അന്താരാഷ്ട്ര തലത്തില്‍ ഭാരതം നേടിയെടുത്ത വിശ്വാസ്യതയുടെയും ആഭ്യന്തര തലത്തില്‍ സൃഷ്ടിച്ച ആത്മവിശ്വാസത്തിന്റെയും സമന്വയ വേദിയായി ജി-20 യുടെ ദല്‍ഹി ഉച്ചകോടി. ഭാരതം, അമേരിക്ക, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ചൈന, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നീ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേരുന്നതാണ് ജി-20 കൂട്ടായ്മ. ഇത് ആഗോള ജനസംഖ്യയുടെ 65 ശതമാനം വരും. ലോക വ്യാപാരത്തിന്റെ 79 ശതമാനം കൈകാര്യം ചെയ്യുന്നതും ലോക സമ്പദ്‌വ്യവസ്ഥയുടെ 84 ശതമാനവും ഈ രാജ്യങ്ങളിലാണ്. ആഗോള സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായ ഭീഷണികള്‍ പരിഹരിക്കുകയും ഭാവി വളര്‍ച്ചയ്ക്ക് ആവശ്യമായ നയങ്ങള്‍ ആസൂത്രണം ചെയ്യുകയും ഭൂമിയുടെയും മനുഷ്യരാശിയുടെയും ഭാവി നിലനില്‍പ്പിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതുമാണ് കൂട്ടായ്മയുടെ ഉദ്ദേശ്യം. അംഗരാജ്യങ്ങളെ കൂടാതെ പ്രത്യേക ക്ഷണിതാവായി ഒന്‍പത് രാജ്യങ്ങളും ഐ.എം.എഫ് ഉള്‍പ്പെടെ പതിനാലോളം അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുത്തു. ആഗോള രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് പുതിയ ദിശാബോധം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
കാലാവസ്ഥ സംബന്ധമായ നയങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) പുരോഗതി, ഡിജിറ്റലൈസേഷന്‍, സ്ത്രീ കേന്ദ്രീകൃത വികസനം തുടങ്ങിയവയായിരുന്നു ദല്‍ഹി ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍. എന്നാല്‍ വിവിധ ആഗോള വിഷയങ്ങളില്‍ അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയെന്ന കടമ്പ ഭാരതം എങ്ങനെ കടക്കുമെന്നതായിരുന്നു ലോകം ഉറ്റു നോക്കിയത്. പ്രത്യേകിച്ച് റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ലോക രാജ്യങ്ങള്‍ രണ്ടായി ഭിന്നിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് വളരെ പ്രസക്തമായിരുന്നു. 2022 ലെ ബാലി (ഇന്‍ഡോനീഷ്യ) ഉച്ചകോടിയില്‍ കീറാമുട്ടിയായതും ഈ വിഷയമായിരുന്നു. ബാലി ഡിക്ലറേഷന്‍ എല്ലാ അംഗങ്ങള്‍ക്കും സ്വീകര്യമായിരുന്നില്ല. സംയുക്ത പ്രസ്താവനയിലെ പദ പ്രയോഗങ്ങള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ കലുഷിതമാക്കുകയും അംഗരാജ്യങ്ങള്‍ക്കിടയിലെ വിള്ളല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇവിടെയാണ് ദല്‍ഹി ഡിക്ലറേഷന്‍ വ്യത്യസ്തമായത്. റഷ്യ-ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയിലും റഷ്യ-ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കിടയിലും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് വികസ്വര-വികസിത രാജ്യങ്ങള്‍ക്കിടയിലുമുണ്ടായിരുന്ന തര്‍ക്കങ്ങള്‍ നയതന്ത്രത്തിലൂടെയും അനുരഞ്ജനത്തിലൂടെയും അഭിപ്രായ സമന്വയത്തിലെത്തിക്കുവാനും ദല്‍ഹി ഉച്ചകോടിക്ക് സാധിച്ചു. ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെയുള്ളവരും ഈ നേട്ടത്തെ പ്രശംസിച്ചത് സങ്കീര്‍ണ്ണമായ വിഷയം വിജയകരമായി കൈകാര്യം ചെയ്തത് കൊണ്ടാണ്.
രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 21-ാം നൂറ്റാണ്ടിനാവശ്യമായ സഹകരണത്തിന്റെ പുത്തന്‍ പാതകള്‍ തുറക്കുന്നതില്‍ ദല്‍ഹി ഉച്ചകോടി വിജയിച്ചുവെന്ന് പറയാം. അതില്‍ പ്രധാനപ്പെട്ടതാണ് 55 രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കന്‍ യൂണിയനെ ജി-20 യുടെ ഭാഗമാക്കിയത്. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രൂപം കൊടുത്ത ആഗോള ജൈവ ഇന്ധന സഖ്യമാണ് മറ്റൊന്ന്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഒരു പദ്ധതിയാണിത്. ലോകത്ത് 85 ശതമാനം എഥനോള്‍ ഉല്‍പ്പാദിപ്പിച്ച് 81 ശതമാനം ഉപഭോഗം ചെയ്യുന്ന ഭാരതവും അമേരിക്കയും, ബ്രസീലുമാണ് ഇതിലെ സ്ഥാപകാംഗങ്ങള്‍. നിലവില്‍ പത്തൊന്‍പത് രാജ്യങ്ങളും പന്ത്രണ്ട് അന്താരാഷ്ട്ര സംഘടനകളും സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞു. ആഭ്യന്തര തലത്തില്‍ എഥനോള്‍ പെട്രോളുമായി കലര്‍ത്തി ഉപയോഗിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഇതുവഴി കൂടുതല്‍ പ്രയോജനം ലഭിക്കും. 2015 -ലെ പാരിസ് കാലാവസ്ഥ ഉച്ചകോടി വേദിയില്‍ ഭാരതവും ഫ്രാന്‍സും ചേര്‍ന്ന് രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന് (ISA) സമാനമാണ് പുതിയ കൂട്ടായ്മ. 160 ഓളം രാജ്യങ്ങളുമായി ചേര്‍ന്ന് സോളാര്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ലക്ഷ്യം.
ഭാരതം-പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണ് ഉച്ചകോടിയുടെ മറ്റൊരു സംഭാവന. ഭാരതത്തെ അറേബ്യന്‍ ഗള്‍ഫുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും അറേബ്യന്‍ ഗള്‍ഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ചേരുന്നതാണിത്. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവയെ റെയില്‍വേയിലൂടെയും സമുദ്രത്തിലൂടെയും ഇത് ബന്ധിപ്പിക്കുന്നു. വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും, ശുദ്ധമായ ഊര്‍ജ്ജ വിതരണത്തിനും, കടലിനടിയിലൂടെയുള്ള കേബിളുകള്‍, എനര്‍ജി ഗ്രിഡുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകള്‍ എന്നിവ വികസിപ്പിക്കുകയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങള്‍.
2022-ല്‍ ജര്‍മ്മനിയില്‍ നടന്ന ജി-7 സമ്മേളനത്തില്‍ പൊതു-സ്വകാര്യ നിക്ഷേപങ്ങളിലൂടെ അവികസിത രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സംയുക്ത സംരംഭമായി പാര്‍ട്ണര്‍ഷിപ് ഫോര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന് (PGII) രൂപം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ ഇടനാഴി. ധനസഹായം നല്‍കി വിവിധ രാജ്യ ങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ചൈന രൂപം നല്‍കിയ ബെല്‍റ്റ് റോഡ് പദ്ധതിക്ക് ബദലാണിത്. കൂടാതെ ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം നാല്പത് ശതമാനം വര്‍ദ്ധിപ്പിക്കുവാനും ഇത് ലക്ഷ്യം വെയ്ക്കുന്നു.
1983 ലാണ് ഇതിന് മുന്‍പ് ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ഭാരതം സാക്ഷ്യം വഹിച്ചത്. ചേരിചേരാ പ്രസ്ഥാനത്തിന്റെയും കോമണ്‍വെല്‍ത്ത് കൂട്ടായ്മയുടെയും സമ്മേളനത്തിന് ദല്‍ഹി വേദിയായി. ഈ സമ്മേളനങ്ങളൊന്നും അന്നത്തെ ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുകയോ ലോക യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുകയോ ചെയ്തിരുന്നില്ല. സോഷ്യലിസത്തിന്റെയും നിഷ്പക്ഷതയുടെയും ഭാരവുമേന്തി പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ സഞ്ചരിക്കുകയായിരുന്നു ഭാരതം. സാഹചര്യങ്ങള്‍ക്കനുസരിച്ച് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും സഹായങ്ങള്‍ സ്വീകരിക്കുകയും ലോകത്തിന് മുന്‍പില്‍ നമ്മുടെ നയ ദൗര്‍ബല്യം പല സന്ദര്‍ഭങ്ങളിലും തുറന്നു കാട്ടുകയും ചെയ്യേണ്ടി വന്നു. ഭാരതം മാത്രമല്ല ചേരിചേരാ കൂട്ടായ്മയുടെ ഭാഗമായിരുന്ന പല രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ യു.എസ് – സോവിയറ്റ് പക്ഷത്തായിരുന്നു. എന്നാല്‍ നാല്പത് വര്‍ഷത്തിന് ശേഷം ജി-20 കൂട്ടായ്മയുടെ സമ്മേളനത്തിന് ന്യൂ ദല്‍ഹി വേദിയാവുമ്പോള്‍ മുന്നോട്ട് നീങ്ങുവാന്‍ സ്വന്തം സാംസ്‌കാരിക അടിത്തറയില്‍ രൂപപ്പെടുത്തിയ വിദേശ നയം ഭാരതത്തിനുണ്ട്. അതില്‍ ഉറച്ചു നിന്നുകൊണ്ടാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ലോക രാജ്യങ്ങളുമായി ഭാരതം ഇടപെടുന്നത്. തത്ഫലമായി 2013-14 കാലഘട്ടത്തില്‍ ലോകത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തി എന്ന നിലയില്‍ നിന്നും അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറി. ഒപ്പം ഏറ്റവും കൂടുതല്‍ വേഗതയില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായും. മാത്രമല്ല ചന്ദ്രയാന്‍ മൂന്നിലൂടെ ഒരു സ്‌പേസ് ശക്തിയായും ഭാരതം തിളങ്ങി. ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റവും കോവിഡ് മഹാമാരിയിലെ കാര്യക്ഷമതയും സുസ്ഥിരമായ ഭരണ വ്യവസ്ഥയും, കാലാവസ്ഥ വ്യതിയാനം, ഭീകരവാദ വിരുദ്ധ നയങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ ഭാരതത്തിന്റെ നായകത്വവും ജി-20 ക്ക് വേദി ഒരുക്കുവാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് ലഭിച്ച വിശ്വാസീയതയാണ് ഈ പുതിയ മാറ്റങ്ങളുടെ പ്രധാന ഫലം.
വിശ്വസനീയമായ ഒരു ശക്തി യായി (Credible Power) ഭാരതം മാറി. വികസിത – വികസ്വര രാഷ്ട്രങ്ങള്‍ക്കും ജനാധിപത്യ-ഏകാധിപത്യ രാജ്യങ്ങള്‍ക്കും ഒരു പോലെ ബന്ധപ്പെടാവുന്ന രാഷ്ട്രമാണെന്ന് തെളിയിച്ചു. ദല്‍ഹി ഉച്ചകോടിയെ സംബന്ധിച്ച് ലോക രാജ്യങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്. ആഗോള വെല്ലുവിളികളെ നേരിടാനും ലോകസാമ്പത്തിക രംഗം വീണ്ടെടുക്കുവാനും ജി-20 കൂട്ടായ്മ ‘ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു’ വെന്നും ഒപ്പം അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രഖ്യാപനം ‘പോസിറ്റീവ് സിഗ്‌നല്‍’ നല്‍കിയെന്നുമാണ് ചൈനയുടെ പ്രസ്താവന. ഏതൊരു വിഷയത്തിലും മധ്യസ്ഥത വഹിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും ലോക നന്മയ്ക്കായുള്ള പുതിയ പാതകള്‍ തുറക്കുവാനും കഴിവുള്ള രാഷ്ട്രമായി ഭാരതത്തെ ലോകം അംഗീകരിക്കുന്നു.
ഒരു ചേരിയിലും ചേരാതെ യുള്ള (Non alignment) നയത്തിന് വിഭിന്നമായി ഭാരതത്തിന്റെ മള്‍ട്ടി അലൈന്‍മെന്റ് നയമാണ് (Multi alignment policy) ഇതിന് അടിസ്ഥാനമായത്. ഇതിന്റെ ഭാഗമായി ക്വാഡ്, ജി-7, ക2ഡ2 പോലുള്ള പാശ്ചാത്യ കൂട്ടായ്മയുടെ ഭാഗമാവുകയും ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ പാശ്ചാത്യേതര കൂട്ടായ്മയുടെ ഒരു പ്രധാന ഘടകമായി ഭാരതം മാറുകയും ചെയ്തു. ഒപ്പം തന്നെ വികസ്വര രാഷ്ട്രങ്ങളുടെ ഉറച്ച ശബ്ദമായും അന്താരാഷ്ട്ര രംഗത്ത് നിലകൊള്ളുന്നു. 2023 ജനുവരിയില്‍ നടന്ന വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മേളന വേദി ഇത് തെളിയിച്ചു. ഇതിന്റെ തുടര്‍ച്ചയും ദല്‍ഹി ഉച്ചകോടിയില്‍ കാണുവാന്‍ സാധിക്കും.
ഭാരതം നടത്തിയ പ്രവര്‍ത്തനങ്ങളും ആഫ്രിക്കന്‍ യൂണിയന്റെ അംഗത്വവും ജി-20 ഉച്ചകോടിയുടെ വിജയവും വികസ്വര-ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. ലോക രാജ്യങ്ങള്‍ക്ക് മാത്രമല്ല ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികള്‍ക്കും ഭാരതത്തിന് മേലുള്ള വിശ്വാസം വര്‍ദ്ധിച്ചു. വിവിധ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ അവര്‍ സന്നദ്ധമായിരിക്കുന്നുവെന്നത് ഈ വിശ്വാസത്തിന് തെളിവാണ്. രാജ്യത്ത് വെച്ചു നടന്ന ഒരു അന്താരാഷ്ട്ര ഉച്ചകോടിയുടെ വിജയം ആഭ്യന്തര തലത്തില്‍ ഭാരതീയരുടെ ആത്മവിശ്വാസവും പതിന്മടങ്ങായി വര്‍ദ്ധിക്കാന്‍ കാരണമായി.
ഒരു അംഗമെന്ന നിലയില്‍ സ്വാഭാവികമായും ലഭിച്ച അദ്ധ്യക്ഷ സ്ഥാനവും സമ്മേളന അവസരവുമാണെങ്കില്‍ പോലും ഇവ ഭാരതത്തിന് അര്‍ഹതപ്പെട്ടതായിരുന്നു. കാരണം വിവിധ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം കണ്ടെത്തുവാനും ഭിന്നിച്ചു നില്‍ക്കുന്ന ലോകത്തെ നയിക്കുവാനും പ്രാപ്തമായ മറ്റൊരു രാഷ്ട്രത്തെ ഇന്ന് കണ്ടെത്താനാവില്ല. സ്വന്തം സാംസ്‌കാരിക മൂല്യങ്ങള്‍, വീക്ഷണങ്ങള്‍, തത്വങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിദേശനയം രൂപീകരിക്കുവാന്‍ സാധിച്ചുവെന്നതാണ് ഭാരത വിജയത്തിന്റെ അടിസ്ഥാനം. ഇന്നത്തെ സാമൂഹിക യഥാര്‍ത്ഥ്യങ്ങളെയും നയങ്ങളെയും അത് പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നു. മുന്‍പ് വിദേശ ആശയങ്ങളുടെ പിന്‍ബലത്തില്‍ രൂപീകരിച്ച വിദേശ നയത്തിന് ഇത് സാധിച്ചിരുന്നില്ല. ഫലമോ, അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമില്ലാത്ത ആഭ്യന്തരമായി ആത്മവിശ്വാസമില്ലാത്ത രാജ്യമായി ഭാരതം മാറി. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമായി. ഉച്ചകോടിയുടെ ഭാഗമായി രൂപം നല്‍കിയ ആഗോള പദ്ധതികളിലെല്ലാം ഭാരതം ഭാഗമാണ്.
ലോകത്തിന്റെ ജനാധിപത്യ സ്വഭാവവും, നിയമവാഴ്ചയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സ്വാധീനം ലഭിക്കുന്ന സംവിധാനങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുവാനുള്ള പ്രത്യേക ശ്രദ്ധ ഉച്ചകോടിയില്‍ ഉടനീളമുണ്ടായി. എന്നാല്‍ അത്തരം രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതിന് ഭാരതം പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം കൂടിയില്ലെന്നതും ശ്രദ്ധേയമാണ്. ഒരു ബഹുരാഷ്ട്ര (Multilateral system) വ്യവസ്ഥയിലാണ് ഭാരതം വിശ്വസിക്കുന്നത്. ചുരുക്കത്തില്‍, വികസ്വര-വികസിത, ജനാധിപത്യ-ഏകാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള വിടവുകള്‍ നേര്‍പ്പിക്കുവാന്‍ ദല്‍ഹി ഉച്ചകോടിക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയ-സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിക്കുന്നതിനേക്കാളുപരിആഗോള അജണ്ടകള്‍ രൂപീകരിക്കുകയും നിര്‍വ്വഹിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന ഒരു ധാര്‍മിക ശക്തിയെന്ന് ഭാരതത്തെ വിളിക്കുകയാണ് കൂടുതല്‍ ഉചിതം.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന വസുധൈവ കുടുംബക സങ്കല്‍പ്പത്തിലാണ് ജി-20 ക്ക് ഭാരതം തുടക്കം കുറിച്ചത്. എന്നാല്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതുപോലെ രാജ്യങ്ങള്‍ക്കിടയില്‍ ‘അവിശ്വാസ’മായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഉച്ചകോടി അവസാനിച്ചത് രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസ്യതയും സഹകരണവും വര്‍ദ്ധിപ്പിച്ചുകൊണ്ട് ‘ഞങ്ങള്‍ ഒരു ഭൂമിയാണ്, ഞങ്ങള്‍ ഒരു കുടുംബമാണ്, ഞങ്ങള്‍ ഒരു ഭാവി പങ്കിടുന്നു’ എന്ന വാക്യം സംയുക്ത പ്രസ്താവന ആമുഖത്തില്‍ ചേര്‍ത്തുകൊണ്ടാണ്. ഈ തലത്തിലേക്ക് കൂട്ടായ്മയിലെ രാജ്യങ്ങളെ എത്തിക്കുവാന്‍ സാധിച്ചത് ഭാരതത്തിന്റെ ഇടപെടലാണ്. അതുകൊണ്ടാണ് ‘ജി-20 ഉച്ചകോടിയുടെ മഹത്തായ ഫലത്തില്‍ ആദ്യമായി ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്റെയും നയതന്ത്ര നൈപുണ്യത്തിന്റെയും വൈദഗ്ദ്ധ്യത്തിന്റെയും തെളിവാണിതെന്ന് ഞാന്‍ കരുതുന്നു. പങ്കാളിത്തത്തില്‍ ഉറച്ചുനിന്നുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ ജി-20 യെ ഒരുമിച്ച് നിര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു. തീര്‍ച്ചയായും നമുക്ക് വേണ്ടതും ഇതാണ് എന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ അദ്ധ്യക്ഷന്‍ ഡെന്നിസ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടത്. ജി -20 ദല്‍ഹി ഉച്ചകോടിയുടെ വിജയം അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ഭാരതത്തിന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചുവെന്ന് പറയാം. സര്‍വ്വസമ്മതനായൊരു ആഗോള ശക്തിയായി ഭാരതം മാറി.
(ന്യൂ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)