ഏറ്റുമാനൂര്‍: ഭാരതത്തിന്റേത് മഹത്തായ പാരമ്പര്യമാണെന്നും ആധുനിക അറിവുകളെല്ലാം നമ്മുടെ പൈതൃകത്തില്‍ ഉണ്ടായിരുന്നുവെന്നും ചിന്മയ ഇന്റര്‍നാഷണല്‍ അക്കാദമിക് ഡയറക്ടര്‍ ഡോ.ഗൗരി മഹുലികര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികാസത്തിന് സാംസ്കാരികാവബോധം അനിവാര്യമാണ് – അദ്ദേഹം തുടര്‍ന്നു.
ഭാരതത്തിന്റെ രാഷ്ട്രജീവിതത്തെ തകര്‍ക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്ന കാലമാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.സി. എന്‍. പരമേശ്വരന്, കേരള കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ ആന്റ് അക്കാദമിക് ഡീന്‍ ഡോ. അമൃത് ജി. കുമാര്‍, കേരള സര്‍വ്വകലാശാല ഫിലോസഫി വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ.ബീന ഐസക്, ചരിത്ര വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, വൈക്കം സത്യഗ്രഹ സ്മരണിക എഡിറ്റര്‍ സുകുമാരന്‍ മൂലേക്കാട്ട്, മുന്‍ ഡി.ജി.പി. ഡോ. ജേക്കബ്ബ് തോമസ്, കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
രണ്ട് ദിവസമായി നടന്ന പഠന ശിബിരത്തില്‍ കുമാരനാശാന്റെ മതപരിവര്‍ത്തന രസവാദം, അസന്തുലിത ജനസംഖ്യാ വികാസം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, ഏകീകൃത സിവില്‍ നിയമം, വൈക്കം സത്യഗ്രഹം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നടന്നു.