2023 ആഗസ്റ്റ് 23 ന് വൈകിട്ട് 6.03 ന് ചന്ദ്രയാന്‍-3ന്റെ ചന്ദ്രോപരിതലത്തിലെ വിജയകരമായ മൃദു അവരോഹണം ((Soft landing)) ശാസ്ത്ര സാങ്കേതിക രംഗത്തെ ഭാരതത്തിന്റെ അതിപ്രധാനമായ ഒരു കാല്‍വെപ്പ് എന്നതിനുമപ്പുറം മനുഷ്യരാശിയുടെ വിജയമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ചാന്ദ്ര ദക്ഷിണാധ്രുവത്തിലേക്കു വിജയകരമായി ഒരു പേടകം അയക്കുന്ന ആദ്യ രാജ്യമാവുകയായിരുന്നു ഭാരതം. ചന്ദ്രനിലേക്ക് വിജയകരമായി പേടകം അയക്കുന്ന ലോകത്തെ നാലാമത്തെ രാജ്യവും.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗില്‍ ബ്രിക്‌സ് (BRICS)ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ഓണ്‍ലൈനായി ചന്ദ്രയാന്‍-3ന്റെ മൃദു അവരോഹണം കാണുകയും തുടര്‍ന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാരെ അഭിസംബോധന ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുകയായിരുന്നു മോദി.
ലോകമാധ്യമങ്ങള്‍ ചന്ദ്രയാന്‍-3ന്റെ വിജയത്തിന് നല്‍കിയ പ്രാധാന്യവും ശ്രദ്ധേയമാണ്.
ചന്ദ്രയാന്‍-3
2148 കിലോഗ്രം ഭാരമുള്ള ചാലക പേടകവും (Propulsion Module)1726 കി.ഗ്രാം. ഭാരമുള്ള വിക്രം എന്നു പേരായ അവരോഹണ പേടകവും (Lander Module ) 26 കി. ഗ്രാം. മാത്രം ഭാരമുള്ള പ്രഗ്യാന്‍ എന്ന് പേരായ ദര്‍ശിനി (Rover) അടക്കം മൊത്തം 3900 കിലോഗ്രം ഭാരമുള്ള ചന്ദ്രയാന്‍-3 വഹിച്ചു കൊണ്ട് 2023 ജൂലൈ 14ന് എല്‍വിഎം മൂന്ന് റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ റില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയ്ക്ക് തുടക്കംകുറിച്ച വിക്രംസാരാഭായിയുടെ സ്മരണാര്‍ഥമാണ് അവരോഹണ പേടകത്തിന് വിക്രം എന്ന് പേരിട്ടത്. 41-ാം ദിവസം ആഗസ്ത് 23ന് ദൗത്യം വിജയം കാണുകയായിരുന്നു.
മൂന്ന് ചന്ദ്രയാന്‍ വിക്ഷേപണങ്ങള്‍ക്കും വളരെ സവിശേഷമായ ഒരു സമീപനമാണ് ഭാരതം സ്വീകരിച്ചത് ചന്ദ്രയാന്‍-1 പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചും ചന്ദ്രയാന്‍-2 ജിഎസ്എല്‍വിമാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ചും ചന്ദ്രയാന്‍-3 എല്‍വിഎം 3 റോക്കറ്റ് ഉപയോഗിച്ചും ആണ് വിക്ഷേപിച്ചത്. മൂന്നിലും പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഒരു ഭ്രമണത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് ഈ ഭ്രമണപഥം ക്രമാനുഗതമായി ഉയര്‍ത്തി ഭൂമിയില്‍ നിന്നും വളരെ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നു. അതിനെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് കടത്തിവിടുന്നു. ചാന്ദ്രഭ്രമണപഥം ക്രമാനുഗതമായി താഴ്ത്തി ചന്ദ്രനടുത്തുള്ള ഒരു ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നു.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ മൂന്നും ജൂലായ് 15,17,18,22,25 എന്നീ തീയതികളില്‍ അഞ്ച് തവണയായി ഭ്രമണപഥം ഉയര്‍ത്തിയതിനു ശേഷം ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പാതയിലേക്ക് (Translunar Orbit) കടത്തിവിട്ടു. തുടര്‍ന്ന് ചന്ദ്രയാന്‍-3 ആഗസ്റ്റ് അഞ്ചിന് 18074 കിലോമീറ്റര്‍ ത 164 കിലോമീറ്റര്‍ ഉള്ള ചാന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിച്ചു. ക്രമാനുഗതമായി ഈ ഭ്രമണപഥം ചുരുക്കി ആഗസ്ത് 16ന് 153 കിലോമീറ്റര്‍ ത 163 കിലോമീറ്റര്‍ ഉള്ള ചാന്ദ്രഭ്രമണപഥത്തില്‍ എത്തിച്ചു. ആഗസ്ത് 17ന് അവരോഹണ പേടകം ചാലക പേടകത്തില്‍ നിന്നും വേര്‍പെടുത്തി. ആഗസ്ത് 18നും 20 നും ഉള്ള ഡി ബൂസ്റ്റിംഗ് ഓപ്പറേഷനിലൂടെ ഇതിന്റെ ഭ്രമണപഥം ചുരുക്കി 25 കിലോമീറ്റര്‍ ത 134 കിലോമീറ്റര്‍ ഉള്ള ഒരു ഭ്രമണപഥത്തിലേക്ക് എത്തിച്ചു. അതില്‍ നിന്ന് ഏകദേശം ചന്ദ്രോപരിതലത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലത്തു നിന്നും ആണ് ആഗസ്ത് 23ന് വൈകുന്നേരം 5:45ന് ചന്ദ്രയാന്‍ മൂന്നിന്റെ ഊര്‍ജ്ജിത അവരോഹണം ((Powered Descent ))തുടങ്ങുന്നത്.
ഈ ഊര്‍ജ്ജിത അവരോഹണത്തിന്റെ ഘട്ടത്തിലാണ് ചന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടത്. ഈ ഘട്ടം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. കാരണം, ചന്ദ്രന്റെ അന്തരീക്ഷം വളരെയധികം നേര്‍ത്തതാണ്. ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം കാരണം പേടകം പെട്ടെന്ന് തന്നെ നിലം പതിക്കാനുള്ള സാധ്യതയാണ് വളരെയധികം. ചന്ദ്രയാന്‍ മൂന്നാണെങ്കില്‍ ഇറക്കിയത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ്. ഇവിടെ ചന്ദ്രോപരിതലം ഉയര്‍ച്ച താഴ്ചകള്‍ ഉള്ളതും വന്‍ ഗര്‍ത്തങ്ങളുള്ളതും നിരവധി കല്ലുകള്‍ നിറഞ്ഞതുമാണ്. ഇതോടൊപ്പം പൊടിപടലങ്ങളും ചന്ദ്രോപരിതലത്തില്‍ നിറഞ്ഞുകിടക്കുന്നു. പേടകം നിലത്തിറങ്ങുമ്പോഴത്തേക്കും അതിന്റെ ചലനം കാരണം ഈ പൊടിപടലങ്ങള്‍ പറന്നു പൊങ്ങും. പരിധിയില്‍ കവിഞ്ഞ പൊടിപടലങ്ങള്‍ മൂടിക്കഴിഞ്ഞാല്‍ അത് പേടകത്തിന്റെയും അതിലെ പല ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമതയെ ബാധിക്കും. ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തില്‍ നിന്നും നിരവധി പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ചന്ദ്രയാന്‍ മൂന്നിനെ പരികല്പന ചെയ്തത്. മാത്രവുമല്ല ഏതൊക്കെ പരാജയം സംഭവിക്കാമോ അതിനെയെല്ലാം പ്രതിരോധിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. 2019 ലെ ചന്ദ്രയാന്‍-2 ന്റെ രാജ്യത്തിനുശേഷം കഴിഞ്ഞ നാലു വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പു വിജയം കാണുകയായിരുന്നു.
ചന്ദ്രയാന്‍-1 ഉം 2ഉം
2003 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചതു പോലെ 2008 ഒക്ടോബര്‍ മാസം 22-ാം തീയതി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെ ന്ററില്‍ നിന്നും ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചു.
ചാന്ദ്ര ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം ചന്ദ്രനെ വലം വെച്ച് ചന്ദ്രോപരിതലത്തെ കുറിച്ചും രസതന്ത്ര പരമായും മൂലകങ്ങളെക്കുറിച്ചുമുള്ള വിവിധ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ഭാരതം, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, സ്വീഡന്‍, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 11 ശാസ്ത്രീയ ഉപകരണങ്ങള്‍ ചന്ദ്രയാന്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചന്ദ്രോപരിതലത്തില്‍ (ചന്ദ്രന്റെ മണ്ണില്‍) ജലത്തിന്റെ സാന്നിധ്യവും ചാന്ദ്രധ്രുവങ്ങളില്‍ ഐസിന്റെ സാന്നിധ്യവും കണ്ടുപിടിച്ചു എന്നുള്ളതാണ് ചന്ദ്രയാന്‍ ഒന്നിന്റെ ഏറ്റവും പ്രമുഖമായ സംഭാവന.
ചന്ദ്രയാന്‍-2
2008ലെ ചന്ദ്രയാന്‍ ഒന്നിന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം 2019 ജൂലൈ 22ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ടിന്റെ അവരോഹണ പേടകം 2019 സപ്തംബര്‍ ആറാം തീയതി മൃദു അവരോഹണത്തിന് (സോഫ്റ്റ് ഹമിറശിഴ) ശ്രമിക്കുന്നതിനിടയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ നിലം പതിക്കുകയുണ്ടായി. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപേടകം(orbiter) ഇന്നും പ്രവര്‍ത്തനക്ഷമമാണ്.
ശിവശക്തിയും തിരംഗ പോയിന്റും
‘നമ്മുടെ ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയ ആ ബിന്ദു ഇനിമുതല്‍ ‘ശിവശക്തി’ എന്ന് അറിയപ്പെടും’. ആഗസ്റ്റ് 26-ാം തീയതി ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വച്ച് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തതിനുശേഷം ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കാനായി നേരെ അദ്ദേഹം ബാംഗ്ലൂരില്‍ എത്തുകയായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ശിവനില്‍ നിന്നും മാനവികതയുടെ നന്മയെന്ന സങ്കല്‍പ്പം സമാഹരിക്കപ്പെട്ടിരിക്കുന്നു. ശക്തിയില്‍ നിന്നും നമുക്ക് ആ സങ്കല്പത്തെ സാക്ഷാത്കരിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഹിമാലയത്തില്‍ നിന്നും കന്യാകുമാരി വരെ ഒന്നിക്കുന്നതിന്റെ അവബോധം സൃഷ്ടിക്കുന്നു’ ശിവ സങ്കല്‍പ്പ സൂത്രത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘യേന കര്‍മ്മണ്യപസൊ മനീഷിണ യജ്ഞേ ക്രിണ്വന്തി വിദധേഷ ധീരാ
സദപൂര്‍വ്വം യക്ഷമന്ത പ്രജാനാം
തന്മേ മനഃ ശിവ സങ്കല്‍പ്പ മസ്തു’.
അതായത്, ഏതു മനസ്സുകൊണ്ടാണോ നാം കര്‍മ്മം ചെയ്യുന്നത്, വിചാരത്തിനും ശാസ്ത്രത്തിനും വേഗം നല്‍കുന്നത്, എല്ലാവരുടെയും അന്തഃകരണത്തിലുള്ളത്, ആ മനസ്സ് ശുഭവും നന്മ നിറഞ്ഞതുമായ ചിന്തകള്‍ കൊണ്ട് സമ്പൂര്‍ണ്ണം ആകട്ടെ. ഈ സങ്കല്പങ്ങളെ സാക്ഷാത്കരിക്കാന്‍ ശക്തി ആവശ്യമാണ് അത് നമ്മുടെ ‘നാരീ ശക്തി’യാണ്.
‘സൃഷ്ടി സ്ഥിതി വിനാശാനാം
ശക്തി ഭൂതെ സനാതനീ’.
അതായത് സൃഷ്ടി മുതല്‍ പ്രളയം വരെയുള്ള ചക്രത്തിന്റെ ആധാരശില നാരീശക്തി തന്നെയാണ്.
ചന്ദ്രനിലെ ശിവശക്തി പോയിന്റ് കാലാകാലങ്ങളോളം ഭാരതത്തിന്റെ ശാസ്ത്രീയവും ദാര്‍ശനികവും ആയ ഈ വീക്ഷണത്തിന്റെ സാക്ഷിയായി തീരും. ശാസ്ത്ര നേട്ടങ്ങളെ മനുഷ്യരാശിയുടെ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതിന് വരും തലമുറകള്‍ക്ക് ഈ ശിവശക്തി പ്രേരണ നല്‍കുമാറാകട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.
ഇത്തരുണത്തില്‍ ശ്രദ്ധേയമായത് ഈ പേരുകള്‍ക്ക് പിന്നിലുള്ള വീക്ഷണമാണ്. ഭാരതത്തിന്റ അടിസ്ഥാന വീക്ഷണത്തെയും സംപ്രഭുത്വത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പേരുകള്‍. ചന്ദ്രയാന്‍-1 ഇറങ്ങിയ ബിന്ദുവിന് അന്നത്തെ സര്‍ക്കാര്‍ നല്‍കിയത് ‘ജവഹര്‍ പോയിന്റ്’ എന്നാണ്. ഒരു കുടുംബത്തിനപ്പുറം ഭാരതത്തിന്റെ ഒരു തനിമയെയും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ എത്ര നിര്‍ഭാഗ്യകരമാണ് എന്നേ പറയാനാകൂ.
ദേശീയ ബഹിരാകാശദിനം
ചന്ദ്രയാന്‍ മൂന്ന് പേടകം വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയ ആഗസ്ത് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ശാസ്ത്ര സാങ്കേതിക രംഗത്തെ ഒരു വലിയ നേട്ടം മാത്രമല്ല ഓരോ ഭാരതീയനെയും ഇവിടത്തെ ഓരോ വിദ്യാര്‍ത്ഥിയെയും യുവാവിനെയും കാലങ്ങളോളം പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
ചന്ദ്രയാന്‍-3 ദൗത്യത്തിന് പ്രധാനമായും മൂന്ന് ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത്
ഒന്ന്, ചന്ദ്രോപരിതലത്തി ല്‍ ഒരു പേടകം സുരക്ഷിതമായി മൃദു അവരോഹണം നടത്തുക. രണ്ട് ഒരു ദര്‍ശിനി ചന്ദ്രോപരിതലത്തില്‍ നിര്‍ദ്ദേശങ്ങളനുസരിച്ചു സഞ്ചാരം നടത്തുക. മൂന്ന് അവരോഹണ പേടകത്തിലെയും ദര്‍ശനിലെയും ഉപകരണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക. ഇതിലെ ആദ്യ രണ്ട് ഉദ്ദേശങ്ങളും സഫലീകരിച്ചു കഴിഞ്ഞു. മൂന്നാമത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. 14 ഭവ ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ചാന്ദ്രദിനം ആണ് ഈ പരീക്ഷണങ്ങള്‍ക്കായി ലഭിക്കുന്ന അവസരം. അതനുസരിച്ചുള്ള പരീക്ഷണങ്ങള്‍ ഇതുവരെ വിജയകരമായി നടക്കുകയാണെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. നമ്മുടെ ബഹിരാകാശ പഠനത്തിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാണ് ഇത്.
(വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)