ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകളും കാവി തോരണങ്ങളും നാമജപവും നിരോധിച്ച് കൊണ്ട് ഇക്കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. ഇതിന് മുന്‍പ് രണ്ട് തവണ ബോര്‍ഡ് സമാനമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ അത് ഉദ്ദേശിച്ച രീതിയില്‍ നടപ്പാവാത്തതിനാലാണ് വീണ്ടും ഈ സര്‍ക്കുലര്‍ ഇറക്കിയത്. ആര്‍എസ് എസ്സിനെ തീവ്ര സ്വഭാവമുള്ള സംഘടന എന്നാരോപിച്ച് കൊണ്ടാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നാളിതുവരെ ഒരു സര്‍ക്കാരും കോടതിയും ആര്‍.എസ്.എസ്സിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ആര്‍.എസ്.എസ്സിന്റെ എതിരാളികള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണം അതേപടി വിഴുങ്ങി സ്വതന്ത്ര ഭരണാധികാരമുള്ള ഒരു സര്‍ക്കാര്‍ സംവിധാനം ആര്‍.എസ്.എസ്സിനെ തീവ്രവാദ സംഘടനയായി ചിത്രീകരിച്ചത് നിയമദൃഷ്ട്യാ തന്നെ ഒരു വലിയ തെറ്റാണ്. അതുകൊണ്ട് തന്നെ അത് ഒരു നിയമപോരാട്ടത്തിന്റെ വാതില്‍ തുറന്നിടുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപകരണമായി പ്രവര്‍ത്തിച്ചതിന്റെ വ്യക്തമായ തെളിവായി ഇതിനെ കണക്കാക്കാം.
ചിറയില്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധിയും പ്രസ്തുത സര്‍ക്കുലറില്‍ പറയുന്നുണ്ട്. സിപി എം പ്രവര്‍ത്തകരായ രണ്ട് ക്ഷേത്രോപദേശക സമിതി അംഗങ്ങളുടെ വ്യാജ പരാതിക്കനുകൂലമായി ദേവസ്വം ബോര്‍ഡും പോലീസും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ആ വിധി വന്നത്. ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറി വഴിവെട്ടാന്‍ സിപിഎം നേതാവും ഉപദേശകസമിതി സെക്രട്ടറിയുമായ വ്യാസന്‍ എന്നൊരാള്‍ ശ്രമിച്ചപ്പോള്‍ അതിനെതിരായി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നു. കൂടാതെ ക്ഷേത്രത്തിലെ ശീവേലിപ്പാത നിര്‍മ്മാണത്തില്‍ അഴിമതി കണ്ടെത്തിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഓംബുഡ്‌സ്മാന് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യമാണ് ശാഖക്കെതിരായ കള്ളപ്പരാതിക്ക് അടിസ്ഥാനമായത്. ആയുധ പരിശീലനം നടക്കുന്നു എന്നും മദ്യവും മയക്കുമരുന്നും ക്ഷേത്രത്തിനകത്ത് ഉപയോഗിക്കുന്നതിനാല്‍ അത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമായിരുന്നു പരാതി. അത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ചെയ്യുന്നത് എന്ന് പരാതിയില്‍ പറഞ്ഞു. അതിനെ പിന്തുണച്ച് കൊണ്ട് ദേവസ്വം ബോര്‍ഡും പോലീസും റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ക്ഷേത്രങ്ങള്‍ സമാധാനപരമായി നടക്കണമെന്നും കായിക പരിശീലനങ്ങളോ മറ്റ് ക്ഷേത്രേതര കാര്യങ്ങളോ ക്ഷേത്ര വളപ്പില്‍ വേണ്ട എന്നും ഹൈക്കോടതി ഉത്തരവിട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രതികളാക്കി ഒരു വ്യാജപരാതി നല്‍കുകയും പോലീസും ദേവസ്വം ബോര്‍ഡും അതിന് കൂട്ട് നില്‍ക്കുകയും ചെയ്തതിനാലാണ് അത്തരത്തില്‍ ഒരു വിധി വരാന്‍ സാഹചര്യമുണ്ടായത്.
ക്ഷേത്ര ഭരണത്തില്‍ നിന്നും സജീവ രാഷ്ട്രീയക്കാര്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന വിധി കേരള ഹൈക്കോടതിയും സുപ്രീം കോടതിയും പല തവണ നല്‍കിയത് ഈ സര്‍ക്കുലര്‍ മറച്ച് വക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായ രണ്ട് സിപി എം നേതാക്കളെ നിശ്ചയിച്ചതിനെ ചോദ്യം ചെയ്തു കൊണ്ട് ഹിന്ദു ഐക്യവേദി നല്‍കിയ ഹര്‍ജിയിലാണ് സിപിഎം നേതാക്കളെ ട്രസ്റ്റിമാരില്‍ നിന്നൊഴിവാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സമാനമായ ഒട്ടനവധി വിധികള്‍ സുപ്രീം കോടതിയും മറ്റു സംസ്ഥാനങ്ങളിലെ കേസുകളില്‍ നല്‍കിയിട്ടുണ്ട്. അവിശ്വാസികളായ മറ്റു മതസ്ഥരെ ഉള്‍പ്പെടുത്തിയ തിരുമന്ധാം കുന്ന് ക്ഷേത്രത്തിലെ പൂര ഉത്സവ കമ്മിറ്റി രൂപീകരണ വിഷയത്തിലും കേരള ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. ക്ഷേത്ര വേദികള്‍ ഹിന്ദു സംഘടനകളേ വിമര്‍ശിക്കാനും തങ്ങളുടെ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്താനുമുള്ള ഇടങ്ങളായി സിപിഎം ഭരണസമിതികള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശൂര്‍ ജില്ലയിലെ ഊരകം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നടത്തിയ പ്രസംഗം. തികഞ്ഞ രാഷ്ട്രീയ പ്രസംഗമായിരുന്നു മന്ത്രി നടത്തിയത്. ഉള്ളില്‍ കടന്ന് ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റുവല്‍ക്കരിച്ച് അവയെ ഹിന്ദു വിരുദ്ധ കേന്ദ്രങ്ങളാക്കി സാവധാനത്തില്‍ ക്ഷേത്രങ്ങളെ അപ്പാടെ വിഴുങ്ങാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രമാണിത്.
ഒരു ഭാഗത്ത് ക്ഷേത്ര ഭരണത്തില്‍ സിപിഎം നേതാക്കളെ കുത്തിനിറക്കുകയും മറുഭാഗത്ത് ഹിന്ദു സംഘടനകളെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നു. ക്ഷേത്ര സ്വത്ത് പൊതുസ്വത്ത് ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണ് ദേവസ്വം ബോര്‍ഡിന്റെ ഈ നടപടി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 9.62 സെന്റ് സ്ഥലം റെയില്‍വേ അടിപ്പാത നിര്‍മ്മിക്കാന്‍ എന്ന പേരില്‍ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിക്ക് വിട്ടു കൊടുത്തു. മുന്‍പ് 30 സെന്റ് സ്ഥലം ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വേണ്ടി കൊടുത്തു. ഇപ്പോള്‍ ഫയര്‍ സ്റ്റേഷനു വേണ്ടി 1.5 ഏക്കര്‍ ഭൂമി കൊടുക്കാന്‍ തീരുമാനമെടുക്കുന്നു. കൊച്ചി അഴകിയ കാവ് ക്ഷേത്ര ഭൂമി റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന തെറ്റായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കി. ഇതിനെതിരായി പ്രതികരിക്കുന്ന ഹിന്ദു സംഘടനകള്‍ക്കാണ് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പുടുത്തുന്നത്.
ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തകര്‍ത്ത് ക്ഷേത്ര സംസ്‌ക്കാരത്തേയും ക്ഷേത്രവിശ്വാസങ്ങളേയും ഉന്‍മൂലനം ചെയ്യാന്‍ വേണ്ടിയുള്ള സി പിഎം അജണ്ടയാണ് ബോര്‍ഡിന്റെ ഈ സര്‍ക്കുലര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ ഭാഗമാണ് ക്ഷേത്രങ്ങളിലെ നാമജപ നിരോധനം. നാമജപം പോലും നിരോധിക്കുന്നത് ഈശ്വരവിശ്വാസികളല്ലാത്തവര്‍ ക്ഷേത്ര ഭരണം നടത്തുന്നത് കൊണ്ടാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ ദേവസ്വം മന്ത്രിയോ ക്ഷേത്ര വിശ്വാസികളോ ഈശ്വര വിശ്വാസികളോ അല്ല. വഖഫ് കാര്യമന്ത്രിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും 5 നേരം നിസ്‌കരിക്കുന്നവരാവണമെന്ന നിര്‍ബന്ധമുള്ളവര്‍ ക്ഷേത്രഭരണത്തില്‍ നിരീശ്വരവാദികളെ കുത്തിനിറക്കുന്നത് ദുരുപദിഷ്ടവും ഹിന്ദുക്കളോടുള്ള അവഹേളനവുമാണ്. ക്ഷേത്രങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് സിപി എമ്മാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഒരേ നിറത്തിലുള്ള കൊടി തോരണങ്ങള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് കാവിയെ അകറ്റി നിര്‍ത്താന്‍ വേണ്ടി മാത്രമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് കാവി. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സന്ദേശമാണ് കാവി നല്‍കുന്നത്. അതുകൊണ്ടാണ് സന്യസിമാര്‍ അവരുടെ വസ്ത്രമായി കാവി തിരഞ്ഞെടുത്തത്. ബഹുവര്‍ണ്ണത്തിലാവണം തോരണങ്ങള്‍ എന്നതിലൂടെ കാവി, വെള്ള, പച്ച എന്നീ നിറത്തിലുള്ളവക്ക് വിലക്കുണ്ടാവില്ല. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുമായി സാമ്യമുണ്ടെങ്കിലും ബഹുവര്‍ണ്ണമായാല്‍ നിരോധനം ബാധകമല്ല. കാവിയെ അകറ്റി നിര്‍ത്തുന്നതിലൂടെ ഹൈന്ദവ സംസ്‌കാരത്തേയും പാരമ്പര്യത്തേയും സിപിഎം നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് നിരാകരിക്കുന്നു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ദേവസ്വം ബോര്‍ഡ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. ഹിന്ദു സംഘടനകളെ പുറത്താക്കി ക്ഷേത്രങ്ങളെ സി പിഎമ്മിന്റെ കീഴില്‍ കൊണ്ടുവരാനുള്ള സംഘടിത നീക്കമാണ് ഈ സര്‍ക്കുലറിലൂടെ പുറത്തായത്. ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ് പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ശക്തമായ സമരപരമ്പരകള്‍ക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.