എടത്തറ പാതായ്ക്കര മന പി.എം. വാസുദേവന്‍ മാഷെപ്പറ്റി അറിയാത്ത ആദ്യകാല സംഘ അധികാരികള്‍ ഉണ്ടാവില്ല. ശ്രീഗുരുജി മുതലുള്ള ഉന്നതാധികാരികള്‍ അദ്ദേഹത്തിന്റെ വസതിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പറളി ഹൈസ്‌കൂളില്‍ അധ്യാപകനായി വന്നതുമുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം വ്യാപൃതനായി. അന്ന് വിരലിലെണ്ണാവുന്ന സംഘപ്രവര്‍ത്തകരേ പറളിയില്‍ ഉണ്ടായിരുന്നുള്ളൂ.
സംഘം എന്ന പേര് പറയാന്‍ പോലും മടിച്ചിരുന്ന ആ കാലഘട്ടത്തില്‍ സ്വയംസേവകന്‍ എന്ന് അഭിമാനപൂര്‍വ്വം പറയാനും എടത്തറ ദേവസ്വം പറമ്പിലും സുബ്രഹ്‌മണ്യന്‍ കോവിലിനു സമീപത്തും ശാഖകള്‍ ആരംഭിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. മാഷെ സംബന്ധിച്ചിടത്തോളം സംഘം ജീവനുപരിയുള്ള ഒരു പ്രസ്ഥാനമായിരുന്നു. സംഘത്തിനുവേണ്ടി അദ്ദേഹം തനമനധനയാ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നു. ആദ്യകാലത്ത് സംഘത്തിന്റെ പറളി താലൂക്കിന്റെയും പിന്നീട് കോങ്ങാട് താലൂക്കിന്റെയും സംഘചാലകായി കാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തിച്ചു.
എടത്തറയിലെ പാതായ്ക്കര മനയിലെത്താത്ത സംഘ അധികാരികള്‍ ഇല്ലെന്നുതന്നെ പറയാം. രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന പൂജനീയ ശ്രീഗുരുജി പാതായ്ക്കര മനയില്‍ സന്ദര്‍ശകനായി എത്തിയിരുന്നു. പറളിയിലെ അന്നത്തെ കെ.പി. നാരായണ പിഷാരടിയുടെ വൈദ്യശാലയില്‍ ചികിത്സക്കായി എത്തിയതായിരുന്നു ഗുരുജി. പിന്നീട് സര്‍സംഘചാലക് ആയിരുന്ന ദേവറസ്ജി, സഹസര്‍കാര്യവാഹായിരുന്ന യാദവറാവു ജോഷി, ആപ്‌തേജി, ഠേംഗ്ഡിജി, മൊറോപന്ത് പിംഗളെജി തുടങ്ങി മുതിര്‍ന്ന നിരവധി കാര്യകര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തങ്ങിയിട്ടുണ്ട്.
അന്ന് പറളിയില്‍ എണ്ണപ്പെട്ട സ്വയംസേവകരുടെ കുടുംബങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പാതായ്ക്കരയിലേക്ക് സംഘാധികാരികള്‍ക്ക് ഏത് സമയത്തും കടന്നുചെല്ലാമായിരുന്നു. വാസുദേവന്‍ മാസ്റ്ററോടൊപ്പം അദ്ദേഹത്തിന്റെ ധര്‍മപത്‌നി ശ്രീദേവിയും സംഘ അധികാരികളെ സ്വീകരിക്കുന്നതില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. ജാതിചിന്ത അല്പംപോലും ഉണ്ടായിട്ടില്ലാത്ത ഇടമായിരുന്നു പാതായ്ക്കരമന. ഉന്നതനെന്നോ താഴ്ന്നവനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും അവിടെ കടന്നുചെല്ലാമായിരുന്നു.
ദേശീയ അധ്യാപക പ്രസ്ഥാനമായ എന്‍ടിയുവിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാഷ്. സംഘചാലകെന്നതിലുപരിയുള്ള മറ്റൊരു ചുമതലകളും വഹിച്ചിട്ടില്ലെങ്കിലും അദ്ദേഹം വിവിധ ക്ഷേത്രപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തവും പരിപാടികളില്‍ പങ്കെടുക്കാനുള്ള നിഷ്‌കര്‍ഷയും പുലര്‍ത്തിയിരുന്നു.
ഇന്ന് കേരളമാകെ വളര്‍ന്ന് പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ ആസ്ഥാനമായ കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിനുവേണ്ടി 25 ഏക്കര്‍ സ്ഥലം കണ്ടെത്തുന്നതിലും അക്കാര്യം ഭാസ്‌കര്‍ജിയുമായി സംസാരിച്ച് വിലകൊടുത്ത് വാങ്ങിക്കുന്നതിലും മുന്‍കൈയെടുത്തത് വാസുദേവന്‍ നമ്പൂതിരിപ്പാടായിരുന്നു. കല്ലേക്കാട് ക്യാമ്പിനടുത്ത് കാടും പാറയും നിറഞ്ഞുകിടന്ന് ഒരുതരത്തിലും വാസയോഗ്യമല്ലാതിരുന്ന സ്ഥലമായിരുന്നു അത്. മറ്റുചിലര്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ എടുക്കുന്നു എന്നറിഞ്ഞതും മാഷ് ഭാസ്‌കര്‍ജിയുമായി ബന്ധപ്പെടുകയും എങ്ങനെയെങ്കിലും ആ സ്ഥലം വാങ്ങണമെന്ന് നിര്‍ബ്ബന്ധം പിടിക്കുകയും ചെയ്തു. ഭാസ്‌കര്‍ജി അന്നത്തെ സാമ്പത്തികാവസ്ഥ വ്യക്തമാക്കിയപ്പോള്‍ അതൊന്നും പ്രശ്‌നമാക്കേണ്ട. നമുക്കുണ്ടാക്കാം എന്ന നിലപാടെടുത്തു. അങ്ങനെ നഗരത്തിലെയും പറളിയിലെയും പ്രമുഖരെയെല്ലാം കണ്ട് ഇന്ന് കാണുന്ന സ്ഥലം വിദ്യാനികേതന്റെ പേര്‍ക്ക് വാങ്ങുകയായിരുന്നു. പറളിയില്‍ നടത്തിയിരുന്ന ഒടിസി, ഐടിസി എന്നിവയിലും അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.
കൂടാതെ, പറളി ഹൈസ്‌കൂള്‍ കേന്ദ്രമാക്കി നടന്ന സത്‌സംഗ സമിതിയുടെ സംഘാടകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. എല്ലാ രണ്ടാം ശനിയാഴ്ചയിലും സ്‌കൂളില്‍ നടത്തിയ സത്‌സംഗത്തില്‍ കേരളത്തിലെ പ്രമുഖരായ സന്യാസിവര്യന്മാരും ആധ്യാത്മിക പ്രമുഖരും പങ്കെടുത്തിരുന്നു. വേനല്‍ക്കാല അവധിയില്‍ പറളി ഹൈസ്‌കൂളില്‍ സംസ്‌കൃത ക്ലാസ്, ഗീത ക്ലാസ്, നാരായണീയം എന്നിവ നടത്തുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നു.
1989 ലെ അയോധ്യ ശിലാപൂജ ഗ്രാമഗ്രാമാന്തരങ്ങളില്‍ നടന്നപ്പോള്‍ പറളി കിണാവല്ലൂരിലെ ഏലംകുളം മനയിലും അത് നടത്തുകയുണ്ടായി. ഇക്കാര്യം അന്നത്തെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കാരണം, ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇല്ലമാണല്ലോ പാതായ്ക്കര. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ അവിടെ പുതിയ ക്ഷേത്രം നിര്‍മിച്ചതിനുശേഷം ദര്‍ശനം നടത്തണമെന്ന് കൂടി വാസുദേവന്‍ നമ്പൂതിരിപ്പാട് പറയുമായിരുന്നു. ആ ആദര്‍ശദീപത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.