ഹൈന്ദവ ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെ നിരന്തരം കുതിര കയറുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്ലാമിസ്റ്റുകള്‍ മുഖമൊന്നു ചുളിച്ചാല്‍ ഉടന്‍ തന്നെ പഞ്ചപുച്ഛമടക്കി വായും പൊത്തി നില്‍ക്കുന്ന കാഴ്ച കേരളം കാണാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒക്ടോബര്‍ ഒന്നാം തീയതി ‘എസ്സന്‍സ് ഗ്ലോബല്‍’ എന്ന യുക്തിവാദ സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലിറ്റ്മസ് എന്ന നാസ്തികസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാനസമിതി അംഗം കെ.അനില്‍കുമാര്‍ നടത്തിയ പ്രസംഗമാണ് ഏറ്റവും പുതിയതായി സിപിഎമ്മിന്റെയും ഇസ്ലാമിക തീവ്രവാദികളുടെയും തനി നിറം പുറത്ത് കൊണ്ടുവന്നത്.
ഈ സമ്മേളനത്തിന്റെ ഭാഗമായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ അനില്‍ കുമാറിനെ കൂടാതെ ഷുക്കൂര്‍ വക്കീല്‍, സി.രവിചന്ദ്രന്‍ എന്നിവരായിരുന്നു പങ്കെടുത്തത്. തന്റെ ഭാഗമവതരിപ്പിച്ചുകൊണ്ട് അനില്‍ കുമാര്‍ നടത്തിയ പ്രസംഗത്തില്‍ ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലീം ജനസാമാന്യത്തെ തിരിച്ചുവിടാനായി സിപിഎം പ്രയോഗിച്ചു വരുന്ന എല്ലാ ഗിമ്മിക്കുകളും ഉണ്ടായിരുന്നു. മറ്റേതൊരു സിപിഎമ്മുകാരനെയും പോലെ അടിമുടി ഭാരത വിരുദ്ധ – മോദി വിരുദ്ധ – ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച ആ പ്രഭാഷണം തികച്ചും ഇസ്ലാമിക പക്ഷപാതപരവുമായിരുന്നു. സ്വതന്ത്ര ചിന്തയുടെ മറപിടിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ കത്തിക്കയറി വിഷം വിതറുന്നതില്‍ അനില്‍ ഏറെ മുന്നോട്ടു പോകുകയും ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ അതിനിടെ ഇസ്ലാമികമായ ചില ദുരാചാരങ്ങളെക്കുറിച്ച് ഭംഗ്യന്തരേണ അനില്‍ ഒന്ന് സൂചിപ്പിക്കുകയുണ്ടായി.
അനില്‍കുമാറിന്റെ പ്രസ്താവന ഇങ്ങിനെയായിരുന്നു. ‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലിന്റെ ഭാഗമായി പട്ടിണി ഏറ്റവും കുറഞ്ഞ നാടായി കേരളം മാറിയിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദിപറയേണ്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണ്. മലപ്പുറത്തെ വിദ്യാഭ്യാസം ഏതെങ്കിലും മതസംഘടനകളുണ്ടാക്കിയ വിദ്യാഭ്യാസമാണോ.? മലപ്പുറത്തെ പുതിയ പെണ്‍കുട്ടികളെ നോക്കൂ. തട്ടം തലയിലിടാന്‍വന്നാല്‍ അത് വേണ്ടാ എന്നുപറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇത് വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.’
കേരളം കടന്നു വന്നിട്ടുള്ള നവോത്ഥാനസാഗരത്തിന്റെ കര്‍തൃത്വം ഏറ്റെടുക്കുക എന്ന മാര്‍ക്‌സിസ്റ്റ് വക്രത തന്നെയാണ് അനില്‍ അവതരിപ്പിച്ചത്. പക്ഷെ അതില്‍ ഇസ്ലാമിക ആചാരമായ മുഖം മറച്ചുള്ള വസ്ത്രം നിരാകരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചത് മുസ്ലിം വര്‍ഗീയവാദികളെ ചൊടിപ്പിച്ചു. പറ്റുന്നിടത്തൊക്കെ മതേതര മുഖംമൂടി അണിഞ്ഞ് രംഗത്തു വരാറുള്ള ലീഗിലെ മതേതര മരതകമായ കെ.എം. ഷാജിയായിരുന്നു ഇതിനെതിരെ ആദ്യം കുരച്ചു ചാടിയത്. തൊട്ടു പിന്നാലെ മുന്‍ സിമി പ്രവര്‍ത്തകനും ഇപ്പോള്‍ സിപിഎം സഹയാത്രികനായി നടിക്കുന്ന ആളുമായ കെ.ടി. ജലീല്‍ രംഗത്ത് വന്നു ‘തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ (എം)’ എന്ന് പറഞ്ഞ ജലീല്‍ തന്റെ കുറിപ്പ് നിര്‍ത്തിയത് ‘വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്’ എന്നുള്ള കനത്ത വൈരുദ്ധ്യം പങ്കുവെച്ചുകൊണ്ടാണ്.
സിപിഎം ഒരു കേഡര്‍ പാര്‍ട്ടി യാണ്. അതിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ അനില്‍ കുമാറിനെ കേവലം സഹയാത്രികന്‍ മാത്രമായ കെ.ടി.ജലീല്‍ തിരുത്തുകയും സിപിഎമ്മിന്റെ നയങ്ങള്‍ എന്തൊക്കെ എന്ന് സാമൂഹിക മാധ്യമത്തില്‍ കൂടി ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദ സാഹചര്യമുണ്ടാകാന്‍ കാരണമായത് കെ.ടി.ജലീല്‍ മുസ്ലീം ആയതുകൊണ്ടും, അനില്‍ പറഞ്ഞത് ഇസ്ലാമിക ശക്തികളെ ചൊടിപ്പിച്ചത് കൊണ്ടുമാണ്. ജലീലിന്റെ ഈ കുറിപ്പ് ആലപ്പുഴയിലെ എംപി ആയ എ.എം. ആരിഫ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും അനില്‍കുമാറിനെ തള്ളുന്ന നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ ആരിഫിനോട് ഈ വിഷയം ചോദിച്ചപ്പോള്‍ അങ്ങേയറ്റം നിഷേധാത്മകമായ ശരീരഭാഷയോടെ ആരിഫ്, അനില്‍ കുമാറിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഒരു മതവിഷയം വന്നപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കുന്ന രണ്ടു മുസ്ലിങ്ങള്‍ അവരുടെ താത്പര്യം സംരക്ഷിക്കാന്‍ ഒന്നിച്ചു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.
സമസ്ത നേതാവ് അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, എം.എസ്.എഫ്. നേതാവ് ഫാത്തിമ തഹ്ലിയ തുടങ്ങിയവര്‍ കടുത്ത വര്‍ഗീയവാദ പരാമര്‍ശങ്ങളുമായി മുന്നോട്ടു വന്നു. പതിവുപോലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇസ്ലാമിക ശക്തികളുടെ മുന്നില്‍ സമസ്താപരാധ ക്ഷമാപണ സ്‌തോത്രം ജപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അനില്‍കുമാറിന്റെ പരാമര്‍ശം സിപിഎം നിലപാടല്ലെന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞു. തുടര്‍ന്ന് അനില്‍കുമാറും തന്റെ വാക്കുകള്‍ തിരുത്തി.
ഈ രാഷ്ട്രീയ സാഹചര്യം രണ്ടു കാര്യങ്ങള്‍ മലയാളി സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മലയാളി ഹിന്ദു പുരുഷന്മാര്‍ നെറ്റിക്ക് ചന്ദനക്കുറി അണിയുന്നതിനെതിരെ ഇടതു സഹയാത്രികനായ എഴുത്തുകാരന്‍ എം.മുകുന്ദന്‍ മുന്‍പൊരിക്കല്‍ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ‘ഹിന്ദുവിന്റെ നെറ്റിയിലെ ചന്ദനക്കുറി എന്നെ ഭയപ്പെടുത്തുന്നു’ എന്നായിരുന്നു ഒരു യുവജനോത്സവ വേദിയില്‍ മുകുന്ദന്‍ പറഞ്ഞത്. ചന്ദനക്കുറി ജീര്‍ണ്ണതയുടെ പ്രതീകമാണെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മുകുന്ദന്റെ ആ പ്രസ്താവനക്ക് മാര്‍ക്‌സിസ്റ്റുകാരില്‍ നിന്നും ലഭിച്ച പിന്തുണ ഭയപ്പെടുത്തുന്നതായിരുന്നു. വിവിധ സാഹചര്യങ്ങളില്‍ ഹൈന്ദവ ആചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പല ഇടതനുഭവികളും പലതും പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനത്തെ സംഭവം ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കര്‍ ഷംസീറിന്റെ നടപടിയാണ്. അതിനു വ്യാപകമായ പിന്തുണ കൊടുക്കുകയാണ് സിപിഎം ചെയ്തത്. അതേ സമയം ഇസ്ലാമിക ദൈവമായ അള്ളാഹു മിത്തല്ല എന്നു കൂടി എം.വി. ഗോവിന്ദന്‍ പറയുകയുണ്ടായി. ഇവിടെയാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പുകള്‍ കേരളത്തിലെ ജനത പ്രത്യേകിച്ച് സിപിഎമ്മിലുളള ഹിന്ദുക്കള്‍ തിരിച്ചറിയേണ്ടത്.
പാര്‍ലിമെന്റ്തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈകുന്നേരം റംസാന്‍ നോമ്പ് മുറിക്കുന്ന എ. എം. ആരിഫിന്റെ ചിത്രം വിവിധ മാധ്യമങ്ങളില്‍ വന്നതാണ്. സ്വന്തം ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ് എന്നുള്ള സാക്ഷ്യപത്രം നല്‍കിയത് കെ.ടി. ജലീല്‍ തന്റെ ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റിലാണ്. അതായത് ഒരാള്‍ക്ക് ഇസ്ലാമിക വിശ്വാസിയായി ഇരുന്നുകൊണ്ട് സിപിഎമ്മില്‍ തുടരാന്‍ സാധിക്കും എന്ന് ചുരുക്കം. ഈ സ്വാതന്ത്ര്യം പക്ഷെ ഹിന്ദുക്കള്‍ക്കില്ല. ശബരിമലക്ക് പോകാന്‍ മാലയിട്ടതിനുള്‍പ്പെടെ വിവിധ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചതിന് ഹിന്ദു സഖാക്കള്‍ക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ട്. ഇസ്ലാമികമായ ആചാരങ്ങള്‍ പുരോഗമനപരവും ഹൈന്ദവമായത് എന്തും എതിര്‍ക്കേണ്ടതും എന്നാണു തങ്ങളുടെ നിലപാടെന്ന് സിപിഎം പറയാതെ പറയുന്നു.
കണ്ണൂര്‍ എസ്.എന്‍.കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ‘ഗുരുസ്തുതി’ ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോയ കടന്നപ്പള്ളി രാമചന്ദ്രന്റെ കയ്യില്‍ പിടിച്ച് അവിടെ ഇരിക്കൂ എന്ന് ആജ്ഞാപിക്കുന്നതുപോലെ താക്കീത് നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാക്ഷസീയമായ മുഖഭാവം മലയാളി കണ്ടതാണ്. ഗുരുവായൂരില്‍ ചെന്നപ്പോള്‍ ശ്രീകോവിലിനുനേരെ കൈ ചൂണ്ടി ഇവിടെയാണോ കൃഷ്ണന്‍ ഇരിക്കുന്നത് എന്ന് പിണറായി ചോദിച്ചതും നാം കേട്ടതാണ്. എന്നാല്‍ അതേ വിജയന്‍ വാങ്ക് വിളി കേട്ടപ്പോള്‍ പ്രസംഗം നിര്‍ത്തുകയും, സര്‍ക്കാര്‍ പരിപാടിയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്‍ എല്ലാവരോടും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.
ഒരു യുക്തിവാദി സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ആദി മദ്ധ്യാന്തം മുസ്ലിം പക്ഷപാതപരമായ ഒരു പ്രസംഗം നടത്തിയ അനില്‍കുമാര്‍ അതിന്റെ ഇടയില്‍പ്പറഞ്ഞ അരവാക്ക് അവര്‍ക്കു രുചിക്കാത്തതുകൊണ്ട് പ്രതികരിച്ച രീതിയാണിത്. തങ്ങള്‍ക്കനുകൂലമായി എത്ര പറഞ്ഞാലും ഒരു വാക്കുപോലും തങ്ങളുടെ നിലപാടില്‍ നിന്നും വ്യതിചലിച്ചു പോകാന്‍ പാടില്ല എന്ന ഇസ്ലാമിക ഭീഷണിയാണ് ഇപ്പോള്‍ കാണുന്നത്. ഇത് നാളെ സമൂഹത്തിലെ ഓരോ പ്രവൃത്തികളെയും ഇസ്ലാമിക നിയമത്തിന്റെ വീക്ഷണ കോണിലൂടെ തലനാരിഴ കീറി പരിശോധിച്ച് ഹലാല്‍ മുദ്ര വെക്കുന്ന ഭീകരമായ സംവിധാനത്തിലേക്ക് പോലും തിരിഞ്ഞു പോയേക്കും.
രാഷ്ട്രീയ കേരളം ഇസ്ലാമിക ശക്തികള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചു കൊടുത്തതിന്റെ ആദ്യത്തെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ഒന്ന് മുന്‍പ് ശരീയത്ത് ചര്‍ച്ചകള്‍ നടന്നപ്പോള്‍ സാക്ഷാല്‍ ഇഎംഎസ്സിനെതിരെ ഇസ്ലാമിസ്റ്റുകള്‍ വിളിച്ച മുദ്രാവാക്യമാണ്. ‘രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസ്സിന്റെ ഓളേം കെട്ടും’ എന്നായിരുന്നു ആ അവഹേളനം. പുറമെ മതേതരക്കുപ്പായമിട്ട മുസ്ലീം ലീഗുകാര്‍ മുതല്‍ തീവ്രവാദികള്‍ വരെ അങ്ങേയറ്റത്തെ ആവേശത്തോടെ ഈ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഇസ്ലാമിക പക്ഷത്തെ ഒരാള്‍ പോലും അങ്ങിനെ വിളിക്കരുതെന്നു വിലക്കിയില്ല. രണ്ടും നാലും കെട്ടുന്നതൊക്കെ മനസ്സിലാക്കാം; ആ മുദ്രാവാക്യത്തിലെ ‘ഇഎംഎസ്സിന്റെ ഓളേം കെട്ടും’ എന്നുള്ള ജുഗുപ്‌സാവഹമായ ഭീഷണി ചോദ്യം ചെയ്യാതെ വിട്ടതാണ് രാഷ്ട്രീയകേരളം ചെയ്ത ചരിത്രപരമായ വിഡ്ഢിത്തം. അതിന്ന് വളര്‍ന്നു വളര്‍ന്നു സിപിഎമ്മിന്റെ പുറമ്പോക്കില്‍ കിടക്കുന്ന കെ.ടി. ജലീല്‍ എന്ന മുന്‍ സിമിക്കാരന്‍ ആ പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗത്തെ തിരുത്തുന്ന സാഹചര്യത്തിലേക്കും പര്‍ദ്ദയും തട്ടവുമാണ് പുരോഗമനം എന്ന് പറയുന്നതിലേക്കും എത്തിച്ചിരിക്കുന്നു. ജലീല്‍ അങ്ങിനെ പറയുമ്പോള്‍ സാക്ഷര കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാര്‍ അനുസരണയോടെ അതു കേട്ടുകൊണ്ടുമിരിക്കുന്നു.
മുസ്ലിങ്ങളുടെ വോട്ടു നേടാന്‍ ഇസ്ലാമിസ്റ്റുകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക, അവര്‍ക്കു പ്രിയകരമായത് മാത്രം പറയുക എന്ന രീതിയിലേക്ക് സിപിഎമ്മും കോണ്‍ഗ്രസ്സും മാറിക്കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇസ്ലാമിസത്തിന്റെ പുറത്തു കയറി യാത്ര ചെയ്ത ഇറാനിലും ഇന്തോനേഷ്യയിലും അവര്‍ പാര്‍ട്ടിയെ നക്കിത്തുടച്ച കഥ നമുക്കറിയാം. പുരോഗമനവാദിയെന്ന് സ്വയം പുകഴ്ത്തുന്ന കമ്യൂണിസ്റ്റുകാരന്‍ എവിടെയൊക്കെ മതത്തിന്റെ പുറത്തുകയറി യാത്ര ചെയ്തിട്ടുണ്ടോ അവിടെയൊക്കെ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അവര്‍ കമ്യൂണിസത്തിന്റെ ഉദകക്രിയ നടത്തിയിട്ടുണ്ട്. മതം അധികാരത്തിലെത്തുമ്പോള്‍ മതമൂല്യങ്ങള്‍ പ്രചരിപ്പിക്കേണ്ടത് മതപരമായ ബാധ്യത കൂടിയാവുന്നു. അതിനു വിലങ്ങനെ നിന്നാല്‍ വിശറി വീശും എന്നു പ്രതീക്ഷിക്കരുത്, അവര്‍ വാള്‍ തന്നെ വീശും. ലോകത്തെല്ലായിടത്തും അത് മനസ്സിലായിട്ടും കേരളത്തിലെ കമ്യൂണിസ്റ്റുകാരന് മനസ്സിലാവുന്നില്ല.
മലയാളികളെ തങ്ങളുടെ സംഘടിത ശക്തികൊണ്ടും വോട്ടു ബാങ്ക് പവര്‍ കൊണ്ടും ഭീഷണിപ്പെടുത്തി നിര്‍ത്തുകയാണ് ഇസ്ലാമിക ശക്തികള്‍ ചെയ്യുന്നത്. ഇതിനോട് ബന്ധമില്ലെങ്കിലും ഒക്ടോബര്‍ അഞ്ചാം തീയതി വിവിധ മുസ്ലീം സംഘടനകള്‍ കേരള സര്‍ക്കാരിനോട് വളരെ വിചിത്രമായ ഒരു ആവശ്യം ഉന്നയിക്കുകയുണ്ടായി. വെള്ളിയാഴ്ചകളില്‍ അവരുടെ മതപരമായ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനാല്‍ ആ ദിവസത്തെ പരീക്ഷകളും ഇന്റര്‍വ്യൂകളും ഒഴിവാക്കണം എന്നതാണ് ആ ആവശ്യം. ജനസംഖ്യയില്‍ കാതലായ സ്വാധീനം ഉണ്ടാക്കി എന്ന തോന്നല്‍ വന്നപ്പോഴേക്കും അവരുടെ ആവശ്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണ്. ഇത് സൂചിപ്പിക്കുന്ന അപകടത്തെ കാണാതിരുന്നാല്‍ കേരളം കൊടുക്കേണ്ടി വരുന്ന വില ഏറെ വലുതായിരിക്കും.