മൃദുപദം വച്ചിറങ്ങുന്നു നാം ചന്ദ്രനില്‍
മുദിത ഹാസോന്മുഖം ഉണരുന്നു ഭാരതം
തിരുജടയിലമ്പിളിത്തെല്ലുമായ് ഞങ്ങള്‍ തന്‍
പ്രിയ മഹാദേവന്‍ തപസ്സുചെയ്തീടിലും
ഒരുനാള്‍ പറന്നെത്തി നിന്‍ ധവളമാറിലെന്‍
പ്രിയ മാതൃഭാരതം പദമുദ്ര ചാര്‍ത്തണം…
ഇതു സ്വപ്‌നമെന്നേ നിനച്ചവര്‍ക്കിന്നെന്റെ
അമ്മനാടേകുന്നൊരുത്തരം കാണുക…
തപസ്സില്‍ ജനിച്ചു വളര്‍ന്ന സനാതന
ഋഷി ഭൂമി ജ്ഞാനകേദാരമെന്നാളുമെ…
ഇവിടെപ്പിറന്നു പണ്ടേ ഭാസ്‌ക്കരാചാര്യ –
രിവിടെപ്പിറന്നാര്യഭട്ടന്‍ കണാദനും…
ഇത് ശാസ്ത്ര വേദവിജ്ഞാനസാകല്യത്തി-
നുടജാങ്കണം സഹസ്രാരബോധസ്ഥലി..
നറുനിലാവിന്‍ നാട്ടിലെന്‍ മാതൃഭാരതം
മറുനിലാവായ് വിശ്വസ്‌നേഹദൂതോതവേ …
ശിവശക്തിയുക്ത സര്‍ഗ്ഗോന്‍മുഖ ചന്ദ്രികാ-
സുധയൊഴുകിയറിവിന്‍കടല്‍ പരന്നീടവേ…
അതില്‍ നിന്നുമൊരുതുള്ളിയമൃതം കുടിച്ചവര്‍
നിറ ഹര്‍ഷമോടെ കഥിപ്പതിതുമാതിരി…
അതിവിദൂരത്തിലല്ലിനിയെന്റെയമ്പിളി …
അവളാര്‍ഷനാടിന്റെ പദമുദ്രചാര്‍ത്തിയോള്‍..