‘മോളെ…പേപ്പറും പേനേം എടുത്തോ?’ ക്ഷീണം കലര്‍ന്ന ശബ്ദത്തിലവര്‍ ചോദിച്ചു.
‘ഉം…അമ്മ പറഞ്ഞോ’ സൈനു സഹതാപപൂര്‍വ്വം പറഞ്ഞു.
‘എന്നാ…മോള് എഴുതിക്കോ…’
പതിവ് പോലെ ഉമ്മറപ്പടിയിലിരുന്ന് അവര്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.
‘എന്റെ പൊന്നു മോനെ…’ അങ്ങനെ തന്നെയായിരുന്നു അവര്‍ വര്‍ഷങ്ങളായി പറഞ്ഞു തുടങ്ങിയിരുന്നത്.
അതറിയാവുന്നത് കൊണ്ട് ആ വാചകം അവള്‍ എഴുതിത്തുടങ്ങിയിരുന്നു.
‘നിനക്ക്..അവിടെ സുഖമാണോ?… ഇന്നലേം…ഞാന്‍ നിന്നെ സ്വപ്‌നം കണ്ടു…നിന്റെ കത്ത് വായിച്ച് കേട്ട് അമ്മയ്ക്ക് ഒരുപാട് സന്തോഷായി. മോന്‍ അമ്മയ്ക്ക് എപ്പഴും എഴുതണം…പിന്നെ നീ…അവിടെ ആരുമായിട്ടും അടിപിടിയൊന്നും കൂടരുത്…’
അവര്‍ നിര്‍ത്തിയിട്ട് ചോദിച്ചു,
‘എഴുതിയോ മോളെ?’
‘ഉം…’
‘പണ്ട്…നീ പണി കഴിഞ്ഞ് വൈകിട്ട് വരുമ്പോ…അമ്മ നെനക്ക് ഉണ്ണിയപ്പം ഒണ്ടാക്കി തരാറില്ലേ? അതുപോലെ ഒണ്ടാക്കി തരണോന്നൊണ്ട്…പക്ഷെ…അമ്മയ്ക്ക് ഇപ്പോ ഒന്നും കണ്ടൂട മോനെ…സൈനു മോള്‍ടെ കൂടെ ആശൂത്രീല് പോയി കാണിച്ചു… ഇനി ചികിത്സിച്ചാലും…കാഴ്ച കിട്ടില്ലെന്നാ ഡോക്ടറ് പറഞ്ഞത്…’
അല്പനേരമെന്തോ ആലോചിച്ചിരുന്ന ശേഷം അവര്‍ തുടര്‍ന്നു,
‘നീ അവിടെ…പുസ്തകങ്ങള് വായിക്കാറുണ്ടോ?…നിനക്ക് ഇഷ്ടമുള്ള പുസ്തകങ്ങളൊക്കെ അവിടെയൊണ്ടോ?…ങാ…പിന്നെ…നമ്മടെ അനിതേടെ കെട്ട് കഴിഞ്ഞു…അമ്മയ്ക്ക് പോകാന്‍ പറ്റീല്ല. ഇവിടെ…ഞാനിപ്പോ ഒറ്റയ്ക്കാ…ചെലപ്പഴൊക്കെ പേടി തോന്നും…’
എന്തോ പറയാന്‍ ഭാവിച്ച അവര്‍ നിര്‍ത്തിയിട്ട് ചോദിച്ചു,
‘മോളെ…കൊറച്ച് വെള്ളം എടുത്തു തരുവോ?…തൊണ്ട വരളുന്നു…’
സൈനു അകത്തേക്ക് പോയി ഒരു സ്റ്റീല്‍ ഗ്ലാസ്സില്‍ വെള്ളവുമായി വന്നു. അതവള്‍ അവരുടെ താടി പിടിച്ചുയര്‍ത്തി ശ്രദ്ധയോടെ വായിലൊഴിച്ചു കൊടുത്തു.
ചുളിവ് വീണ കൈയ്യുയര്‍ത്തി അവര്‍ ചുണ്ട് തുടച്ച് വീണ്ടും പറയാന്‍ തയ്യാറെടുത്തു.
‘എഴുതിക്കോ മോളെ…’
‘ഇപ്പോ അമ്മയ്ക്ക്… ചെറിയ പേടിയൊണ്ട് മോനെ…നീ വരുമ്പോ ഞാന്‍ ഒണ്ടാവോ എന്തോ…നിന്നെ കാണാന്‍ വേണ്ടി മാത്രമാ എന്നെ ഇവിടെ ഇട്ടിരിക്കുന്നതെന്ന്…അമ്മയ്ക്ക് ചെലപ്പൊ തോന്നും…നീ മാത്രമല്ലേയുള്ളൂ അമ്മയ്ക്ക്?’
അത് പറഞ്ഞ് അവര്‍ മാറത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് കണ്ണുകളൊപ്പി.
അവള്‍ ആ സമയം പേന പരിശോധിക്കുകയായിരുന്നു. മഷി തീര്‍ന്നു പോയിരിക്കുന്നു! രണ്ടു മൂന്നു വട്ടം കുടഞ്ഞു നോക്കി. കുത്തിവരച്ചു നോക്കി. കടലാസ്സില്‍ നീണ്ട പാടുകള്‍ തെളിഞ്ഞു. വരണ്ട ചാലുകള്‍.
‘എഴുതിയോ മോളെ?’ ദുര്‍ബ്ബലമായ കൈകള്‍ കൊണ്ട് ഇരുകാല്‍മുട്ടുകളും ഉഴിഞ്ഞ് കൊണ്ടവര്‍ ചോദിച്ചു.
‘ഉം…’ അവളുടെ ശബ്ദം ഇടറി.
‘അമ്മാ…ഒന്ന് നിക്കണേ…’
‘എന്താ മോളെ?’
‘കണ്ണ് നീറുന്നു…’
‘എന്താ?’
‘ഇന്ന്…റസിയ മോള്‍ക്ക് കോഴിക്കറി വേണോന്ന് പറഞ്ഞ്…ഉള്ളിയരിഞ്ഞതോണ്ടാ…’
അവര്‍ അതു കേട്ട് എന്തോ ഓര്‍ത്ത് നിശ്ശബ്ദയായി ഇരുന്നു. എന്നിട്ട് പറഞ്ഞു,
‘ഇപ്പോ…അവിടെ അതൊക്കെ കിട്ടൂന്നല്ലെ പറയണത്?…’
‘ഉം…’
ഒരു നിമിഷം എന്തോ ആലോചിച്ചിരുന്ന ശേഷം അവള്‍ പറഞ്ഞു.
‘അമ്മ പറഞ്ഞോ…ഞാനെഴുതാം’
‘കഴിഞ്ഞാഴ്ച അമ്മ… മോന് വേണ്ടി അമ്പലത്തില് ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ട്…നീ മറന്നാലും നിന്റെ പിറന്നാള് അമ്മ മറക്കൂല്ല…’
അവര്‍ ചിരിച്ചു. അവരുടെ ഇരുട്ട് നിറഞ്ഞ കണ്ണുകള്‍ തിളങ്ങി.
അവള്‍ പേന കടലാസ്സില്‍ ചലിപ്പിച്ചു കൊണ്ടേയിരുന്നു. നിറമില്ലാത്ത അക്ഷരങ്ങള്‍ കടലാസ്സില്‍ പതിഞ്ഞു കൊണ്ടേയിരുന്നു.
‘എഴുതിയോ മോളെ?’
‘ഉം…’
‘നീ… എന്നാ മോനെ തിരിച്ചു വരുന്നത്? നമ്മടെ കുമാരനോട് നിന്നെ കൂട്ടാന്‍ വരാന്‍ പറയാം…അവന്‍ എടയ്‌ക്കൊക്കെ ഇവിടെ വരാറുണ്ട്…അവന് നിന്നെ വലിയ കാര്യമാ…നീ കാരണമാ ഒരു ജീവിതമായതെന്ന് അവനെപ്പഴും പറയും…ഈ കത്ത് കിട്ടിയാ ഒടനെ തന്നെ മറുപടി എഴുതണേ മോനെ…’
അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവര്‍ ക്ഷീണിച്ചു തുടങ്ങിയിരുന്നു.
ദീര്‍ഘമായി ഒന്ന് ശ്വാസമെടുത്ത ശേഷമവര്‍ പറഞ്ഞു,
‘മതി മോളെ…ഇത്രേം മതി’
‘ശരിയമ്മാ…’
‘അയക്കാന്‍ മറക്കല്ലെ മോളെ…അവന്‍ കാത്തിരിക്കും…’
‘ഉം…’
‘എന്നാ…മോള് പൊയ്‌ക്കോ…എനിക്കൊന്ന് കെടക്കണം’
അവള്‍ അവരെ അകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി കിടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി.
തിരികെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ ഉമ്മ ചോദിച്ചു.
‘നീ എന്ത് ദുഷ്ടത്തരമാ സൈനൂ ഈ കാണിക്കുന്നത്?…നിനക്ക് അവരോട് ഒള്ളതങ്ങ് പറഞ്ഞൂടെ?…ഇങ്ങനെ അവര് പറയണ കേട്ട് ഒാരോന്ന് എഴുതാനും പിന്നെ അതിനൊക്കെ മറുപടി എഴുതാനും…’
അത് കേട്ട് ഒരു നിമിഷം നിശ്ശബ്ദയായി നിന്ന ശേഷം അവള്‍ പൊട്ടിത്തെറിക്കും മട്ടില്‍ പറഞ്ഞു,
‘പിന്നെ ഞാനെന്ത് പറയാനാ ഉമ്മാ?…ആ അമ്മേടെ മോനെ അവര് പണ്ടേ തൂക്കി കൊന്നെന്നോ?…അത് പറഞ്ഞാ ആ നിമിഷം അവര് ചങ്ക് പൊട്ടി മരിക്കും…എനിക്ക് വയ്യ അത് കാണാന്‍.’
‘പിന്നെ എത്ര നാളാ മോളെ നീയിങ്ങനെ കള്ളം കാണിക്കുന്നത്?’
അതിന് മറുപടി പറയും മുന്‍പ് വാങ്ക് വിളി മുഴങ്ങി.
മഷിയില്ലാപ്പാടുകള്‍ നിറഞ്ഞ കടലാസ്സും പിടിച്ച് അവള്‍ മുറിക്കുള്ളിലേക്ക് വേഗത്തില്‍ നടന്നു. മേശയില്‍ കയ്യൂന്നി നിന്ന് കിതപ്പണയ്ക്കുമ്പോള്‍, വാശിയോടെ ആരോടെന്നില്ലാതെയവള്‍ പറഞ്ഞു,
‘ആ അമ്മ ഒള്ള കാലം വരെ…ഈ…ഞാനൊള്ള കാലം വരെ…’