കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 7ന് ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തെകുറിച്ച് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണം.
പരിഭാഷ: ഷാബുപ്രസാദ്
ഇവിടെ എന്നോട് ഇംഗ്‌ളീഷില്‍ സംസാരിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഗ്‌ളീഷ് മനോഹരമായ ഭാഷയാണ്. പക്ഷെ അതെന്റെ മാതൃഭാഷയല്ല, മാത്രവുമല്ല ഭാരതീയതയെക്കുറിച്ച് പൂര്‍ണ്ണമായും വിശദീകരിക്കാന്‍ ഇംഗ്‌ളീഷ് ഭാഷക്ക് പരിമിതികളുണ്ട്. എങ്കിലും ഞാന്‍ ശ്രമിക്കുകയാണ്.
നമ്മുടെ ഇന്നത്തെ വിഷയം, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം എന്നതാണല്ലോ. സംഘം ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്ന സംഘടനയാണെന്ന് നമുക്കറിയാം. അപ്പോള്‍, എന്തുകൊണ്ട് ഹിന്ദു എന്ന ചോദ്യം സ്വാഭാവികമായി ഉയരും. സംഘം ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നത് നമ്മളെല്ലാം ഹിന്ദുക്കളായതുകൊണ്ടാണ് എന്നാണ് അതിനുള്ള ഉത്തരം. നമുക്ക് നമ്മുടേതായ ഭാഷകളും ജീവിതരീതികളും, ഭക്ഷണക്രമങ്ങളും, ജാതികളും ഉപജാതികളും മതങ്ങളും വിശ്വാസങ്ങളുമെല്ലാമുണ്ട്. പക്ഷേ ലോകത്തൊരിടത്തും ഇത്രയേറെ വൈവിധ്യങ്ങള്‍ ഒരുമിച്ചുപോകുന്നത് നമുക്ക് കാണാനാവില്ല. മറ്റെല്ലായിടത്തും അവര്‍ക്ക് പരമാവധി ചെയ്യാവുന്ന കാര്യം കുറച്ചു കാലത്തേക്ക് പരസ്പരം സമരസതയോടെ കഴിയാം എന്നതാണ്. എന്നാല്‍ ഭാരതീയര്‍ക്ക് ഇത് ജീവിതരീതി തന്നെയാണ്.
ജനം ബിഭ്രതീ ബഹുധാ വിവാചസം
നാനാ ധര്‍മ്മാണം പൃഥിവീ യഥൗകസം
സഹസ്രം ധാരാ ദ്രവിണസ്യ മേ ദുഹാം
ധ്രുവേവ ധ്യേനുരപസ്ഫുരന്തീ
(അഥര്‍വ്വ വേദം 12:1:45)
വിവിധ ജനവിഭാഗങ്ങള്‍ പല ഭാഷകള്‍ സംസാരിക്കുന്നു, വിവിധ ധര്‍മ്മങ്ങള്‍ ആചരിക്കുന്നു. എങ്കിലും ഈ ഭൂമി എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. എല്ലാര്‍ക്കും എല്ലാം നല്‍കുന്നു. ഈ ജീവിതരീതിയെ ആണ് ആധുനികകാലത്ത് ഹിന്ദുത്വം എന്ന് പറയുന്നത്. നമ്മുടെ മതങ്ങള്‍ വ്യത്യസ്തമാണ്, ജാതികള്‍ വ്യത്യസ്തമാണ്, ഭക്ഷണം വ്യത്യസ്തമാണ്, നാം ജീവിക്കുന്ന ഭൂപ്രകൃതികള്‍ വ്യത്യസ്തമാണ്. അങ്ങനെ എല്ലാം വ്യത്യസ്തമായിരിക്കുമ്പോഴും ചരിത്രാതീതകാലത്തിനു പിന്നില്‍ നിന്നുതന്നെ നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ഒഴുക്കില്‍ ഈ വൈവിധ്യം കൂടുന്നു. ഒരു ഭാഷ പല ഭാഷകളാകുന്നു അങ്ങനെ പലതും. എങ്കിലും നാം ഒന്നായിത്തന്നെ തുടരുന്നു. എന്തുകൊണ്ട്?കാരണം, ഇതാണ് നമ്മുടെ സംസ്‌കാരം, ഇതാണ് നമ്മുടെ സംസ്‌കൃതി.ഈ ഭൂമി എല്ലാ വൈവിദ്യങ്ങളെയും ഉള്‍ക്കൊള്ളുന്നു, എന്തിനെയും സ്വീകരിക്കുന്നു. എല്ലാവരെയും ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഭൂമിയെ നാം അമ്മ എന്ന് വിളിക്കുന്നു. ആ അമ്മയെ നാം ആരാധിക്കുന്നു. ഇപ്പറഞ്ഞ ദേശഭക്തി എന്നത് എല്ലാ മതങ്ങളിലും ജാതികളിലും ഒരേപോലെയാണ്.
ആധുനിക പഠനങ്ങള്‍ ആധികാരികമായി പറയുന്നു, നാല്പതിനായിരം വര്‍ഷങ്ങളായി നാം ഒരേ സംസ്‌കൃതിയുടെ ഭാഗമാണ്, നമ്മുടെ ഡിഎന്‍എ ഒന്നാണ് എന്ന്.അതായത്, നമ്മള്‍ ഒരു ജനതയാണ്, ഇത് നമ്മുടെ മാതൃഭൂമിയാണ്.നമ്മള്‍ വളര്‍ന്നത് ഒരേ സംസ്‌കാരത്തിലാണ്. നമ്മുടെ മതവിശ്വാസങ്ങള്‍ വ്യത്യസ്തമായിരിക്കാം. ഭാരതവും ലോകത്തെ മറ്റുള്ള സംസ്‌കാരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. നമ്മുടെ മതങ്ങള്‍ എന്തുതന്നെയായാലും ഇത് എവിടെയും വ്യക്തമായി കാണാന്‍ സാധിക്കും.അതാണ് ഹിന്ദുത്വം. അതാണ് ഹിന്ദുസമാജത്തിന്റെ സഹജഭാവം. ഹിന്ദുസമാജത്തെ സംഘടിപ്പിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല്‍ ഹിന്ദുസമാജത്തിന്റെ പുരോഗതി എന്നത് രാഷ്ട്രത്തിന്റെ തന്നെ പുരോഗതിയാണ്. ഒരു രാഷ്ട്രം പുരോഗതി പ്രാപിക്കുകയും ശക്തിശാലിയാകുകയും ചെയ്യുമ്പോള്‍ അത് സ്വാഭാവികമായി മറ്റ് രാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കും. പക്ഷെ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.
സൈനികമായും സാമ്പത്തികമായും ഒരുകാലത്ത് നാം ലോകത്തിലെ ഒന്നാമത്തെ രാഷ്ട്രമായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ മെക്‌സിക്കോ മുതല്‍ സൈബീരിയ വരെ എത്തിയിരുന്നു. പക്ഷെ ഒരിടത്തും അധിനിവേശം നടത്താനോ, മതപരിവര്‍ത്തനം നടത്താനോ നാം തുനിഞ്ഞിട്ടില്ല. ഒരു നാടിന്റെ സ്വാഭാവികതയെ മാറ്റിമറിക്കാനോ ഇല്ലാതാക്കാനോ നാം ശ്രമിച്ചിട്ടില്ല. എന്നാല്‍ അവിടെ എന്തെങ്കിലും കുറവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവ നികത്തുകയും അവയെ പരിഹരിക്കുകയും ചെയ്യുകയാണ് അവര്‍ ചെയ്തത്. നമ്മുടെ രീതി അതാണ്. അടല്‍ ബിഹാരി വാജ്പേയി തന്റെ ഒരു കവിതയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘നാം ഒരിക്കലും ഭൂമി കീഴടക്കിയിട്ടില്ല പകരം ഹൃദയങ്ങളാണ് കവര്‍ന്നത്’.
പക്ഷേ ലോകത്തിന് ഈ മൂല്യങ്ങള്‍ നല്‍കണമെങ്കില്‍ നമ്മള്‍ അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ട്.ലോകത്തിലെ മറ്റു വീക്ഷണങ്ങള്‍ക്ക് വലിയൊരു പ്രശ്‌നമുണ്ട്. ശരീരവും ബുദ്ധിയും മനസ്സും തമ്മില്‍ പരസ്പരബന്ധമില്ലാത്ത കാഴ്ചപ്പാടുകളാണ് അവിടെയുള്ളത്. നിങ്ങള്‍ക്ക് സമ്പത്തുണ്ടാക്കണമെങ്കില്‍ നി ങ്ങളുടേതായ പലതും മറക്കേണ്ടി വരും, നിങ്ങള്‍ക്ക് അപമാനങ്ങള്‍ സഹിക്കേണ്ടി വരും. നിങ്ങളുടെ മനസ്സിനെ പിന്നിലേക്ക് നിര്‍ത്തി ഫലങ്ങളെപ്പറ്റി മാത്രം ചിന്തിക്കേണ്ടി വരും. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കൂ. അപമാനങ്ങളെ നേരിടാതെ അഭിമാനത്തോടെ ജീവിക്കണമെങ്കില്‍ നിങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. അതായത്, ഭൗതികസുഖങ്ങളെ മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ മനസ്സും ബുദ്ധിയും എല്ലാം നഷ്ടപ്പെടും.എന്തുകൊണ്ടെന്നാല്‍ അവയ്ക്ക് പരസ്പരബന്ധമില്ല.
എന്തുകൊണ്ട് ഇതെല്ലാം ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്നില്ല, എങ്ങനെ നമ്മുടെ ജീവിതത്തോടൊപ്പം ആത്മസാക്ഷാത്കാരത്തിലേക്കു കൂടി എത്താന്‍ സാധിക്കും? അവിടെയാണ് ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്ന ഭാരതീയ സങ്കല്പങ്ങളുടെ പ്രസക്തി. ഇവയെല്ലാം പരസ്പരപൂരകമാകാത്തതാണ് വിദേശ കാഴ്ചപ്പാടുകളുടെ പ്രശ്‌നം. കഠിന തപസ്യയിലൂടെ നമ്മുടെ പൂര്‍വ്വികര്‍ ഇവ തമ്മിലുള്ള ബന്ധത്തെ തിരിച്ചറിഞ്ഞിരുന്നു.സ്വത്വം ഒന്നുതന്നെയാണ് എന്നതുകൊണ്ടുതന്നെ ഇവയെല്ലാം പരസ്പരബന്ധിതമാണ് എന്ന് അവര്‍ നമുക്ക് പറഞ്ഞുതന്നു.അതുകൊണ്ട് ധാരണകളല്ല പകരം പരസ്പരബന്ധമാണുള്ളത്. എനിക്ക് ഇത്ര തന്നാല്‍ നിനക്ക് ഞാന്‍ ഇന്നത് തരാം എന്നതല്ല യഥാര്‍ത്ഥ ജീവിതരീതി. ഞാന്‍ ഈ സമൂഹത്തിന്റെ ഭാഗമാണ്,പ്രകൃതിയുടെ ഭാഗമാണ്, ഈ ലോകത്തിന്റെ ഭാഗമാണ്. ഇവിടേക്ക് നമുക്ക് അധിനിവേശം നടത്താന്‍ കഴിയില്ല, നമുക്ക് ഇവിടെ സമരസപ്പെട്ട് ജീവിക്കുകയാണ് വേണ്ടത്, നമുക്ക് വേണ്ടത് ഇവിടെ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് ഈ സമൂഹത്തിനു വേണ്ടത്. നാം തിരിച്ചും നല്‍കണം. അത് നമുക്ക് നന്നായറിയാം. ഇന്നത്തെ ലോകത്തിനു വേണ്ടതും ഈ കാഴ്ചപ്പാടാണ്.
ഇപ്പോള്‍ കഴിഞ്ഞ ജി 20 ഉച്ചകോടിയില്‍ എല്ലാവരും സ്വീകരിച്ച കാഴ്ചപ്പാടാണ് വസുധൈവ കുടുംബകം എന്നത്. ആഗോള കമ്പോളത്തെ നന്നായി അറിയാവുന്ന അവര്‍ക്ക് ആഗോള കുടുംബം എന്നത് പുതിയ അറിവാണ്. അവര്‍ അത് തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും, അറിഞ്ഞിട്ടുണ്ടാകും. പക്ഷെ അവര്‍ ആരും തന്നെ മൂവായിരം വര്‍ഷത്തോളം ഈ കാഴ്ചപ്പാടില്‍ ജീവിച്ചിട്ടില്ല. അതാണ് നമ്മള്‍ ചെയ്തത്. നമുക്ക് ജീവിക്കണം, ജീവിച്ച് അഭിവൃദ്ധി പ്രാപിക്കണം. ആ അഭിവൃദ്ധി ലോകത്തിനു നല്‍കണം. അതായത്, ഈ മഹാജ്ഞാനത്തിന്റെ ഉറവിടം എന്ന നിലയിലാണ് ഹിന്ദുസമാജം സംഘടിക്കണം എന്ന് പറയുന്നത്. ഇത് ലോകത്തിനു നല്‍കേണ്ട ഉത്തരവാദിത്വം ഹിന്ദുവിനാണ്, അതിനുവേണ്ടി അവരെ തയ്യാറാക്കേണ്ടതുണ്ട്. അങ്ങനെയാണ് ഭാരതം മുന്നോട്ട് പോകേണ്ടത്.
ഇത് ഏതെങ്കിലും നയത്തിന്റെ അടിസ്ഥാനത്തിലോ നിയമങ്ങളുടെ അടിസ്ഥാനത്തിലോ സംഭവിക്കേണ്ടതല്ല. തീര്‍ച്ചയായും നല്ല നയങ്ങളും നിയമങ്ങളും ഉണ്ട്. പക്ഷെ അവയെല്ലാം മനുഷ്യനെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. അവന്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു, എങ്ങനെ ജീവിതത്തില്‍ പകര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അവ ഇരിക്കുന്നത്. താന്‍ ആര്‍ജ്ജിച്ചതും അറിഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കി അവന്‍ ജീവിക്കുക എന്നതാണ് പ്രധാനം. ആ കാര്യത്തില്‍ കുറഞ്ഞത് ആയിരം കൊല്ലമായി നാം ഏറെ പിന്നിലാണ്.
നല്ല ഒരു ഭാരതത്തെ കെട്ടിപ്പടുക്കാന്‍ മൂല്യബോധവും ഐക്യചിന്തയുമുള്ള സമൂഹം അത്യാവശ്യമാണ്. അതില്ലെങ്കില്‍ മികച്ച നേതാക്കളും, നല്ല ഭരണവും, നല്ല നയങ്ങളും ഉണ്ടെങ്കിലും പ്രയോജനമില്ല. അവര്‍ക്ക് ഒരു പരിധിവരെ മാത്രമേ ചെയ്യാന്‍ കഴിയൂ, അതിനപ്പുറം അവരും പരാജയപ്പെടും.അതിന്റെ കാരണം സമൂഹം നിലനില്‍ക്കുന്നത് വ്യക്തികളിലാണ് എന്നതിനാലാണ്. സമൂഹം ചലിക്കുന്നത് ബൗദ്ധികമായല്ല. കാരണം സാധാരണക്കാരായ മനുഷ്യര്‍ക്ക് ബൗദ്ധിക ചിന്തകളൊന്നും മനസ്സിലാകില്ല. അവനു വേണ്ടത് ഉദാഹരണങ്ങളും മാതൃകകളുമാണ്. ആശയങ്ങള്‍ പോലും അവനു ഉള്‍ക്കൊള്ളാനാവില്ല. കാരണം, ആശയങ്ങള്‍ എന്നത് സാധാരണക്കാര്‍ക്ക് എത്താന്‍ കഴിയാത്ത നക്ഷത്രങ്ങളെപ്പോലെയാണ്. എന്നാല്‍ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമനുസരിച്ചുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് വരയ്ക്കാന്‍ കഴിയും. അങ്ങനെ ആദര്‍ശങ്ങള്‍ക്കനുസരിച്ച്, സാധാരണക്കാര്‍ വരച്ച മാര്‍ഗ്ഗങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. അതിനനുസരിച്ച് ജീവിച്ച മഹദ് ജന്മങ്ങളുടെ ഒരു പരമ്പര തന്നെ നമ്മുടെ നാട്ടിലുണ്ട്.
ആദര്‍ശങ്ങള്‍ക്കനുസരിച്ചുള്ള മാര്‍ഗ്ഗം വരയ്ക്കുമ്പോള്‍ അതില്‍ ധാരാളം പ്രതിബന്ധങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരന്‍ അത് തെരഞ്ഞെടുക്കാന്‍ ധൈര്യപ്പെടില്ല. എന്നാല്‍ അവനെ അതിലൂടെ കൈപിടിച്ച് നടത്താനും പ്രോത്സാഹിപ്പിക്കാനും വിശ്വസ്തനായ ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ അതുവഴി മുന്നേറുക തന്നെ ചെയ്യും. അത് ഒരു കേവല മനഃശാസ്ത്രമാണ്. അതായത്, സമൂഹത്തെ സംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാന മാര്‍ഗ്ഗം എന്നത് ഇപ്പറഞ്ഞതുപോലെയുള്ള ആള്‍ക്കാരെ സൃഷ്ടിക്കുക എന്നതാണ്. അതായത് ഹിന്ദു സമാജത്തെ സംഘടിപ്പിക്കുക എന്നാല്‍, സാധാരണക്കാരുടെ ഇടയില്‍ നിന്ന് മാതൃകകളെ സൃഷ്ടിക്കുക എന്നതാണ്. ജീവിക്കുന്ന ഉദാഹരണങ്ങളെ സൃഷ്ടിക്കുക എന്നതാണ്. സാധാരണക്കാരില്‍ നിന്ന് എന്നുവെച്ചാല്‍ അവരിലെ സ്വഭാവശുദ്ധി, സമര്‍പ്പണം എന്നീ മാതൃകയാക്കാവുന്ന ഗുണങ്ങള്‍ എന്നര്‍ത്ഥം. ഇങ്ങനെയുള്ള മനുഷ്യരെ ആണ് നമുക്കാവശ്യം.ഒരു കവിതയുണ്ട്, അതില്‍ പറയുന്നു, നമുക്ക് യോഗ്യരായ മനുഷ്യരെ ആണ് വേണ്ടത്, സംവിധാനങ്ങളെ അല്ല. സമ്പന്നരെ അല്ല, പര്‍വ്വതതുല്യമായ വ്യക്തിത്വങ്ങളെ. അധികാരമുള്ളവരെ അല്ല, അനുഗൃഹീതമായ പുഞ്ചിരിയുള്ളവരെ… മനുഷ്യന്‍ മികച്ചതായാല്‍ എല്ലാം ശരിയാകും. അങ്ങനെയുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന വ്യക്തിനിര്‍മ്മാണമാണ് യഥാര്‍ത്ഥ സംഘടന ചെയ്യേണ്ടത്..
പ്രവൃത്തികളുടെ ഉദ്ദേശ്യശുദ്ധി വളരെ പ്രധാനമാണ്. നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി ഉദ്ദേശിക്കുന്ന ഫലം തരും. നന്നായി ജോലി ചെയ്യുന്ന ആള്‍ക്കാര്‍ ധാരാളമുണ്ട്, പക്ഷെ ഉദ്ദേശ്യം സ്വാര്‍ത്ഥതയാണങ്കില്‍, അവരുടെ ലക്ഷ്യം സ്വന്തം കാര്യം എന്നത് മാത്രമാകും. ഏതാനും മാസങ്ങള്‍ക്കകം തിര ഞ്ഞെടുപ്പ് വരികയാണ്. അപ്പോള്‍ ധാരാളം ആള്‍ക്കാര്‍ നിങ്ങളെ കൂപ്പുകൈകളോടെ സമീപിക്കും. നിങ്ങളെ സേവിക്കാന്‍ ഒരു അവസരം തരൂ എന്ന് അപേക്ഷിക്കും. നിങ്ങളവര്‍ക്ക് അവസരം കൊടുത്താല്‍, പിന്നെ അവര്‍ നിങ്ങളെ കാണാന്‍ വരുന്നത് അഞ്ച് വര്‍ഷത്തിന് ശേഷമാകും. എന്തുകൊണ്ടെന്നാല്‍, അവര്‍ക്കുള്ളത് സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മാത്രമാണ് എന്നതാണ്. അല്ലെങ്കില്‍ ഭയമുണ്ടാകണം. വഴിയില്‍ ഒരു ചുവന്ന സിഗ്‌നല്‍ കണ്ടാല്‍ ചെയ്യേണ്ടത് അവിടെ നില്‍ക്കുക എന്നതാണ്. പക്ഷെ അവിടെ ഒരു പോലീസുകാരന്‍ ഇല്ലെങ്കില്‍ നമ്മള്‍ അത് അനുസരിക്കില്ല. ഇത് നാം സാധാരണ കാണുന്ന കാര്യമാണ്. ശിക്ഷയെ ഭയന്ന് കാര്യങ്ങള്‍ ചെയ്യുക എന്നതാണത്.
അതായത് ചില സാഹചര്യങ്ങള്‍ നമ്മെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കാറുണ്ട്. ഈഗോയുടെ പേരില്‍ പോലും ചില മനുഷ്യര്‍ മികച്ച കാര്യങ്ങള്‍ ചെയ്യാറുണ്ട്. എനിക്ക് പദ്മഭൂഷണ്‍ ലഭിക്കുമോ പദ്മശ്രീ ലഭിക്കുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്, അതിനു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്. പക്ഷെ ഇതൊന്നും ശാശ്വതമല്ല, നിലനില്‍ക്കുന്നതുമല്ല. ആ മനോഭാവമല്ല നമുക്ക് വേണ്ടത്. ഈ മനോഭാവം നമ്മെ ദീര്‍ഘദൂരം കൊണ്ടുപോകില്ല. ഇതെന്റെ രാജ്യമാണ്, ഇതെന്റെ ജനങ്ങളാണ് എന്ന സ്‌നേഹത്തില്‍ അധിഷ്ഠിതമായ മനോഭാവം മാത്രമേ സമൂഹത്തിന് ആത്യന്തികമായ ഗുണങ്ങള്‍ വരുത്തുകയുള്ളു. ഇതല്ലാതെ അധികാരമോ പണമോ പ്രശസ്തിയോ ഒന്നും അവിടെ പ്രസക്തമേ അല്ല. അങ്ങനെ നൂറു ശതമാനം നിസ്വാര്‍ത്ഥമായി തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്ന മനുഷ്യര്‍ മാത്രമേ നല്ല ഫലങ്ങള്‍ കൊണ്ടുവരികയുള്ളൂ.
സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ അങ്ങനെയുള്ള ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഡോക്ടര്‍ജിയുടെ സമ്പാദ്യങ്ങള്‍ ഞങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് ഒരു അലമാരയുടെ നാല് അറകളിലായിട്ടായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മൂന്നെണ്ണത്തില്‍ അദ്ദേഹത്തിന് വന്നതും അദ്ദേഹം എഴുതിയതുമായ കത്തുകള്‍ ആയിരുന്നു. നാലാമത്തെ അറയില്‍ ഉണ്ടായിരുന്നത് പിഞ്ഞിത്തുടങ്ങിയ ഒരു കോട്ട്, മുഷിഞ്ഞ ഒരു ജോഡി ചെരിപ്പുകള്‍ ഒരു ലാത്തി എന്നിവ മാത്രം. ഇവയല്ലാതെ അദ്ദേഹത്തിന് ഒരു സമ്പാദ്യവും ഉണ്ടായിരുന്നില്ല. സംഘത്തിന്റെ ആദ്യ സര്‍സംഘചാലകനായ അദ്ദേഹം ഒരു പ്രശസ്തിയുടെയും പിന്നാലെ പോയിട്ടില്ല. അദ്ദേഹം ഒരിക്കലും ഞങ്ങളോട് എന്നെ അനുസരിക്കണം എന്ന് ആജ്ഞാപിച്ചിട്ടില്ല. അദ്ദേഹത്തിന് വേറെ ആഗ്രഹങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഈ മനുഷ്യനെ സൃഷ്ടിച്ച പ്രചോദനം മേല്‍പ്പറഞ്ഞ നിസ്വാര്‍ത്ഥ സ്‌നേഹം മാത്രമായിരുന്നു.
അങ്ങനെ നല്ല വ്യക്തികളെ സൃഷ്ടിക്കുന്ന വ്യക്തിനിര്‍മ്മാണമാണ് സംഘത്തില്‍ നടക്കുന്നത്. ലോക സംഗ്രഹം എന്നാണു നമ്മുടെ പാരമ്പര്യത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ആള്‍ക്കാരെ ശരിയായ പാതയിലേക്ക് വഴിതിരിച്ചുവിടുക എന്നാണ് അതിനര്‍ത്ഥം. ഇത് പ്രബോധനമല്ല. പ്രബോധനം വേറെയാണ്. സംഘടനക്ക് അതിന്റെതായ വ്യവസ്ഥകള്‍ ഉണ്ടാകും, സര്‍സംഘ് ചാലക്, സര്‍കാര്യവാഹ് അങ്ങനെ പല ചുമതലകളില്‍ ആള്‍ക്കാര്‍ ഉണ്ടാകും. പക്ഷെ സംഘടന എന്നാല്‍ ഇതൊന്നുമല്ല. സമാജത്തെ സേവിക്കാനാണ് നമ്മള്‍ സംഘടന ഉണ്ടാക്കിയിരിക്കുന്നത്. സമാജത്തെ സേവിക്കുന്നതിലൂടെ ലോകത്തെ സേവിക്കുക എന്നത് കൂടിയാണ് നടക്കുന്നത്. സങ്കല്‍പ്പത്തിലും യാഥാര്‍ഥ്യത്തിലും സമാജസേവനം എന്നത് ലോകസേവനം തന്നെയാണ്. അതെ സമയം ഇത് സ്വതന്ത്രവുമായിരിക്കണം. ഇല്ലെങ്കില്‍ പലവിധ താല്പര്യങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. സംഘടന എപ്പോഴും എല്ലാറ്റിനെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരിക്കണം. അതിന് അത് എപ്പോഴും സ്വതന്ത്രമായിരിക്കണം. അത് സ്വതന്ത്രമായി ചലിക്കാനും സ്വയം പ്രവര്‍ത്തിക്കാനും കഴിയുന്നതായിരിക്കണം. രാഷ്ട്രം അഭിവൃദ്ധിപ്പെടണമെങ്കില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പക്ഷെ ഈ കാര്യങ്ങള്‍ സംഘടനയെ ബാധിക്കാന്‍ പാടില്ല. ഇത് ഉപാധികള്‍ ആണ്. ഉപാധികള്‍ എന്നത് ലക്ഷ്യങ്ങള്‍ അല്ല. പക്ഷേ നമുക്കത് ആവശ്യവുമാണ്. അതായത്, സംഘടനാ ഉപാധികളില്‍ കൂടി കടന്നുപോകുമ്പോള്‍ അതില്‍ മുഴുകാതെ ശ്രദ്ധിക്കണം. സംഘം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു സംഘടന എന്ന നിലയില്‍ വ്യക്തിനിര്‍മ്മാണം എന്നതല്ലാതെ മറ്റൊരു കാര്യത്തിലും സംഘം ഇടപെടാറില്ല. ബഹുമാന്യ അധ്യക്ഷന്‍ ഇവിടെ ധാര്‍മ്മിക നേതൃത്വത്തെക്കുറിച്ചു പറഞ്ഞു. ഞങ്ങള്‍ക്ക് ഒന്നിന്റെയും നേതൃത്വം ഇല്ല. ഞങ്ങള്‍ക്ക് എല്ലായിടത്തും സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ ആ സൗഹൃദങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കാറില്ല. ഞങ്ങള്‍ ഒന്നിനെയും നിയന്ത്രിക്കാറുമില്ല. ഞങ്ങള്‍ ഇതൊക്കെ തുടങ്ങിയാല്‍, ഞങ്ങളുടെ അടിസ്ഥാനപ്രവര്‍ത്തനത്തെ അത് ബാധിക്കും.
(തുടരും)