ഗെയിം അഡിക്ഷന്റെ ദോഷഫലങ്ങള്‍
♠ പാസിവിറ്റി ഫിനോമിയ – ജഡ തുല്യനായി മറ്റുള്ളവരുടെ നിര്‍ദ്ദേശമനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന അവസ്ഥയാണിത്. തങ്ങളുടെ ചിന്തകളും പ്രവൃത്തികളും ഒരു ബാഹ്യ വ്യക്തിയാണ് നിയന്ത്രിക്കുന്നത് എന്നിവര്‍ കരുതുന്നു.
♠ ശുചിത്വമില്ലായ്മ – വ്യക്തിഗത ശുചിത്വം കുറയുന്നു.
♠ പഠന വൈകല്യം – പഠിക്കുവാനും സ്‌കൂളില്‍ പോകുവാനുമുള്ള മടി. തുടര്‍ച്ചയായി പഠന നിലവാരത്തിലുള്ള പിന്നോട്ട് പോക്ക്.
♠ കടക്കെണി – തുടക്കത്തില്‍ സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങള്‍ക്ക് ഒരു സ്റ്റേജ് കഴിഞ്ഞാല്‍ കമ്പനികള്‍ പണം ആവശ്യപ്പെടുന്നു. അതുപോലെ ഗെയിമിംഗില്‍ മറ്റുള്ളവരെ തകര്‍ക്കാനായി പുതിയ ആയുധങ്ങളും വസ്ത്രങ്ങളും എനര്‍ജിയും ലൈഫുമൊക്കെ വാങ്ങുവാനായി പ്രേരിപ്പിയ്ക്കുന്നു. അതിനുള്ള പണം കണ്ടെത്താനായി മാതാപിതാക്കളുടെ ബാങ്കിംഗ് സൗകര്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്ത കേസുകള്‍ നിരവധിയാണ്. ഒരു പരിധി വിട്ട് മുന്നോട്ട് പോയി ആത്മഹത്യയില്‍ എത്തിച്ചേര്‍ന്നവര്‍ തന്നെ ധാരാളമുണ്ട്.
♠ തകര്‍ക്കപ്പെടുന്ന മാനസികാരോഗ്യം – ഗെയിമിംഗ് ഡിസോഡറിന് ഇരയാക്കപ്പെടുന്നവരില്‍ ഉത്കണ്ഠ (anxiety), സമ്മര്‍ദ്ദം (Stress), വിഷാദരോഗം (Depression), ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ കൂടി വരുന്നു. പബ്ജി പോലെയുള്ള റോള്‍ പ്ലെയിംഗ് ഗയിമുകള്‍ കൂടുതല്‍ കളിക്കുമ്പോള്‍ ഉണ്ടാകുന്ന അഡ്രിനാലിന്‍ റഷ് എപ്പോഴും ആക്രമകാരിയായിരിക്കാനുള്ള വാസന ഉണ്ടാകുന്നു. മസ്തിഷ്‌കം സ്വയം ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകരിക്കാന്‍ പരിശീലിക്കപ്പെടുന്നു.
♠ കാറ്റത്തെ കരിയില പോലത്തെ മാനസികാവസ്ഥ – സ്വയം നിയന്ത്രിക്കാനാവാത്ത മാനസികാവസ്ഥ. അസ്വസ്ഥത, ദേഷ്യം, അക്രമം തുടങ്ങിയവയിലേക്ക് പെട്ടെന്ന് തന്നെ വഴുതിവീഴുന്നു.
♠ഊര്‍ജ്ജസ്വലതയും ഏകാഗ്രതയും ആവേശവും നഷ്ടപ്പെട്ട് വാടിയ ചേമ്പില പോലാകുന്നു.
♠ തകര്‍ന്നു പോകുന്ന ബന്ധങ്ങള്‍ – വെര്‍ച്ച്വല്‍ ലോകത്തെ സൗഹൃദങ്ങളില്‍ മുഴുകുന്നതോടെ തനിക്ക് ചുറ്റുമുള്ള പ്രിയപ്പെട്ടവരെ മറക്കുന്നു, അവഗണിക്കുന്നു.
♠ താളം തെറ്റുന്ന ജീവിതം – കളി യോടുള്ള അമിത താത്പര്യം കാരണം ഉറക്കമില്ലായ്മയും കൃത്യമായ ഭക്ഷണ ശീലമില്ലായ്മയും ഉണ്ടാകുന്നു. ഇത് പതിയെ ആരോഗ്യത്തെയും മാനസിക നിലയേയും തകര്‍ക്കുന്നു.
♠ ഏകാന്തതയുടെ കൂട്ടുകാര്‍ – കളിയോടുള്ള ഭ്രമം കാരണം സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നത്ര ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നു.
♠ ശാരീരിക പ്രശ്‌നങ്ങള്‍ – തുടര്‍ച്ചയായ സ്‌ക്രീന്‍ ഉപയോഗം കാരണം കണ്ണുകള്‍ക്ക് വരള്‍ച്ച, കാഴ്ചക്കുറവ്, കണ്‍മസില്‍ വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കാണാം. കൈവിരലുകളിലും കൈത്തണ്ടയിലും മരവിപ്പിനും വേദനയ്ക്കും കാരണമാകുന്ന അവസ്ഥ (Carpel Tunnel Syndrome) ഉണ്ടാകുന്നു. വിട്ടുമാറാത്ത തലവേദനയും ക്ഷീണവും കൂട്ടുകാരാകുന്നു. നടുവേദന, കഴുത്ത് വേദന തുടങ്ങിയ ഓര്‍ത്തോ പ്രശ്‌നങ്ങള്‍ കൂടി വരുന്നു.
♠ ബൗദ്ധിക ആരോഗ്യ പ്രശ്‌നങ്ങള്‍ – കൃത്യമായും, ശരിയായും കാര്യങ്ങളെ സമീപിക്കുന്ന വിമര്‍ശനാത്മക ചിന്താശേഷിയേയും, ബുദ്ധിയേയും, വികാരങ്ങളെയും വികലമായി ബാധിക്കുന്നു. കപട വ്യക്തിത്വം പ്രകടിപ്പിക്കുന്നു. യഥാര്‍ത്ഥ ലോകത്തെ പ്രശ്‌നങ്ങള്‍ നേരിടാനും പരിഹരിക്കാനുമുള്ള ശേഷിയില്ലായ്മയും ഒളിച്ചോട്ടവും. പരാജയങ്ങളെ നേരിടാനും അംഗീകരിക്കാനും കരുത്തില്ലായ്മ.
ഗെയിം അഡിക്ഷന്‍ – പരിഹാരമാര്‍ഗ്ഗങ്ങള്‍
മദ്യം, മയക്കുമരുന്ന്, ചൂതാട്ടം ഇവയോടുള്ള ആസക്തി പോലെ തന്നെ വളരെ ശ്രദ്ധയോടെ പതിയെ പതിയെ ഇരയെ പുറത്ത് കൊണ്ടുവരേണ്ട ഒന്നു തന്നെയാണ് ഗേമിംഗ് ഡിസോര്‍ഡര്‍.
♠ കളിക്കുന്ന സമയ പരിധി നിയന്ത്രിക്കുക. കുട്ടികളാണെങ്കില്‍ അവരോടൊപ്പം ചേര്‍ന്ന് സമയം ക്ലിപ്തമാക്കാന്‍ സഹായിക്കുക.
സ്ഥ മാതാപിതാക്കള്‍ കുട്ടികളുടെ മുന്നില്‍ വച്ചുള്ള മൊബൈല്‍ ഉപയോഗം കുറയ്ക്കുകയും കൂടുതല്‍ സമയം അവരോട് ചെലവഴിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
♠ കുട്ടികളോട് അവരുടെ ഗെയിം സുഹൃത്തുക്കളെ കുറിച്ചും ഗെയിമിനെ കുറിച്ചും സംസാരിയ്ക്കുക. മാതാപിതാക്കളെക്കാള്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കുട്ടികളാകും. അതിനാല്‍ അതില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മനസ്സിലാക്കുകയും അവരോട് ആശയ വിനിമയം നടത്തുകയും വേണം.
♠ രാത്രി കാലത്ത് കിടപ്പ് മുറിയില്‍ നിന്ന് മൊബൈല്‍ മാറ്റിവയ്ക്കുക.
♠ വ്യായാമം, ഗാര്‍ഡനിംഗ്, വായന തുടങ്ങിയവയ്ക്ക് കൂടുതല്‍ സമയം നല്‍കുക.
♠ ആക്ഷന്‍, റേസിംഗ് തുടങ്ങിയ ഗെയിമുകളില്‍ നിന്ന് ഒഴിവാക്കി ബുദ്ധി വികാസത്തിന് ഉതകുന്ന ബ്രയിന്‍ – മെമ്മറി ഡെവലപ്പിംഗ് ഗെയിമുകളിലേക്ക് ശ്രദ്ധ കൊണ്ടുവരിക.
♠ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും കരച്ചില്‍ മാറ്റാനും മൊബൈല്‍ പരിഹാരമായി നല്‍കാതിരിക്കുക.
നിങ്ങളോ, നിങ്ങളുടെ പ്രിയപ്പെട്ടവരോ ഗെയിമിങ്ങ് ഡിസോഡറിന് കീഴ്‌പ്പെട്ടുവോ എന്നറിയാന്‍ കൃത്യമായ നിരീക്ഷണം തന്നെ വേണം.
1. കളിയ്ക്കാനുള്ള വ്യഗ്രത കാണിയ്ക്കല്‍
2. ഗെയിം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ, കളിക്കാന്‍ അനുവദിക്കാതിരിക്കുമ്പോഴോ ഉണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകള്‍.
3. സന്തോഷം ലഭിക്കാനായി കൂടുതല്‍ സമയം ഗെയിമിനായി ചിലവിടേണ്ടി വരുന്ന അവസ്ഥ.
4. ഗെയിമിങ്ങ് സമയം കുറയ്ക്കാനോ നിര്‍ത്താനോ സാധിയ്ക്കാത്ത നില.
5. മുന്‍പ് സന്തോഷം കണ്ടെത്തിയിരുന്ന കാര്യങ്ങളില്‍ താത്പര്യമില്ലാത്ത സ്ഥിതി.
6. ജോലിയിലും പഠനത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ഗെയിമിങ്ങിന് നല്‍കല്‍.
7. ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും കളി തുടരല്‍.
8. കളിക്കാന്‍ വിനിയോഗിച്ച സമയത്തെക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും നുണ പറയല്‍.
9. കുറ്റബോധം, നിരാശ തുടങ്ങിയ വികാരങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഗെയിമിനെ ആശ്രയിക്കല്‍ .
10. ഗെയിമിങ്ങ് കാരണം ജോലി, പഠനം, ബന്ധങ്ങള്‍ തുടങ്ങിയ ഏതെങ്കിലും നഷ്ടപ്പെടുകയോ, മോശമായി മാറുകയോ ചെയ്യല്‍.
ഇവയിലേതെങ്കിലും ഒക്കെ നമുക്കോ, പ്രിയപ്പെട്ടവര്‍ക്കോ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് സ്വയം ഇതില്‍ നിന്ന് പുറത്ത് ചാടാന്‍ സാധിക്കുമെങ്കിലും കുട്ടികളെ ഇവയില്‍ നിന്ന് മോചിപ്പിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമായി വരും.
നമ്മുടെ കരുതലും ശ്രദ്ധയും കൊണ്ടും ഗെയിമിങ്ങ് അഡിക്ഷന്‍ മാറിയില്ലെങ്കില്‍ വൈദ്യസഹായം തേടുക തന്നെ വേണം. കാരണം ഗെയിമിങ്ങ് എന്നത് ഒരു ആസക്തിയാണ്. പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടും, ഒരു വസ്തുവിന്റെയോ പെരുമാറ്റത്തിന്റെയോ ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവില്ലായ്മയാണ് ആസക്തി എന്നത്. ഈ ആസക്തി കളിക്കുന്നയാള്‍ക്ക് ഉണ്ടാക്കുന്ന തരത്തിലാണ് ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഗെയിമിങ്ങ് മസ്തിഷ്‌കത്തില്‍ ഡോപാമൈന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. നമുക്ക് താല്‍പര്യവും, ശ്രദ്ധയും, സന്തോഷവും പകരുന്ന ഹോര്‍മോണാണിത്. ഇത് നമ്മെ കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. തുടര്‍ച്ചയായ ഗെയിമിങ്ങിന്റെ ഫലമായി ഡോപാമൈന്‍ ഉണ്ടായി കൊണ്ടിരിക്കുന്നത് മസ്തിഷ്‌കം നിയന്ത്രിക്കുന്നതിനാല്‍ കൂടുതല്‍ സമയം കളിക്കുമ്പോള്‍ മാത്രമേ നമുക്ക് മുന്‍പ് അനുഭവിച്ച സന്തോഷം ലഭിക്കുന്നുള്ളൂ. ഇത്തരം സാഹചര്യത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കൗണ്‍സിലിംഗ്, മെഡിറ്റേഷന്‍ തുടങ്ങിയവയുടെ സഹായം വേണ്ടി വന്നാല്‍ തേടുക തന്നെ ചെയ്യണം. ഭാരതത്തിലെ നിരവധി സര്‍ക്കാരുകളും ഏജന്‍സികളും ചേര്‍ന്ന് ഈ അഡിക്ഷനില്‍ നിന്ന് വ്യക്തികളെ മോചിപ്പിക്കുന്നതിന് സഹായകമായ നിരവധി കേന്ദ്രങ്ങള്‍ തുറക്കുകയും മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.
നിയമങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഇവയ്ക്ക് കടിഞ്ഞാണിടാന്‍ ഭരണ സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശസ്ത കവി മധുസൂദന്‍ നായര്‍ എഴുതിയപോലെ,
”നീ തന്നതു യന്ത്രത്തല
യും പൊട്ടുന്ന ബലൂണും
മാത്രം
നീ തന്നത് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം,
ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം
മാറാത്ത മയക്കം മാത്രം.”
എന്ന് വരും തലമുറ നമുക്ക് നേരെ വിരല്‍ ചൂണ്ടി വിലപിക്കാതിരിക്കാന്‍ കണ്ണും കാതും തുറന്ന് നമുക്ക് കാവലാളാകാം.