ഓരോ രാഷ്ട്രങ്ങളുടെയും ചരിത്രത്തില്‍ സാംസ്‌കാരിക സംഘര്‍ഷം നടക്കുന്ന ഘട്ടങ്ങളുണ്ടാവും. മതപരവും രാഷ്ട്രീയവും ഭരണപരവുമായ വൈദേശിക സ്വാധീനങ്ങള്‍ക്കും ആധിപത്യത്തിനും എതിരെ സ്വത്വം സാക്ഷാല്‍ക്കരിക്കാനുള്ള ജനതയുടെ അഭിവാഞ്ചയാണ് ഇതിന്റെ ചാലകശക്തി. ഭാരതവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നീണ്ട പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം ലഭിച്ചിട്ടും അടിമത്തകാലത്ത് രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളുണക്കാന്‍ മാറിമാറി അധികാരത്തില്‍ വന്ന ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല, അതിന് അവര്‍ ശ്രമിച്ചില്ല. ഭരണവ്യവസ്ഥയില്‍ തങ്ങിനില്‍ക്കുന്ന വൈദേശികാധിപത്യത്തിന്റെ അവശിഷ്ടങ്ങളെ ആധുനികതയുടെ അടയാളങ്ങളായും, പരിഷ്‌കാരത്തിന്റെ അനിവാര്യഘടകങ്ങളായും നിലനിര്‍ത്തുന്നതിലായിരുന്നു ഇവര്‍ക്ക് താല്‍പ്പര്യം. ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ബ്രിട്ടീഷ് ഭരണാധികാരിയാണ് താനെന്ന് അമേരിക്കന്‍ അംബാസഡറായ ഗാല്‍ബ്രേത്തിനോട് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഇതുകൊണ്ടാണ്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഭരണതലത്തില്‍ ഇതിന് മാറ്റം സംഭവിക്കാന്‍ തുടങ്ങിയതാണ്. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള ധീരമായ ശ്രമങ്ങളാണ് മോദി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണം സാക്ഷ്യംവഹിക്കുന്നത്.
ദല്‍ഹിയിലെ ജി-20 ഉച്ചകോടിയുടെ വിരുന്നില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് നല്‍കിയത്. ‘ആസിയാന്‍’ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ ‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാണുള്ളത്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ വിശേഷണം ‘ഒഫീഷ്യല്‍സ് ഓഫ് ഭാരത്’ എന്നു തിരുത്തിയിരുന്നു. ഇതൊക്കെ ചില കേന്ദ്രങ്ങളെ വല്ലാതെ പ്രകോപിച്ചു. മോദി സര്‍ക്കാര്‍ ഇന്ത്യയെ മറ്റൊരു രാജ്യമാക്കുകയാണ്, ഭരണഘടനാ വിരുദ്ധമാണ്, നിയമപരമായി ഇങ്ങനെയൊന്നും ചെയ്യാനാവില്ല, സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ്, ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണ് എന്നെല്ലാം ഇക്കൂട്ടര്‍ വിമര്‍ശനങ്ങളുന്നയിക്കുകയുണ്ടായി. കൊളോണിയല്‍ മനോഭാവത്തിന്റെ ഇത്തരം ആവലാതികള്‍ക്കൊന്നും മോദി സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എടുത്തുപോരുന്ന നടപടികളില്‍നിന്ന് പിന്മാറുകയുമില്ല.
ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്
‘ഇന്ത്യ’ എന്നു വിളിക്കുന്നത് നിര്‍ത്തി ഭാരതം എന്നു വിളിക്കാന്‍ തുടങ്ങണമെന്നും, ഇംഗ്ലീഷ് പറയുന്നവരോട് സംസാരിക്കുമ്പോഴും തനതായ പേരുകള്‍ മാറ്റേണ്ടതില്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അസമില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. രാജ്യത്തെ ചില നഗരങ്ങളുടെ പേരുകള്‍ നൂറ്റാണ്ടുകളായി മാറാത്തത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. വിദേശികളോട് സംസാരിക്കുമ്പോഴും ഭാരതം എന്നുതന്നെ ഉപയോഗിക്കണമെന്നും, ആര്‍ക്കെങ്കിലും മനസ്സിലാകുന്നില്ലെങ്കില്‍ അത് അങ്ങനെ തന്നെ ഇരിക്കട്ടെയെന്നും, ആവശ്യം വരുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളുമെന്നും സര്‍സംഘചാലക് പറയുകയുണ്ടായി. സ്ത്രീകള്‍ക്കെതിരായ കൊടിയ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നും ഒരിക്കല്‍ സര്‍സംഘചചാലക് പറഞ്ഞത് വലിയ ചര്‍ച്ചയാവുകയുണ്ടായി. ഇന്ത്യയും ഭാരതവും തമ്മിലെ സാംസ്‌കാരിക വിടവിനെയാണ് ഇത് സൂചിപ്പിച്ചത്. രണ്ടിന്റെയും മൂല്യസങ്കല്‍പ്പങ്ങളുടെ പ്രതിനിധാനം വ്യത്യസ്തമാണ്.
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പും ആര്‍എസ്എസിന്റെ തുടക്കം മുതല്‍ ഇന്ത്യയെന്നല്ല, ഭാരതമെന്നു തന്നെയാണ് ഉപയോഗിച്ചുപോരുന്നത്. ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയിട്ടുള്ളതായി കാണാം. ഇത് ഏതെങ്കിലും ആശയത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ നിഷ്‌കര്‍ഷയിലല്ല. ഭാരതം എന്നത് ഇന്ത്യയുടെ സ്വാഭാവികമായ പേരാണ്. ഭാരതത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ആഗ്രഹിക്കുന്നവരും, അതിന്റെ പൗരാണികമായ നാഗരികതയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരുമാണ് രാഷ്ട്രം ഭാരതം എന്ന പേരില്‍ അറിയപ്പെടുന്നതിനെ എതിര്‍ക്കുന്നത്. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേര്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ പല രാജ്യങ്ങളും ഉപേക്ഷിക്കുകയുണ്ടായല്ലോ. സിലോണ്‍ ശ്രീലങ്കയായതും ബര്‍മ മ്യാന്‍മറായതും, സയാം തായ്‌ലന്റ് ആയതും കമ്പൂച്ചിയ കമ്പോഡിയ ആയതും ഇങ്ങനെയാണ്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഈ പേരുമാറ്റത്തില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, അതില്‍ അവര്‍ അഭിമാനിക്കുകയാണ് ചെയ്തത്.
രാഷ്ട്രത്തിന്റെ പേര് ഇന്ത്യയെന്നതിനു പകരം ഭാരതം എന്നു മാറ്റുന്നതില്‍ ദേശസ്‌നേഹികള്‍ക്ക് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കും’ എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്‌ഛേദത്തിലുള്ളത്. ഇന്ത്യയെന്നോ ഭാരതമെന്നോ ഉപയോഗിക്കാം. ഇത് നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. സംസ്‌കൃതത്തിലും ഹിന്ദിയിലും നിരവധി പ്രാദേശിക ഭാഷകളിലും ഭാരതം എന്നുതന്നെയാണുള്ളത്. രാജ്യത്തെ നിരവധി സ്ഥാപനങ്ങളുടെ പേരിനൊപ്പവും ഭാരത് എന്നു ചേര്‍ത്തിട്ടുണ്ട്. ഇന്ത്യ എന്ന പേരിന് സിന്ധു നദി അഥവാ ഇന്‍ഡസ് എന്ന പേരിനോട് ബന്ധമുണ്ടെങ്കിലും അത് വിദേശികള്‍ നമ്മെ വിളിക്കാന്‍ ഉപയോഗിച്ചതാണ്. ഭാരതം എന്ന പൗരാണിക നാമം പോലെ ശ്രേഷ്ഠവും അര്‍ത്ഥപൂര്‍ണവുമല്ല അത്. ഐക്യരാഷ്ട്രസഭയിലടക്കം ‘റിപ്പബ്ലിക് ഓഫ് ഇന്ത്യ’ എന്നാണുള്ളതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സര്‍ക്കാരിനു ഇത് മാറ്റാനാവും. അതിന് നിയമഭേദഗതി വേണമെങ്കില്‍ അത് ചെയ്യാവുന്നതേയുള്ളൂ. രാഷ്ട്രത്തിന്റെ പേര് പൂര്‍ണമായും ‘ഭാരതം’ആക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചത് ഇത്തരമൊരു നിയമഭേദഗതിയുടെ അഭാവത്തിലാണ്.
വൈദേശിക മുദ്ര പേറുന്ന നിരവധി സ്ഥലനാമങ്ങള്‍ മാറ്റി നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ വേരുള്ള പേരുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ ഇതിലുള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദ് പ്രയാഗ്‌രാജും, ഫൈസാബാദ് അയോധ്യയും ആയി മാറി. റിപ്പബ്ലിക് പരേഡ് നടക്കുന്ന ദല്‍ഹിയിലെ രാജ്പഥ് കര്‍ത്തവ്യപഥ് ആയും, മുഗള്‍ ഗാര്‍ഡന്‍ അമൃത് ഉദ്യാന്‍ ആയും ഔറംഗസീബ് റോഡ് അബ്ദുള്‍ കലാം റോഡ് ആയും മാറിയത് അടുത്തകാലത്താണ്. ഈസ്റ്റ് പഞ്ചാബ് ഇന്നത്തെ പഞ്ചാബ് ആയതും, യുണൈറ്റഡ് പ്രൊവിന്‍സ് ഉത്തര്‍പ്രദേശായതും, മദ്രാസ് സ്റ്റേറ്റ് തമിഴ്‌നാട് ആയതും, മദ്രാസ് നഗരം ചെന്നൈ ആയതും മൈസൂര്‍ സ്റ്റേറ്റ് കര്‍ണാടക ആയതും ബോംബെ മുംബൈ ആയതും ഉദാഹരണങ്ങള്‍. ഇന്ത്യ, ഭാരതം ആകുന്നത് ഈ ദിശയിലുള്ള ബൃഹത്തായ മാറ്റമായിരിക്കും.
ഭാരതം മറ്റൊരു വന്‍ ശക്തി
ഇന്ത്യ എന്നതിനു പകരം ഭാരതത്തിന്റെ രാഷ്ട്രപതിയെന്നും ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്നും ഔദ്യോഗികമായി എടുത്തു പറഞ്ഞത് അമിതാഭ് ബച്ചനെയും വീരേന്ദ്ര സേവാഗിനെയും പോലെ നിരവധി പേര്‍ സ്വാഗതം ചെയ്തപ്പോള്‍, കോണ്‍ഗ്രസ്സിനും ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമാണ് എതിര്‍പ്പ്. അവര്‍ ഇതിനെ ഭരണഘടനാ വിരുദ്ധ നടപടിയായി ചിത്രീകരിക്കുകയാണ്! കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശ്‌നം മറ്റു ചിലതാണ്. രാജ്യവിരുദ്ധ നിലപാടുകളെടുക്കുകയും, വിദേശ രാജ്യങ്ങളില്‍പ്പോലും രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രതിപക്ഷ സഖ്യത്തിന് ഐഎന്‍ഡിഐഎ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചുരുക്കപ്പേര് ഇന്ത്യ എന്നു വായിക്കാനാണിത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയും മോദിയും തമ്മിലാണ് മത്സരമെന്നും, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇത് പൊളിഞ്ഞിരിക്കുന്നു. രാഷ്ട്രത്തെ ഭാരതം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്താല്‍ ഇന്ത്യ അപ്രസക്തമാവും. പ്രതിപക്ഷം രാഷ്ട്രത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയല്ല നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്യും. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രക്ഷോഭമായ ക്വിറ്റ് ഇന്ത്യയിലും, പാക് ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനിലും ഇന്ത്യയുണ്ടെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ പേരിടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യ, ഭാരതമായാല്‍ ഇത് ഒന്നുകൂടി ശരിവയ്ക്കപ്പെടും. ഇതാണ് പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നത്.
‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്. ഇത് കേവലമായ ആശയമല്ല. എല്ലാ മേഖലയിലും ഇതിനനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ മാറ്റത്തിന് ആക്കംകൂട്ടുന്ന നിര്‍ണായക ചുവടുവയ്പ്പാണ് രാഷ്ട്രത്തെ ഭാരതം എന്നു വിശേഷിപ്പിക്കുന്നത്. ആഗോള സാഹചര്യത്തിലെ മാറ്റവും കണക്കിലെടുക്കേണ്ടതുണ്ട്. അതിരുകളില്ലാത്ത പുതിയൊരു ലോകക്രമം രൂപപ്പെട്ടുവരികയാണ്. ‘ഗ്ലോബല്‍ ഡീപ് സ്റ്റേറ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശക്തികള്‍ പലതരത്തിലുള്ള ഉപജാപങ്ങളിലേര്‍പ്പെടുന്നു. ദേശീയത എന്ന ആശയത്തെ വെറുക്കുകയും, അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടു ചെയ്യുകയും, പ്രത്യക്ഷമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന ജോര്‍ജ് സോറസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ വളരെ സജീവമാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും തന്റെ സംഘടനകളിലൂടെ ഫണ്ടു ചെയ്യുന്ന സോറസിന്റെ കൂട്ടാളികളായി ഭാരതത്തില്‍ നിരവധി പേരുണ്ട്. ആഗോള തലത്തില്‍ ഭാരതത്തിന് കൈവരുന്ന സ്ഥാനവും സ്വീകാര്യതയും അട്ടിമറിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കൊവിഡ് മഹാമാരിക്കുശേഷവും, റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും വന്‍ ശക്തികളെന്നു പറയുന്നവര്‍ക്ക് സ്ഥിതിഗതികളെ നിയന്ത്രിക്കാനാവുന്നില്ല. ഭാരതമാണ് ഇതിന്റെ ഗുണഭോക്താവ്. റഷ്യയില്‍നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനത്തെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ എതിര്‍ത്തിട്ടും ഭാരതം പിന്മാറിയില്ല. കൊവിഡ് കാലത്ത് സഹായഹസ്തം നീട്ടിയതിന് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ മോദി സര്‍ക്കാരിനെ പ്രശംസകൊണ്ട് മൂടുകയുണ്ടായി. ഇപ്രകാരം പുതിയ കുതിച്ചു ചാട്ടങ്ങള്‍ നടത്താനൊരുങ്ങുന്ന രാഷ്ട്രത്തെ ഭാരതം എന്നുതന്നെയാണ് വിളിക്കപ്പെടേണ്ടത്.
ലോകരാജ്യങ്ങളില്‍ ചൈനയ്ക്ക് മുന്നേ മൂന്നാമത്തെ സൈനിക ശക്തിയായി ഭാരതം മാറിക്കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സുമായും അമേരിക്കയുമായും അടുത്തിടെ ഒപ്പുവച്ച പ്രതിരോധ കരാറുകള്‍ വഴി ആധുനിക സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാന്‍ ഭാരതത്തിന് കഴിയും. പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്ന വലിയ രാജ്യങ്ങളിലൊന്നായി മാറാനും കഴിയും. ഭാരതത്തിന്റെ തേജസ് യുദ്ധ വിമാനങ്ങളും ബ്രഹ്‌മോസ് മിസൈലുകളും വാങ്ങാന്‍ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിരോധ മരുന്ന് നല്‍കിയതില്‍ ദക്ഷിണാഫ്രിക്കയും ലാറ്റിനമേരിക്കയും ഭാരതത്തെ പ്രശംസിക്കുകയുണ്ടായി. പല കാര്യങ്ങളിലും അനുകൂല നിലപാടുകള്‍ സ്വീകരിക്കാത്ത തുര്‍ക്കിയെപ്പോലും ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതം സഹായിക്കുകയുണ്ടായി. എന്നിട്ടും ജി-20 യോഗം ശ്രീനഗറില്‍ നടക്കുന്നതിനെ തുര്‍ക്കി എതിര്‍ക്കുകയുണ്ടായി. ഇത് ആ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചപ്പോള്‍ ഭാരതത്തിന്റെ സഹായ മനഃസ്ഥിതി പ്രകീര്‍ത്തിക്കപ്പെട്ടു.
തമിഴ് മണ്ണിലെ ചെങ്കോല്‍ ഇഫക്ട്
ലോകരാജ്യങ്ങളില്‍ ഇന്ന് ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരെക്കാള്‍ മോദി ഏറെ മുന്നിലാണ്. സൗദി അറേബ്യയും യുഎഇയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ തങ്ങളുടെ പരമോന്നത ബഹുമതികള്‍ നല്‍കി മോദിയെ ആദരിക്കുകയുണ്ടായി. ഭാരതം അംഗമല്ലാത്ത ഒഐസിയില്‍പ്പോലും സ്വന്തം രാജ്യത്തിന്റെ ശബ്ദം കേള്‍പ്പിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണ് ലോകം കല്‍പ്പിക്കുന്നത്. ജി-20 അധ്യക്ഷ പദവി ഏറ്റെടുക്കുക വഴി ഗ്ലോബല്‍ സൗത്ത് നേതാവായി മോദി മാറിയിരിക്കുന്നു. ഈ രാജ്യങ്ങളിലെ അവികസിതാവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ മോദിക്ക് കഴിഞ്ഞു. അടുത്തിടെ ചേര്‍ന്ന ജി-20 യോഗത്തില്‍ ഈ അവസ്ഥ നേരിടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയുമുണ്ടായി. ഭാരതത്തിന്റെ പരമ്പരാഗത വിശ്വാസമായ വസുധൈവ കുടുംബം എന്നതാണ് ഇതിലൊക്കെ പ്രതിഫലിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടിട്ടുള്ള ‘ഇന്ത്യ’ സഖ്യം അടിസ്ഥാനപരമായി ഭാരതവിരുദ്ധമാണെന്ന് അതിലുള്‍പ്പെടുന്ന കക്ഷികളുടെ പ്രസ്താവനകളും നടപടികളും തെളിയിക്കുന്നു.
സനാതനധര്‍മ്മത്തിനെതിരായ നിലപാട്
സനാതനമായ ഹിന്ദുധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വലിയ വിവാദമായി കത്തിപ്പടര്‍ന്നത് സ്വഭാവികം. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത നിന്ദ്യമായ പ്രസ്താവനയാണിത്. സനാതന ധര്‍മത്തെ ഡെങ്കിയെയും മലേറിയയെയും കൊവിഡിനെയും പോലെ എതിര്‍ക്കാനാവില്ലെന്നും, അതിനെ ഇല്ലാതാക്കണമെന്നുമാണ് ചെന്നൈയില്‍ സംഘടിപ്പിച്ച സനാതന ധര്‍മ നിരോധന കോണ്‍ഫറന്‍സില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.
തീര്‍ത്തും അപലപനീയവും അനാവശ്യവുമായ ഒരു പ്രസ്താവനയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിശക്തമായ പ്രതികരണങ്ങള്‍ ഇതിനെതിരെ ഉണ്ടായപ്പോള്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയത്. അത്യന്തം പ്രകോപനപരവും, ഒരു മഹത്തായ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഒരു ജനതയെ ഒന്നടങ്കം അധിക്ഷേപിക്കുന്നതുമായ പ്രവൃത്തിയാണിത്. അപക്വമതിയും അജ്ഞനുമായ ഒരാളുടെ അഹങ്കാരമായി ഉദയനിധിയുടെ പ്രസ്താവനയെ കാണാനാവില്ല. അച്ഛനും മുഖ്യമന്ത്രിയുമായ സ്റ്റാലിനും സമാനമായ അഭിപ്രായ പ്രകടനം നടത്തിയതായി കാണുന്നുണ്ട്. തീര്‍ച്ചയായും ഇതിനുപിന്നില്‍ ഒരു അജണ്ട ഉണ്ടാവണം.
തമിഴ്‌നാടിന്റെ ജനജീവിതത്തില്‍ സഹസ്രാബ്ദങ്ങളായി സനാതനധര്‍മം തുടിച്ചുനില്‍ക്കുന്നു. കടുത്ത നിരീശ്വരവാദികളുടെയെന്നല്ല അഹിന്ദുക്കളുടെ നെറ്റിയില്‍പ്പോലും അവിടെ കുങ്കുമപ്പൊട്ടു കാണാം. സിപിഐ നേതാവും ക്രൈസ്തവ മതവിശ്വാസിയുമായ ഡി. രാജയുടെ ഭാര്യ ആനി രാജയുടെ നെറ്റിയിലും കുങ്കുമപ്പൊട്ടുണ്ടല്ലോ. മുസ്ലിമായ തനിക്ക് ഹിന്ദുക്കള്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കിയത് സനാതന ധര്‍മത്തിന്റെ മേന്മയാണെന്ന് സിനിമാതാരവും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു പറയുന്നതും ഇതിനു തെളിവാണ്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഹിന്ദു വിരുദ്ധത ആധിപത്യം ചെലുത്തുമ്പോഴും ആ നാടിന്റെ ഹൈന്ദവമായ പാരമ്പര്യത്തെ മാറ്റാന്‍ കഴിയുന്നില്ല. മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്ന ക്രൈസ്തവ ശക്തികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ഇതിന് മാറ്റം വരുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ ശക്തികളുടെ കരങ്ങള്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കു പിന്നിലുണ്ടാവും. താന്‍ ക്രൈസ്തവനാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാളാണല്ലോ ഉദയനിധി.
ജി-20 ഒരുക്കുന്ന വിജയപഥം
ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസ്താവനയോട് പലരും മുഖംതിരിച്ചപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. പലരും തിരിച്ചടി ഭയന്നാണ് അങ്ങനെ പെരുമാറിയത്. ഇവരുടെയും രാഷ്ട്രീയ ഭൂതകാലം ഹിന്ദുവിരുദ്ധമാണ്. ഒരുകാലത്ത് കോണ്‍ഗ്രസ് എതിര്‍ത്തിരുന്ന, കോണ്‍ഗ്രസ്സിനെ എതിര്‍ത്തിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകാനാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ആ പാര്‍ട്ടി ശ്രമിക്കുന്നത്. സോണിയാ കുടുംബത്തിന്റെ രാഷ്ട്രീയം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പതിറ്റാണ്ടുകള്‍ പ്രയത്‌നിച്ചിട്ടും സനാതനധര്‍മത്തെ നിഷ്പ്രഭമാക്കാന്‍ ദ്രാവിഡ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടില്ല. ചോളന്മാരുടെയും പല്ലവന്മാരുടെയുമൊക്കെ നേതൃത്വത്തില്‍ മഹത്തായ ഹൈന്ദവ സാമ്രാജ്യങ്ങള്‍ നിലനിന്നതിന്റെ ചരിത്രമാണ് തമിഴ്‌നാടിന് പറയാനുള്ളത്. ബൃഹദീശ്വര ക്ഷേത്രം പോലെ ഹൈന്ദവസംസ്‌കാരത്തിന്റെ അനശ്വരമായ പ്രതീകങ്ങള്‍ ആകാശം ചുംബിച്ചു നില്‍ക്കുന്ന അനേകം മഹാക്ഷേത്രങ്ങളുടെ നാടാണത്. തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നം പോലും ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തിന്റെതാണല്ലോ. ദ്രാവിഡ പാര്‍ട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ മറികടന്ന് തമിഴ്‌നാട് ദേശീയ ധാരയില്‍ അണിചേരുന്നതിനെ വിഘടനവാദം വളര്‍ത്തുന്ന ശക്തികള്‍ ഒരു ഭീഷണിയായി കാണുകയാണ്. ഉണരുകയും ഉയരുകയും ചെയ്യുന്ന ഭാരതത്തിന്റെ പ്രതീകമായ പുതിയ പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ പൈതൃകം പേറുന്ന ചെങ്കോല്‍ സ്ഥാപിച്ചത് ഈ ദിശാവ്യതിയാനത്തിന്റെ നിര്‍ണായക ഘട്ടമായിരുന്നു. ഇതിനെതുടര്‍ന്ന് മൗലികമായ മാറ്റങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ബിജെപി അധ്യക്ഷനായ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ‘എന്‍മണ്‍ എന്‍മക്കള്‍’ എന്ന യാത്ര വലിയ ചലനങ്ങളുണ്ടാക്കിയിരിക്കുന്നു. ഒരുകാലത്ത് ഉയര്‍ന്ന ജാതിക്കാരുടെയും ഉത്തരേന്ത്യന്‍ ശക്തികളുടെയും പാര്‍ട്ടി എന്നു വിമര്‍ശിച്ചിരുന്ന ബിജെപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ടുള്ള അണ്ണാമലൈയുടെ മുന്നേറ്റങ്ങള്‍ തമിഴ്‌നാട്ടില്‍ ചില ഇളക്കി പ്രതിഷ്ഠകള്‍ നടത്തുകയാണ്. ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാവുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം വലിയ അടിയൊഴുക്കുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് പുതിയ ചേരിതിരിവുണ്ടാക്കാനുള്ള വിഫല ശ്രമമാണ് ഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗം കൂടിയാണ് ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കുകയും, രാജ്യം മഹത്തായ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിഘടനവാദ രാഷ്ട്രീയം പയറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ല. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ജി-20 അധ്യക്ഷ പദവി വഹിച്ചുകൊണ്ട് ആഗോളതലത്തില്‍ തന്നെ പുതിയൊരു മാറ്റത്തിന് ഭാരതം വഴിയൊരുക്കുകയാണ്.