ഒന്നുനില്‍ക്കട്ടെ
ഞാനീ തണലില്‍.
യാത്ര ചൊല്ലുന്ന
വേളയില്‍ ചിന്തയില്‍.
ഓര്‍മ്മകള്‍ വന്നു
നില്‍ക്കുന്നു കൗതുകം,
ചേതനയില്‍
നിഴലുകളാടുന്നു.
ഞാറ്റുവേലകള്‍
കുളിര്‍ പെയ്യുമോര്‍മ്മകള്‍,
വര്‍ഷരാവുകള്‍
തീക്കനല്‍ ചൂടുകള്‍.
ആര്‍ദ്രയാമങ്ങള്‍
പൂക്കും കവിതകള്‍,
രാക്കിളിപ്പാട്ടില്‍
തേങ്ങും വിരഹങ്ങള്‍.
വന്നെന്നോ വീണ്ടു
മോര്‍മ്മ തന്‍ മുറ്റത്തു
മറ്റൊരോണവും
പൊന്‍കതിര്‍പ്പൂക്കളും!
ആത്മനിര്‍വൃതി
ചൂടുന്ന സന്ധ്യകള്‍,
തപ്ത വര്‍ണങ്ങള്‍
ഓര്‍മ്മതന്‍ രംഗങ്ങള്‍.
പോയ നാളുകള്‍
അണയുന്നു വീണ്ടുമെ
ന്നരികിലേക്കിന്നു
സ്‌നേഹസ്മൃതികളായ്.
ഇനിയുമില്ലില്ല
ചിന്തകള്‍, മോഹങ്ങള്‍.
ഇനിയുമില്ലില്ല
സ്വപ്നങ്ങള്‍, നോവുകള്‍.
വിരഹരാവുകള്‍
പോകും വഴിക്കു ഞാന്‍
യാത്രയാകട്ടെ,
വിട ചൊല്ലിടട്ടെ ഞാന്‍.