ചൈനയിലെ ഹാങ്‌ചോയില്‍ വെച്ചു നടന്ന പത്തൊമ്പതാമത് ഏഷ്യന്‍ ഗയിംസില്‍ ഭാരതത്തിന്റെ കായിക താരങ്ങള്‍ നേടിയ തിളക്കമാര്‍ന്ന വിജയം രാജ്യത്തിന്റെ യശസ്സുയര്‍ത്തി. സപ്തംബര്‍ 23ന് ആരംഭിച്ച ഗെയിംസില്‍ പങ്കെടുക്കാന്‍ 750 ഓളം പേരടങ്ങിയ ജംബോ സംഘമായി നമ്മുടെ കായികതാരങ്ങള്‍ ചൈനയിലേക്കു പോകുമ്പോള്‍ ഇവര്‍ എന്താണ് ഭാരതത്തിലേക്ക് കൊണ്ടുവരാന്‍ പോകുന്നതെന്ന ആകാംക്ഷയും പ്രതീക്ഷയും കായികപ്രേമികള്‍ക്കുണ്ടായിരുന്നു. ‘ഇത്തവണ നൂറു മെഡല്‍’ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മത്സരയിനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാടിയ ഭാരത സംഘം ആക 107 മെഡലുകള്‍ വാരിക്കൂട്ടിയ ശേഷമാണ് ഭാരതത്തിലേക്കു മടങ്ങിയത്. സ്വര്‍ണ മെഡലിന്റെയും ആകെ മെഡലിന്റെയും കണക്കില്‍ സര്‍വകാല റെക്കോഡുകളും ഭേദിച്ച ഭാരതം മെഡല്‍ പട്ടികയില്‍ കഴിഞ്ഞ തവണത്തെ എട്ടാം സ്ഥാനത്തില്‍ നിന്ന് നാലാം സ്ഥാനത്തെത്തുകയും ചെയ്തു. ഉയരങ്ങളിലേക്കു കുതിക്കാന്‍ തയ്യാറെടുക്കുന്ന ഭാരതത്തിന്റെ കായിക രംഗത്തിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.
മുന്‍കാലങ്ങളില്‍ നമ്മുടെ കായിക രംഗം വലിയ വെല്ലുവിളികളാണ് നേരിട്ടിരുന്നത്. കായിക വേദികള്‍ പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അധികാര പ്രമത്തതയുടെയും കിടമത്സരങ്ങളുടെയും വിളനിലമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളാകട്ടെ ഇക്കൂട്ടര്‍ക്ക് വിനോദയാത്ര പോകാനും മേനി നടിക്കാനുമുള്ള അവസരങ്ങളായിരുന്നു. കായിക പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണനയോ പ്രോത്സാഹനമോ ലഭിച്ചിരുന്നില്ല. ഇതിനിടയിലും ചില മികച്ച നേട്ടങ്ങള്‍ ഭാരതത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് നമ്മുടെ കായിക താരങ്ങളുടെ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും മൂലമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കായിക താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തില്‍ ഈ രംഗത്ത് നടപ്പാക്കിയ പരിഷ്‌ക്കാര നടപടികളുടെ പ്രതിഫലനം കൂടിയാണ് ഹാങ് ചോയില്‍ കണ്ടത്. വിദേശത്ത് മികച്ച പരിശീലനവും മത്സരത്തിനുള്ള അവസരങ്ങളും നല്‍കി കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് മെഡല്‍ രൂപത്തില്‍ ഫലം കണ്ടുതുടങ്ങാന്‍ കാരണമെന്ന് കായിക രംഗത്തെ സസൂക്ഷ്മം വിലയിരുത്തുന്ന എല്ലാവരും സമ്മതിക്കുന്നു. ഭാരതത്തിന്റെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനൊന്നു മാസവും വിദേശത്ത് പരിശീലനത്തിലായിരുന്നു. ഇതിനു വേണ്ട മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാരാണ് നല്‍കിയത്. പ്രമുഖ താരങ്ങളുടെ വിദേശ പരിശീലനത്തിനും യാത്രകള്‍ക്കുമായി കോടിക്കണക്കിനു രൂപയാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചെലവാക്കുന്നത് എന്നതില്‍ നിന്നു തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് എത്ര വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.
2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഭാരതത്തിനു ലഭിച്ചത്. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 70 മെഡലുകളാണ് ആ വര്‍ഷം ലഭിച്ചത്. അതാണ് ഇത്തവണ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമായി വര്‍ദ്ധിച്ചത്. ഭാരതത്തിന്റെ കായിക താരങ്ങള്‍ ലക്ഷ്യമിട്ട നൂറും കടന്ന് 107 തവണയാണ് നമ്മുടെ ദേശീയ പതാക അന്താരാഷ്ട വേദിയില്‍ പറത്താനും ദേശീയ ഗാനം മുഴക്കാനും അവസരമുണ്ടാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിലെയും 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ഭാരത താരങ്ങളുടെ വിസ്മയ പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് ഹാങ്‌ചോ ഗെയിംസിലും ഉണ്ടായത്. ഭാരതത്തിന്റെ നേട്ടങ്ങള്‍ക്ക് തടസ്സമുണ്ടാക്കാന്‍ ചൈന തുടക്കം മുതല്‍ ശ്രമിച്ചിരുന്നു എന്ന വസ്തുതയും കാണാതിരുന്നു കൂടാ. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് കായിക താരങ്ങള്‍ക്ക് വിസ നിഷേധിച്ചു കൊണ്ടാണ് അവര്‍ കളിക്കിടയിലെ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അരുണാചല്‍ ചൈനയുടെ ഭാഗമായതിനാല്‍ അവിടെ നിന്നുള്ളവര്‍ക്ക് വിസ ആവശ്യമില്ലെന്നായിരുന്നു ചൈനയുടെ വാദം. അതേസമയം ഇവരുടെ അക്രഡിറ്റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത രൂപത്തിലുമാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് ഗെയിംസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ തന്റെ യാത്ര റദ്ദാക്കിയത്. മത്സരങ്ങള്‍ക്കിടയില്‍ ഭാരത ടീമംഗങ്ങളുടെ പ്രകടനം മോശമാക്കാന്‍ ചൈനീസ് ഒഫീഷ്യലുകള്‍ തുടര്‍ച്ചയായി ശ്രമിച്ചിരുന്നുവെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചിരുന്നു. ജാവലിന്‍ ത്രോയുടെ മത്സരത്തില്‍ പങ്കെടുത്ത നീരജ് ചോപ്രയുടെ ആദ്യ ത്രോ അളന്നതിലുണ്ടായ പിഴവ് ഒരു ഉദാഹരണമാണ്. ചോപ്രയുടെ കായികശേഷിയും ആത്മവിശ്വാസവും കൊണ്ടു മാത്രമാണ് നിരാശപ്പെടാതെ വീണ്ടും മത്സരത്തില്‍ പങ്കെടുത്ത് വിജയക്കൊടി പാറിക്കാനായത്.
ഏഷ്യന്‍ ഗയിംസില്‍ മികച്ച നേട്ടം കൈവരിച്ചതില്‍ പങ്കുവഹിച്ച മലയാളികളായ കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രോത്സാഹനവും ലഭിച്ചില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഇത്തവണ 12 മലയാളികളാണ് ഏഷ്യന്‍ ഗയിംസില്‍ മെഡല്‍ ജേതാക്കളായത്. മന്ത്രിമാരുടെ വിദേശ യാത്രകള്‍ക്കും മറ്റ് ആര്‍ഭാടങ്ങള്‍ക്കും കോടിക്കണക്കിനു രൂപ ചെലവഴിക്കുന്ന കേരള സര്‍ക്കാര്‍ നാടിന്റെ അന്തസ്സുയര്‍ത്തിയ കായിക താരങ്ങളുടെ നേട്ടം കണ്ടില്ലെന്നു നടിക്കുകയാണ്. ജേതാക്കള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ വാരിക്കോരി പാരിതോഷികങ്ങള്‍ നല്‍കുമ്പോള്‍ ഒന്ന് ഫോണ്‍ വിളിച്ച് അഭിനന്ദിക്കാന്‍ പോലും കേരള മുഖ്യമന്ത്രിയോ കായിക മന്ത്രിയോ തയ്യാറാകുന്നില്ല. അത് ലറ്റിക്‌സില്‍ പുരുഷന്മാരുടെ 1500 മീറ്ററില്‍ വെള്ളി നേടിയ അജയ് കുമാര്‍ സരോജിന് ഉത്തരപ്രദേശ് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ തൊട്ടുപിന്നിലായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയ കേരളത്തിന്റെ ജിന്‍സന്‍ ജോണ്‍സന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. കായിക താരങ്ങളോടുള്ള അവഗണയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിനു വേണ്ടി കളിക്കില്ലെന്ന് പല താരങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയി കേരളം വിട്ട് തമിഴ്‌നാടിനു വേണ്ടി കളിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതുപോലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും ഇനി മുതല്‍ കേരളത്തിനു വേണ്ടി കളിക്കുകയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ കായിക ക്ഷേമത്തിന് കോടിക്കണക്കിന് രൂപ വകയിരുത്തുന്ന സര്‍ക്കാര്‍ കായിക താരങ്ങളുടെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.