Friday, December 8, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home കഥ

സമയം

ജയമോഹന്‍

Print Edition: 6 October 2023

ഇറച്ചിക്കടയില്‍വച്ചാണ് ഞാന്‍ ആദ്യമായി അയാളെ ശ്രദ്ധിക്കുന്നത്. നല്ല മുഖപരിചയം. എങ്ങനെ, എവിടെവച്ചാണ് അയാളുമായുള്ള പരിചയമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടുത്തോം കിട്ടിയില്ല. ചോദിക്കാമെന്നുവച്ച് ഞാനൊന്നൊരുങ്ങിയതാണ്. എന്റെ നോട്ടവും പെരുമാറ്റവും അയാളില്‍ വല്ലാത്ത ഒരു അസ്വസ്ഥത സൃഷ്ടിച്ചെന്ന് എനിക്കു തോന്നി. അയാള്‍ ഒരു നീരസഭാവത്തില്‍ എന്നെ നോക്കി. അതു കണ്ടപ്പോള്‍ ഞാന്‍ ചോദിക്കാനുള്ള ഉദ്യമത്തില്‍ നിന്നും പിന്‍വലിഞ്ഞു. എന്നിട്ടും അയാളെ ഇടയ്ക്കിടയ്ക്ക് നോക്കാതിരിക്കാന്‍ എനിക്കായില്ല. അയാളും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നെനിക്കു മനസ്സിലായി.

ഈ ഇറച്ചിക്കടയില്‍ ഞാന്‍ ആദ്യമായിട്ടാണ് വരുന്നത്. കോഴിയിറച്ചി വാങ്ങണമെന്ന് രണ്ടു ദിവസമായി ഭാര്യ പറയുന്നു. മോള്‍ക്കും മോനും ബിരിയാണിയെന്നുകേട്ടാല്‍ ഭ്രാന്താണ്. വല്ലപ്പോഴും ഞാന്‍ കടയില്‍നിന്നും വാങ്ങിക്കൊടുക്കാറുണ്ട്. പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും പിള്ളേരുടെ കൊതി കാണുമ്പോള്‍ വാങ്ങിക്കൊടുത്തുപോകും. ശരീരത്തിന് നല്ലതല്ല ഹോട്ടല്‍ഭക്ഷണമെന്ന് ഒപ്പം ഓര്‍മ്മിപ്പിക്കുകയും ചെയ്യും. ഭാര്യ ബിരിയാണിയുണ്ടാക്കിയിട്ടില്ല, ഇതേവരെ. എന്നാല്‍ ഇപ്പോള്‍ അയല്‍ക്കാരിയില്‍നിന്നെല്ലാം ചോദിച്ചു മനസ്സിലാക്കിവച്ചിട്ടുണ്ട്. നെറ്റ് നോക്കിയും കുറെ മനസ്സിലാക്കി. ഇനി അതു പരീക്ഷിക്കുകയേവേണ്ടൂ. പാചകത്തില്‍ അവളത്ര മോശമൊന്നുമല്ല. എന്നാല്‍ ഇറച്ചി അങ്ങനെ ഞങ്ങളുടെ വീട്ടില്‍ വാങ്ങാറില്ല. പഴയ തറവാടാണ്. ഭാര്യയുടെ അമ്മയും വീട്ടുകാരുമൊന്നും മത്സ്യമാംസാദികള്‍ കഴിക്കാറില്ല. അച്ഛന്‍ കഴിക്കുമായിരുന്നു, പണ്ടെന്നു, പറയുന്നു. വീട്ടില്‍വച്ചു കഴിക്കാന്‍ താത്പര്യം കാണിക്കുന്നതു കണ്ടിട്ടില്ല. വല്ല്യ കാര്യമില്ല എന്നര്‍ത്ഥം. പുറത്തുപോകുമ്പോള്‍ കഴിക്കുമായിരിക്കാം. അതും വളരെ അപൂര്‍വ്വം.

എന്റെ വീട്ടിലാണെങ്കില്‍ മത്സ്യത്തിനു പ്രാധാന്യമുണ്ടെങ്കിലും മാംസത്തിന് അത്ര പ്രാധാന്യമില്ലായിരുന്നു. തപ്പിത്തടഞ്ഞാല്‍ എപ്പോഴെങ്കിലും വച്ചതായി ഓര്‍മ്മ കിട്ടാം. അത്രേള്ളൂ. മത്സ്യം മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും. അച്ഛനും അമ്മയ്ക്കും എനിക്കും അതുതന്ന്യാ താല്പര്യം. മാംസം ഞാന്‍ അങ്ങനെ കഴിക്കാറില്ല. അത്ര അടുപ്പമുള്ള ആരുടെയെങ്കിലും വീട്ടില്‍വച്ച് നിര്‍ബന്ധിച്ചാല്‍ കഴിക്കും. എന്നാല്‍ എന്റെ പിള്ളേര്‍ക്കാണെങ്കില്‍ മത്സ്യമെന്നുകേട്ടാല്‍ ഒരു താല്‍പര്യവുമില്ല. ചിക്കനെന്നുകേട്ടാലോ അതിനുവേണ്ടി ചാകും. പ്രത്യേകിച്ചു ബിരിയാണി. ഭാര്യയ്ക്ക് വേണമെങ്കില്‍ ആവാം അല്ലെങ്കില്‍ വേണ്ട, അത്രേള്ളൂ. എന്നാല്‍ രണ്ടു ദിവസമായിട്ട് അവളും നിര്‍ബന്ധം പിടിച്ചുതുടങ്ങി, കോഴിയിറച്ചി വാങ്ങണമെന്ന്. പോത്തും ആടുമെന്നും കേട്ടാല്‍ അവള്‍ക്ക് ഓക്കാനം വരും. പിള്ളേര്‍ക്ക് ഉള്ളില്‍ കൊതിയുണ്ടാകാം. പക്ഷേ അവര്‍ മിണ്ടാറില്ല. ആട്ടിറച്ചി ആരോഗ്യത്തിന് നല്ലതാണെന്ന് ചെറുക്കന്‍ ഒരുദിവസം ആരോടെന്നില്ലാതെ പറയണകേട്ടു. അപ്പോള്‍ത്തന്നെ അവള്‍ കൊമ്പുകുലുക്കി. ഞാനൊന്നും പറയണില്ലേഎന്ന മട്ടില്‍ അവനിരിക്കുന്നതും കണ്ടു.

കോഴിയിറച്ചി വാങ്ങിയാല്‍ നാളെ ബിരിയാണിയുണ്ടാക്കിത്തരാമെന്ന് രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് അവള്‍ പ്രഖ്യാപിച്ചത്. പിള്ളേര് ബിരിയാണിയെന്നോര്‍ത്ത് ചോറുമുഴുവനും വാരിത്തിന്ന് തുള്ളിച്ചാടി പോകുന്നതു കണ്ടു. പക്ഷേ അമ്മയുണ്ടാക്കിയാല്‍ അത്ര നന്നാകുമോയെന്ന് മാറിനിന്ന് അവര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു.

ങ്ങും.. അമ്മയുണ്ടാക്കുന്നതു തിന്നാമതി. പുറത്തുനിന്ന് ഇനി വാങ്ങുന്ന പ്രശ്‌നമില്ല – ഞാന്‍ കട്ടായം പറഞ്ഞു.
മൂത്തവള്‍ എന്നെ ദയനീയമായി നോക്കിയപ്പോള്‍ ഇളയവന്‍ ഒരു പുച്ഛഭാവത്തില്‍ നടന്നുപോയി. പാവം പിള്ളേര്‍ എന്ന് ഞാന്‍ മനസ്സില്‍ പറയുകയും ചെയ്തു. വാങ്ങില്ലെന്നു ഞാന്‍ പറയുമെങ്കിലും വാങ്ങിക്കൊടുക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് അതത്ര കാര്യമാക്കാതെയാണ് അവരുടെ പോക്കെന്ന് എനിക്കു മനസ്സിലായി.

നേരം വെളുത്തപ്പോള്‍ ഒരു കവര്‍ കയ്യിലെടുത്തുതന്നുകൊണ്ട് ഭാര്യ പറഞ്ഞു – മൂന്നുകിലോ വാങ്ങിക്കോ.
ഞങ്ങള്‍ നാലുപേരേയുള്ളൂ. എനിക്കാണെങ്കില്‍ വേണ്ട. ഞാനിതേവരെ ബിരിയാണി കഴിച്ചിട്ടില്ല. അതിന്റെ മണം കിട്ടുമ്പോള്‍ത്തന്നെ എനിക്കു മനം പുരട്ടും. എങ്കിലും പിള്ളേര്‍ കഴിക്കുന്നതുകണ്ട് ഞാനിരിക്കും. മൂന്നെണ്ണം വാങ്ങിയാല്‍ മൂന്നുപേരും കൂടി തിന്നുന്നതുകാണാന്‍ രസാ. എന്റെ മനസ്സും വയറും അപ്പോ നിറയും.

സ്‌ക്കൂട്ടറുമെടുത്തു ഞാന്‍ കടയായ കടമുഴുവന്‍ നടന്നു. കോഴി എങ്ങുമില്ല. തമിഴ്‌നാട്ടീന്ന് വണ്ടി വന്നിട്ടില്ലായെന്നാണ് പലരും പറഞ്ഞത്. ചിലപ്പോള്‍ ഉച്ചയാകുമ്പോഴേക്കും വരും എന്നും ചിലര്‍ പറഞ്ഞു. അതുവരെ കാത്തുനില്‍ക്കാന്‍ എനിക്കാവില്ലല്ലോ. ജോലിക്കു പോകേണ്ടേ. അടുത്ത കട എവിട്യാ ഉള്ളതെന്നു ചോദിച്ച് ഞാന്‍ അങ്ങോട്ടു നീങ്ങി. ഒരു കടയിലും ഇല്ലായെന്നു കണ്ടപ്പോള്‍ എനിക്ക് എങ്ങനെയെങ്കിലും വാങ്ങണമെന്ന് വാശിയായി. ഇനി ഇത്രനേരം കഴിഞ്ഞ് വീട്ടില്‍ചെന്ന് കിട്ടിയില്ലായെന്നു പറയുമ്പോള്‍ കുഞ്ഞുങ്ങളുടെ മുഖം മങ്ങുന്നത് എനിക്കു കാണാന്‍ വയ്യ. ഞാന്‍ അതുകൊണ്ട് എങ്ങനെയെങ്കിലും എവിടെചെന്നാണെങ്കിലും വാങ്ങണമെന്നു വിചാരിച്ച് അടുത്തടുത്ത കടകള്‍ നോക്കിപ്പോയി. അങ്ങനെയാണ് ഈ കുഗ്രാമത്തില്‍ ഞാന്‍ എത്തിപ്പെട്ടത്. ഇത്രയുംനാളും ഇതിനടുത്തു താമസിച്ചിട്ടും ഇങ്ങനെയൊരു കുഗ്രാമം ഇവിടെയുള്ളതായി എനിക്കറിയില്ല. ഞാന്‍ അത്ഭുതപ്പെട്ടു. പട്ടണത്തില്‍നിന്നും അധികം ദൂരെയല്ലാതെ ഒരു ഓണംകേറാമൂല. ആളില്ലാ ഗ്രാമമാണെന്നു തോന്നുമെങ്കിലും ധാരാളം ആളുകള്‍ അവിടെയുണ്ടെന്നു മനസ്സിലായി.

ചെറിയൊരു കുടുസ്സുമുറിയായിരുന്നു കട. ജാംബവാന്റെ കാലത്തുള്ള കെട്ടിടത്തിന്റെ മുകളിലും താഴേയുമായി പല കടകള്‍. പഴം, പച്ചക്കറി, പലചരക്ക്, തുണി, വളം, മുടിവെട്ടുകട, ചായക്കട, തയ്യല്‍ക്കട എന്നിവ താഴെ. മുകളില്‍ പാര്‍ട്ടി ഓഫീസും ട്യൂഷന്‍സെന്ററും ഒരു ക്ലബ്ബുമുണ്ട്. ഏതുനിമിഷവും ഈ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താമെന്ന് എനിക്കു തോന്നി.

ഇറച്ചിക്കടയുടെ മുന്‍പില്‍ ചോര വാര്‍ന്നൊലിച്ച് ഇറച്ചിക്കഷണങ്ങള്‍ തൂങ്ങിക്കിടന്നു. പശുവോ പോത്തോ എന്തെങ്കിലുമാകാം. എനിക്കങ്ങോട്ടു നോക്കാന്‍ തന്നെ ഭയമായി. ഒരാടിന്റെയും പോത്തിന്റെയും തലകള്‍ മേശപ്പുറത്ത് അങ്ങനെതന്നെ വെട്ടിവച്ചിട്ടുണ്ടായിരുന്നു. മുഷിഞ്ഞ ഷര്‍ട്ടും പാന്റ് സും ധരിച്ച ചെറുപ്പക്കാരന്‍, നിറയെ ചോരതെറിച്ച ഒരുപഴയതുണി, ഷര്‍ട്ടിലും പാന്റ്‌സിലും ചോരതെറിക്കാതിരിക്കാന്‍ ദേഹത്ത് കെട്ടിവച്ചിട്ടുണ്ടായിരുന്നു. അതിന്റെ വള്ളി പുറകില്‍ കെട്ടിവച്ചിരിക്കുന്നത് ഏതുനിമിഷവും വിട്ടുപോകാമെന്നുതോന്നി.
മൂന്ന് കിലോയില്‍ താഴെ തൂക്കമുള്ള കോഴിയെ കൂട്ടത്തില്‍നിന്നും പൊക്കിയെടുത്ത് ത്രാസില്‍തൂക്കിയിട്ട് ചെറുപ്പക്കാരന്‍ എന്നെ നോക്കി. ഞാന്‍ സമ്മതിച്ചു. അയാള്‍ കോഴിയുടെ കഴുത്ത് മടക്കിപ്പിടിച്ച് കത്തികൊണ്ട് ഒരു വരവരച്ച് വലിയൊരു പ്ലാസ്റ്റിക് ഡ്രമ്മിലേക്കിട്ടു. ആ നിമിഷം ഞാനൊന്നു കണ്ണടച്ചു. എന്റെ ശരീരമാകെ തളരുന്നതുപോലെതോന്നി. പ്ലാസ്റ്റിക് പാത്രത്തില്‍ക്കിടന്ന് ആ കോഴി മരണപ്പിടച്ചില്‍ പിടയുമ്പോള്‍ ആ ഒച്ച കോള്‍ക്കാതിരിക്കാന്‍ ഞാന്‍ കടയ്ക്ക് ഇത്തിരിപുറത്തേക്ക് മാറിനിന്നു. അപ്പോഴാണ് എന്നെ നോക്കിക്കൊണ്ട് ഒരാള്‍ റോഡിനപ്പുറം നില്‍ക്കുന്നത് ഞാന്‍ കണ്ടത്.
അയാള്‍ ബീഡി വലിച്ച് പുക പുറത്തേക്കൂതി എന്നെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുകയാണ്. പരിചയമുള്ള മുഖമാണതെന്ന് പെട്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ ആരാണെന്നു മനസ്സിലായില്ല. വെറുതെ ഞാനോന്നു ചിരിച്ചെങ്കിലും അയാള്‍ എന്നെ നോക്കിക്കൊണ്ടു നിന്നതേയുള്ളൂ.
നിറഞ്ഞ കഷണ്ടി. പറ്റെ വെട്ടിയ ഇത്തിരി നരച്ച മീശ. കറുത്തതെങ്കിലും ഐശ്വര്യമുള്ള മുഖം. തിളയ്ക്കുന്ന നോട്ടം. പരുക്കന്‍ മുഖഭാവം. എന്തിനുംപോന്ന ഒരൊത്ത മനുഷ്യന്‍.

റോഡിനപ്പുറത്തേക്ക് കടന്നു ചെന്നാലോയെന്നു ഞാന്‍ ആദ്യം വിചാരിച്ചു. ദൈവാധീനമെന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ റോഡിലേക്കു കാലെടുത്തു വച്ചെങ്കില്‍ എന്റെ കഥ കഴിഞ്ഞേനെ. മണല്‍ കയറ്റിയ ഒരു ടെമ്പോവാന്‍ ചീറിപ്പാഞ്ഞുപോയത് ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. ഹൊ…യെന്നു ഞാന്‍ അറിയാതെ വിളിച്ചുപോയി. കുറച്ചുനേരം ഞാന്‍ മേലാസകലം വിറച്ചുകൊണ്ട് അങ്ങനെ നിന്നു.

പുറകില്‍ ആരോ തൊട്ടതറിഞ്ഞു ഞാന്‍ തിരിഞ്ഞു നോക്കി. കോഴിക്കഷണങ്ങള്‍ ഒരു കവറിലാക്കി നീട്ടിക്കൊണ്ട് കടക്കാരന്‍ നില്‍ക്കുന്നു. ഞാന്‍ കാശുകൊടുത്ത് അതുവാങ്ങി തിരിഞ്ഞപ്പോള്‍ എന്റടുത്തുണ്ട് അയാള്‍. വലിച്ച ബീഡിക്കുറ്റി നിലത്തിട്ടു ചവിട്ടിത്തേച്ച് എന്റടുത്തുകൂടെ അയാള്‍ മുകളിലേക്ക് കോണികയറിപ്പോയി. വീണ്ടും ഞാനൊന്നനങ്ങി അയാള്‍ക്കു പുറകേ ചെല്ലാന്‍ നോക്കിയെങ്കിലും അയാളുടെ തിരിഞ്ഞുനോട്ടത്തിന്റെ രൂക്ഷഭാവം കണ്ടപ്പോള്‍ വേണ്ടെന്നുവെച്ചു. ഇഷ്ടപ്പെടാത്തമട്ടിലുള്ള ഒരു നോട്ടമായിരുന്നു അത്. അപ്പോഴാണ് കടയില്‍നിന്നും കോഴികളുടെ കൂട്ടക്കരച്ചില്‍ ഞാന്‍ കേട്ടത്. കോഴിത്തീട്ടംപറ്റിയ കോഴികള്‍ തങ്ങളുടെ ഊഴത്തിനുവേണ്ടി കൂട്ടില്‍ക്കിടന്ന് തിക്കിക്കൂട്ടി. എത്രയുംപെട്ടെന്ന് കഥ കഴിഞ്ഞാല്‍ പിന്നെ മരണത്തിനുവേണ്ടി അസഹ്യമായി കാത്തിരിക്കേണ്ടല്ലോ. തീറ്റയും വെള്ളവും ഇറങ്ങാതെ തൊണ്ടയില്‍ കുരുങ്ങേണ്ടല്ലോ.
കോഴിയിറച്ചിയും വാങ്ങി വീട്ടിലേക്കുപോകുമ്പോഴും വീട്ടില്‍ച്ചെന്നിട്ടും എനിക്കയാളെ മറക്കാനായില്ല.

ആരാണയാള്‍…? എവിടെവച്ചാണ് അയാളെ ഞാന്‍ ഇതിനുമുന്‍പ് ആദ്യമായി കണ്ടുമുട്ടിയത്….? ഊണിലും ഉറക്കത്തിലും ഇതുതന്നെയായിരുന്നു എന്റെ ചിന്ത.
നിങ്ങളെന്താണിത്ര ആലോചിക്കുന്നതെന്ന് ഭാര്യ ചോദിച്ചപ്പോള്‍ എനിക്കവളോട് കള്ളം പറയാനായില്ല. അല്ലെങ്കിലും ഞാനവളോട് നിര്‍ദ്ദോഷമായ, ചില തമാശനുണകളല്ലാതെ കെട്ടിച്ചമച്ചൊരു നുണ പറഞ്ഞിട്ടില്ല. പറയുകയുമില്ല. എന്തു രഹസ്യമാണെങ്കിലും ഞാന്‍ അവളുടെമുമ്പില്‍ കുടഞ്ഞിടും. അതവള്‍ക്കറിയാം. അതുകൊണ്ട് അവള്‍ എന്നെ ആകാംക്ഷയോടെ നോക്കി. ഞാന്‍ കാര്യം പറഞ്ഞു.

ഇത്രേള്ളോ. .ഇതിലെന്തിരിക്കുന്നു ഇത്ര ആലോചിക്കാന്‍, ഇനിയെവിടെയെങ്കിലും വച്ചു കാണുമ്പോള്‍ നേരിട്ട് ചോദിക്കണംഅവള്‍ പറഞ്ഞു.
അതല്ലെടീ, ഞാന്‍ ആലോചിക്കുന്നത്. അയാള്‍ ഒരുപക്ഷേ എന്റെ കൂടെ എപ്പോഴങ്കിലും പഠിച്ചിട്ടുള്ള ഒരാളായിരിക്കാം. സഹപാഠി. അല്ലെങ്കില്‍ സഹപ്രവര്‍ത്തകന്‍. അതുമല്ലെങ്കില്‍… എന്തോ അയാളുമായി എനിക്ക് നല്ല ബന്ധമുണ്ട്. എനിക്കയാളെ നന്നായിയറിയാം. പക്ഷേ, എവിടെവച്ച് എങ്ങനെ അതാണ് പിടുത്തം കിട്ടാത്തത്.

അവള്‍ക്ക് ദേഷ്യം വന്നു.
അതുതന്ന്യാ മനുഷ്യാ ഞാന്‍ പറഞ്ഞത്. ഇനി കാണുമ്പോള്‍ അതു ചോദിക്കണം. അങ്ങനെ ചോദിച്ചാല്‍ തിരിച്ചറിഞ്ഞില്ലല്ലോയെന്നയാള്‍ വിഷമിക്കുമെന്നു കരുതേണ്ട. എത്രയോ പേരേയാണ് നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്നത്. എല്ലാവരേയും ഓര്‍ത്തിരിക്കണമെന്നില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ കുട്ടിക്കാലത്ത് സ്‌ക്കൂളില്‍ പഠിച്ച ആളാണെങ്കില്‍ ഇപ്പോള്‍ എന്തു മാറ്റം വന്നു കാണും. പിന്നെ, എത്രമാറ്റം വന്നാലും എവിടെയെങ്കിലും അവശേഷിക്കുന്ന പണ്ടത്തെ ഒരു പൊട്ടുണ്ടാകും. ആ ഒരു സവിശേഷത നമ്മളുടെ മനസ്സില്‍ ഉടക്കിക്കിടപ്പുണ്ടാകും. തിരിച്ചറിവ് ചിലപ്പോള്‍ അവിടുന്നാകും തുടങ്ങുക. ഓര്‍ത്തോര്‍ത്തു വരുമ്പോള്‍ അതു മുഴുവനും തെളിഞ്ഞു തെളിഞ്ഞു പഴയ മുഖം പുറത്തേക്കുവരും.

അവള്‍ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി. പിന്നെ ഞാന്‍ അസ്വസ്ഥതവിട്ട് ഓഫീസില്‍ പോകാനുള്ള തിരക്കിലായിരുന്നു. എന്നാലും അപ്പോഴെല്ലാം എത്ര മായ്ക്കാന്‍ ശ്രമിച്ചിട്ടും ആ മുഖം മനസ്സില്‍ തെളിഞ്ഞങ്ങനെ കിടന്നു, ചെറുതായി അലോസരപ്പെടുത്തിക്കൊണ്ട്.
കാവിലെ ഉത്സവത്തിനാണ് പിന്നെ ഞാനയാളെ കണ്ടത്. അമ്പലങ്ങളില്‍ അങ്ങനെയൊന്നും ഞാന്‍ പോകാറില്ല. ഉത്സവസമയത്ത് ഒട്ടും പോകാറില്ല. ആരുമില്ലാത്തപ്പോള്‍പോയി മനസ്സമാധാനത്തോടെ തൊഴുന്നതാണ് എനിക്കിഷ്ടം. ഉത്സവത്തിന്റെ തിരക്ക് എനിക്ക് വല്ലാത്തൊരസ്വസ്ഥതയുണ്ടാക്കാറുണ്ട്. നേരേചൊവ്വേ തൊഴാനും പറ്റില്ല. തിക്കും തിരക്കും ബഹളവും. അതുകൊണ്ട് ഉത്സവം ഒഴിവാക്കിയേ ഞാന്‍ ഏതമ്പലത്തിലും പോകാറുള്ളൂ. പക്ഷേ, ഈ അമ്പലത്തില്‍ മാത്രം ഉത്സവത്തിന്റെ അവസാനദിവസം, എത്ര തിരക്കുള്ള ജോലിയുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി ഞാനെത്തും. ആ ദിവസം മാത്രമേ അവിടെ പോകൂ. അതു കുട്ടിക്കാലം മുതലുളള തുടര്‍ച്ചയാണ്. ഒരിക്കല്‍പ്പോലും മുടങ്ങിയതായി എനിക്കോര്‍മ്മയില്ല. പണ്ട് അച്ഛനോടൊപ്പമായിരുന്നു ഈ ദിവസം കാവില്‍ പോകാറ്. നാട്ടില്‍നിന്നും ഏറെ ദൂരമുണ്ട് കാവിലേക്ക്. അച്ഛന്റെ വീട്ടിലായിരുന്നു അന്നൊക്കെ താമസിച്ചിരുന്നത്. അവിടെനിന്നും കുറച്ചുദൂരമെയുള്ളൂ.

കാവിലെ ഉത്സവത്തിന്റെ അവസാന ദിവസത്തിലെ ആയിരം തിരിയോട്ടവും തൂക്കവും വളരെ പ്രസിദ്ധമാണ്. ബാലഭദ്രകാളിയാണ് പ്രതിഷ്ഠ. ഭഗവതിയെ ആയിരംതിരിയുഴിഞ്ഞ് നടതുറന്ന് പുറത്തേക്കിറങ്ങുന്ന വെളിച്ചപ്പാട് ഭഗവതി തന്നെയാണെന്നാണ് വിശ്വാസം. വാളും ചിലങ്കയുമായി വെളിച്ചപ്പാട് പുറത്തേക്കിറങ്ങുമ്പോള്‍ ആ മുഖത്തെ തേജസ്സ് കാണേണ്ടതുതന്നെയാണ്. പ്രധാന പൂജാരി തന്നെയാണ് അന്ന് വെളിച്ചപ്പാടാകുന്നത്. ആദ്യം ശ്രീകോവിലിനു ചുറ്റം മൂന്നു പ്രദക്ഷിണം വച്ചതിനു ശേഷം വെളിച്ചപ്പാട് തുളളിക്കൊണ്ടുതന്നെ പുറത്തേക്കോടും. അമ്പലത്തിനു പുറത്ത് വിശാലമായ മുറ്റത്തുകൂടെ മൂന്നു പ്രദക്ഷിണം വയ്ക്കും. എന്നിട്ട് തിരുനടയില്‍ വന്നൊരു വീഴ്ചയാണ് ബോധമില്ലാതെ. അപ്പോള്‍ കൂടെ ഓടി വരുന്നവര്‍, അതിന് അവകാശികളായവര്‍, വാള് നിലത്തുമുട്ടാതെ വെളിച്ചപ്പാടിന്റെ കയ്യില്‍ നിന്നും ഏറ്റെടുക്കും. പിന്നെ വെളിച്ചപ്പാടിനെ ഭഗവാന്‍ ശിവന്റെ നടയില്‍ കൊണ്ടുപോയിക്കിടത്തും. അതിനുശേഷം കുറച്ചുപേര്‍ ചേര്‍ന്ന് അമ്പലക്കുളത്തില്‍ കൊണ്ടുപോയി, തലങ്ങും വിലങ്ങും ആട്ടിക്കുളിപ്പിച്ച് ബോധം വീണ്ടെടുക്കും. ആയിരം തിരിയുഴിയലിന് നടയടക്കും മുന്‍പ് പ്രധാന പൂജ കഴിഞ്ഞൊരു നടതുറപ്പുണ്ട്. ഇത് ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിയ്ക്കും ഇടയ്ക്കായിരിക്കും. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയം. ആ നടതുറപ്പ് കാണേണ്ടതുതന്നെയാണ്. അപ്പോഴുള്ളൊരു തേജസ്സ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. സാക്ഷാല്‍ ഭഗവതി അവിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നുതന്നെ സങ്കല്പം. അതു തൊഴാന്‍ പതിനായിരക്കണക്കിനു ഭക്തജനങ്ങള്‍ തിങ്ങിക്കൂടും. നാലമ്പലത്തിനുള്ളിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മുറ്റത്തും പറമ്പിലുമായി നട്ടുച്ചവെയിലത്ത് തടിച്ചുകൂടിയിട്ടുണ്ടാകും

നേരത്തേ സ്ഥാനം പിടിച്ചില്ലെങ്കില്‍ ശ്രീകോവിലിനു മുന്‍പില്‍ നിന്ന് അമ്മയെ തൊഴുവാന്‍ പറ്റില്ല; അതും നാലമ്പലത്തിനകത്ത്. പണ്ടൊക്കെ അച്ഛന്റെ തോളിലിരുന്നാണ് ഞാന്‍ അമ്മയെ തൊഴുതത്.
ചെറിയതിണ്ണയില്‍ക്കയറി ചുമരിനോട് ചേര്‍ന്ന്, തിക്കിലും തിരക്കിലും മാറിപ്പോകാതെ ചെറിയ മേല്‍ക്കൂരയുടെ കഴുക്കോലില്‍ മുറുകെപിടിച്ച് ഒന്നൊന്നര മണിക്കുര്‍ കാത്തുനില്ക്കും. അങ്ങനെ ഒരു സ്ഥിരം സ്ഥാനം ഓര്‍മ്മ വച്ചനാള്‍ മുതല്‍ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. അവിടെ നിന്നാല്‍ നടതുറക്കുമ്പോള്‍ സുഖമായി തൊഴാം.

ആയിരംതിരിയോട്ടത്തില്‍ ഭക്തരെ അനുഗ്രഹിച്ചു കഴിഞ്ഞാല്‍ ഭഗവതിയെ എഴുന്നള്ളിച്ച് മുകളിലേക്കിരുത്തും. ശ്രീകോവിലിനപ്പുറം കെട്ടിടത്തിന്റെ മുകളില്‍ അതിനുവേണ്ടി പ്രത്യേകമായൊരറയുണ്ട്. അവിടെ ഇരുന്നാല്‍ ഭഗവതിക്ക് അമ്പലപരിസരത്തിന് ചുറ്റും വ്യക്തമായികാണാം. അമ്മയുടെ കണ്ണ് ചുറ്റും എത്തിയില്ലെങ്കില്‍ അപകടമാണ്. കാരണം ഇനി നടക്കാന്‍ പോകുന്നത് തൂക്കമാണ്. തൂക്കം നടക്കുമ്പോള്‍ മുകളില്‍ തൂങ്ങുന്ന ആളെ തിന്നാന്‍ യക്ഷിവരും. അമ്മയുടെ കണ്ണെത്തിയാല്‍ ആ വശത്തേക്ക് യക്ഷി അടുക്കുകയില്ല. അപ്പോള്‍ ഭംഗിയായി തൂക്കം നടത്തി ആള്‍ക്ക് താഴത്തിറങ്ങാം.
അങ്ങനെ വരുന്ന യക്ഷികള്‍ക്കും മറ്റും തിന്നാന്‍ തൂക്കച്ചാടില്‍ പഴക്കുല കെട്ടിത്തൂക്കിയിട്ടുണ്ടാകും. അതുരിഞ്ഞ് ഇടയ്ക്കിടയ്ക്ക് മുകളിലേക്കെറിയും. അതുകഴിച്ച് യക്ഷികള്‍ വിശപ്പടക്കിക്കൊള്ളും. ഭഗവതിയുടെ മുന്‍പില്‍ വച്ച് അവര്‍ അമ്മയുടെ ഭക്തരെ ഉപദ്രവിക്കില്ല. അതിനുള്ള ധൈര്യം അവര്‍ക്കില്ല. അതുകൊണ്ട് അമ്മയുടെ നോട്ടം എല്ലായിടത്തും എത്തണം. അതിനുവേണ്ടിയാണ് മുകളിലേക്കെഴുന്നള്ളിക്കുന്നത്.

വിശാലമായ അമ്പലമുറ്റത്ത് വലിയ ആലിന്റെ ചുവട്ടില്‍ തൂക്കച്ചാട് നേരത്തേ അലങ്കരിച്ച് തയ്യാറാക്കി വച്ചിട്ടുണ്ടാകും. അതു കാണാന്‍ തന്നെ ഭക്തര്‍ തിങ്ങിക്കൂടും.

നാല്പത്തിയൊന്നു ദിവസത്തെ വ്രതമെടുത്ത ആളായിരിക്കും ചാടില്‍ തൂങ്ങുക. കഠിന വ്രതത്തിനൊടുവില്‍ അദ്ദേഹത്തിന്റെ പുറത്ത് മാംസം നിറഞ്ഞൊരു മുഴ രൂപപ്പെടും. വ്രതത്തിനിടയില്‍ ഉഴിച്ചിലും പിഴിച്ചിലുമായി പാകപ്പെടുത്തിയെടുക്കുന്നതാണത്. ആ മുഴയിലാണ് പണ്ടൊക്കെ തൂക്കത്തിന്റെ കൊളുത്തിടുക. എന്നിട്ട് ചാട് മുകളിലേക്കു പൊക്കും. അഞ്ചാള്‍പൊക്കത്തില്‍ ആളുപൊങ്ങും. പുറത്തെ മാംസത്തിലെ കൊളുത്തില്‍ ഒരാള്‍ തൂങ്ങിക്കിടക്കുക. എന്തതിശയം. പിന്നെ അവകാശികളായ ജനക്കൂട്ടം ഈ ചാടെടുത്ത് തോളിലേറ്റും. അപ്പോള്‍ തൂങ്ങിക്കിടക്കുന്ന ആള്‍ അത്രേംകൂടി പൊക്കത്തിലേക്കുപോകും. തൂങ്ങിക്കിടക്കുന്ന ആളുടെ കയ്യില്‍ വാളും പരിചയുമുണ്ടാകും. ഈ തൂക്കച്ചാടെടുത്തുകൊണ്ട് ജനക്കൂട്ടം അമ്പലത്തിനുചുറ്റും ഓടി പ്രദക്ഷിണം വയ്ക്കും. തൂക്കച്ചാടിനുതാഴെ ജനങ്ങള്‍ തോളിലേറ്റിയ മരത്തടിയില്‍ രണ്ടുമൂന്നുപേര്‍ കയറിനില്‍പ്പുണ്ടാവും. അവരാണ് ചാടില്‍തൂക്കിയ പഴവും വെറ്റിലയും മുകളിലേക്കെറിഞ്ഞുകൊടുക്കുന്നത്. തൂക്കച്ചാട് വിശാലമായ മുറ്റത്തുകൂടെ അമ്പലത്തിനുചുറ്റും പ്രദക്ഷിണംവച്ച് തിരുനടയുടെ മുന്നിലെത്തിയാല്‍ പിന്നെ പിള്ളത്തൂക്കം തുടങ്ങും. ചാട് താഴ്ത്തി തൂങ്ങിക്കിടക്കുന്ന ആള്‍ കുഞ്ഞുങ്ങളെ കയ്യിലെടുത്ത് വീണ്ടും പൊക്കിത്താഴ്ത്തും. ഭഗവതിയുടെ അനുഗ്രഹം കിട്ടിയ കുഞ്ഞുങ്ങള്‍ മിടുക്കരായി വളരും.

ജനസഹസ്രങ്ങള്‍ ഈ സമയമെല്ലാം ആര്‍പ്പുവിളിയും വായ്ക്കുരവയുമിട്ട് അന്തരീക്ഷം ഭക്തിസാന്ദ്രമാക്കും.

പണ്ടത്തെപ്പോലെയല്ല. ഇപ്പോള്‍ തൂക്കത്തില്‍ ചില വ്യത്യാസങ്ങളൊക്കെ വന്നിട്ടുണ്ട്. പുറത്തെ മുഴയിലല്ല, ദേഹത്ത് ചുറ്റിക്കെട്ടിയ കച്ചയിലാണ് ഇപ്പോള്‍ തൂക്കക്കൊളുത്ത് ഇടുന്നത്. ഇതു കുറച്ചുകൂടി സുരക്ഷിതമാണ്.
ഇങ്ങനെ തൂക്കം നടന്നുകൊണ്ടിരിക്കുമ്പോളാണ് ഞാനയാളെ വീണ്ടും കാണുന്നത്. അയാള്‍ തൂക്കച്ചാടിനു മുകളില്‍ പഴം എറിഞ്ഞുകൊടുക്കുന്ന ആളിനടുത്തു നില്‍പ്പുണ്ടായിരുന്നു. എന്റെ ഉള്ളിലൂടെ ഒരു മിന്നല്‍ കടന്നുപോയി. പിന്നീടെനിക്ക് തൂക്കത്തെ ശ്രദ്ധിക്കാനോ ഭക്തിയോടെ തൊഴാനോ പറ്റിയില്ല. എന്റെ ശ്രദ്ധ അയാളില്‍ത്തന്നെയായിരുന്നു. ചാടില്‍ നിന്നിറങ്ങുന്ന നിമിഷം അയാള്‍ക്കരികിലേക്കോടിയെത്തണമെന്ന വിചാരമായിരുന്നു.

ഭാര്യയും കുട്ടികളും അമ്പലത്തില്‍ വന്നിരുന്നില്ല. ഞാനൊറ്റയ്ക്കാണ് വന്നത്. അവള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ അയാളെ കാണിച്ചുകൊടുക്കാമായിരുന്നു.
തൂക്കച്ചാട് തോളത്തുനിന്നും ജനങ്ങള്‍ നിലത്തുവച്ച സമയത്ത് ഞാന്‍ അയാളുടെ അടുത്തേക്ക് ഓടിയെത്താന്‍ ശ്രമിച്ചു. ഹൊ… എന്തൊരു തിരക്ക്. എന്തുചെയ്താലും ചാടിനടുത്തേക്കെത്തില്ല. എത്തിയപ്പോളാവട്ടെ അയാളെ കാണാനുമില്ല. പിന്നെ അയാളെത്തേടി അമ്പലം മുഴുവനും ഞാന്‍ ചുറ്റിനടന്നു. ഒടുവില്‍ നിരാശയോടെ തിരിച്ചുപോരേണ്ടിവന്നു.

രണ്ടു ദിവസത്തേക്ക് ആ നിരാശയും അസ്വസ്ഥതയും മനസ്സിലുണ്ടായിരുന്നെങ്കിലും പിന്നീട് ഞാനത് പാടേമറന്നു; ജീവിതത്തിലെ പ്രാരബ്ധത്തിലും തിരക്കിലും മുഴുകി.
ഭാര്യയുടെ അമ്മാവന്റെ മകളുടെ കല്യാണത്തിന് അയാളെ കാണുന്നതുവരെ ഞാനയാളെപ്പറ്റി ഓര്‍ത്തതേയില്ല. കൂട്ടത്തില്‍തന്നെ ഒരു ബന്ധുവിനെയാണ് ആ കുട്ടി കല്ല്യാണം കഴിച്ചത്. രണ്ടു ബന്ധങ്ങള്‍ അടുപ്പിച്ചുവന്നതുകൊണ്ടും വളരെ അടുത്തിടപഴകുന്ന ആളുകളായതുകൊണ്ടും എത്ര തിരക്കുണ്ടെങ്കിലും മുഴുവന്‍ സമയവും കല്യാണത്തിനും വൈകീട്ടു നടക്കുന്ന പാര്‍ട്ടിക്കും പങ്കെടുക്കണമെന്ന് ഭാര്യ നിര്‍ബന്ധിച്ചു.

കുട്ടികള്‍ക്കും അവള്‍ക്കും കല്ല്യാണത്തിനും പാര്‍ട്ടിക്കും വെവ്വേറെ ഡ്രസ്സുകളെടുത്തു. നാളുകള്‍ക്കുമുന്‍പേ അവര്‍ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
എഴുപതോളം കിലോമീറ്റര്‍ അകലെയാണ് കല്ല്യാണപ്പെണ്ണിന്റെയും ചെറുക്കന്റെയും വീട്. പെണ്ണിന്റേയും ചെറുക്കന്റെയും വീടുകള്‍ ഏകദേശം അടുത്തടുത്താണ്.

തലേന്നുതന്നെ പോകണമെന്ന് ഭാര്യയും കുട്ടികളും ശട്ടംകൂട്ടി. ഞാനതിന് വഴങ്ങിക്കൊടുത്തു. ഇതുപോലുള്ള സന്തോഷങ്ങള്‍ വിരളമായേ കിട്ടാറുള്ളല്ലോ. അവര്‍ സന്തോഷിക്കട്ടെ. ഞാനതിന് എടങ്ങോലിടുന്നതു ശരിയല്ല. എന്റെ ഏതാഗ്രഹങ്ങളും കണ്ടറിഞ്ഞ് നടത്തിത്തരുന്നവളാണ് ഭാര്യ. എന്റെ ഇഷ്ടത്തിന് ഒരെതിര്‍പ്പ് അവളില്‍ നിന്നും ഉണ്ടാവാറില്ല. ഞാന്‍ പറയുന്നതിനപ്പുറം അവള്‍ പോകാറുമില്ല. പിള്ളേര്‍ അത്ര കണിശക്കാരല്ല. എങ്കിലും അച്ഛന്റെ വാക്കുകള്‍ക്ക് വിലകൊടുക്കും അവര്‍. അവരുടെകൂടെ ഒരു കുട്ടിയെപ്പോലെ കളിക്കാന്‍ കൂടുന്നതുകൊണ്ട് അച്ഛനില്‍ വല്ലാത്തൊരു സ്വാതന്ത്ര്യം അവര്‍ എടുക്കാറുണ്ട്. ചിലപ്പോള്‍ അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണോ ഞാനെന്ന് തോന്നിപ്പോകും. അവര്‍ അതില്‍ വല്ലാതെ ആകൃഷ്ടരാകുന്നതില്‍ എന്റെ ഉള്ള് കുളിര്‍ക്കാറുണ്ട്. പിള്ളേരെ ലാളിച്ച് വഷളാക്കേണ്ടെന്ന് ചിലപ്പോള്‍ ഭാര്യയുടെ സ്‌നേഹം നിറഞ്ഞ ശാസനയും എനിക്ക് കിട്ടാറുണ്ട്. അതു പറയുമ്പോഴും അവളുടെ ഉള്ളില്‍ ആഹ്ലാദം നിറയുന്നത് ഞാന്‍ കാണാറുണ്ട്. അങ്ങനെ തരക്കേടില്ലാതെ ആഹ്ലാദിച്ച് തന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്.

പണത്തിന്റെ ബുദ്ധിമുട്ട് കുറച്ചൊക്കെയുണ്ടെങ്കിലും അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെ വീട്ടിലുണ്ട്. കടം വാങ്ങുന്നതത്ര ശീലമില്ലെങ്കിലും പിള്ളേരുടേയും ഭാര്യയുടേയും എന്റേയും ആഗ്രഹംകൊണ്ട് ലോണെടുത്ത് ഒരു കാറു വാങ്ങി. കാറിന്റെ അടവ് കഷ്ടിച്ചങ്ങനെ നടന്നു പോകുന്നു. വാങ്ങിയിട്ട് രണ്ടുമൂന്നു മാസമേ ആയിട്ടുള്ളൂ. ഓടിച്ച് കൊതി തീര്‍ന്നിട്ടില്ല. അതുകൊണ്ടും, കുറച്ച് ഗമ കാണിക്കാനും കല്ല്യാണത്തിന് കാറില്‍ തന്നെ പോകാമെന്നു തീരുമാനിച്ചു.
ഞായറാഴ്ചയാണ് നഗരത്തില്‍ തിരക്ക്. ഒഴിവുദിവസമാണെന്നു പറഞ്ഞിട്ട് കാര്യമില്ല. അമ്പലത്തിലും പള്ളിയിലും പാര്‍ക്കിലും സിനിമ കാണാനും കാഴ്ച കാണാനും പര്‍ച്ചേസിനും വെറുതെ ചുറ്റിക്കറങ്ങാനും ഒക്കെയായി നഗരത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് സ്വന്തം വാഹനത്തിലാണ്. പ്രവൃത്തി ദിനമാണെങ്കില്‍ ബസ്സുകളുടെ പാഞ്ഞോട്ടമുണ്ടെന്നേയുള്ളൂ. ഇത്ര വാഹനത്തിരക്കു കാണില്ല.

കല്ല്യാണവീട്ടില്‍ തലേന്നുതന്നെയെത്തി. വളരെ നാളായി കാണാതിരുന്ന സ്വന്തക്കാരെ പലരേയും കണ്ടപ്പോള്‍ അവരുടെയടുത്ത് കുട്ടിക്കാലത്തെന്നപോലെ ചിരിച്ചും കളിച്ചും തമാശപറഞ്ഞും ആഹ്ലാദിച്ചുല്ലസിച്ച് വളരെ സ്മാര്‍ട്ടായി ഭാര്യ ഓടിനടക്കുന്നതു കണ്ടു. അതു കണ്ടപ്പോള്‍ എനിക്കു തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

കുട്ടികള്‍ രണ്ടുപേര്‍ക്കും കൂട്ടുകാരെ കിട്ടിയ സന്തോഷം ഉണ്ടായിരുന്നെങ്കിലും ചിലപ്പോളെല്ലാം അവന്‍ ഒറ്റയ്ക്ക് മാറിയിരുന്ന് ഫോണില്‍ കളിക്കുന്നതുകണ്ടു. അവനങ്ങനെയാണ്, പെട്ടെന്നെല്ലാം മടുക്കും. മോള് വന്ന് വാടായെന്ന് കയ്യില്‍പ്പിടിച്ച് വലിച്ചുകൊണ്ടുപോകുമ്പോള്‍ പിന്നേയും കൂട്ടുകാരൊത്തുകൂടി കളിക്കും. കുട്ടികളും നന്നായിട്ട് ആഘോഷിക്കുന്നുണ്ടെന്നെനിക്കു മനസ്സിലായി. ഇതില്‍പരം സന്തോഷം എനിക്കെന്തുവേണം. എന്റെ വല്യ താല്പര്യമില്ലായ്മ അവരുടെ സന്തോഷത്തില്‍ അലിഞ്ഞുപോയി. അതുകൊണ്ട് കല്ല്യാണത്തിനും കൂടി, പാര്‍ട്ടിക്കും നില്‍ക്കാമെന്ന് ഞാനുറപ്പിച്ചു.
കല്ല്യാണം അതിഗംഭീരമായി.

വൈകീട്ട്, പാര്‍ട്ടിഹാളിലേക്കു കയറിയപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കാണോ കയറിയതെന്നുതോന്നി.

പിള്ളേരേം ഭാര്യേം അവരുടെ വഴിക്കുവിട്ട് ഞാന്‍ ഒരു ജ്യൂസ് കഴിക്കാമെന്നു കരുതി തിരിഞ്ഞപ്പോളാണ് ആള്‍ക്കുട്ടത്തിനിടയില്‍ കുറച്ചകലെയായി അതാ അയാള്‍ നില്‍ക്കുന്നു.
എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.

അതുശരി, അപ്പോള്‍ അയാള്‍ ഭാര്യയുടെ വീട്ടുകാരനായിരിക്കാം. അല്ലെങ്കില്‍ അവരുടെയാരുടെയെങ്കിലും പരിചയക്കാരനാവാനും മതി. ഭാര്യയെ ഞാന്‍ ചുറ്റുംനോക്കി. അയാളെ കാണിച്ചുകൊടുക്കാമായിരുന്നു. അവളെ അവിടെയെങ്ങും കണ്ടില്ല. അവള്‍ എവിടെയെങ്കിലും ആരോടെങ്കിലും വര്‍ത്തമാനംപറഞ്ഞ് നില്‍പ്പുണ്ടാകും. പിന്നെ ഞാന്‍ അയാളെ നോക്കിയപ്പോള്‍ അയാളെയും കണ്ടില്ല.

അയാളെ നോക്കി, ആളുകള്‍ക്കിടയിലുടെ ഞാന്‍ ഓടി മറ്റൊരു വാതിലിലൂടെ ഹാളിനുപുറത്തേക്കിറങ്ങി.
അപ്പോഴതാ അയാള്‍ നടന്നു പോകുന്നു. ഞാന്‍ പുറകേചെന്നു.

അയാള്‍ ആണുങ്ങളുടെ മൂത്രപ്പുരയിലേക്കു കയറി. എനിക്കും അപ്പോള്‍ പെട്ടെന്ന് മൂത്രമൊഴിക്കാന്‍ മുട്ടി. ഞാനും മൂത്രപ്പുരയിലേക്കുകയറി.
അയാള്‍ മൂത്രമൊഴിച്ചുകൊണ്ടുനില്‍ക്കുന്നതിനു തൊട്ടടുത്ത് ഞാനും നിന്നു. മൂത്രമൊഴിച്ചുകൊണ്ടുതന്നെ ഞാന്‍ അയാളെനോക്കി ചിരിച്ചു. അയാളും എന്നെ കണ്ടു ചിരിച്ചു.
ഹൊ…സമാധാനമായി. അയാളുടെ മുഖം ഒന്നു തെളിഞ്ഞുകണ്ടല്ലോയെന്നു ഞാന്‍ മനസ്സില്‍കരുതി. പരുക്കന്‍മുഖഭാവമൊന്നു മാറിയല്ലോ.
നല്ല പരിചയമുണ്ടെനിക്ക്. പക്ഷേ, ആരാണെന്നു മനസ്സിലായില്ല. ഞാന്‍ പറഞ്ഞു.
അയാള്‍ ചിരിച്ചതേയുള്ളു.

മൂത്രമൊഴിച്ചു കഴിഞ്ഞു അയാള്‍ വാഷ്‌ബേസിനില്‍ കൈകഴുകി. ഞാനും അങ്ങനെ തന്നെ ചെയ്തു.
കൈ തുടച്ചിട്ട്, അയാള്‍ വളരെ അടുത്ത സുഹൃത്തിനെയെന്നപോലെ സ്‌നേഹത്തോടെ എന്റെ കയ്യില്‍ക്കയറിപിടിച്ചു.
വളരെ വര്‍ഷങ്ങള്‍ക്കുശേഷം നേരില്‍കാണുന്ന ഒരു ആത്മസുഹൃത്തിന്റെ പെരുമാറ്റമായിരുന്നു അയാളുടേത്.
അയാളുടെ കയ്യിന് നല്ല തണുപ്പായിരുന്നു. അയാള്‍ പിടിച്ചിടത്തുനിന്നൊരു കുളിര് എന്റെ മേലാസകലം പടര്‍ന്നുകയറി. സുഖമുള്ളൊരു കുളിര്.
അയാള്‍ എന്റെ കയ്യിലെ പിടുത്തംവിടാതെ എന്നെ മുന്നോട്ടു വലിച്ചു.

ഞങ്ങള്‍ മൂത്രപ്പുരയില്‍നിന്നിറങ്ങി, ഹാളിനുപുറത്തെ വിശാലമായ മൈതാനത്തിലുടെ നടന്നു. അയാളോ ഞാനോ ഒന്നും മിണ്ടിയില്ല.
പാര്‍ട്ടി തുടങ്ങിക്കാണും നമുക്ക് ഹാളിലേക്കു നടക്കാം. എന്റെ ഭാര്യയും കുട്ടികളും അവിടെ എന്നെ കാത്തുനില്‍പ്പുണ്ടാകും. ഞാന്‍ എപ്പോഴോ പറഞ്ഞു.
അയാള്‍ അത് കേട്ടതായി ഭാവിച്ചില്ല. എന്റെ കയ്യിലെ പിടുത്തവും വിട്ടില്ല. അയാള്‍ നടക്കുന്നതോടൊപ്പം അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാനും നടന്നു.
അപ്പോള്‍ മൈതാനത്തിനപ്പുറം ആകാശം മുട്ടിനില്‍ക്കുന്ന വലിയ മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ ഇരുട്ടു ചേക്കേറുന്നത് ഞാന്‍ കണ്ടു.

എത്ര പെട്ടെന്നാണ് ആ ഇരുട്ട് മണ്ണിലേക്കിറങ്ങിവന്ന് കൂരിരുട്ടായത്.

Share7TweetSendShare

Related Posts

കാണേണ്ട കാഴ്ച്ച

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

ഹമാസിനു വേണ്ടി വിജയന്‍ സഖാവിന്റെ ഹദ്ദടി!

മണ്ണില്‍ കുരുത്ത കഥകള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies