അവധൂത ലാവണ്യം
റഷീദ് പാനൂര്‍
യെസ് പ്രസ്സ് പബ്ലിക്കേഷന്‍സ്
പേജ്: 143 വില: 230 രൂപ
ഫോണ്‍: 9048588857
ആധുനികതയുടെ സൂക്ഷ്മ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ സാഹിത്യ വിമര്‍ശകനായ റഷീദ് പാനൂരിന്റെ ഏറ്റവും പുതിയ പുസ്തകമാണ് അവധൂത ലാവണ്യം. അപ്രിയ സത്യങ്ങള്‍ സ്പഷ്ടമായി രേഖപ്പെടുത്തുന്ന സവിശേഷമായ വിമര്‍ശനധാരയുടെ കരുത്തുറ്റ വക്താവാണ് അദ്ദേഹം. സാഹിത്യത്തെയും മാറിവരുന്ന ഭാവുകത്വത്തെയും ആഴത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് വായനക്കാര്‍ക്ക് പുതിയ അവബോധം സമ്മാനിക്കുന്നതില്‍ വിജയിച്ച നിരൂപകന്‍ കൂടിയാണ് അദ്ദേഹം.
മലയാള സാഹിത്യത്തില്‍ രൂപം കൊണ്ട ആധുനികതയുടെ സംസ്‌കാരത്തെ യഥാവിധി വായനക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുവാന്‍ നിരന്തരം പരിശ്രമിച്ച നല്ല നിരൂപകരുടെ നിരയിലാണ് റഷീദ് പാനൂരിനെ നോക്കി കാണേണ്ടത്. തികച്ചും സ്വതന്ത്രമായ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം. സ്റ്റാലിനിസ്റ്റ് സാഹിത്യ നിലപാടുകളെയും പ്രതിഭകളെ വിഗണിക്കുന്ന സങ്കുചിത സാഹിത്യ വീക്ഷണങ്ങളെയും ധിക്കരിക്കുക എന്ന നിലപാട് എക്കാലവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സാഹിതീയവും സാംസ്‌കാരികവുമായ നിലകളില്‍ പ്രാധാന്യം സിദ്ധിച്ച എഴുത്തുകാരെയും കൃതികളെയും സമാദരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശന ഭാവുകത്വത്തിന്റെ അടിസ്ഥാനതലം. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനാലോകം ആഴത്തില്‍ വ്യാഖ്യാനിക്കുവാന്‍ റഷീദ് പാനൂരിന് കഴിഞ്ഞിട്ടുണ്ട്. ആധുനികതയുടെ ദുര്‍ഗ്രഹതയെ തത്വചിന്താപരമായി വ്യാഖ്യാനിക്കുവാനും ഉന്നതമായ സ്വാതന്ത്ര്യ ദര്‍ശനത്തെ ഇഴപിരിച്ച് വിലയിരുത്തുവാനും സമര്‍ത്ഥനാണ് അദ്ദേഹം. സാഹിത്യകൃതികളുടെ അന്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന നവ ശൈലികളും പുതിയ സങ്കേതങ്ങളും കറുത്ത ഫലിതവും ശില്പപരമായ സവിശേഷതകളും ഈ നിരൂപകന്റെ ശ്രദ്ധയില്‍ പെടുന്നുണ്ട്.
ഒ.വി. വിജയന്റെ സര്‍ഗാത്മകമായ ഔന്നത്യത്തെ കൃത്യമായി തിരിച്ചറിയുന്ന പഠനങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖ്യ ആകര്‍ഷണം. വിജയന്റെ കഥന കലയെ കൃത്യമായി പിന്തുടരുന്നുണ്ട് റഷീദ് പാനൂര്‍. കടല്‍ത്തീരത്ത്, അരിമ്പാറ, ധര്‍മ്മപുരാണം തുടങ്ങിയ രചനകളെ ഭാവതീവ്രതയോടെ പരിചയപ്പെടുത്തുന്നുണ്ട്. ഒ.വി.വിജയന്റെ രാഷ്ട്രീയ നിലപാടുകളെയും അടിയന്തരാവസ്ഥയോടുള്ള എതിര്‍ വീക്ഷണങ്ങളേയും മറക്കാതെ സൂചിപ്പിച്ചതും നന്നായി. എം.ടി.യുടെ നാലുകെട്ട്, അസുരവിത്ത്, കാലം, മഞ്ഞ്, രണ്ടാമൂഴം എന്നീ സൃഷ്ടികളെ കുറിച്ചുള്ള പഠനവും മികച്ചത് തന്നെ. എം.ടിയുടെ കൃതികളിലെ പ്രകൃതി ദര്‍ശനവും മരണദര്‍ശനവും കാലദര്‍ശനവും ഒരുപോലെ റഷീദ് പാനൂര്‍ എടുത്തുകാട്ടുന്നുണ്ട്. സേതുവിന്റെ കഥകളിലെ മാജിക്കല്‍ റിയലിസത്തിന്റെ വ്യത്യസ്ത സാന്നിധ്യവും ഭാവ മഹിമയും അവതരിപ്പിക്കുന്ന പഠനവും മികച്ചത് തന്നെ. വൈക്കം മുഹമ്മദ് ബഷീറിനെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയെയും മികച്ച നിലയില്‍ പരിചയപ്പെടുത്തിയതും എടുത്തു പറയേണ്ടതുണ്ട്. സാഹിത്യ ലോകത്തിലെ കള്ളനാണയങ്ങളെ കടന്നാക്രമിക്കുന്ന ഈ നിരൂപകന്‍ ചിന്തയില്‍ കൊടുങ്കാറ്റുകള്‍ കാത്തുസൂക്ഷിക്കുന്നുവെന്ന് നിസ്സംശയം പറയാനാവും.
കാല്‍ക്കാശിന് കൊള്ളാത്ത സാംസ്‌കാരികനായകന്മാര്‍ എന്ന ലേഖനം റഷീദ് പാനൂരിന്റെ വിമര്‍ശന ബോധത്തില്‍ നിലയുറപ്പിച്ച ധീരതയുടെ നേര്‍ തെളിവാണ്. ആല്‍ബേര്‍ കാമുവിനെ പോലെയുള്ള റിബലുകളെ ആദരിക്കുന്ന റഷീദ് പാനൂരിന് സാഹിത്യത്തെ വ്യഭിചരിക്കുന്ന എഴുത്തുകാരോട് കടുത്ത രോഷം ഉണ്ടാവുക സ്വാഭാവികം മാത്രം. എം.എന്‍. വിജയനും കെ.ആര്‍.മീരയും ബാലചന്ദ്രന്‍ ചുള്ളിക്കാടും അശോകന്‍ ചെരുവിലും എം.മുകുന്ദനും സച്ചിദാനന്ദനും കെ.ഇ.എന്‍ കുഞ്ഞഹമ്മദും റഷീദ് പാനൂരിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഈ പുസ്തകത്തിലൂടെ കാണാനാവും. കെ.ഇ.എന്‍കുഞ്ഞഹമ്മദിനെ കടന്നാക്രമിക്കുന്ന കുഞ്ഞഹമ്മദ് ഇപ്പോഴും വെറും കുഞ്ഞി അഹമ്മദ് തന്നെയാണ് എന്ന ലേഖനം റഷീദ് പാനൂരിന്റെ സാംസ്‌കാരിക നിലപാടുകളുടെ കൂടി തുറന്ന പ്രഖ്യാപനമാണ്.
കൊറോണക്കാലത്തെ സാഹിത്യത്തെയും പുതുക്കഥയുടെ വഴികളെയും സുഗതകുമാരിയുടെ നിലപാടുകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങളും പുതിയ ചിന്തകള്‍ പിറവിയെടുക്കുവാന്‍ കാരണമാകുന്നുണ്ട്. പാശ്ചാത്യ സാഹിത്യത്തിലെ പ്രധാന കൃതികളുമായി സംവദിച്ചതിന്റെ മെച്ചം റഷീദ് പാനൂരിന്റെ ഈ ലേഖനങ്ങളില്‍ കാണാനാവും. വി. രാജകൃഷ്ണന്റെയും കെ.പി. സുധീരയുടെയും ചെറുകുറിപ്പുകള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.