കോഴിക്കോട്: സമാജത്തിന് രാഷ്ട്രധര്‍മ്മം പകരുകയാണ് ആര്.എസ്.എസ്സിന്റെ ഏറ്റവും വലിയ ദൗത്യമെന്ന് ചിന്തകനും പാഞ്ചജന്യ മുന്‍ എഡിറ്ററും മുന്‍ എം.പിയുമായ തരുണ്‍ വിജയ് പറഞ്ഞു. കേസരിഭവനില്‍ നടന്ന അമൃതശതം 23 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സേവിക്കാതെ എന്റെ ജീവിതം പൂര്‍ണ്ണമല്ല എന്ന വികാരവും വിചാരവും ഉണ്ടാക്കുന്നതാണ് രാഷ്ട്രധര്‍മ്മം. നാല്‍പ്പതിലേറെ വിവിധ സംഘടനാപ്രവര്‍ത്തനങ്ങള്‍ വഴി, രാഷ്ട്രസേവനബോധം സമാജ ജീവിതത്തിന്റെ എല്ലാ മേഖലയിലും എത്തിക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞു. ഭാരതം പല രാജ്യങ്ങളുടെ ഫെഡറേഷനുകള്‍ ആണെന്നു പറയുന്നവര്‍ ഭാരതത്തിന്റെ ശത്രുക്കളാണ്. അനാദികാലം മുതല്‍ ഭാരതം ഒറ്റ രാഷ്ട്രമാണ്. ഭാരതത്തിന്റെ ആ സംസ്കാരത്തെ കുറിച്ച് സാംസ്കാരിക വേരുകളെക്കുറിച്ച് ആര്.എസ്.എസ്. ലോകമെമ്പാടുമുള്ള ഭാരതീയരെ ബോധ്യപ്പെടുത്തി. ആരോഗ്യവും ഐശ്വര്യവും സമ്പത്തുമുള്ള ഭാരതസൃഷ്ടിയാണ് ആര്.എസ്.എസ്സിന്റെ ലക്ഷ്യം. ദേശസ്നേഹം നിറഞ്ഞ സമാജത്തെ സൃഷ്ടിച്ച് രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടണം. ഭാരതമാതാവ് എന്ന സങ്കല്‍പ്പം വളര്‍ത്തി ജനങ്ങളെ സഹോദര ഭാവത്തില്‍ കാണാന്‍ പഠിപ്പിച്ചു. ദേശീയത, രാഷ്ട്രഭക്തി, സാംസ്കാരിക നാഗരികത എന്നിവയെപ്പറ്റി ജനങ്ങളെ ഉദ്ബുദ്ധരാക്കി. ആര്.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തകരെ ഭാരതത്തിലെമ്പാടും അയച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു.
ഏത് മതത്തില്‍ വിശ്വസിച്ചാലും രാഷ്ട്രത്തോട് പ്രതിബദ്ധതയുണ്ടായിരിക്കുക എന്നതാണ് പ്രധാനം. മറ്റൊരു പ്രവാചകമതം പോലെയുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും അതുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ നമ്മുടെ കണ്മുന്നില് കമ്മ്യൂണിസം ആശയപരമായി തോല്പ്പിക്കപ്പെടും.
പ്രഭാഷണത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍, അന്തരിച്ച മുതിര്‍ന്ന പ്രചാരകന് ആര്. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഹരിയേട്ടന് സംഘ ഋഷിയായിരുന്നുവെന്ന് തരുണ്‍ വിജയ് പറഞ്ഞു. പ്രണാമവും പൂക്കളും അര്‍പ്പിച്ച് സ്വയംസേവകര്‍ ശ്രദ്ധാഞ്ജലിയില്‍ പങ്കെടുത്തു.
ആര്‍ക്കിടെക്ട് എ.കെ.പ്രശാന്ത് പ്രഭാഷണ പരിപാടിയില്‍ അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.ശശിധരന് സ്വാഗതവും ദേവദാസ് നന്ദിയും പറഞ്ഞു.