കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 7ന് ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തെകുറിച്ച് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണം (തുടര്‍ച്ച).
പരിഭാഷ: ഷാബുപ്രസാദ്
ഞാന്‍ പറഞ്ഞല്ലോ.. ഞങ്ങള്‍ക്ക് എല്ലായിടത്തും സുഹൃത്തുക്കളുണ്ട്. പക്ഷേ ഞങ്ങള്‍ ഒന്നിലും ഇടപെടാതെ ലോകസംഗ്രഹം അഥവാ വ്യക്തിനിര്‍മ്മാണം എന്ന ഏക പ്രവൃത്തിയില്‍ മാത്രം ഉറച്ചുനില്‍ക്കുന്നു. എല്ലായിടത്തും സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ധാരാളം കാര്യങ്ങളില്‍ കൃത്യമായ അകലം പാലിക്കുന്നു. നല്ല സ്വയംസേവകര്‍ പലയിടത്തും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എങ്കിലും അവിടെയും ഞങ്ങള്‍ നിശ്ചിത അകലം പാലിക്കുന്നു. ഞങ്ങള്‍ അവരെ സഹായിക്കാറുണ്ട്. പക്ഷെ ആ സഹായം പോലും ഈ അകലം പാലിച്ചുകൊണ്ടാണ്. അതായത് ഈ സംഘടന കൃത്യമായി ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ സംഘടനയെ മുന്‍നിര്‍ത്തിയല്ല.
പ്രസിദ്ധമായ ഒരു മുദ്രാവാക്യം ഞാനിവിടെ പറയാം..’രാഷ്ട്രഭക്തി തേരാ നാം ആര്‍എസ്എസ്’ എന്നതാണത്. ഇങ്ങനെയൊരു മുദ്രാവാക്യം കേട്ടപ്പോള്‍ ഞങ്ങളുടെ അന്നത്തെ സര്‍സംഘചാലകന്‍ അത് തടഞ്ഞു. അദ്ദേഹം പറഞ്ഞത് രാഷ്ട്രഭക്തി എന്നത് നമ്മുടെ കുത്തകയല്ല, ഓരോ ഭാരതീയനും രാഷ്ട്രഭക്തനാണ് എന്നാണ്. അതായത്, ഞങ്ങള്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നു, പക്ഷെ സംഘത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. പകരം നമ്മുടെ രാഷ്ട്രത്തിനുവേണ്ടിയാണ്, ഈ രാഷ്ട്രം പ്രവര്‍ത്തിക്കുന്നത് ഈ ലോകത്തിനുവേണ്ടിയാണ്, മാനവരാശിക്കുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ സംഘടനക്ക് വ്യക്തികേന്ദ്രീകൃതമാകാന്‍ കഴിയുകയില്ല. ആള്‍ക്കാര്‍ വരും, പോകും.പക്ഷെ സംഘം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എന്തുകൊണ്ടെന്നാല്‍ സംഘം പ്രവര്‍ത്തിക്കുന്നത് കൃത്യമായ ലക്ഷ്യബോധത്തോടെയാണ്. ഞങ്ങള്‍, സംഘസ്വയംസേവകര്‍ സുഹൃത്തുക്കളാണ്, അല്ല സഹോദരങ്ങള്‍ ആണ്, അല്ല അതിലപ്പുറവും ആണ്. ഞങ്ങള്‍ ഈ ബന്ധങ്ങള്‍ക്ക് വേണ്ടി മരിക്കാനും തയ്യാറാണ്. പക്ഷെ ഈ ബന്ധങ്ങള്‍ എന്ന് പറയുന്നത് മേല്‍പ്പറഞ്ഞ, സമ്പൂര്‍ണ്ണ വൈഭവമാര്‍ന്ന ഭാരതം അഥവാ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമാണ്. അതാണ് നമ്മുടെ ലക്ഷ്യം. നമ്മള്‍ ആ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് നമ്മള്‍ സുഹൃത്തുക്കളായിരിക്കുന്നത്.
അങ്ങനെയുള്ള ഒരു സംഘടന കെട്ടിപ്പടുക്കാന്‍ നമുക്ക് പ്രകാശം ചൊരിയുന്ന മാതൃകകള്‍ ആവശ്യമാണ്. അങ്ങനെയുള്ള മാതൃകകളെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനുള്ള ലളിതമായ മാര്‍ഗ്ഗം നാമോരോരുത്തരും മാതൃകകളായി മാറുക എന്നതാണ്. മാതൃകകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം മാതൃകകള്‍ ആകണം.അതിന്, നാം ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യുക എന്നതാണ്. സ്വയം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയാന്‍ പാടില്ല.സംഘത്തില്‍, നമ്മുടെ വര്‍ഗ്ഗുകളില്‍, പലപ്പോഴും പൊതുവേദികളിലും ധാരാളം ബൗദ്ധിക്കുകള്‍ നടക്കാറുണ്ട്. ഇവിടെയെല്ലാം, ഞങ്ങള്‍ ഈ കേള്‍ക്കുന്നതെല്ലാം മുന്‍പ് തന്നെ അനുഭവിച്ചറിഞ്ഞവയാണ്. പ്രഭാഷണങ്ങള്‍ ശ്രവിച്ചല്ല ഞങ്ങളാരും സംഘത്തിലേക്ക് വന്നത്. ഞങ്ങള്‍ ആദ്യം സംഘത്തിലേക്ക് വന്നത് കളിക്കാന്‍ ആണ്, ചില സുഹൃത്തുക്കളെ കണ്ടിട്ടാണ്. ബഹുമാന്യ അധ്യക്ഷന്‍ ഇവിടെ പറഞ്ഞു, എങ്ങനെയാണ് അദ്ദേഹത്തിന് സംഘ കാര്യകര്‍ത്താക്കളോട് അടുപ്പം തോന്നിയത് എന്ന്. അതിലൂടെയാണ് നമ്മുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ ഞങ്ങള്‍ ആ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
ബൗദ്ധിക്കുകളും, ആശയങ്ങളും, തത്വങ്ങളുമെല്ലാം ഞങ്ങള്‍ കേള്‍ക്കുന്നത് വളരെ സമയത്തിന് ശേഷമാണ്. അങ്ങനെയുള്ള ബൗദ്ധിക്കുകളുടെ ഓരോ വരി കേള്‍ക്കുമ്പോഴും ഞങ്ങള്‍ക്ക് ചില ഓര്‍മ്മകള്‍ ഇരച്ചെത്തും, ഇത് ഞങ്ങള്‍ കണ്ടിട്ടുണ്ടല്ലോ, ഇത് ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ടല്ലോ എന്നെല്ലാം ഓര്‍ക്കും. മുന്‍പ് പറഞ്ഞ മാതൃകകളിലൂടെ ഇതെല്ലാം കണ്ടും കേട്ടും തൊട്ടറിഞ്ഞതുമാണ്. ഞങ്ങളുടെ ഒരു ക്യാമ്പില്‍ വെച്ച് ഒരു അധികാരി ശിക്ഷാര്‍ത്ഥികളോട് ഒരു ചോദ്യം ചോദിച്ചു. രാത്രിയില്‍ നിങ്ങള്‍ ധാരാളം നക്ഷത്രങ്ങളെ കാണുന്നുണ്ട്. എന്നാല്‍ പകല്‍ ഒരേയൊരു നക്ഷത്രം മാത്രമേ ഉള്ളൂ. എന്നിട്ടും എന്തുകൊണ്ടാണ് പകല്‍ പ്രകാശമാനമായിരിക്കുന്നത്?
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു എങ്കിലും എങ്കിലും അവര്‍ പറഞ്ഞ ഉത്തരം കൃത്യമായിരുന്നു. സൂര്യന്‍ വളരെ അടുത്ത് നില്‍ക്കുന്നതുകൊണ്ടും അത് സ്വയം പ്രകാശിക്കുന്നതുകൊണ്ടുമാണ് നമുക്ക് ചൂടും വെളിച്ചവും ലഭിക്കുന്നത്. ചന്ദ്രന്‍ സൂര്യനെക്കാള്‍ അടുത്താണ് എങ്കിലും അത് സ്വയം പ്രകാശിക്കുന്നില്ല, സൂര്യനെ പ്രതിഫലിപ്പിക്കുന്നതെ ഉള്ളൂ.അതുകൊണ്ട് ചന്ദ്രന്‍ സൂര്യനെ കാണാത്ത സമയം ഇരുട്ടാണ് അമാവാസിയാണ്. സൂര്യനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ ധാരാളമുണ്ട്. പക്ഷെ അവയെല്ലാം വളരെ അകലെയാണ്. സൂര്യന്‍ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവുമടുത്തുള്ള നക്ഷത്രം ആല്‍ഫ സെന്‍ടൂറി ആണ്. അതുപോലും മുപ്പത് പ്രകാശവര്‍ഷം അകലെയാണ്. അവിടെനിന്നുള്ള പ്രകാശം ഭൂമിയേലെത്തുന്നതിനു വളരെ മുമ്പ് പല വഴിക്ക് ചിതറിപ്പോകുന്നു. പിന്നെ നമ്മള്‍ കാണുന്നത് മുപ്പത് വര്‍ഷം മുമ്പുള്ള പ്രകാശമാണ്. ഇപ്പോഴവിടെ എന്താണുള്ളത് എന്ന് നമുക്ക് കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് പറയുന്നത്, നമ്മള്‍ നല്ല സുഹൃത്തുക്കളായിരിക്കണം, നാം പരസ്പരം അടുത്തിരിക്കണം എന്ന്.
സംഘത്തിന്റെ പ്രവര്‍ത്തനപദ്ധതി എന്നത് മേല്‍പ്പറഞ്ഞതുപോലുള്ള നല്ല സൗഹൃദങ്ങളെ സൃഷ്ടിക്കലും വളര്‍ത്തലുമാണ്. മോശമായ വഴികളിലൂടെ സഞ്ചരിക്കുന്നതില്‍ നിന്ന് സുഹൃത്തുക്കളെ തടയുക, എന്നിട്ട് അവന്റെ നന്മക്ക് വേണ്ടി നേരായ വഴികളിലേക്ക് കൊണ്ടുവരാനുള്ള പ്രവൃത്തികള്‍ ചെയ്യുക. അവനു ചില കുറവുകള്‍ ഉണ്ടാകാം. കൂട്ടുകാര്‍ക്ക് മാത്രമറിയാവുന്ന ചില രഹസ്യങ്ങള്‍ ഉണ്ടാകാം. പക്ഷെ അതൊരിക്കലും അവര്‍ പുറത്തു ചര്‍ച്ചാവിഷയമാക്കില്ല. തങ്ങളുടെ സൗഹൃദത്തിലൂടെ അവന്റെ കുറവുകളെ നികത്തിയെടുക്കും. എന്നാല്‍ അവനിലെ ഗുണങ്ങള്‍, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായും പങ്കുവെക്കും. നമ്മുടെ കൂട്ടുകാരന് ആ കഴിവുണ്ട്, അവനത് ചെയ്യാന്‍ കഴിയും എന്നൊക്കെ. കൂടാതെ അവനില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി അതിനെ വളര്‍ത്തി ക്രിയാത്മകമാക്കണം.അവന്റെ കഷ്ടതകളില്‍ അവനെ വിട്ടുപോകാതെ അവനെ സമയത്ത് സഹായിക്കണം. ഇതൊക്കെയാണ് യഥാര്‍ത്ഥ സുഹൃത്തിന്റെ ലക്ഷണം. മാതൃകകളുമായുള്ള ഈ സൗഹൃദം അവനെ ശരിയായ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും.
ഇങ്ങനെയാണ് ഒരു സാധാരണക്കാരന്‍, ഒരു സാധാരണസ്വയംസേവകന്‍ സംഘമാര്‍ഗ്ഗം പിന്തുടരുന്നത്. അതിന്റെ വേഗത നമ്മള്‍ നിയന്ത്രിക്കും. ഡോ.ഹെഡ്‌ഗേവാര്‍ എന്ന അസാധാരണ മനുഷ്യന്റെ പ്രധാന സവിശേഷതകള്‍ ഇവയൊക്കെയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അസാധാരണത്വം അദ്ദേഹം ഒരിക്കലും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അദ്ദേഹം ഒരു സാധാരണക്കാരനായിട്ടായിരുന്നു തുടര്‍ന്നത്. ആ കാലഘട്ടത്തില്‍ യുവതലമുറ വളരെ തിരക്കേറിയ സമയത്തിലൂടെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. സ്വാതന്ത്ര്യസമരം, വിപ്ലവപ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപരിച്ചിരുന്നവരെ ആരെയും അദ്ദേഹത്തിന് ലഭിച്ചില്ല. അദ്ദേഹത്തിന് കിട്ടിയത് സ്‌കൂളിലും കോളേജിലും പഠിച്ചുകൊണ്ടിരുന്ന കുട്ടികളെ മാത്രമായിരുന്നു. അവര്‍ക്കാര്‍ക്കും അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല, പക്ഷെ ഡോക്ടര്‍ജി എല്ലാ മേഖലകളിലും അനുഭവസമ്പന്നനായിരുന്നു.അതുകൊണ്ടുതന്നെ എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. പക്ഷെ എനിക്കെല്ലാം അറിയാം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ല, കാണിച്ചിരുന്നില്ല.
1925 ലെ വിജയദശമി ദിനത്തില്‍, കഷ്ടിച്ച് പത്തുമുപ്പതു പേര്‍ മാത്രം ചേര്‍ന്ന് സംഘപ്രവര്‍ത്തനം തുടങ്ങിയ ചടങ്ങിന് ശേഷം, എല്ലാവരും ഡോക്ടര്‍ജിയോട് ചോദിച്ചു, നാമിനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്. ഉത്തരം അദ്ദേഹത്തിനറിയാമായിരുന്നങ്കിലും അതിനദ്ദേഹം മറുപടി പറഞ്ഞത്, എനിക്കൊന്നും അറിയില്ല, നമുക്കെല്ലാം കൂടി തീരുമാനിക്കാം എന്നാണ്. അവരുടെയിടയില്‍ അവരിലൊരാളായി നിന്നുകൊണ്ടാണ് അദ്ദേഹം അവരെ നയിച്ചത്. മുന്‍ സര്‍സംഘചാലക് ബാലാസാഹിബ് ദേവറസ് ഒരിക്കലൊരു ബൗദ്ധിക്കില്‍ പറഞ്ഞതിങ്ങനെയാണ്.
ഞങ്ങള്‍ ഡോക്ടര്‍ജിയെ കാണുമ്പൊള്‍, ഞങ്ങള്‍ക്കറിയാമായിരുന്നു അദ്ദേഹം ഞങ്ങളെക്കാള്‍ ഗുണങ്ങള്‍ ഉള്ള ആളാണ് എന്ന്. രണ്ടു ചുവട് വെച്ചാല്‍ അതും ഞങ്ങള്‍ക്ക് നേടാവുന്നതേ ഉള്ളൂ എന്നാണ് തോന്നിയത്. ഞങ്ങള്‍ ശ്രമിച്ചു. അദ്ദേഹത്തിനൊപ്പമെത്തി എന്ന് തോന്നിയപ്പോള്‍ വീണ്ടും നോക്കിയപ്പോള്‍ മനസ്സിലായി വീണ്ടും രണ്ടു ചുവട് കൂടി ഉണ്ട് എന്ന്. അങ്ങനെയിങ്ങനെയിങ്ങനെ അദ്ദേഹം ഞങ്ങളെ ആയിരക്കണക്കിന് ചുവടുകള്‍ വെയ്പ്പിച്ചു. പക്ഷെ ഞങ്ങള്‍ക്ക് ഇപ്പോഴും രണ്ടു ചുവട് വെക്കുന്ന അനുഭവം മാത്രമേ തോന്നിയുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ സംഘത്തില്‍ വലിയ വലിയ കാര്യങ്ങളൊന്നും പഠിപ്പിക്കാറില്ല, ചെറിയ ചെറിയ കാര്യങ്ങളെ പഠിപ്പിക്കാറുള്ളു. ചെരിപ്പുകള്‍ നിരയായി വെയ്ക്കുക, ദക്ഷയില്‍ അനങ്ങാന്‍ പാടില്ല, ബൗദ്ധിക് നടക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ല എന്ന വളരെ നിസ്സാരവും ചെറുതും എന്ന് തോന്നുന്ന കാര്യങ്ങളേ സംഘത്തില്‍ പഠിപ്പിക്കാറുള്ളൂ. ചെറിയ നാണയത്തുട്ടുകളെ ശ്രദ്ധിച്ചാല്‍ നോട്ടുകെട്ടുകള്‍ പിന്നാലെ വന്നുകൊള്ളും എന്ന തത്വമാണത്.
ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മളെന്തോ ചെയ്യുകയാണ് എന്ന തോന്നല്‍ ആര്‍ക്കുമുണ്ടാകില്ല. പതുക്കെ ഇത് നമ്മുടെ സ്വഭാവമായി മാറും. വ്യക്തിനിര്‍മ്മാണം എന്നത് ബലം പ്രയോഗിച്ചു ചെയ്യേണ്ടതല്ല. അത് ഉള്ളില്‍ നിന്നും സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ടതാണ്. അതുകൊണ്ടാണ് അടിച്ചു പരത്തലിലൂടെയല്ല പകരം ജലരാശിയുടെ നൃത്തവിന്യാസം പോലെയാണ് വ്യക്തികളെ നിര്‍മ്മിച്ചെടുക്കേണ്ടത് എന്ന് പറയുന്നത്.
(തുടരും )