മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷമുന്നണി ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി. അവസരവാദികളായ പ്രതിപക്ഷകക്ഷികളില്‍ ജനങ്ങള്‍ക്കുള്ള അവിശ്വാസം ഊട്ടിയുറപ്പിക്കാനേ പ്രമേയം ഉതകിയുള്ളൂ. അതേസമയം മണിപ്പൂരില്‍ എന്താണ് നടക്കുന്നത്, കലാപം അവസാനിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നെല്ലാം വിശദീകരിക്കാന്‍ ലഭിച്ച അവസരം കേന്ദ്ര സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമെന്ന നിലയില്‍ അതീവ ഗൗരവത്തോടെ എന്‍.ഡി.എ. ഈ വിഷയത്തെ സമീപിച്ചപ്പോള്‍ പ്രതിപക്ഷമുന്നണി തരംതാണ രാഷ്ട്രീയക്കളിയാണ് പാര്‍ലമെന്റില്‍ കളിച്ചത്. മാനനഷ്ടക്കേസില്‍ സുപ്രീംകോടതിയുടെ കാരുണ്യത്താല്‍ എം.പി. സ്ഥാനം തിരിച്ചു കിട്ടിയ രാഹുല്‍ ഗാന്ധി മുന്‍കാലങ്ങളിലേതുപോലെ ഒട്ടും പക്വതയില്ലാതെ പെരുമാറി സഭയുടെ അന്തസ്സ് കളഞ്ഞുകുളിച്ചതും രാജ്യം കണ്ടു. പ്രധാനമന്ത്രിയെ അപമാനിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ച സാഹചര്യവും ഉണ്ടായി. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് നേരത്തെ ഉറപ്പുള്ള പ്രതിപക്ഷമുന്നണി പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ ഇറങ്ങിപ്പോയത് അവരുടെ രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് ജനം തിരിച്ചറിഞ്ഞു. മണിപ്പൂര്‍ വിഷയം വളരെ വിശദമായി കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരിച്ച ശേഷം അത് വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഒരു കാരണമാക്കി പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അപൂര്‍വ്വമായ ഈ നടപടിയുടെ പശ്ചാത്തലത്തില്‍ പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളുകയായിരുന്നു. ലോക്‌സഭയില്‍ 331 അംഗങ്ങളുള്ള എന്‍.ഡി.എയ്ക്ക് ഭരണമുന്നണിയിലെ മുഴുവന്‍ പേരുടെയും പിന്തുണ ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തെ വൈ.എസ്.ആര്‍.പി യും ബി.ജെ.ഡിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രീയം കളിക്കാന്‍ മണിപ്പൂരിനെ ഉപയോഗിക്കരുതെന്ന് പ്രതിപക്ഷത്തിന് താക്കീത് നല്‍കിയതും ശ്രദ്ധേയമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ്സാണെന്നും തന്റെ സര്‍ക്കാരാണ് ആ സംസ്ഥാനങ്ങളുടെ മുഖഛായ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി സമാധാനത്തിന്റെ സൂര്യന്‍ വൈകാതെ അവിടെ ഉദിക്കുമെന്നും വികസനത്തിന്റെ പാതയിലേക്ക് ആ സംസ്ഥാനം വീണ്ടുമെത്തുമെന്നും ഉറപ്പു നല്‍കി. വയനാട്ടില്‍ എം.പിയുടെ ഓഫീസ് അടിച്ചു തകര്‍ത്തവരാണ് കേന്ദ്രത്തില്‍ പ്രതിപക്ഷമുന്നണിയുടെ പേരില്‍ കൈകോര്‍ത്തിരിക്കുന്നതെന്നും പരസ്പരം പോരടിക്കുന്നവരാണ് അധികാരം കിട്ടാന്‍ ഒന്നിച്ചു നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ ചുമരില്‍ പോസ്റ്ററൊട്ടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പേരും വേഷവും മാറ്റിവന്നാലും കോണ്‍ഗ്രസ്സിന്റെ സ്വഭാവം മാറില്ല. തനിനിറം എപ്പോഴെങ്കിലും പുറത്തു വരും. വിദേശി സ്ഥാപിച്ച പാര്‍ട്ടി സ്വാതന്ത്ര്യസമരത്തിന്റെ കൊടിയും ഗാന്ധിജിയുടെ പേരും തട്ടിയെടുത്തു. എല്ലാം ഒരു കുടുംബത്തിന്റെ കൈയില്‍ ചുരുങ്ങുന്നു എന്നതിന്റെ തെളിവാണ് അവരുടെ ചിഹ്നമെന്നും നരേന്ദ്രമോദി പറഞ്ഞു.
നേരത്തെ മണിപ്പൂര്‍ വിഷയം വിശദമായി വിശകലനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കലാപത്തിലേക്കു നയിച്ച സംഭവങ്ങള്‍ വിവരിച്ചു. ഏതാണ്ട് ആറര വര്‍ഷമായി ബി.ജെ.പി.സര്‍ക്കാരാണ് മണിപ്പൂര്‍ ഭരിക്കുന്നത്. ഇക്കാലയളവില്‍ കഴിഞ്ഞ മെയ് 3 വരെ ഒരു ദിവസം പോലും അവിടെ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ബന്ദോ വഴി തടയലോ ഉണ്ടായിട്ടില്ല. മ്യാന്‍മറുമായുള്ള ഭാരത അതിര്‍ത്തി തുറന്നു കിടക്കുന്നതാണ്. അവിടെ പ്രക്ഷോഭം ആരംഭിച്ചതോടെ വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. ഇപ്പോള്‍ വേലി കെട്ടല്‍ പുരോഗമിച്ചുവരുന്നു. നേപ്പാളിലേതു പോലെ മ്യാന്‍മറിലും പാസ്‌പോര്‍ട്ട് ഇല്ലാതെ ഇരുഭാഗത്തേക്കും യാത്ര ചെയ്യാം. അതിര്‍ത്തിയില്‍ നാല്പതു കിലോമീറ്റര്‍ പരിധിയില്‍ രണ്ടു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമില്ല. അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതും മലയോര പ്രദേശങ്ങളില്‍ അവര്‍ തമ്പടിച്ചതും കുക്കി ജനവിഭാഗത്തില്‍ സ്വാഭാവികമായി അസ്വസ്ഥതകള്‍ ഉണ്ടാക്കി. ഇതിനിടെ എരിതീയില്‍ എണ്ണ ഒഴിക്കുന്നതു പോലെ മണിപ്പൂര്‍ ഹൈക്കോടതി മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗമായി പ്രഖ്യാപിക്കണമെന്ന ഉത്തരവിറക്കിയത് കുക്കി വിഭാഗത്തെ കൂടുതല്‍ പ്രകോപിതരാക്കി. ഇതോടെയാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയ്ക്ക് സ്പര്‍ധ വര്‍ദ്ധിച്ചതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കലാപത്തിന്റെ ഫലമായി ഇതിനകം 156 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കലാപം അവസാനിപ്പിക്കാന്‍ കൈക്കൊണ്ട നടപടികളും അദ്ദേഹം വിശദീകരിച്ചു. താന്‍ മൂന്നു രാത്രിയും പകലും അവിടെ ഉണ്ടായിരുന്നു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് 23 ദിവസം തുടര്‍ച്ചയായി അവിടെ ഉണ്ടായിരുന്നു. മണിപ്പൂരില്‍ വംശീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യമായി ഏതെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അവിടെ പോയിട്ടുണ്ടെങ്കില്‍ അത് താന്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു. 1993 ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയും കോണ്‍സ് നേതാവായ രാജ്കുമാര്‍ ദോരേന്ദ്ര സിംഗ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയും ആയിരുന്ന സമയത്ത് അവിടെ ഉണ്ടായ കലാപത്തില്‍ 750 ആളുകള്‍ കൊല്ലപ്പെട്ടു. ഒന്നര വര്‍ഷം നീണ്ടു നിന്ന ആ കലാപ സമയത്ത് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും അവിടെ പോയിരുന്നില്ല എന്ന വസ്തുതയും അമിത് ഷാ ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിശ്രമത്തില്‍ എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി.
മണിപ്പൂരിലെ സംഘര്‍ഷത്തെക്കുറിച്ച് അനവധി അസത്യങ്ങളാണ് കേരളത്തിലെ ചില മാദ്ധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പ്രചരിപ്പിക്കുന്നത്. അവിടത്തെ സംഘര്‍ഷം മതപരമോ വിശ്വാസപരമോ അല്ല. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ വിഘടിച്ചു പോയ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടായ അസ്വസ്ഥതകളാണ് പ്രശ്‌നത്തിന്റെ മൂലകാരണം. സമയം എടുത്തു കൊണ്ടുള്ള പരിഹാര നടപടികളാണ് അവിടെ ആവശ്യം. മെയ്തി- കുക്കി പ്രദേശങ്ങള്‍ ഫലത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇംഫാല്‍ താഴ്‌വരയില്‍ കുക്കികള്‍ ഇപ്പോള്‍ തീരെ ഇല്ല. ഈ വിഭാഗത്തില്‍ പെട്ട മന്ത്രിയും എം.എല്‍.എമാരും താഴ്‌വരയില്‍ നിന്ന് പലായനം ചെയ്തവരില്‍ ഉള്‍പ്പെടും. ഇതുപോലെ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിലെ മെയ്തി വിഭാഗത്തില്‍ പെട്ടവര്‍ ഇംഫാലിലേക്കും പലായനം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന ഐ. എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ പോലും ഈ രീതിയില്‍ വിഭജിക്കപ്പെട്ടതില്‍ നിന്ന് സംസ്ഥാനത്തെ സ്ഥിതി എത്രമാത്രം ഗുരുതരമാണെന്നു മനസ്സിലാക്കാന്‍ കഴിയും. ഓഗസ്റ്റ് 21-ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.