കൊച്ചി: രാമക്ഷേത്ര നിര്‍മ്മാണത്തോടു കൂടി അവസാനിപ്പിക്കാനുള്ളതല്ല അയോദ്ധ്യാ മുന്നേറ്റമെന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ പറഞ്ഞു.
കേസരി അമൃതശതം പ്രഭാഷണ പരമ്പരയുടെ ഭാഗമായി എറണാകുളത്ത് ബിഎംഎസ് കാര്യാലയത്തോടനുബന്ധിച്ചുള്ള തൊഴിലാളി പഠന പരിശീലനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ശ്രീരാമജന്മഭൂമി ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭഗവാന്‍ ശ്രീരാമന്‍ ജീവിതത്തില്‍ അനുഷ്ഠിച്ച മൂല്യങ്ങള്‍ ഓരോ ഹിന്ദുവും ജീവിതത്തില്‍ അനുഷ്ഠിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ നമ്മുടെ ദൗത്യം പൂര്‍ണ്ണമാവുകയുള്ളൂ. ഭാരതത്തില്‍ മതരാജ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന കപട മതേതരവാദികളുടെ പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണ്. രാമരാജ്യം എന്നത് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളമായി ഉയര്‍ന്നുവന്നതാണ്. ഈ മുന്നേറ്റം ഭാരതത്തില്‍ ഇന്ന് ദൃശ്യമാണ്. ഇത് അഭിമാനകരമായ കാഴ്ചയാണ്. അദ്ദേഹം തുടര്‍ന്നു. ക്ഷേത്രത്തിന്റെ ഇന്നലെകളുടെ ചരിത്രം, വര്‍ത്തമാനകാലത്തെ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം, നാളെയുടെ ആവശ്യകത, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിച്ചു.
മലയാളികള്‍ നാലമ്പലദര്‍ശനം പോലെ ശ്രീരാമ ജന്മഭൂമിയിലേക്കും കര്‍ക്കിടകമാസത്തില്‍ തീര്‍ത്ഥാടനം നടത്തണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റിട്ട. ജസ്റ്റിസ് പി.ആര്‍.രാമന്‍ പറഞ്ഞു. പലതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും അയോദ്ധ്യയില്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും നാമൊക്കെ ഭാരതീയരാണെന്ന ബോധം നമുക്കുണ്ടാവണം. അദ്ദേഹം തുടര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ് സ്വാഗതം പറഞ്ഞു. ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.