ബാലികേറാമല (നോവല്‍)
വിജയകൃഷ്ണന്‍
സൈകതം ബുക്‌സ്, കോതമംഗലം
പേജ്: 272 വില: 350/-
ഫോണ്‍: 9539056858
ചലച്ചിത്രനിരൂപകനായ വിജയകൃഷ്ണന്‍ രചിച്ച പുതിയ നോവലാണ് ‘ ബാലികേറാമല’. എഴുപതുകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹികചലനങ്ങളെ പശ്ചാത്തലമാക്കി, സഹോദരങ്ങളില്‍ത്തന്നെ ആവിഷ്‌കരിക്കപ്പെടുന്ന ദ്വന്ദ്വപ്രക്രിയയെ അവതരിപ്പിക്കുകയാണ് ‘ബാലികേറാമല.’ സഹോദരങ്ങള്‍ തമ്മിലുള്ള വിപരീതഭാവം അച്ഛനമ്മമാരില്‍ത്തന്നെ പ്രകടമാണ്. നാടകീയതയും ആസ്വാദ്യതയും പുലര്‍ത്തുന്ന രചനാരീതി മികച്ച വായനാനുഭവം പ്രദാനം ചെയ്യുന്നു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ രാജാറാവു എഴുതിയ ‘കോമ്രേഡ് കിരിലോവ്’ എന്ന ലഘുനോവലിലെ കഥാപാത്രമായ പദ്മനാഭ അയ്യര്‍ സ്വയം ദസ്തയേവ്‌സ്‌കിയുടെ കഥാപാത്രമായ കിരിലോവ് എന്ന പേര് സ്വീകരിക്കുന്നുണ്ട്. അതുപോലെ സഹോദരങ്ങളില്‍ ഒരുവനായ ലക്ഷ്മണന്‍ താത്കാലികമായാണെങ്കിലും തന്റെ പേര് കളത്തില്‍ ലക്ഷ്മണന്‍ എന്നതില്‍ നിന്ന് കളത്തില്‍ ഗുവേര എന്നാക്കി മാറ്റുന്നുണ്ട്. സ്വത്വത്തെ നിഷേധിച്ച്, ഉള്‍ക്കൊള്ളാനാവാത്തതിനെ ഉള്‍ക്കൊണ്ടെന്ന് ഭാവിച്ച് പരിഹാസ്യരാവുന്ന ബുദ്ധിജീവികളെയാണ് രാജാറാവുവിന്റെ കോമ്രേഡ് കിരിലോവിലും ‘ബാലികേറാമല’യിലെ കളത്തില്‍ ഗുവേരയിലും നാം കണ്ടുമുട്ടുന്നത്. എഴുപതുകളില്‍ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ യുവത്വം ഒന്നാകെ സോവിയറ്റ് സാഹിത്യത്തിലൂടെ സ്വാധീനിക്കപ്പെടുന്നുണ്ട്. പാരമ്പര്യനിഷേധം എന്നതാണ് ആധുനികത എന്നു കരുതുന്ന അനുകരണാത്മകസമൂഹം വളര്‍ന്നുവന്ന ഒരു കാലഘട്ടത്തിലാണ് രാമഭദ്രനും ലക്ഷ്മണനും വായനാശീലത്തിലൂടെ വികസിക്കുന്നത്.
യുക്തിവാദിയായ ലക്ഷ്മണനും പാരമ്പര്യവാദിയായ രാമഭദ്രനും ഒരുപോലെ അന്വേഷണത്തിന്റെ പാതയിലാണ്. പാരമ്പര്യവാദിയെന്ന് മുദ്ര കുത്തപ്പെടുന്ന രാമഭദ്രന് യുക്തിവാദിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കിലും യുക്തിവാദിയായ അനുജന് ജ്യേഷ്ഠന്റെ ആത്മീയസമീപനങ്ങള്‍ അന്യമാണ്. ബൗദ്ധികസ്വാതന്ത്ര്യം ബുദ്ധിജീവിയായി പരിഗണിക്കപ്പെടുന്ന അനുജനിലില്ല. ജ്യേഷ്ഠന്റെ ആത്മീയ അടിത്തറ അയാളെ പ്രായോഗിക വേദാന്തിയും വിപ്ലവകാരിയുമാക്കി മാറ്റുന്നു. ഈ വൈപരീത്യത്തിന്റെ ഹൃദ്യമായ ആവിഷ്‌കരണം തന്നെയാണ് ഈ നോവലിന്റെ ശക്തി; പ്രസക്തിയും.
അന്തര്‍ലീനമായ വാസനകളെപ്പറ്റിയാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത്. രാഷ്ട്രീയമല്ല, മറിച്ച് സ്വത്വത്തെ നിരാകരിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ പരാജയപ്പെടുന്നത് എങ്ങനെ എന്നാണ് കളത്തില്‍ ലക്ഷ്മണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നാം കാണുന്നത്.
ഭാഷയിലെ ലാളിത്യവും ഒരു ചലച്ചിത്രത്തിന്റെ ദൃശ്യങ്ങളിലൂടെയുള്ള സഞ്ചാരത്തെ ഓര്‍മ്മിപ്പിക്കുന്ന ആവിഷ്‌കാരവും ‘ബാലികേറാമല’യ്ക്ക് ആകര്‍ഷകത്വമാകുന്നു. ചലച്ചിത്രസംവിധായകന്‍, നിരൂപകന്‍, കഥാകൃത്ത് എന്നീ നിലകളിലുള്ള വിജയകൃഷ്ണന്റെ സമ്പന്നമായ അനുഭവപരിചയം ‘ബാലികേറാമല’യെ ഘടനാപരമായി ശക്തിപ്പെടുത്തുന്നു.
കേരളത്തിലെ നാടന്‍ചായക്കടകള്‍ ഒരുകാലത്ത് മീഡിയാസെന്ററുകളായി പ്രവര്‍ത്തിച്ചിരുന്നു. ചായക്കട എന്ന മെറ്റഫറിലൂടെ കഥാപാത്രങ്ങളുടെ സ്വഭാവം, പൊതുരംഗത്തെ സംഭവവികാസങ്ങള്‍ എന്നിവയൊക്കെ പ്രകാശിപ്പിക്കപ്പെടുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലൂടെ ചായക്കട കേരളസമൂഹത്തില്‍ വരുന്ന മാറ്റങ്ങളുടെ സാക്ഷിയായി, ഒരു കഥാപാത്രമായി ‘ബാലികേറാമല’യില്‍ പ്രത്യക്ഷപ്പെടുന്നു.
കാസറഗോഡ് കഥകള്‍
(കഥാസമാഹാരം)
തപസ്യ കലാസാഹിത്യ വേദി
കാസര്‍ഗോഡ്
പേജ്: 176 വില: 180/-
കേരളത്തിന്റെ വടക്കെയറ്റത്തുള്ള കാസറഗോഡ് വിവിധ സംസ്‌കാരങ്ങളുടെയും സപ്തഭാഷകളുടെയും സംഗമഭൂമിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സാംസ്‌കാരിക വൈവിദ്ധ്യത്തിന്റെ വൈശിഷ്ട്യത്തെ തങ്ങളുടെ രചനകളിലൂടെ വ്യക്തമാക്കുന്നതിന് തദ്ദേശീയരായ കഥാകാരന്മാര്‍ നടത്തിയ ശ്രമത്തെ അഭിനന്ദിക്കാതിരിക്കാന്‍ സാദ്ധ്യമല്ല. അത്തരം ഏതാനും കഥകളെ ക്രോഡീകരിച്ച് തപസ്യ കലാസാഹിത്യവേദി ‘കാസറഗോഡ് കഥകള്‍’ എന്ന പേരില്‍ പുറത്തിറക്കിയ സമാഹാരം എന്തുകൊണ്ടും ശ്രദ്ധേയമാണ്. ഒരു ദേശത്തിന്റെ തനത് സംസ്‌കാരത്തിന്റെ പ്രകടീഭാവമായ യക്ഷഗാനമെന്ന കലാരൂപത്തെക്കുറിച്ചും കുടുംബകലഹങ്ങള്‍ ഇതിവൃത്തമായ കഥകളും മത-രാഷ്ട്രീയ-തീവ്രവാദ വിഷയങ്ങള്‍ ചുണ്ടിക്കാണിച്ച് കോളേജ് പശ്ചാത്തലത്തില്‍ തയ്യാറാക്കിയ കഥകളുമൊക്കെ ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം തന്നെ ചിരിയും നര്‍മ്മവും ചിന്തയുമെല്ലാമുള്ള രചനകളും ആസ്വാദ്യകരമാക്കുന്നുണ്ടിതില്‍. കന്നട, തുളു, ഹവ്യക് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനമടക്കം ഇരുപത്തിനാലുകഥകള്‍ ഉള്‍ക്കൊള്ളുന്ന കാസര്‍ഗോഡ് കഥകള്‍ തീര്‍ച്ചയായും ഒരു വ്യത്യസ്ത വായനാനുഭവമായിരിക്കും.