വാരാണസി: രാഷ്ട്രവൈഭവത്തിന് സമാജത്തെ സംഘടിപ്പിക്കുകയെന്ന ഉത്തരവാദിത്തം ക്ഷേത്രങ്ങള്ക്കുണ്ടെന്ന് ആര്.എസ്.എസ്. സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. വാരാണസി രൂദാക്ഷ് കണ്വെന്ഷന് സെന്ററില്‍ നടന്ന അന്താരാഷ്ട്ര ക്ഷേത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തിന്റെയും സമാജ പുരോഗതിയുടെയും അടിസ്ഥാനമായ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തജനങ്ങള്‍ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ധര്‍മ്മാധിഷ്ഠിതമായ സമാജ നിര്‍മ്മിതിയാണ് ക്ഷേത്രങ്ങളുടെ ദൗത്യം. സമാജത്തിന്റെ ശാന്തിക്കും ദുഃഖനിവാരണത്തിനും ക്ഷേത്രങ്ങള്‍ വഴിയൊരുക്കണം. ക്ഷേത്രങ്ങളിലെ ഒത്തുചേരലുകളിലൂടെ സംസ്കാരത്തിന്റെ വിനിമയം നടക്കണം – അദ്ദേഹം തുടര്‍ന്നു.
കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെ, കാശി മേയര്‍ അശോക് തിവാരി, സംഘാടക സമിതി ചെയര്മാന് പ്രസാദ് ലാദ്, സമിതി സംഘടനാ സെക്രട്ടറി ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. 26 രാജ്യങ്ങളില്‍ നിന്നായി 400 ക്ഷേത്രങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.