അമൃതപുരേശ്വരി അഖിലാണ്ഡേശ്വരി
അമ്മേ തവതൃപ്പാദം, പെരുവഴിയലയും
ഞങ്ങള്‍ക്കെന്നും
ശരണം ഭവഭയ ഹരണം
കാറുംകോളും കോടക്കാറ്റും ഇടിയും മിന്നലുമുഴറും
നടവഴിയിരുളായ് മഴയെത്തും
മുമ്പമ്മേ നീയേ ശരണം സുഖവും ദുഃഖവു-
മോര്‍ത്തനുമാത്രയു-
മസുലഭ ജന്മം മുഴുവന്‍
പഴുതാക്കീടും മാനുഷകുലമെ-
ന്തറിയുന്നു നിന്‍ ചരിതം!
നീ ജഗദംബ, കരുണാമയിയായ്
മാതൃഭാവമെടുത്ത്, അഖില ചരാചര
സൗഭ്രാത്രത്തില്‍ അക്ഷയകാന്തി തെളിച്ച്
പ്രജ്ഞാനത്തിന്‍ ഹൃദയാമന്ത്രണ
തീര്‍ത്ഥ കണങ്ങള്‍ തളിച്ച്
ദീന ദയാമയിയായുലകത്തിനു
നേര്‍വഴിയരുളാനെത്തി
ആര്‍ത്ത ത്രാണ പരായണയായി
ആത്മ സമര്‍പ്പിതയായി യുഗധര്‍മ്മത്തിന്‍
പ്രകൃതി നിയോഗം പരിപാലിക്കാനായി
തിരുവവതാരമെടുത്തു കടലിന്‍
മകളായ് സര്‍വ്വേശ്വരിയായ്-
കാളി കദംബനിവാസിനിനീയേ
കാര്‍ത്ത്യായനിയും നീയേ
ലക്ഷ്മി സരസ്വതി പാര്‍വ്വതിയും നീ
ഭദ്രേ നീയേ ദുര്‍ഗ്ഗേ നീയേ ഭഗവതി ദേവി കുരുംബ
ത്രൈയ്യമ്പകയും നീയേ
നീ കല്യാണി മഹേശ്വരി ശങ്കരി
ശൈല സുതേശ്വരി അമ്മേ
നീയമൃതാത്മിക കാമദ വരദ
ഗൗരി മനോഹരി നീയേ
നീ ഹേമാംബിക ശ്യാമള ശാരദ
ശാകംഭരിയും നീയേ
നീ ശിവ ശ്രീകരി ശ്രീധരി ശ്രീമയി
ശര്‍വ്വരി സന്മയി നീയേ
നീ വീണാധരി പാര്‍വ്വണ ശശിമുഖി
നാരായണിയും നീയേ
ദാക്ഷായണി നീ സച്ചിന്മയി നീ
സര്‍വ്വാത്മികയും നീയേ
ഏതേതെല്ലാം ഭാവങ്ങളില്‍ നിന്‍
നാമം കീര്‍ത്തിച്ചാലും
സ്‌നേഹസുധാമയിയായുലകെങ്ങും
മോഹാന്ധത്വമകറ്റി, ജ്ഞാന പിപാസര്‍-
ക്കന്തര്‍ദ്ദാഹം വാഗീശ്വരിയായ് തീര്‍ത്ത്,
കര്‍മ്മക്ഷേത്ര മഹാകാലത്തിന്‍
കല്‍പ്പട കേറിയിറങ്ങി
ഓരോ ഹൃദയ ശ്രീകോവിലിലും
നറുനെയ്ത്തിരികള്‍ തെളിച്ച്,
പ്രേമപ്രഭയില്‍ മക്കള്‍ക്കെല്ലാം
ആമയമൊക്കെയകറ്റി
ആനന്ദാമൃത ഗംഗയില്‍ വിടരും
താമര മുകളം പോലെ
ശ്യാമ നിശീഥിനി വാരിപ്പുണരും
രാഗ നിലാവൊളി പോലെ,
അമ്മേ തവ തിരുസാന്നിദ്ധ്യത്തില്‍
ഞങ്ങള്‍ നിര്‍വൃതി കൊള്‍വൂ
ആ മധുവാങ്മയ വിദ്യുത് പ്രസരം
ബോധാ ബോധ തലത്തില്‍
ആ മുഖ ദര്‍ശന സുകൃതം മനസ്സിന്‍
മായിക സ്വപ്നപഥത്തില്‍
അദ്വൈതപ്പൊരുളായ് നിറയുന്നൊരു
സത്യം നീയാണമ്മേ
തൃച്ചരണങ്ങളിലമരും ഭുവനം
എത്ര മനോഹരമമ്മേ!
നന്മനിറഞ്ഞോരമൃത കുടീരം
നിന്‍ ഹൃദയം തന്നമ്മേ-