കോഴിക്കോട്: ഭരണവും നിയമവും കൊണ്ട് രാഷ്ട്രനിര്‍മ്മാണം സാധ്യമാവില്ലെന്നും അതിന് വ്യക്തിനിര്‍മ്മാണം കൂടി വേണമെന്നും ആര്‍.എസ്.എസ്. ശാഖകളിലൂടെ നടത്തുന്നത് ഈ പ്രവര്‍ത്തനമാണെന്നും സര്‍സംഘചാലക് പറഞ്ഞു. കേസരി വാരികയുടെ അമൃതശതം പ്രഭാഷണപരമ്പരയില്‍ ‘ആര്‍.എസ്.എസ്സിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയിലെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. വൈവിധ്യങ്ങള്‍ക്കപ്പുറം നമ്മെ ഒരുമിപ്പിക്കുന്നത് അനാദിയായ നമ്മുടെ സംസ്‌കൃതിയാണ്. ഭാരതത്തിലുള്ളവരെല്ലാം ഈ സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളായതുകൊണ്ടാണ് ആര്‍.എസ്.എസ് ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന സംഘടനയായത്.
ജി-20യില്‍ വസുധൈവ കുടുംബകം എന്നത് വിദേശരാജ്യങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത് ലോകത്തിന് നല്‍കാന്‍ ഭാരതം നിലനില്‍ക്കണം.
സംഘടന ഒരിക്കലും സംഘടനയ്ക്ക് വേണ്ടിയാകരുത്. ആര്‍.എസ്.എസ് ഒന്നിന്റെയും തലപ്പത്തില്ല. ഒന്നിനെയും നിയന്ത്രിക്കുന്നുമില്ല. സമ്മര്‍ദ്ദമല്ല, സ്‌നേഹമാണ് ആര്‍.എസ്.എസ്സിന്റെ രീതി. ചുമതലകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വയംസേവകര്‍ എല്ലായ്‌പ്പോഴും സ്വയംസേവകരായിരിക്കും. മറ്റുള്ളവര്‍ക്ക് മാതൃകയായി മാറാന്‍ ഓരോ സ്വയംസേവകനും കഴിയണം.
സംഘപ്രവര്‍ത്തകര്‍ ഓരോ വര്‍ഷവും സമര്‍പ്പിക്കുന്ന ഗുരുദക്ഷിണയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. സംഘം ആരോടും പണം വാങ്ങാറില്ല. ആവശ്യം വരുമ്പോള്‍ സമൂഹം സഹായിക്കുന്നു. എല്ലാ വിഷയങ്ങളിലും സംഘം അഭിപ്രായം പറയാറില്ല. എന്നാല്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും മാനവികതയ്ക്കും നേട്ടമുണ്ടാകുന്ന വിഷയങ്ങളില്‍ സംഘം അഭിപ്രായം പറയുകയും ചെയ്യും – മോഹന്‍ ഭാഗവത് പറഞ്ഞു.
മഹത്തായ ജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വേദ പാരമ്പര്യത്തിന്റെ ചരിത്രമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷപദവി അലങ്കരിച്ച ഡോ.ജോണ്‍ ജോസഫ് ഐ.ആര്‍.എസ് (റിട്ട.) പറഞ്ഞു. ഭാരത സംസ്‌കാരത്തില്‍ വേരൂന്നിയ സംഘടനകള്‍ എക്കാലവും നിലനില്‍ക്കും. അദ്ദേഹം തുടര്‍ന്നു.
അമൃതശതം പ്രഭാഷണ പരമ്പരയുടെ സംഘാടക സമിതി അദ്ധ്യക്ഷന്‍ പി.എന്‍ ദേവദാസ് (മുന്‍ ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍) ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.പി.കെ. ശ്രീകുമാര്‍ സര്‍സംഘചാലകിന് കേസരിയുടെ സ്‌നേഹോപഹാരം നല്‍കി. കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ജോണ്‍ ജോസഫിന് രശീതി നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു.
കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു സ്വാഗതവും അഡ്വ.പി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട പ്രൗഢ സദസ്സ് പ്രഭാഷണ പരമ്പരയില്‍ ശ്രോതാക്കളായി പങ്കെടുത്തു. കേസരി ഭവനിലെ മൂന്ന് ഹാളുകളിലായാണ് സദസ്സ് ക്രമീകരിച്ചത്.