മതരാഷ്ട്രീയത്തിന്റെയും മതമൗലികവാദത്തിന്റെയും മതയാഥാസ്ഥിതികത്വത്തിന്റെയും നിത്യവിമര്‍ശകനെന്ന നിലയില്‍ അരനൂറ്റാണ്ടിലേറെയായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യമാണ് പ്രൊഫ.ഹമീദ് ചേന്നമംഗലൂര്‍. കേരളത്തിലെ മുസ്ലിം നവോത്ഥാനധാരയുടെ വര്‍ത്തമാനകാല വക്താവു കൂടിയായ അദ്ദേഹം ഇപ്പോള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഏകീകൃത സിവില്‍കോഡിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോന്നിട്ടുള്ള ചിന്തകന്‍ കൂടിയാണ്. കേസരി സഹപത്രാധിപര്‍ സായന്ത് അമ്പലത്തില്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഏകീകൃത പൗരനിയമത്തെയും കേരളത്തിലെ മതരാഷ്ട്രീയത്തിന്റെ വികാസപരിണാമങ്ങളെയും കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ പങ്കുവെക്കുന്നു.
സ്വാതന്ത്ര്യാനന്തരം പല ഘട്ടങ്ങളിലും രാജ്യത്ത് ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് അനിവാര്യമാണെന്ന് കരുതാനുള്ള കാരണമെന്താണ്?
♠ഞാന്‍ മനസ്സിലാക്കിയേടത്തോളം ഏകസിവില്‍കോഡ് എന്നു പറയുന്നത് ലിംഗസമത്വത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള നിയമങ്ങളാണ്. അതു ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം വകുപ്പില്‍ എഴുതിച്ചേര്‍ക്കപ്പെട്ട കാര്യവുമാണ്. ഏകീകൃത പൗരനിയമം ആവിഷ്‌കരിക്കാന്‍ രാഷ്ട്രം മുന്നോട്ടുവരേണ്ടതുണ്ട് എന്നാണ് ആ വകുപ്പില്‍ പറയുന്നത്. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായപ്പോള്‍ ഏകീകൃത സിവില്‍കോഡ് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട അംഗങ്ങളുണ്ടായിരുന്നു. അതേസമയം ഏകീകൃത സിവില്‍കോഡ് ആവശ്യമില്ല എന്നു വാദിച്ച അംഗങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തില്‍ ഏകീകൃത സിവില്‍കോഡ് നമ്മുടെ മതനിരപേക്ഷതയും അതുപോലെ ജനാധിപത്യവുമൊക്കെയായി ബന്ധപ്പെട്ട കാര്യമാണ്. അതു മതവുമായി ബന്ധപ്പെട്ട വിഷയമല്ല, മറിച്ച് അവ മതേതരവിഷയമാണ്.
ഏകീകൃത സിവില്‍കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത് കുടുംബനിയമങ്ങളുടെ ഏകീകരണമാണ്. സ്വാതന്ത്ര്യം പ്രാപിച്ചിട്ട് എഴുപത്തഞ്ച് കൊല്ലമായിട്ടും ഇന്ത്യയ്ക്ക് ഇപ്പോഴും ഏകീകൃതമായ ഒരു കുടുംബ നിയമം ഉണ്ടായിട്ടില്ല. അതേസമയം നമുക്ക് ഒരു ഇന്ത്യന്‍ ശിക്ഷാ നിയമമുണ്ട്. അത് ബ്രിട്ടീഷുകാരുടെ കാലത്തേ നടപ്പാക്കപ്പെട്ടതാണ്. 19-ാം നൂറ്റാണ്ടില്‍ 1861 കാലം തൊട്ട് ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ ശിക്ഷാനിയമം അഥവാ ഇന്ത്യന്‍ പീനല്‍ കോഡ് നിലവിലുണ്ട്. ഇത് എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. അതില്‍ മതവും ജാതിയും ഭാഷയും പ്രദേശവും ഒന്നും പ്രശ്‌നമല്ല. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു മതക്കാര്‍ക്കും ജാതിക്കാര്‍ക്കും പ്രദേശക്കാര്‍ക്കും ഒക്കെ ഇത് ഒരുപോലെ ബാധകമാണ്. ഇതുപോലെ രാജ്യത്ത് പൊതുവായി ഒരു ഇന്ത്യന്‍ കുടുംബ നിയമം ആവിഷ്‌കരിക്കണമെന്ന അര്‍ത്ഥത്തില്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ചര്‍ച്ച നടന്ന കാലത്ത് ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിച്ചവരാണ് ഡോ. ബി.ആര്‍. അംബേദ്കറും ജവഹര്‍ലാല്‍ നെഹ്രുവും ഒക്കെ.
ഏകീകൃത സിവില്‍കോഡ് മുസ്ലിങ്ങള്‍ക്ക് ദോഷകരമാകുമെന്ന് പറയുന്നതില്‍ എത്രമാത്രം ശരിയുണ്ട്?
$ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഏകീകൃത സിവില്‍കോഡിനെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ചില മുസ്ലിം അംഗങ്ങള്‍ അതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ചില മുസ്ലിം സംഘടനകളും ഇതേ നിലപാട് സ്വീകരിച്ചു. അന്നു തൊട്ട് ഇന്നുവരെ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് മുസ്ലിങ്ങള്‍ക്ക് അവരുടേതായ ഒരു വ്യക്തിനിയമമുണ്ട് എന്നാണ്. അത് മതപരമായ വ്യക്തിനിയമങ്ങളാണ്. അത് ഇല്ലാതാകുമ്പോള്‍ അവരുടെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടും എന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. 1940-കള്‍ തൊട്ട് മുഹമ്മദാലി ജിന്നയും മുസ്ലിം ലീഗും ഒക്കെ പാകിസ്ഥാന്‍വാദം ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച സങ്കര ദേശീയത (Composite Nationalism) എന്ന ആശയത്തോടൊപ്പം നിന്ന പ്രധാനപ്പെട്ട ഒരു മുസ്ലിം മതപണ്ഡിത സംഘടനയായിരുന്നു ജംഇയ്യത്തുല്‍ ഉലമ. അവര്‍ അന്ന് കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുകയും മുസ്ലിം ലീഗിനെയും പാകിസ്ഥാന്‍ വാദത്തെയും ഒക്കെ എതിര്‍ക്കുകയും ചെയ്ത സംഘടനയാണ്. മുസ്ലിം വ്യക്തിനിയമം നിലനിര്‍ത്തണം എന്നത് അവരുടെ പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ ആ പ്രത്യേക സാഹചര്യത്തില്‍ നെഹ്രുവും ഡോ. അംബേദ്കറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവരുടെ ഈ ആവശ്യം പരിഗണിച്ച് തല്‍ക്കാലം ഏകീകൃത സിവില്‍കോഡ് എന്ന ആവശ്യം ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നും അത് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്നുമുള്ള ഒരു ഒതുതീര്‍പ്പിനു തയ്യാറായി. അങ്ങനെയാണ് 44-ാം അനുച്ഛേദത്തില്‍ യൂണിഫോം സിവില്‍കോഡ് ഉള്‍പ്പെടുത്തിയത്. അല്ലെങ്കില്‍ അതു ഭരണഘടനയിലെ മൗലികാവകാശമായി തന്നെ വരുമായിരുന്നു.
1985 ലെ ഷാബാനുബീഗം കേസിലെ വിധിന്യായംതൊട്ട് സുപ്രീംകോടതിയും നാലോ അഞ്ചോ കേസുകളില്‍ വിധിപ്രസ്താവം നടത്തുമ്പോഴൊക്കെ ഏകീകൃത സിവില്‍കോഡിന്റെ ആവശ്യകതയിലേക്ക് അതത് കാലത്ത് ഭരിച്ചുകൊണ്ടിരുന്നവരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. എന്നിട്ടും ഇതുവരെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് യാഥാര്‍ഥ്യമായിട്ടില്ല. ഭരണഘടനയില്‍ പറഞ്ഞ കാര്യമായിട്ടും, സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും ഇതുവരെ ഏകീകൃത പൗരനിയമം നടപ്പിലാക്കാന്‍ ഒരു ഭരണകര്‍ത്താവും തയ്യാറായിരുന്നില്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ എതിര്‍പ്പ് കാരണമാണ് ഭരണകൂടങ്ങള്‍ ഇതിനോട് വൈമുഖ്യം കാണിച്ചത്. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേറെയും ഉണ്ട്. ക്രൈസ്തവ ന്യൂനപക്ഷമുണ്ട്, പാഴ്‌സി ന്യൂനപക്ഷമുണ്ട്. അവര്‍ക്കൊക്കെ അവരുടേതായ വ്യക്തിനിയമങ്ങളുമുണ്ട്. പക്ഷെ ആ ന്യൂനപക്ഷങ്ങളൊന്നും പൊതുസിവില്‍ കോഡിനെക്കുറിച്ച് സുപ്രീംകോടതി പറയുമ്പോഴോ മറ്റാരെങ്കിലും പറയുമ്പോഴോ ഒന്നും എതിര്‍പ്പുന്നയിക്കാറില്ല. 1947 തൊട്ട് ഇന്നുവരെ മുസ്ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തുന്നുണ്ട്.
അന്നുമുതല്‍ അവര്‍ ഉന്നയിച്ചു പോന്നിട്ടുള്ള പ്രധാനപ്പെട്ട ചില വാദങ്ങളുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ തന്നെ ചില മുസ്ലിം അംഗങ്ങള്‍ പറഞ്ഞത് മുസ്ലിം വ്യക്തിനിയമം തങ്ങളുടെ മതത്തിന്റെ ഭാഗമാണ് അതുകൊണ്ട് അതു സംരക്ഷിക്കപ്പെടണം എന്നാണ്. ഇപ്പോഴുള്ള മുസ്ലിം സംഘടനകളുടെ നേതാക്കന്മാരും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളും ഇപ്പോള്‍ പറയുന്നത് മുസ്ലിം വ്യക്തിനിയമത്തിന്റെ സ്ഥാനത്ത് ഏകീകൃത പൗരനിയമം വരുമ്പോള്‍ മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകുമെന്നാണ്. ഈ വാദത്തില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. അവരുടെ വീക്ഷണപ്രകാരം വ്യക്തിനിയമം എന്നുപറഞ്ഞാല്‍ മതനിയമങ്ങളാണ്. യഥാര്‍ത്ഥത്തില്‍ വ്യക്തിനിയമങ്ങള്‍ അല്ലെങ്കില്‍ കുടുംബ നിയമങ്ങള്‍ എന്നത് മതവിഷയമല്ല. വ്യക്തി നിയമങ്ങളെല്ലാം, അത് ഏതു മതത്തിന്റെ വ്യക്തിനിയമങ്ങളായാലും അതിലൊക്കെ സ്ത്രീവിരുദ്ധമായിട്ടുള്ള അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നീക്കംചെയ്യുകയും ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ പറയുന്ന ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുകയും ചെയ്യണമെന്നതുകൊണ്ടാണ് നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഏകീകൃത പൗരനിയമം വേണം എന്നു പറഞ്ഞത്. വാസ്തവത്തില്‍ ഏകീകൃത സിവില്‍കോഡിന്റെ വിഷയം മതത്തിന്റേതല്ല, ലിംഗനീതിയുടേതാണ്.
ഏകീകൃത സിവില്‍കോഡ് മുസ്ലിം വ്യക്തിനിയമത്തെ എങ്ങനെയായിരിക്കും ബാധിക്കുക?
♠ മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലേക്കോ മാറ്റേതെങ്കിലും സമുദായത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലേക്കോ പൊതുസിവില്‍ നിയമം കടന്നുവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണം ഏകദൈവ വിശ്വാസമാണ്. ദൈവം ഒന്നേയുള്ളൂ എന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൈവത്തെ അവര്‍ അല്ലാഹു എന്നു വിളിക്കുന്നു. ആ ദൈവത്തിന്റെ പ്രവാചകനാണ് മുഹമ്മദ്. ഇതാണ് മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണം. ഒരു പൊതുസിവില്‍ കോഡ് വരുമ്പോള്‍ ഈ വിശ്വാസ പ്രമാണത്തിലേക്ക് അത് കടക്കുന്ന പ്രശ്‌നമില്ല. കാരണം വിശ്വാസങ്ങളുടെ അല്ലെങ്കില്‍ മതപ്രമാണങ്ങളുടെ ഏകീകരണമല്ല പൊതുസിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഉദ്ദേശിക്കുന്നത് കുടുംബ നിയമങ്ങളുടെ ഏകീകരണമാണ്. എന്നു പറഞ്ഞാല്‍ എന്താണ്? വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളൊക്കെ കുടുംബനിയമത്തിന്റെ ഭാഗമാണ്. ഇവയുടെ ഏകീകരണമാണ് യൂണിഫോം സിവില്‍കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം എന്നു പറയുമ്പോള്‍ ചില സമുദായങ്ങള്‍ക്ക് ഇപ്പോഴും ബഹുഭാര്യത്വം അനുവദനീയമാണ്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് ബഹുഭാര്യത്വം തെറ്റല്ല. അതേസമയം ബഹുഭാര്യത്വം എന്ന ആശയം തന്നെ സ്ത്രീവിരുദ്ധമാണ്. ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരെ നിലനിര്‍ത്താനുള്ള അവകാശം എന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായിട്ടുള്ള ഒരു അവകാശമാണ്. അത് പുരുഷന്റെ കണ്ണിലൂടെ നിര്‍മ്മിക്കപ്പെട്ട ഒരു നിയമമാണ്. മിക്കവാറും എല്ലാ മതങ്ങളിലും പുരുഷാധിപത്യത്തിന്റെ മൂല്യങ്ങള്‍ സ്വാധീനം ചെലുത്തുന്നതായാണ് നമ്മള്‍ കാണുന്നത്. അത് ഇസ്ലാം മതത്തിലും മറ്റു പല മതങ്ങളിലും അങ്ങനെ തന്നെയാണ്. പൊതു പൗരനിയമം വരുമ്പോള്‍ ഇസ്ലാമില്‍ പുരുഷമേധാവിത്വത്തിന്റെ ഫലമായി വന്നുചേര്‍ന്നിട്ടുള്ള ബഹുഭാര്യത്വം എന്ന വ്യവസ്ഥ തീര്‍ച്ചയായും ഇല്ലാതാക്കപ്പെടും, ഏകഭാര്യത്വം എന്ന വ്യവസ്ഥ നിലവില്‍ വരും. അതോടെ ബഹുഭാര്യത്വം നിയമവിരുദ്ധമാകും. ബഹുഭാര്യത്വം നിയമവിധേയമായാലേ ഇസ്ലാം മതം നിലനില്‍ക്കുകയുള്ളൂ എന്ന് ആരെങ്കിലും പറയുമോ? മാത്രമല്ല, ഒരു പുരുഷന് മുസ്ലിം ആകണമെങ്കില്‍ അയാള്‍ക്ക് ഒരേസമയം ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ? ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നു എന്നതുകൊണ്ട് അതുണ്ടായാല്‍ മാത്രമേ ഒരാള്‍ മുസ്ലിമാവുകയുള്ളൂ എന്ന് ഇസ്ലാമിന്റെ ഗ്രന്ഥങ്ങളിലൊന്നും പറഞ്ഞിട്ടില്ല. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ബഹുഭാര്യത്വം എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തപ്പെട്ടതായിരിക്കാം എന്നാണ് മനസ്സിലാക്കേണ്ടത്. അതിനുപകരം ബഹുഭാര്യത്വം ഇല്ലാതായാല്‍ തങ്ങള്‍ക്ക് മതപരമായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്ന് മുസ്ലിങ്ങള്‍ പറഞ്ഞാല്‍ അത് അംഗീകരിക്കരിക്കാനാവില്ല. അതുപോലെ തന്നെയാണ് വിവാഹമോചനത്തിന്റെ കാര്യവും. ഇവിടെ ഇപ്പോള്‍ മുത്തലാഖ് നിരോധിക്കപ്പെട്ടു. പുരുഷന്‍ തന്റെ ഭാര്യയെ മൂന്ന് മൊഴിചൊല്ലി ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന അങ്ങേയറ്റം നീചമായ ചടങ്ങായിരുന്നു മുത്തലാഖ്. വിവാഹമോചനത്തിന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നു ഇതുവരെ നടപ്പുണ്ടായിരുന്നത്. ഇപ്പോഴാണ് അതു നിയമവിരുദ്ധമായത്.
ഏകീകൃത പൗരനിയമം വരുമ്പോള്‍ മറ്റു സമുദായങ്ങളെ എന്നപോലെ മുസ്ലിങ്ങള്‍ക്കും വിവാഹമോചനം നടത്താം. പക്ഷെ അതു കോടതി മുഖേനയാവണമെന്ന് നിഷ്‌കര്‍ഷിക്കപ്പെടുമെന്ന് മാത്രം. പരമാവധി അത്രയേ സംഭവിക്കുന്നുള്ളൂ. അങ്ങനെ നിഷ്‌കര്‍ഷിക്കപ്പെട്ടാലും അതു മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. കാരണം അവിടെയൊന്നും മതപരമായ വിശ്വാസ പ്രമാണങ്ങളിലേക്ക് നിയമം കടന്നുവരികയല്ലല്ലോ ചെയ്യുന്നത്. മൂന്നാമത്തെ കാര്യം, പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ചാണ്. മുസ്ലിങ്ങളുടെ വ്യക്തി നിയമപ്രകാരം പിന്തുടര്‍ച്ചാവകാശത്തില്‍ കടുത്ത സ്ത്രീവിരുദ്ധത നിലനില്‍ക്കുന്നുണ്ട്. സ്വത്തവകാശത്തില്‍ പുരുഷന് ലഭിക്കുന്ന ഓഹരിയുടെ പകുതി മാത്രമാണ് സ്ത്രീക്ക് ലഭിക്കുന്നത്. മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെങ്കില്‍ ആണ്‍കുട്ടിക്ക് കിട്ടുന്ന സ്വത്തിന്റെ നേര്‍പകുതി മാത്രമാണ് പെണ്‍കുട്ടിക്ക് അവകാശപ്പെടാവുന്നത്. ഇത് കടുത്ത സ്ത്രീവിരുദ്ധതയാണ്. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു വ്യവസ്ഥയാണത്. പൊതു വ്യക്തിനിയമം വന്നാല്‍ ഇത് ഇല്ലാതാവും. അതില്ലാതാകുന്നതോടുകൂടി മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകുമോ? മുസ്ലിങ്ങളുടെ മതം എന്നു പറഞ്ഞാല്‍ സ്ത്രീകളോട് സ്വത്തവകാശം പോലുള്ള കാര്യത്തില്‍ വിവേചനം അനുവര്‍ത്തിക്കുക എന്നതല്ലല്ലോ? ഒരാള്‍ക്ക് മുസ്ലിമാകാന്‍ അയാളുടെ സ്വത്തവകാശത്തില്‍ സ്ത്രീകളോട് വിവേചനം കാണിക്കണം എന്ന് അല്പം വിവരമുള്ള ആരും പറയില്ല. അതുകൊണ്ട് ആ വാദവും നിലനില്‍ക്കുന്നതല്ല.
മുസ്ലിം സംഘടനകള്‍ ചിരകാലമായി ഉന്നയിച്ചു പോരുന്ന മറ്റൊരു വാദം, പൊതു സിവില്‍ കോഡ് വന്നാല്‍ മുസ്ലിങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം നഷ്ടപ്പെടുമെന്നാണ്. മുസ്ലിങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം നഷ്ടപ്പെടുമെന്നു പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? പൊതു സിവില്‍ കോഡ് വന്നാല്‍ ബഹുഭാര്യത്വം ഇല്ലാതാകും. മുസ്ലിങ്ങളുടെ സംസ്‌കാരം എന്നു പറയുന്നത് ബഹുഭാര്യത്വം ആണോ? അല്ലെങ്കില്‍ മുസ്ലിങ്ങളുടെ സംസ്‌കാരം എന്നു പറയുന്നത് പുരുഷന് ഏകപക്ഷീയമായി ഭാര്യയെ വിവാഹമോചനം നടത്താനുള്ള അവകാശമാണോ? മുസ്ലിങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം എന്നു പറയുന്നത് സ്വത്തവകാശത്തില്‍ അല്ലെങ്കില്‍ അനന്തരാവകാശത്തില്‍ സ്ത്രീകളോട് വിവേചനം കാണിക്കുക എന്നതാണോ? ഇതൊക്കെ ദു:സമ്പ്രദായങ്ങളാണ്. ഇതുപോലുള്ള ദു:സമ്പ്രദായങ്ങള്‍ നേരത്തെ മറ്റു സമുദായങ്ങളിലും നിലനിന്നിട്ടുണ്ട്. ഉദാഹരണത്തിന് ഹിന്ദുസമൂഹത്തില്‍ സതി ഉണ്ടായിരുന്നു. ഹിന്ദുസമൂഹത്തിലെ ഏറ്റവും വലിയ ഒരു ദുഷിച്ച സമ്പ്രദായമായിരുന്നു അത്. അങ്ങേറ്റം സ്ത്രീവിരുദ്ധമായ ഒരു സമ്പ്രദായം. സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ആ സമ്പ്രദായത്തിനെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ രാജാറാം മോഹന്‍ റോയിയെപ്പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ രംഗത്തുവന്നു. സതി നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ ഹൈന്ദവ യാഥാസ്ഥിതികര്‍ അതിനെതിരെയാണ് രംഗത്തു വന്നത്. സതി വേണം എന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ അതു നിര്‍ത്തലാക്കി. അതുപോലുള്ള ഒരുപാട് നീച സമ്പ്രദായങ്ങള്‍ ഹിന്ദു സമൂഹത്തില്‍ അന്നുണ്ടായിരുന്നു. മറ്റൊന്നാണ് അയിത്താചരണം. ഒരു പ്രത്യേക വിഭാഗത്തെ ഹീന ജാതിക്കാരായി കണ്ട് അവരെ അകറ്റിനിര്‍ത്തലാണത്. അത് ഏറ്റവും വലിയ ഒരു ദു:സമ്പ്രദായമാണ്. അതിനെതിരെ ഇവിടെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ രംഗത്തുവന്നു. അതും നമ്മുടെ നാട്ടില്‍ നിരോധിക്കപ്പെട്ടു. സതി എന്നത് തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഭാഗമാണ് അതുകൊണ്ട് അത് പുന:സ്ഥാപിക്കണം എന്ന് ഇന്ന് ഏതെങ്കിലും ഹിന്ദു വിഭാഗം പറയുന്നതുപോലെയാണ് ബഹുഭാര്യത്വം തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഭാഗമാണ് അതുകൊണ്ട് അത് ഇല്ലാതാക്കുന്ന ഒരു നിയമവും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല എന്ന് മുസ്ലിം സംഘടനകള്‍ പറയുന്നതും.
മതേതരകക്ഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഏകസിവില്‍കോഡിനെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ടല്ലോ. ഇതിന്റെ കാരണമെന്താണ്?
♠മതേതര പാര്‍ട്ടികള്‍ എന്നു പറയുന്നവര്‍ ഇന്നു കാണുന്നതുപോലെ മുന്‍പ് ഏകീകൃതസിവില്‍കോഡിനെതിരെ രംഗത്തുവന്നിരുന്നില്ല. 1985 ല്‍ മുസ്ലിം വ്യക്തി നിയമം അഖിലേന്ത്യാ തലത്തില്‍ വലിയതോതില്‍ ചര്‍ച്ചയ്ക്ക് വിധേയമാവുകയുണ്ടായി. 1985ലാണ് ഷാബാനു ബീഗം കേസില്‍ സുപ്രീംകോടതി ചരിത്ര വിധി എന്നു വിശേഷിപ്പിക്കാവുന്ന വിധിന്യായം നല്‍കുന്നത്. വിവാഹമോചനം ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കാന്‍ മുന്‍ഭര്‍ത്താവ് ബാധ്യസ്ഥനാണ് എന്നായിരുന്നു ആ വിധിയില്‍ പറഞ്ഞിരുന്നത്. 1985 ഏപ്രില്‍ 23 നാണ് ആ വിധി വരുന്നത്. ആ വിധി വന്നപ്പോള്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ മുസ്ലിം മതസംഘടനകളും മുസ്ലിം ലീഗ് പോലുള്ള മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ആ വിധിയെ എതിര്‍ത്തു. അന്ന് അവര്‍ ശരീഅത്ത് സംരക്ഷണ ദിനം ആചരിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ പ്രചാരണങ്ങള്‍ നടത്തി. സുപ്രീംകോടതി വിധിക്കെതിരെ കത്തുകളയച്ചു, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവയൊക്കെ നടത്തി പ്രതിഷേധിച്ചു. ഈ സുപ്രധാനമായ വിധിയെ സിപിഎം പോലുള്ള ഇടതുപാര്‍ട്ടികള്‍ അന്ന് അനുകൂലിച്ചിരുന്നു. മുസ്ലിം വ്യക്തിനിയമത്തില്‍ ചില അപാകങ്ങളുണ്ടെന്നും അവ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട് എന്നും ഇഎംഎസിനെ പോലുള്ള അക്കാലത്തെ സമുന്നത സിപിഎം നേതാക്കള്‍ വരെ പറയുകയുണ്ടായി. 1984 ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടന്നു. അന്ന് ആ സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളിലൊരാളായിരുന്നു അക്കാലത്ത് അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ പ്രൊഫസറും ഇടതുപക്ഷ സഹയാത്രികനുമായ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹം അന്ന് കോഴിക്കോട് ചെയ്ത ആ പ്രസംഗത്തില്‍ മുസ്ലിം വ്യക്തിനിയമം പരാമര്‍ശിക്കുകയും അതു കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട് എന്ന് പറയുകയും ചെയ്തു.
ഒരുഘട്ടം വരെ ഇന്ത്യയിലും പാകിസ്ഥാനിലും ഒക്കെ ഒരേ മുസ്ലിം വ്യക്തി നിയമമാണ് നിലനിന്നിരുന്നത്. കാരണം ഈ വ്യക്തിനിയമം ഉണ്ടാക്കിയത് 1937ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുസ്ലിങ്ങളും പാകിസ്ഥാനിലെ മുസ്ലിങ്ങളും ഒക്കെ പിന്തുടര്‍ന്നത് ഒരേ വ്യക്തിനിയമമാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട പാകിസ്ഥാനില്‍ 1961 ല്‍ അയൂബ്ഖാന്‍ ഭരണാധികാരിയായിരുന്ന കാലത്ത്, ബ്രിട്ടീഷുകാരുടെ കാലത്ത് നടപ്പിലാക്കിയ 1937-ലെ മുസ്ലിം വ്യക്തി നിയമത്തിലെ സ്ത്രീവിരുദ്ധമായ പല അംശങ്ങളും നീക്കം ചെയ്തു. ഒന്നാമതായി ബഹുഭാര്യത്വം കര്‍ശനമായി നിയന്ത്രിച്ചു. രണ്ടാമത് വിവാഹമോചനം എന്നു പറയുന്നത് കോടതി മുഖേന വേണമെന്ന ചട്ടം കൊണ്ടുവന്നു. എന്നുവെച്ചാല്‍ സ്ത്രീ വിരുദ്ധമായ അംശങ്ങള്‍ കുറെയേറെ നീക്കംചെയ്യാന്‍ 1961 ല്‍ പാകിസ്ഥാന്‍ പോലും തയ്യാറായ സാഹചര്യത്തിലാണ് 1984 ല്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവര്‍ ഡിവൈഎഫ്‌ഐയുടെ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള മുസ്ലിം വ്യക്തി നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇഎംഎസും ഇതേ അഭിപ്രായപ്രകടനം നടത്തി. പിന്നീട് ഈ വിധി വന്നപ്പോള്‍ ആ വിധിയോടൊപ്പം നില്‍ക്കുകയും മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം അല്ലെങ്കില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. അന്ന് 1985 ല്‍ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണത്തിന്റെ ആവശ്യകതയും ഏകീകൃത സിവില്‍ കോഡിന്റെ അനിവാര്യതയും ഒക്കെ ഊന്നിപ്പറഞ്ഞുകൊണ്ട് പ്രസംഗിച്ചയാളാണ് ഞാന്‍. കേരളത്തില്‍ എറണാകുളം തൊട്ട് വടക്കോട്ട് കാസര്‍കോട് വരെയുള്ള പല സ്ഥലങ്ങളിലും സിപിഎം വേദികളില്‍ ഞാന്‍ പ്രസംഗിച്ചു. അവരാണ് ആ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നത്. സിപിഎം അന്നൊന്നും ഏകീകൃത സിവില്‍കോഡിന് എതിരായിരുന്നില്ല. ഈ ആവശ്യത്തോട് അവര്‍ മുഖം തിരിച്ചു നില്‍ക്കാന്‍ തുടങ്ങിയത് വളരെ കഴിഞ്ഞാണ്. ഇപ്പോള്‍ വളരെ ശക്തമായി സിപിഎം പോലുള്ള പാര്‍ട്ടികള്‍ പറയുന്നത് ഇതു കൊണ്ടുവരുന്നത് ബിജെപിയാണ്, നരേന്ദ്രമോദി സര്‍ക്കാരാണ് എന്നാണ്. അതുകൊണ്ട് അത് മുസ്ലിം വിരുദ്ധമായിരിക്കും, അതുകൊണ്ട് തങ്ങള്‍ എതിര്‍ക്കുന്നു എന്നാണ്. ഒരു നിയമം കൊണ്ടുവരുന്നത് ആരാണ്, അല്ലെങ്കില്‍ ഏതു പാര്‍ട്ടിയാണ് എന്നല്ല നോക്കേണ്ടത്. ആ നിയമം ലിംഗനീതിപരമാണോ എന്നാണ് നോക്കേണ്ടത്.
ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്. 2014 മുതല്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ കൂടി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുകയാണ്. അത് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പാര്‍ട്ടിയാണ്, അല്ലാതെ പിന്‍വാതിലിലൂടെ കടന്നുവന്ന പാര്‍ട്ടിയല്ല. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്ന, അതിന്റെ എല്ലാ വ്യവസ്ഥകളും മാനിച്ചുകൊണ്ട് അധികാരത്തില്‍ വന്ന ഒരു പാര്‍ട്ടി കൊണ്ടുവരുന്ന നിയമമാണിത്. അവര്‍ കൊണ്ടുവരുന്നതോ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഇക്കാര്യം പറഞ്ഞതുകൊണ്ടു കൂടിയാണ്. അല്ലാതെ ഭരണഘടനയില്‍ ഇല്ലാത്ത ഒരു കാര്യം കൊണ്ടുവരാനല്ല അവര്‍ ശ്രമിക്കുന്നത്. അപ്പോള്‍, ആര് കൊണ്ടുവരുന്നു എന്നതല്ല, ഭരണഘടനയില്‍ പറയുന്ന, തികച്ചും ലിംഗനീതിപരമായി ഉദ്ദേശിക്കപ്പെട്ട ഏകീകൃത സിവില്‍ കോഡിന് അനുസരിച്ച നിയമമായിരിക്കുമോ വരാന്‍ പോകുന്നത് എന്നാണ് നോക്കേണ്ടത്. അതിന്റെ ഒരു കരട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതു നേരത്തെ ഭരിച്ച കോണ്‍ഗ്രസിനും അതിനുശേഷം വന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിക്കും, ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്കും വന്ന വീഴ്ചയായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്. ബിജെപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുവേണ്ടി തയ്യാറാക്കിയ പ്രകടനപത്രികയില്‍ യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഭരണം നാലുവര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഈ നാലു വര്‍ഷത്തിനിടയില്‍ തീര്‍ച്ചയായിട്ടും പൊതുസിവില്‍കോഡ് സംബന്ധിച്ച ഒരു രൂപരേഖ തയ്യാറാക്കാമായിരുന്നു. അങ്ങനെയൊരു രൂപരേഖ തയ്യാറാക്കിയാല്‍ അത് ലിംഗനീതിപരമാണോ അല്ലയോ എന്നു പരിശോധിക്കാന്‍ ഇവിടുത്തെ എല്ലാ പാര്‍ട്ടികള്‍ക്കും, എല്ലാ മത സംഘടനകള്‍ക്കും സാധിക്കുമായിരുന്നു. അങ്ങനെയൊരു രൂപരേഖ തയ്യാറാക്കിയതിനു ശേഷമാണ് ഇതു നടപ്പാക്കാന്‍ പോകുന്നത് എന്നു പറഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ പാര്‍ട്ടികള്‍ക്കൊന്നും അതിനെ എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ അവര്‍ക്ക് ഇതിനെ എതിര്‍ക്കാന്‍ കഴിയുന്നത്, നമ്മുടെ രാജ്യത്തിന്റെ മുമ്പില്‍ പൊതു സിവില്‍ കോഡ് എന്താണ് എന്നതിനെപ്പറ്റിയുള്ള ഒരു വ്യക്തമായ രൂപം ഇല്ല എന്നതിനാലാണ്. അതുകൊണ്ട് ബിജെപി കൊണ്ടുവരുന്നു എന്നതുകൊണ്ട് ഇത് മുസ്ലിം വിരുദ്ധമായിരിക്കുമെന്ന് പൊതുസിവില്‍ കോഡ് വിരുദ്ധര്‍ക്ക് അനായാസം പ്രചരിപ്പിക്കാന്‍ കഴിയുന്നു. മുസ്ലിം സംഘടനകള്‍ ഇത് പ്രചരിപ്പിക്കുന്നു അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളും ഇത് പ്രചരിപ്പിക്കുന്നു, ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്ത്യന്‍ കുടുംബ നിയമം എന്നു പറയുന്നതിന്റെ ഉദ്ദേശ്യം ലിംഗനീതിയാണ്, ലിംഗസമാത്വമാണ്. ഈ നിയമത്തില്‍ അതുണ്ടായിരിക്കണം. അത് ഉണ്ടായിരിക്കുമ്പോള്‍ മാത്രമാണ് ഇത്തരമൊരു നിയമം സ്വാഗതാര്‍ഹാമായിത്തീരുന്നത്.
പൊതുസിവില്‍ നിയമം വന്നാല്‍ മുസ്ലിങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയുമൊക്കെ ആചാരവ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുമെന്ന ഒരു ആരോപണമുണ്ടല്ലോ?
♠പൊതുവ്യക്തി നിയമം വന്നാല്‍ ഇവിടെ മുസ്ലിങ്ങള്‍ക്ക് അവരുടെ ആചാരം അനുസരിച്ച് വിവാഹം നടത്താന്‍ പറ്റില്ല, ശവസംസ്‌കാരം നടത്താന്‍ പറ്റില്ല എന്നൊക്കെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. കാരണം ആചാരങ്ങളുടേയോ അനുഷ്ഠാനങ്ങളുടെയോ ഏകീകരണമല്ല പൊതു സിവില്‍കോഡ് ലക്ഷ്യമിടുന്നത്. നേരെമറിച്ച് കുടുംബ നിയമങ്ങളുടെ ഏകീകരണമാണത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള ഏതാണ്ട് 98 ശതമാനം നിയമങ്ങളും ഏകീകൃതമാണ്. ഉദാഹരണത്തിന് ബാങ്കിംഗ് നിയമം, കരാര്‍ നിയമം, ഇന്‍കം ടാക്‌സ് നിയമം, രജിസ്‌ട്രേഷന്‍ നിയമം, സ്വത്തു കൈമാറ്റ നിയമം തുടങ്ങിയ നിയമങ്ങളെല്ലാം ഏകീകൃതമാണ്. പിന്നെയുള്ളത് വിവാഹത്തെയും വിവാഹ മോചനത്തെയും പിന്തുടര്‍ച്ചാവകാശ കാര്യത്തെപ്പറ്റിയും ദത്തെടുക്കലിനെയും ഒക്കെ സംബന്ധിച്ച ചില വിഷയങ്ങള്‍ മാത്രമാണ്. അതൊന്നും ആചാരങ്ങളെ ബാധിക്കുന്നവയല്ല. ഏകീകൃത പൗരനിയമം വന്നാല്‍ മുസ്ലിങ്ങള്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് വിവാഹം നടത്താനും ശവസംസ്‌കാരം നടത്താനുമൊക്കെ സാധിക്കും. കാരണം നേരത്തെ പറഞ്ഞതുപോലെ പൊതു സിവില്‍കോഡ് ആചാരങ്ങളെയല്ല കുടുംബ നിയമങ്ങളെ മാത്രമാണ് ഏകീകരിക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ഗോത്ര വിഭാഗക്കാരും തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇത്രയും കാലമായി ഗോത്ര വിഭാഗങ്ങളുടെ പ്രശ്‌നങ്ങളൊന്നും ആരും പറയാറില്ലായിരുന്നു. ഇപ്പോഴാണ് അത് പറയാന്‍ തുടങ്ങിയത്. ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങളെ ഒന്നും ഈ നിയമം ബാധിക്കുന്നില്ല. അവരുടെ കൂട്ടത്തില്‍ ബഹുഭാര്യത്വം ഉണ്ടെങ്കില്‍ അതു നിയമവിരുദ്ധമാക്കപ്പെടും. അതുപോലെ പിന്തുടര്‍ച്ചാവകാശത്തില്‍ സ്ത്രീ പുരുഷ സമത്വം യാഥാര്‍ത്ഥ്യമാക്കപ്പെടും. മുസ്ലിങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവരുടെ നിക്കാഹ് എന്നു പറയുന്നത് വീട്ടിലും, വേണമെങ്കില്‍ പള്ളിയിലും വെച്ച് നടത്താം. അതുപോലെ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം പള്ളി ശ്മശാനത്തില്‍ സംസ്‌കരിക്കാം. അതിലേക്കൊന്നും പൊതുസിവില്‍ നിയമം കടക്കുന്നില്ല.
ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലേക്കു വന്നാല്‍, ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമൊക്കെ ചര്‍ച്ചയില്‍ വരുന്നതിന് മുന്‍പ് തന്നെ താങ്കള്‍ ‘ഇന്റലക്ച്വല്‍ ജിഹാദിനെക്കുറിച്ച്’ ലേഖനമെഴുതിയിരുന്നു. അത്തരമൊരു ലേഖനം എഴുതാനുള്ള പശ്ചാത്തലം എന്തായിരുന്നു?
♠2011 ലോ മറ്റോ ആണ് ബൗദ്ധിക ജിഹാദിനെക്കുറിച്ചുള്ള (Intellectual jihad) ലേഖനം എഴുതുന്നത്. 1987ലാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി ‘മാധ്യമം’ എന്ന പേരില്‍ ദിനപത്രം ആരംഭിക്കുന്നത്. അതുവരെ അത്രയൊന്നും പ്രശസ്തമല്ലാത്ത ‘പ്രബോധനം’ എന്ന പേരിലുള്ള ഒരു വാരികയും മാസികയുമാണ് അവര്‍ നടത്തിക്കൊണ്ടിരുന്നത്. അവയൊക്കെ അവരുടെ മാത്രം വൃത്തത്തില്‍ ഒതുങ്ങി നിന്ന പ്രസിദ്ധീകരണങ്ങളാണ്. പക്ഷെ 1987 ല്‍ ദിനപത്രവുമായി അവര്‍ രംഗത്തു വന്നു. അതു വരുമ്പോള്‍ തന്നെ വളരെ ആസൂത്രിതമായി മലയാളികളായ എല്ലാവരെയും അവരുടെ വായനാസമൂഹത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം അവര്‍ നടത്തി. അതിനുവേണ്ടി പല തന്ത്രങ്ങളാണ് അവര്‍ പ്രയോഗിച്ചത്. ഒന്നാമത്തെ തന്ത്രം ‘മാധ്യമം’ ദിനപത്രത്തിന് ഒരു മുസ്ലിം എഡിറ്റര്‍ പാടില്ല എന്ന തീരുമാനമായിരുന്നു. എഡിറ്റര്‍ ഒരു ഹിന്ദുവായിരിക്കണം, അമുസ്ലിം ആയിരിക്കണം എന്നതായിരുന്നു കാഴ്ചപ്പാട്. അതിനുവേണ്ടി അക്കാലത്തെ പ്രഗല്ഭരായ പലരെയും അവര്‍ സമീപിച്ചു. ഞാന്‍ മനസ്സിലാക്കിയേടത്തോളം അവര്‍ സുകുമാര്‍ അഴീക്കോടിനെയും എന്‍.വി. കൃഷ്ണവാര്യരെയും ഒക്കെ സമീപിച്ചിരുന്നു. പക്ഷെ അവരാരും അതിനു തയ്യാറായില്ല. പത്രം തുടങ്ങുന്നത് ജമാഅത്തെ ഇസ്ലാമി ആണെന്ന് സ്വാഭാവികമായും അവര്‍ക്കറിയാമല്ലോ. ജമാഅത്തെ ഇസ്ലാമി എന്നു പറഞ്ഞാല്‍ ആധുനിക ജനാധിപത്യത്തെയും, മതേതരത്വത്തെയും ഒന്നും അംഗീകരിക്കുന്ന സംഘടനയല്ല. അവര്‍ ഇസ്ലാമിക ഭരണം എന്ന കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്ന സംഘടനയാണ്. ഇതൊക്കെ അറിയാവുന്നവരാണല്ലോ അഴീക്കോടും കൃഷ്ണവാര്യരും ഒക്കെ. അതുകൊണ്ട് തന്നെ അവരാരും തന്നെ ആ ക്ഷണം സ്വീകരിച്ചില്ല. അവസാനം പി.കെ. ബാലകൃഷ്ണനാണ് മാധ്യമത്തിന്റെ എഡിറ്ററായി വന്നത്. അദ്ദേഹം ഒരു ഹിന്ദു. പക്ഷേ അദ്ദേഹം ഒരു നോമിനല്‍ എഡിറ്റര്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ എഡിറ്റര്‍ അവരുടെ തന്നെ ആളുകളാണ്. അന്നും ഇന്നും അത് അങ്ങനെ തന്നെയാണ്. ഇതൊരു മുസ്ലിം പത്രമല്ലെന്നും മറിച്ച് മാതൃഭൂമി പോലെയോ മലയാള മനോരമ പോലെയോ ഉള്ള ഒരു പത്രം തന്നെയാണ് ഇതെന്നും അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും വായിക്കാവുന്ന ഒരു പത്രമാണിത് എന്നും വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയായിരുന്നു അവര്‍ ഇങ്ങനെ ഒരു തന്ത്രം പ്രയോഗിച്ചത്. പക്ഷെ പത്രം വന്നപ്പോള്‍, അത് ആരാണ് നടത്തുന്നത് എന്ന് മിക്ക വായനക്കാര്‍ക്കും മനസ്സിലായി. അപ്പോള്‍ പിന്നെ അവര്‍ ഉപയോഗിച്ച തന്ത്രം, ആ പത്രത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആളുകള്‍ മാത്രമല്ല, അല്ലാത്തവരെ കൊണ്ടും എഴുതിക്കുക എന്നതായി. കേരളത്തിന്റെ അക്കാലത്തെയും ഇപ്പോഴത്തെയും ഒരു അവസ്ഥ വെച്ച് ഇടതുപക്ഷത്തോട് ചായ്വുള്ള ഒരു വലിയ വായനാസമൂഹം ഇവിടെയുണ്ട്. അതില്‍ തന്നെ തീവ്ര ഇടതുപക്ഷത്തോട് ചായ്വുള്ള ഒരു വായനാസമൂഹമുണ്ട്. അതുകൊണ്ട് മാധ്യമം എന്ന പത്രവും, അതുപോലെ മാധ്യമം ആഴ്ചപ്പതിപ്പുമൊക്കെ ഒരു മുസ്ലിം പ്രസിദ്ധീകരണമല്ല എന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമായി അറിയപ്പെടുന്ന മുന്‍ നക്‌സലൈറ്റുകളുടെയും, മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള ആളുകളുടെയുമൊക്കെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതിവ് അവര്‍ തുടങ്ങി. ഒരുപാട് മുന്‍ നക്‌സലൈറ്റുകള്‍ അതില്‍ എഴുതിക്കൊണ്ടിരുന്നു, ഇപ്പോഴും എഴുതാറുണ്ട്. അതുപോലെ ദളിത് ആക്ടിവിസ്റ്റുകളെ കൊണ്ടും അവര്‍ എഴുതിച്ചു. ദളിത്- മുസ്ലിം ഐക്യം വേണമെന്ന് വി.ടി. രാജശേഖരനെ പോലെയുള്ള ദളിത് ബുദ്ധിജീവികള്‍ നേരത്തെ തന്നെ പറഞ്ഞുകൊണ്ടിരുന്നതാണ്. ദളിത്- മുസ്ലിം ഐക്യം എന്ന ഒരു ആശയം അവരുടെ മനസ്സില്‍ നേരത്തെ തന്നെ ഉള്ളതാണ്. അപ്പോള്‍ ദളിത് ആക്ടിവിസ്റ്റുകള്‍, മുന്‍ നക്‌സലൈറ്റുകള്‍ തുടങ്ങിയ എല്ലാവരെക്കൊണ്ടും മാധ്യമം പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലും അതുപോലെ അവരുടെ വാരികയിലും എഴുതിക്കുന്ന സമ്പ്രദായം അവര്‍ കൊണ്ടുവന്നു. ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വെച്ചുകൊണ്ടാണ് ഞാന്‍ ‘ഇന്റലക്ച്ച്വല്‍ ജിഹാദ്’ എന്ന ലേഖനം എഴുതിയത്. അതായത്, തങ്ങളുടെ മതമൗലിക ആശയങ്ങള്‍ വിറ്റഴിക്കാന്‍ അമുസ്‌ലിം ബുദ്ധിജീവികളെ ഉപയോഗിക്കുക എന്ന തന്ത്രം ഈ പത്രത്തിലൂടെയും അതുപോലെ വാരികയിലൂടെയും മറ്റു പല രീതിയിലൂടെയും ഒക്കെ ജമാഅത്തെ ഇസ്ലാമി പ്രയോഗിച്ചുക്കൊണ്ടിരുന്നു, ഇപ്പോഴും പ്രയോഗിച്ചുക്കൊണ്ടിരിക്കുന്നു. അതിനുവേണ്ടി ഇതുപോലെയുള്ള എഴുത്തുകാരെയൊക്കെ അവര്‍ സ്വീകരിച്ചു. ഇതിലൂടെ ഈ എഴുത്തുകാരെയൊക്കെ ജമാഅത്തെ ഇസ്ലാമിയെയും അഥവാ ഇസ്ലാമിസത്തെയും വിമര്‍ശിക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കാന്‍ അവര്‍ ശ്രദ്ധിച്ചു. മാധ്യമത്തില്‍ എഴുതിയ മുന്‍ നക്‌സലൈറ്റുകളോ അല്ലെങ്കില്‍ ദളിത് ആക്ടിവിസ്റ്റുകളോ ഒന്നും അതില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്ന ലേഖനം എഴുതിയിട്ടില്ല. അവര്‍ എഴുതിയിട്ടുണ്ടോ എന്നു നമുക്കറിയില്ല. അഥവാ എഴുതിയിട്ടുണ്ടെങ്കില്‍ അതൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ജമാഅത്തെ ഇസ്ലാമി എന്നു പറഞ്ഞാല്‍ പരമ വിശുദ്ധമായ ഒരു സംഘടനയാണ് എന്നുള്ള ഒരു ഇമേജ് ഇവരിലൂടെ ഉണ്ടാക്കുകയായിരുന്നു അന്ന് ജമാഅത്തെ ഇസ്ലാമി ചെയ്തത്. അതിനെ തുറന്നു കാണിക്കുകയാണ് ‘ഇന്റലക്ച്വല്‍ ജിഹാദ്’ എന്ന ലേഖനത്തിലൂടെ ഞാന്‍ ചെയ്തത്.
ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന മൗദൂദിസമാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ താത്വിക അടിത്തറ എന്നു കരുതാനുള്ള കാരണമെന്താണ്?
♠മുസ്ലിം തീവ്രവാദത്തിന്റെ ഉറച്ച അടിത്തറകളിലൊന്നാണ് മൗദൂദിസം അഥവാ ഇസ്ലാമിസം. ഇസ്ലാം എന്നാല്‍ ഇസ്ലാമിസം അല്ല. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയും ഒക്കെ മുന്നോട്ടുവെക്കുന്ന ഒരു പ്രത്യയശാസ്ത്രമുണ്ട്. അതിനെയാണ് ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രം എന്നു വിളിക്കുന്നത്. അവരുടെ കാഴ്ചപ്പാടനുസരിച്ച് ഇസ്ലാം എന്നു പറയുന്നത് മറ്റു മതങ്ങളെ പോലെയുള്ള ഒരു മതമല്ല. മറ്റു മതങ്ങള്‍ക്ക് അവരുടേതായ സിദ്ധാന്തങ്ങള്‍ ഉണ്ട്, ആശയങ്ങളുണ്ട്, ആചാരാനുഷ്ഠാനങ്ങളുണ്ട്. എന്നാല്‍ ഇസ്ലാമിന് ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല അതിന്റേതായ ഒരു രാഷ്ട്രീയ വ്യവസ്ഥയുമുണ്ട്. മറ്റു മുസ്ലിം സംഘടനകളൊന്നും ഇസ്ലാമിന്റെ ഈ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് പറയാറില്ല. മുസ്ലിങ്ങളെല്ലാം ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പറയാറില്ല. പക്ഷേ ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ മൗദൂദിയും മുസ്ലിം ബ്രദര്‍ഹുഡിന്റെ താത്വികനായ സയ്യിദ് ഖുതുബുമൊക്കെ പറഞ്ഞത് ഇസ്ലാം പൂര്‍ണ്ണമാകണമെങ്കില്‍ അതിന്റെ രാഷ്ട്രീയ വ്യവസ്ഥ കൂടി ഇവിടെ നിലവില്‍വരേണ്ടതുണ്ട് എന്നാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ നിലവില്‍ വരുത്താന്‍ വേണ്ടി മുസ്ലിങ്ങള്‍ പ്രയത്‌നിക്കണം എന്ന് അവര്‍ പറഞ്ഞു. നാവു കൊണ്ടും തൂലിക കൊണ്ടും മാത്രം മതിയായില്ലെങ്കില്‍ അതിനുവേണ്ടി ജിഹാദ് നടത്തണം എന്ന ആശയമാണ് അവര്‍ മുന്നോട്ടു വെച്ചത്. ഈ ഭൂമി അള്ളാഹുവിന്റേതാണെന്നും അതുകൊണ്ട് തന്നെ ഇവിടെ അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കണം എന്നതുമാണ് ഈ രാഷ്ട്രീയ വ്യവസ്ഥയുടെ കാതല്‍. ലോകത്ത് എല്ലായിടത്തും ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നത് ഒരു മുസ്ലിമിന്റെ ഒഴിച്ചുകൂടാനാവാത്ത കര്‍ത്തവ്യമാണെന്ന് സിദ്ധാന്തിക്കുകയാണ് മൗദൂദിയും ഖുതുബും ഒക്കെ ചെയ്തത്. അതിനെയാണ് ഇസ്ലാമിസം എന്നു വിളിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥ എന്നു പറഞ്ഞാല്‍ ജനാധിപത്യവിരുദ്ധമായ ഒരു ഭരണ വ്യവസ്ഥയാണ്. മൗദൂദി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ വളരെ വ്യക്തമായി പറയുന്നത് മതേതരത്വം, ജനാധിപത്യം, ദേശീയത്വം ഇവ മൂന്നും ഇസ്ലാമിനു കടകവിരുദ്ധമാണ് എന്നാണ്. മുസ്ലിങ്ങള്‍ ഈ മൂന്ന് ആശയങ്ങളോടും ഒപ്പം നില്‍ക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യസംവിധാനത്തില്‍ പരമാധികാരം നല്‍കുന്നത് ജനങ്ങള്‍ക്കാണ്. എന്നാല്‍ ഇസ്ലാമിന്റെ കാഴ്ചപ്പാട് അനുസരിച്ച് ജനങ്ങള്‍ക്കല്ല അല്ലാഹുവിനാണ് പരമാധികാരം എന്നാണ് മൗദൂദി പറഞ്ഞത്.
സെക്കുലറിസം എന്നു പറയുന്നതു പാശ്ചാത്യമായ സങ്കല്‍പമാണ് എന്നും മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചു നിര്‍ത്താന്‍ പറ്റില്ലെന്നും രാഷ്ട്രീയമെന്നത് ഇസ്ലാമിന്റെ അവിഭക്ത ഭാഗമാണ് എന്നുമാണ് മൗദൂദി സിദ്ധാന്തിച്ചത്. അതുകൊണ്ട് സെക്കുലറിസം പാടില്ല. ദേശീയത്വം എന്നു പറഞ്ഞാല്‍ സങ്കുചിതമായ കാഴ്ചപ്പാടാണ്. ഭൂമിശാസ്ത്രപരമായ ദേശീയത്വത്തില്‍ മുസ്ലിങ്ങള്‍ വിശ്വസിക്കാന്‍ പാടില്ല. കാരണം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഏത് രാജ്യത്ത് ജീവിക്കുമ്പോഴും അവര്‍ ഒരൊറ്റ സമുദായമാണ്. അതുകൊണ്ട് അന്താരാഷ്ട്ര ഇസ്ലാമിക സാഹോദര്യം എന്നതായിരിക്കണം മുസ്ലിങ്ങളുടെ കാഴ്ചപ്പാട് എന്നുമാണ് മൗദൂദി മുന്നോട്ടുവെച്ച മറ്റൊരാശയം. ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവും ദേശീയത്വ വിരുദ്ധവും എല്ലാമായ ഒരു ആശയപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു മൗദൂദി ചെയ്തത്. ആ ആശയത്തില്‍ പ്രചോദിതരായിട്ടാണ് അവരുടെ ആദ്യത്തെ വിദ്യാര്‍ഥി സംഘടനയായ സിമി പ്രവര്‍ത്തിച്ചത്. പിന്നീട് ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സിമി മാറിപ്പോയി. അതിനുശേഷം ആ സിമിയുടെ തന്നെ ആളുകളാണ് കേരളത്തില്‍ ആദ്യം എന്‍ഡിഎഫ് ആയും പിന്നീട് അഖിലേന്ത്യാ തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടായും ഒക്കെ രൂപാന്തരപ്പെട്ടത്. അവരുടെ ഒക്കെ പ്രത്യയശാസ്ത്ര ഊര്‍ജ്ജം എന്നു പറയുന്നത് മൗദൂദിയന്‍ അല്ലെങ്കില്‍ ഖുതുബിയന്‍ ചിന്തകളാണ്.
മതവിമര്‍ശനങ്ങളുടെ പേരിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേകന്നൂര്‍ മൗലവി കൊലചെയ്യപ്പെട്ടത്. ചേകന്നൂരിനോടൊപ്പം അദ്ദേഹത്തിന്റെ മതവിമര്‍ശനങ്ങളെയും കുഴിച്ചു മൂടുന്നതില്‍ മതമൗലികവാദികള്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയുമോ? ചേകന്നൂരില്‍ നിന്ന് ചേന്നമംഗലൂരിലേക്കുള്ള ദൂരമെത്രയാണ്?
♠ചേകന്നൂര്‍ മൗലവിയും ഞാനും തമ്മില്‍ വലിയ താരതമ്യമില്ല. കാരണം മതവിമര്‍ശനത്തിന്റെയും മതാനുഷ്ഠാന പരിഷ്‌കരണത്തിന്റെയും മേഖലയിലാണ് ചേകന്നൂര്‍ മൗലവി പ്രവര്‍ത്തിച്ചത്. ഖുറാനിലെ ചില കാര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് തന്നെ നിസ്‌കാരം അഞ്ചു നേരം വേണമെന്നില്ല എന്നത് ഉള്‍പ്പെടെയുള്ള ചില പരിഷ്‌കരണങ്ങള്‍ അദ്ദേഹം മുന്നോട്ടു വെച്ചു. അതുപോലെ സാധാരണ എല്ലാ മുസ്ലിം സംഘടനകളും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുറാന്‍ എന്ന വേദ ഗ്രന്ഥത്തിന് പുറമേ ഹദീസ് എന്ന നബിവചനങ്ങളെയും ആശ്രയിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് അന്തരിച്ചു രണ്ട് നൂറ്റാണ്ടോളം കഴിഞ്ഞതിനുശേഷം അന്ന് ജീവിച്ച ആള്‍ക്കാര്‍ മറ്റു പലരില്‍ നിന്നും കേട്ട് എഴുതിയ കാര്യങ്ങളാണ് അതെന്നും അതുകൊണ്ട് തന്നെ ഹദീസുകള്‍ ഒരിക്കലും ആധികാരികമായിരിക്കുകയില്ല എന്നുമായിരുന്നു ചേകന്നൂര്‍ മൗലവിയുടെ വാദം. അതുകൊണ്ട് ഇസ്ലാമിന്റെ പ്രമാണമായി ഖുറാന്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ, ഹദീസ് ഗ്രന്ഥങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകള്‍, സുന്നി സംഘടനകള്‍, മുസ്ലിം ലീഗ് തുടങ്ങിയ ആര്‍ക്കും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇസ്ലാമിന്റെ ശത്രു ആയിട്ടാണ് അവര്‍ കണ്ടത്. ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലിങ്ങള്‍ അഞ്ചുനേരം നിസ്‌കരിക്കണം എന്നു പറയുമ്പോള്‍ അതു മൂന്നു നേരം മതി എന്നാണ് ചേകന്നൂര്‍ മൗലവി പറഞ്ഞത്. അതിന് ചില പ്രമാണങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. അതായത് മത രംഗത്താണ് ചേകന്നൂര്‍ മൗലവി കാര്യമായിട്ട് പ്രവര്‍ത്തിച്ചത്. അതേസമയം ഒരു ഘട്ടത്തില്‍ അദ്ദേഹം ഏകദേശം എല്ലാ മതങ്ങളും സത്തയില്‍ ഒന്നാണ് എന്ന ആശയവും മുന്നോട്ടു വെച്ചു. ഷാബാനു ബീഗം കേസില്‍ കോടതിവിധിക്ക് അനുകൂലമായി അദ്ദേഹം നിലപാട് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോള്‍ പുരോഗമന പക്ഷത്ത് നിന്നുകൊണ്ട് പ്രവര്‍ത്തിച്ച വ്യതിരിക്തനായ ഒരു മുസ്ലിം മതപണ്ഡിതനായിരുന്നു ചേകന്നൂര്‍ മൗലവി. പക്ഷേ ഇസ്ലാമിസം എന്ന പ്രത്യയശാസ്ത്രത്തെ അങ്ങനെ അങ്ങോട്ട് വിമര്‍ശിക്കാനോ അതിനെക്കുറിച്ച് പഠിക്കാനോ അദ്ദേഹം മെനക്കെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹം 1993 ല്‍ കൊല്ലപ്പെട്ടു. ഇസ്ലാമിസം എന്ന പേര് പോലും പിന്നീടാണ് വരുന്നത്. ‘മുസ്ലിം ഫണ്ടമെന്റലിസം’ ഒക്കെ അതിനു മുന്നേ ഉണ്ട്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളൊക്കെ ഉണ്ട്. മതവിമര്‍ശനങ്ങളില്‍ നിന്ന് ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുറന്നു കാട്ടുക എന്ന മേഖലയിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ അദ്ദേഹം കൊലചെയ്യപ്പെട്ടു.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്?
♠ഇതേക്കുറിച്ച് പറയുമ്പോള്‍ ലോകത്ത് മൂന്നു തരത്തിലുള്ള ഇസ്ലാം ഉണ്ടെന്നാണ് ഞാന്‍ പറയുക. ഒന്ന് പുരുഷ ഇസ്ലാം, രണ്ട് അതിപുരുഷ ഇസ്ലാം, മൂന്ന് ലിബറല്‍ ഇസ്ലാം. പുരുഷ ഇസ്ലാം എന്നു പറയുമ്പോള്‍ ഇസ്ലാമിലെ എല്ലാ നിയമങ്ങളെയും, എല്ലാ ആശയങ്ങളെയും പുരുഷന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതാണ്. അതാണ് നമ്മള്‍ ഈ മുസ്ലിം വ്യക്തി നിയമത്തില്‍ പോലും കാണുന്നത്. അതില്‍ പുരുഷന് അനുകൂലമായിട്ടുള്ള നിയമങ്ങളാണെല്ലാം. ബഹുഭാര്യത്വം, സ്വത്തവകാശത്തില്‍ പുരുഷന് കൂടുതല്‍ ഓഹരി അങ്ങനെ പുരുഷന് അനുകൂലമായ കാര്യങ്ങളാണ് എല്ലാം. പുരുഷമേധാവിത്വപരമായ ഈ നിലപാടുകളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഈ പറയുന്ന പുരുഷ ഇസ്ലാമിന്റെ വക്താക്കളൊക്കെ അതിനെതിരെ രംഗത്തുവരും. മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നു പറയുന്നത് പോലും വാസ്തവത്തില്‍ മുസ്ലിം പുരുഷന്മാരാണ്. സ്ത്രീകള്‍ അതിനു വഴങ്ങേണ്ടി വരികയാണ്. മുസ്ലിം പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അത് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്ത്രധാരണ രീതിയാണ് എന്ന ധാരണ അവരുടെ മനസ്സില്‍ ഉറപ്പിക്കുന്നു. അതും കൊണ്ടുവരുന്നത് പുരുഷന്മാരാണ്. അതുപോലെ മുസ്ലിം സ്ത്രീകളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനമേഖല വീടകമാണ്, ഗൃഹഭിത്തികള്‍ക്ക് ഉള്ളിലാണ് സ്ത്രീകള്‍ ജീവിക്കേണ്ടത് എന്നതൊക്കെ പുരുഷ ഇസ്ലാമിന്റെ കാഴ്ചപ്പാടുകളാണ്. അതു കഴിഞ്ഞു അതിപുരുഷ ഇസ്ലാം എന്നു പറയുന്ന ഒന്നുണ്ട്. അതാണ് താലിബാന്‍ പോലുള്ള സംഘടനകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. അവരുടെ കാഴ്ചപ്പാടനുസരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കേണ്ടതേയില്ല. മലാല യൂസഫ് സായി എന്ന പാകിസ്ഥാനിലെ ആ പെണ്‍കുട്ടി പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചു എന്ന ഒറ്റക്കാരണത്താലാണ് പാകിസ്ഥാനിലെ താലിബാന്‍ ആ കുട്ടിയെ വെടിവെച്ചത്. പെണ്‍കുട്ടികള്‍ വീടിനു പുറത്തു പോകാതെ വീടിനകത്ത് ജീവിക്കേണ്ടവരാണ് എന്ന കാഴ്ചപ്പാടാണ് താലിബാന്റേത്. മുസ്ലിം സ്ത്രീകള്‍ ജോലിക്ക് പോകാന്‍ പാടില്ല. അവര്‍ പുരുഷന്മാരുടെ കീഴില്‍ ജീവിച്ചാല്‍ മതി. അവര്‍ അവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ. അതും പര്‍ദ്ദ ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ തുടങ്ങിയ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്ന ഇസ്ലാമിനെയാണ് അതിപുരുഷ ഇസ്ലാം എന്നു പറയുന്നത്. മൂന്നാമത്തേത് ലിബറല്‍ ഇസ്ലാമാണ്. അവര്‍ പുരുഷ ഇസ്ലാമിനും അതിപുരുഷ ഇസ്ലാമിനും എതിരാണ്. ഈ രണ്ടു കൂട്ടരും പറയുന്നതു പോലെയല്ല ഇസ്ലാമിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാട് എന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ് ഇക്കൂട്ടര്‍. ഇസ്ലാമില്‍ ആണ്‍- പെണ്‍ സമത്വം എന്ന ആശയമുണ്ടെന്നും അഥവാ ആണ്‍- പെണ്‍ സമത്വമെന്ന ആശയത്തിലേക്ക് മുസ്ലിങ്ങള്‍ കയറിപ്പോകേണ്ടതുണ്ടെന്നുമുള്ള കാഴ്ചപ്പാട് അവര്‍ക്കുണ്ട്. ഇസ്ലാമിന്റെ ഗ്രന്ഥത്തില്‍ തന്നെ അടിമത്തം എന്നു പറയുന്നത് നിരോധിക്കപ്പെട്ടിട്ടില്ല. അത് പതിനാല് നൂറ്റാണ്ടിനു മുമ്പ് അറേബ്യയില്‍ മുഹമ്മദ് നബിയുടെ കാലത്തും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് പതിനഞ്ചാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലും ഒക്കെ ഉണ്ടായിരുന്നു. അടിമത്തം ഇസ്ലാമിന്റെ ഭാഗമാണ് എന്ന കാഴ്ചപ്പാട് ഉണ്ട്. പിന്നീട് ആദ്യം ഇംഗ്ലണ്ടിലും മറ്റും അടിമത്തം നിരോധിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ആവശ്യപ്രകാരം അന്നത്തെ തുര്‍ക്കിയിലെ സുല്‍ത്താന്‍ അടിമത്തം നിരോധിച്ചപ്പോള്‍ അന്നത്തെ മുസ്ലിം യാഥാസ്ഥിതികര്‍ പറഞ്ഞത് അടിമത്തം ഇസ്ലാമിന്റെ ഭാഗമാണ്, അത് നിരോധിക്കാന്‍ പാടില്ല, അത് നിരോധിക്കുക എന്ന് പറയുമ്പോള്‍ ഇസ്ലാമിനെ തന്നെ നിരോധിക്കുന്നതിന് തുല്യമാണ് എന്നാണ്.
1948 ല്‍ ഐക്യരാഷ്ട്രസഭ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയപ്പോഴും അതിനെ അംഗീകരിക്കാന്‍ യാഥാസ്ഥിതിക മുസ്ലിം വിഭാഗം തയ്യാറായിരുന്നില്ല. ആണിനും പെണ്ണിനും തുല്യ രൂപത്തില്‍ മനുഷ്യാവകാശം എന്ന ആ ഇടപാട് പറ്റില്ല എന്ന നിലപാടാണ് അവര്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍ അതിനെതിരെ മുന്നോട്ടുവരികയും ഏറ്റവും പുരോഗമനാത്മകമായ രീതിയില്‍ മതത്തെയും ആധുനിക കാലഘട്ടത്തിനനുസരിച്ച് ഖുറാന്‍ എന്ന വേദഗ്രന്ഥത്തെയും അതുപോലെ ഇസ്ലാമിന്റെ മറ്റു ഗ്രന്ഥങ്ങളെയും വ്യാഖ്യാനിക്കേണ്ടതുണ്ട് എന്നു പറയുകയും ചെയ്യുന്നവരാണ് മൂന്നാമത് പറഞ്ഞ മുസ്ലിങ്ങള്‍ അഥവാ ലിബറല്‍ മുസ്ലിങ്ങള്‍. പക്ഷെ അവര്‍ സംഘടിതരല്ല. അതുകൊണ്ട് തന്നെ ലിബറല്‍ മുസ്ലീങ്ങളെ അംഗീകരിക്കുവാനും അവരുടെ ശബ്ദം കേള്‍ക്കുവാനും നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെക്കുലര്‍ പാര്‍ട്ടിയും ഒരു കാലത്തും തയ്യാറുമല്ല.
കേരളത്തില്‍ അടുത്ത കാലത്തായി മതസങ്കുചിതവാദം ശക്തമാവുകയാണെന്ന വിമര്‍ശനം വ്യാപകമാണ്. ഹലാല്‍ വിവാദവും ഏറ്റവുമൊടുവിലുണ്ടായ ഓപ്പറേഷന്‍ തീയേറ്ററിലെ മതവസ്ത്രധാരണമെന്ന ആവശ്യവുമൊക്കെ ഇതിന്റെ തെളിവുകളല്ലേ? നേരത്തെ ഒരു പൊതുചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വേദിയിലേക്ക് വന്ന പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച് ഇറക്കിവിട്ട സംഭവമുണ്ടായി. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെയും മുസ്ലിം മതനേതൃത്വം എതിര്‍ശബ്ദങ്ങളുയര്‍ത്തി. കേരളത്തിലെ മുസ്ലിം പണ്ഡിതമനസ്സ് താലിബാന്‍വല്‍ക്കരിക്കപ്പെടുകയാണോ?
♠ഹലാല്‍ വിവാദത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ രണ്ടു കൂട്ടരുടെയും നിലപാടുകള്‍ പരിശോധിക്കണം. എറണാകുളത്തോ മറ്റോ ഹലാല്‍ ഹോട്ടല്‍ എന്ന ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഒരു ബോര്‍ഡ് വെക്കേണ്ട കാര്യമില്ല. കാരണം ഹലാല്‍ ഭക്ഷണം എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് മുസ്ലിങ്ങള്‍ക്ക് കഴിക്കാന്‍ അനുവദിക്കപ്പെട്ട ഭക്ഷണം എന്നാണ്. മുസ്ലിങ്ങള്‍ക്ക് ഏത് ഭക്ഷണവും കഴിക്കാം എന്നാണ് ഖുറാന്‍ തന്നെ പറയുന്നത്. വേദക്കാര്‍ക്ക് അനുവദിക്കപ്പെട്ട ഏത് ഭക്ഷണവും മുസ്ലീങ്ങള്‍ക്ക് കഴിക്കാവുന്നതാണ് എന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിനു മുന്‍പ് ദൈവത്താല്‍ വേദം നല്‍കപ്പെട്ടവരാണ് വേദക്കാര്‍. ഏഴാം നൂറ്റാണ്ടുകള്‍ക്ക് മുമ്പു മുതല്‍ ഇന്നുവരെയും മുസ്ലിങ്ങള്‍ക്കിടയിലെ വലിയൊരു വിഭാഗം വിശ്വസിച്ചു കൊണ്ടിരുന്നത് വേദക്കാര്‍ എന്നു പറഞ്ഞാല്‍ ക്രിസ്ത്യാനികളും ജൂതന്മാരും മാത്രമാണെന്നാണ്. അവര്‍ക്ക് ദൈവം കൊടുത്ത ഗ്രന്ഥങ്ങളുണ്ടെന്നാണ് വിശ്വാസം. ബൈബിള്‍ ദൈവിക ഗ്രന്ഥമാണ്. അങ്ങനെ പശ്ചിമേഷ്യയിലുണ്ടായ മതക്കാരെയാണ് വേദക്കാര്‍ എന്നു പറയുന്നത് എന്നാണ് അവരുടെ ധാരണ. വേദക്കാര്‍ക്ക് എന്തെല്ലാം അനുവദനീയമാണ് ആ ഭക്ഷണമെല്ലാം നിങ്ങള്‍ക്കും അനുവദനീയമാണ് എന്ന് ഖുറാനില്‍ പറയുന്നുണ്ട്. വേദക്കാര്‍ എന്നു പറയുന്നത് മധ്യ പൗരസ്ത്യ മേഖലയിലുള്ള മൂന്നുമതങ്ങളില്‍ പെട്ടവര്‍ മാത്രമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ദൈവം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് ഖുറാനില്‍ പറയുന്നുണ്ട്. ഇന്ത്യയിലേക്കും മറ്റു സ്ഥലങ്ങളിലേക്കുമൊക്കെ അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്ന് അബുല്‍ കലാം ആസാദിനെ പോലുള്ള ഒരുപാട് പുരോഗമനവാദികളായിട്ടുള്ള മതപണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അതായത് ഖുറാനില്‍ പറയുന്ന വേദക്കാരില്‍ ഹിന്ദുക്കളും പെടും. അബുല്‍ കലാം ആസാദിനെയും അസ്ഗര്‍ അലി എഞ്ചിനീയറെയും പോലുള്ളവരൊക്കെ പറഞ്ഞത് ഇന്ത്യയിലേക്ക് അല്ലാഹു അയച്ച പ്രവാചകന്മാരായിട്ടാണ് ബുദ്ധനെയും, ശ്രീരാമനെയും, ശ്രീകൃഷ്ണനെയും, മഹാവീരനെയും ഒക്കെ കാണേണ്ടത് എന്നാണ്. ഇന്ത്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളും വേദക്കാരാണ് എന്ന കാഴ്ചപ്പാടാണ് ആസാദിനെയും എഞ്ചിനീയറെയും പോലെ പുരോഗമനവാദികളായിട്ടുള്ള മുസ്ലിം മത പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ ഹിന്ദുക്കളും വേദക്കാരാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് അനുവദിക്കപ്പെട്ട, ജൂതന്മാര്‍ക്ക് അനുവദിക്കപ്പെട്ട എല്ലാ ഭക്ഷണവും മുസ്ലിങ്ങള്‍ക്കും അനുവദനീയമാണ്. അപ്പോള്‍ പിന്നെ ഹലാല്‍ ഭക്ഷണം അല്ലെങ്കില്‍ ഹോട്ടല്‍ എന്ന ബോര്‍ഡ് വെക്കേണ്ടതില്ല.
എന്നാല്‍ ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഹിന്ദു പക്ഷത്തുനിന്ന് ചില ആളുകള്‍ രംഗത്തുവന്നു. എന്നിട്ട് ഹലാല്‍ വിരുദ്ധ ഹോട്ടല്‍, ഹലാല്‍ വിരുദ്ധ ഭക്ഷണം എന്ന ബോര്‍ഡുമായി അവര്‍ പ്രത്യക്ഷപ്പെട്ടു. അതും ശരിയല്ലാത്ത നിലപാടാണ്. അവര്‍ക്ക് വേണമെങ്കില്‍ മനുഷ്യ ഹോട്ടല്‍ അല്ലെങ്കില്‍ മനുഷ്യ ഭക്ഷണം എന്നു വെക്കാം. ഹലാല്‍ ഭക്ഷണം എന്നു വെക്കുന്നതിന്റെ തൊട്ടിപ്പുറത്ത് മനുഷ്യ ഭക്ഷണം എന്നു വെക്കുമ്പോള്‍ പിന്നെ ഹലാല്‍ ഭക്ഷണത്തിന് അവിടെ പ്രസക്തിയേ ഇല്ലാതായി. എല്ലാ മനുഷ്യര്‍ക്കും വരാവുന്ന ഹോട്ടല്‍ ആണ് ഇത് എന്ന് വരുമായിരുന്നു. എന്നാല്‍ ആ രൂപത്തിലല്ല ഹിന്ദു പക്ഷത്ത് നിന്നുള്ള പ്രതികരണമുണ്ടായത്.
ഇപ്പോള്‍ മറ്റൊരു വിഷയം വന്നത് ഓപ്പറേഷന്‍ തീയേറ്ററിലെ മതവസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ്. അതു മാത്രമല്ല, അതിനു മുന്‍പാണ് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പ്രശ്‌നം വന്നത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്. അതു വന്നപ്പോള്‍ മുസ്ലിം ലീഗും മറ്റു ചില മുസ്ലിം സംഘടനകളുമൊക്കെ അതിനെതിരെ ശക്തമായി രംഗത്തിറങ്ങി. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം എന്നു പറഞ്ഞാല്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളെ വസ്ത്രം ധരിപ്പിക്കുന്ന ഏര്‍പ്പാടാണ്, അത് മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമാണ് എന്നു പറഞ്ഞ് അവര്‍ രംഗത്തിറങ്ങി. മുസ്ലിം പെണ്‍കുട്ടികളെ സംബന്ധിച്ചാണെങ്കിലും അമുസ്ലിം പെണ്‍കുട്ടികളെ സംബന്ധിച്ചാണെങ്കിലും അവര്‍ ആണ്‍കുട്ടികളെ പോലെയുള്ള വസ്ത്രം ധരിച്ചു എന്നതുകൊണ്ട് മതമോ വേറെ എന്തെങ്കിലുമോ നഷ്ടപ്പെടുന്നില്ല. മാത്രമല്ല അതു കൂടുതല്‍ സൗകര്യവുമാണ്, അതിനെ എതിര്‍ക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ മതസംഘടനകള്‍ അതിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരമൊരു ആശയത്തിന് എല്ലാവിധ പ്രോത്സാഹനവും കിട്ടേണ്ടതായിരുന്നു. ആദ്യം പ്രോത്സാഹനം കിട്ടിയെങ്കിലും മുസ്ലിം കക്ഷികളൊക്കെ എതിരാണെന്ന് കണ്ടപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തില്‍ നിന്നു തന്നെ പിന്നോട്ടു പോകുന്ന സ്ഥിതിവിശേഷമുണ്ടായി. അതൊക്കെ കഴിഞ്ഞ് കേരളത്തില്‍ കുടുംബശ്രീ ഒരു പ്രതിജ്ഞാ ഗാനം ഉണ്ടാക്കിയിരുന്നു. അതിന്റെ അവസാനത്തില്‍ ലിംഗനീതി, ലിംഗസമത്വം തുടങ്ങിയ ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന വരികളാണ് വരുന്നത്. അതിനെയും മുസ്ലിം സംഘടനകള്‍ എതിര്‍ത്തു. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ കാഴ്ചപ്പാടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന കാഴ്ചപ്പാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്. അതോടൊപ്പം പതിനഞ്ചു വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടി പൊതുവേദിയില്‍ ഉപഹാരം വാങ്ങാന്‍ കയറി വന്നപ്പോള്‍ അതും അനിസ്ലാമികമാണെന്നും, എന്തിന് ഇത്തരം പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് കയറി വരാന്‍ അനുവദിച്ചു എന്ന രൂപത്തിലുള്ള ചോദ്യം ഒരു മുസ്ലിം മതപണ്ഡിതന്റെ ഭാഗത്ത് നിന്നുണ്ടായി.
എന്നാല്‍ ഇപ്പോള്‍ ഏറ്റവും യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു മുസ്ലിം മതപണ്ഡിതനുപോലും അവരുടെ പഴയ യാഥാസ്ഥിതിക നിലപാടുകളെല്ലാം അതേപടി നിലനിര്‍ത്തണമെന്ന് പറയാന്‍ പറ്റുന്നില്ല. കാരണം സമൂഹം അത്രമാത്രം മാറിപ്പോയിരിക്കുന്നു. അറുപത് വര്‍ഷം മുമ്പ് മുസ്ലിം പെണ്‍കുട്ടികള്‍ ഭൗതികവിദ്യാഭ്യാസം നേടേണ്ട മറിച്ച് മദ്രസ വിദ്യാഭ്യാസം മതി എന്നു പറഞ്ഞുകൊണ്ടിരുന്ന പല സംഘടനകളും അവിടെ നിന്ന് എത്രയോ മുന്നോട്ടുപോയി. ഉദാഹരണത്തിന് സുന്നി വിഭാഗത്തിലെ ഒരു ഫ്രാക്ഷനായ കാന്തപുരം വിഭാഗം അവരൊക്കെ തന്നെയാണ് നോളജ് സിറ്റി ഉണ്ടാക്കുന്നത്. കാരണം ഇന്ന് അങ്ങനെ മുന്നോട്ടു പോകാനാവില്ല. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക മത യാഥാസ്ഥിതികത്വം കട്ടപിടിച്ചുനിന്ന രാജ്യമാണ് സൗദി അറേബ്യ. പത്തു വര്‍ഷം മുമ്പ് വരെ അവിടെ സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ അടുത്ത ബന്ധു കൂടെ വേണം. അവിടെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ പാടില്ല. അവര്‍ക്ക് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാന്‍ പാടില്ല. അവര്‍ സ്റ്റേഡിയത്തില്‍ പോകാന്‍ പാടില്ല. അവര്‍ക്ക് വിദ്യാഭ്യാസം പാടില്ല. അങ്ങനെയുള്ള വിലക്കുകള്‍ ഉണ്ടായിരുന്ന സൗദി അറേബ്യയില്‍ ഇപ്പോള്‍ ഈ വിലക്കുകളൊക്കെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ ചാട്ടവാറടി നിരോധിച്ചു. മുസ്ലിം വ്യക്തി നിയമത്തെയും പൊതു സിവില്‍കോഡിനെയും പറ്റി പറയുമ്പോള്‍ പരാമര്‍ശിക്കേണ്ട ഒരു കാര്യമുണ്ട്. സൗദി അറേബ്യയില്‍ ഇസ്ലാമിക നിയമമാണ് നിലവിലുള്ളത്. ഇസ്ലാമിക ശിക്ഷാനിയമം എന്നു പറഞ്ഞാല്‍ അവിടെ ചാട്ടവാറടി പോലുമുണ്ട്. സല്‍മാന്‍ രാജകുമാരന്‍ അവിടെ ചാട്ടവാറടി നിരോധിച്ചപ്പോള്‍ അത് നിരോധിക്കാന്‍ പാടില്ലെന്നു പറഞ്ഞവരുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ അപരിഷ്‌കൃതമാണ് എന്ന രൂപത്തിലേക്ക് അവര്‍ മാറി.
പൊതു വ്യക്തി നിയമം വരുമ്പോള്‍ മുസ്ലിം സംഘടനകളെല്ലാം അതിനെ എതിര്‍ക്കുന്നു. അവരുടെ മതപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നു പറയുന്നു. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ 1861 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ പൊതു ശിക്ഷാനിയമം വന്നു. അതിനുമുമ്പ് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരുടേതായ ശിക്ഷാനിയമങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ ഇല്ലാതായി. എല്ലാവര്‍ക്കും തുല്യ രൂപത്തിലുള്ള ശിക്ഷാനിയമങ്ങള്‍ ഉണ്ടായി. ഇസ്ലാമിക ശിക്ഷാനിയമം പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞുകൊണ്ട് എന്തുകൊണ്ടാണ് ഈ മുസ്ലിം സംഘടനകള്‍ ഒന്നും രംഗത്ത് വരാത്തത്? അതായത് കട്ടവന്റെ കൈ വെട്ടണം, വ്യഭിചരിച്ചവനെ എറിഞ്ഞു കൊല്ലണം, ചാട്ടവാറടി വേണം തുടങ്ങി ഒരുപാട് ശിക്ഷാ നിയമങ്ങള്‍ ഇസ്ലാമില്‍ ഉണ്ട്. അതൊക്കെ ഇസ്ലാമികമാണ് എന്നാണ് ഇവരൊക്കെ പറഞ്ഞു കൊണ്ടിരുന്നത്. അത് ഇസ്ലാമികമല്ല എന്ന് അവര്‍ ഇപ്പോള്‍ പറയുന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് പൊതു സിവില്‍ കോഡ് പാടില്ല എന്നു പറയുന്നതുപോലെ മുസ്ലിങ്ങള്‍ക്ക് പൊതു ക്രിമിനല്‍ കോഡും പാടില്ല എന്ന് അവര്‍ പറയാത്തത്? ഇറാനിലൊക്കെ എത്ര പേരെയാണ് ഈ അടുത്ത കാലത്ത് ഭരണകൂടം വധിച്ചത്. അതുപോലെ മുസ്ലിങ്ങള്‍ക്ക് ഇസ്ലാമിക ശിക്ഷാ വിധി നടപ്പാക്കണം എന്ന് ഇവര്‍ പറയേണ്ടതല്ലേ? അത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് അവര്‍ക്കറിയാം. മറ്റേത് സ്ത്രീകള്‍ക്ക് മാത്രമേ ദോഷം ചെയ്യൂ എന്നും അവര്‍ക്കറിയാം. മുസ്ലിം വ്യക്തി നിയമത്തിലെ പുരുഷമേധാവിത്വം മുസ്ലിം സ്ത്രീകളെ മാത്രം ബാധിക്കുന്ന വിഷയമാണ്. അത് ഒഴിവാക്കുന്നതിനെയാണ് മതസംഘടനകള്‍ എതിര്‍ക്കുന്നത്.
കേരളത്തില്‍ പ്രത്യേകിച്ചും, ഗള്‍ഫ് പണത്തിന്റെ വരവോടുകൂടി മുസ്ലിങ്ങളില്‍ നല്ലൊരുഭാഗം സമ്പന്നരായി. അപ്പോഴാണല്ലോ ഈ വിദ്യാഭ്യാസ കാര്യങ്ങളൊക്കെ വരുന്നത്. നേരത്തെ മുസ്ലിം സമുദായത്തില്‍ നിന്ന് മെഡിക്കല്‍, എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ സിവില്‍ സര്‍വീസ് രംഗത്തേക്ക് വന്നുകൊണ്ടിരുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. ഇപ്പോള്‍ നമ്മുടെ മെഡിക്കല്‍ കോളജുകളില്‍, എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒക്കെ പഠിക്കുന്ന പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗം മുസ്ലിം പെണ്‍കുട്ടികളാണ്. ഇന്ന് ഐഎഎസ്, ഐഎഫ്എസ് പരീക്ഷയെഴുതുന്ന കൂട്ടത്തില്‍ ധാരാളം മുസ്ലിം പെണ്‍കുട്ടികളുണ്ട്. സമ്പത്ത് വരുമ്പോഴാണ് കാര്യങ്ങള്‍ മാറുന്നത്. അങ്ങനെ ഇപ്പോള്‍ കേരളീയസമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ മാറുമ്പോള്‍ മതപണ്ഡിതന്മാര്‍ക്കൊന്നും അവരുടെ പഴയ യാഥാസ്ഥിതികത്വ നിലപാടുകള്‍ നിലനിര്‍ത്താന്‍ കഴിയില്ല. പക്ഷേ അപ്പോഴും അവര്‍ അതിനുവേണ്ടി ശ്രമിച്ചു നോക്കുകയാണ്. അതിപുരുഷ ഇസ്ലാമിന്റെ സ്വാധീനം ചെറിയ രൂപത്തിലാണെങ്കിലും അവരില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ നീതിനിഷേധത്തിന്റെ ഇരയായാണ് അബ്ദുള്‍ നാസര്‍ മദനിയെ ഇരുമുന്നണികളും അവതരിപ്പിക്കുന്നത്. മദനിയുടെ നീതിനിഷേധത്തെക്കുറിച്ച് വാചാലമാകുന്ന രാഷ്ട്രീയ കക്ഷികള്‍ പ്രൊഫ. ടി.ജെ. ജോസഫ് നേരിട്ട നീതിനിഷേധത്തെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു. ഇത് ശരിയാണോ?
♠ഒട്ടും ശരിയല്ല. നീതി നിഷേധിക്കപ്പെടുന്ന എല്ലാവരുടെയും പക്ഷത്തുനിന്നുകൊണ്ടു വേണം സംസാരിക്കാന്‍. അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതുപോലെ നീതി നിഷേധിക്കപ്പെടുന്ന ഒട്ടേറെ വ്യക്തികള്‍ ഇവിടെയുണ്ട്. ജീവിക്കാനുള്ള അവകാശം തന്നെ എടുത്തുകളയുന്നതാണ് ഏറ്റവും വലിയ നീതിനിഷേധം. ചേകന്നൂര്‍ മൗലവിയുടെ കാര്യത്തില്‍ ജീവിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. സത്യത്തില്‍ അതല്ലേ ഏറ്റവും വലിയ നീതിനിഷേധം? മദനിയുടെ ജീവിക്കാനുള്ള അവകാശം ആരും നിഷേധിച്ചിട്ടില്ല. അതുപോലെ തൊടുപുഴ ന്യൂമാന്‍സ് കൊളേജിലെ ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റി. ഏതു കുറ്റത്തിന്റെ പേരില്‍ എന്നുകൂടി നോക്കണം. ബിഎ ക്ലാസില്‍ ക്ലാസ് ടെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേരു വന്നുപോയി എന്ന ഒറ്റക്കാരണം കൊണ്ട് അത് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്, ഇസ്ലാമിനെ അവഹേളിക്കുന്നതാണ് എന്നു പറഞ്ഞിട്ടാണ് അന്ന് ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. അത് ഏറ്റവും വലിയ നീതിനിഷേധമല്ലേ? കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല അദ്ദേഹത്തോട് നീതിനിഷേധം കാണിച്ചത് എന്നും പറയണം. ക്രൈസ്തവ മാനേജ്‌മെന്റ് അദ്ദേഹത്തിന് ജോലിയില്‍ പുനര്‍നിയമനം നല്‍കാന്‍ തയ്യാറായില്ല. അവര്‍ അതു ചെയ്യണമായിരുന്നു. പക്ഷേ അതുണ്ടായില്ല. അങ്ങനെ അദ്ദേഹം കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് ഡിസ്മിസ് ചെയ്യപ്പെട്ടു. ആ ഒരു കാരണം കൊണ്ട് ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നിടത്തേക്ക് പോലും കാര്യങ്ങള്‍ മാറി. അത്രയും ക്രൂരമായി ക്രൈസ്തവ മാനേജ്‌മെന്റ് അന്ന് അദ്ദേഹത്തോട് പെരുമാറി. അത് ഏറ്റവും വലിയ നീതിനിഷേധമാണ്. രണ്ടുകൂട്ടരും ജോസഫ് സാറിന് നീതിനിഷേധിച്ചു.
മുസ്ലിം ലീഗ് മതേതരകക്ഷിയാണെന്ന് അടുത്തിടെ രാഹുല്‍ഗാന്ധി പ്രസംഗിച്ചിരുന്നു. നിലവിളക്ക് കൊളുത്തുന്നതിനെ ഹറാമായി കാണുന്ന, ഗംഗ എന്ന ഔദ്യോഗിക വസതിയുടെ പേരിനെ പോലും തിരസ്‌കരിച്ച മന്ത്രിമാരുള്ള, മാറാട് കലാപത്തില്‍ വരെ ആരോപണവിധേയരായി നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് കരുതാനാവുമോ?
♠വര്‍ഗീയ പാര്‍ട്ടിക്ക് ഞാന്‍ നല്‍കുന്ന ഒരു നിര്‍വ്വചനമുണ്ട്. മത വികാരത്തിന്റെയോ സമുദായ വികാരത്തിന്റെയോ പിന്‍ബലമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയെയാണ് ഞാന്‍ വര്‍ഗീയ പാര്‍ട്ടി എന്നു പറയുന്നത്. അത് മുസ്ലിം പാര്‍ട്ടി ആയാലും ക്രിസ്ത്യന്‍ പാര്‍ട്ടി ആയാലും ഹിന്ദു പാര്‍ട്ടി ആയാലും. മുസ്ലിം ലീഗ് അല്ലെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് പോലുള്ള ഒരു പാര്‍ട്ടിക്ക് മുസ്ലിം മതവികാരവും മുസ്ലിം സമുദായ വികാരവും ഇല്ലാതെ നിലനില്‍പ്പില്ല. എല്ലാ വര്‍ഗീയ പാര്‍ട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ മുസ്ലിംലീഗ് എന്നു പറഞ്ഞാല്‍ ഒന്നാന്തരം വര്‍ഗീയ പാര്‍ട്ടിയാണ്. കേരളത്തില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നു. അതുകൊണ്ട് മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നു കോണ്‍ഗ്രസ് പറയും. അതേസമയം ഇന്ത്യന്‍ നാഷണല്‍ ലീഗ് കേരളത്തില്‍ സിപിഎമ്മിന്റെ കൂടെയാണ്. അതുകൊണ്ട് സിപിഎം പറയുന്നത് ഇന്ത്യന്‍ നാഷണല്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നാണ്. ഞാന്‍ പറയുന്നത് ഈ രണ്ടും വര്‍ഗീയ പാര്‍ട്ടിയാണെന്നാണ്. ഈ രണ്ടിനും നിലനില്‍ക്കാന്‍ മതവികാരം വേണം. അതുപോലെ ബിജെപിയും വര്‍ഗീയ പാര്‍ട്ടി തന്നെയാണ് എന്നാണ് ഞാന്‍ പറയുക. അവര്‍ക്കും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നിലനിര്‍ത്താന്‍ മതവികാരത്തിന്റെ സഹായം വേണം. അതെടുത്തു കളഞ്ഞാല്‍ അവര്‍ക്ക് നിലനില്‍പ്പില്ല. പിന്നെ രാഹുല്‍ഗാന്ധി ലീഗിനെക്കുറിച്ച് പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നതുകൊണ്ട് മാത്രം മുസ്ലിം ലീഗിനെ അദ്ദേഹം മതേതര പാര്‍ട്ടിയായി ചിത്രീകരിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ രാഹുല്‍ഗാന്ധി ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണമെന്നാണ് ഞാന്‍ പറയുക. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ജവര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1956- 57 കാലത്ത് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വളരെ പ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. ആ പ്രസംഗത്തില്‍ നെഹ്റു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര (dead horse) എന്നാണ്. അതായിരുന്നു ലീഗിനെ കുറിച്ചുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാട്. അത് രാഹുല്‍ഗാന്ധി ഓര്‍ക്കുന്നത് നല്ലതാണ്. ലീഗിനെ ചത്തകുതിര എന്നു നെഹ്റു വിശേഷിപ്പിച്ചപ്പോള്‍ അന്ന് മുസ്ലിം ലീഗിന്റെ യുവനേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയ മറുപടി പറഞ്ഞത് മുസ്ലിംലീഗ് ചത്ത കുതിരയല്ല, ഉറങ്ങുന്ന സിംഹമാണ് (Sleeping Lion) എന്നാണ്. അന്നു നെഹ്റു പറഞ്ഞ കാര്യങ്ങളൊന്നും ഗ്രഹിക്കാതെ ഇപ്പോള്‍ കേരളത്തില്‍ അവരുടെ കൂടെ നില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ലീഗിന് മതേതര പട്ടം നല്‍കുകയാണ് രാഹുല്‍ഗാന്ധി ചെയ്യുന്നത്.
കേരളത്തില്‍ മതേതരമെന്ന് അവകാശപ്പെടുന്ന കക്ഷികള്‍ കൃത്യമായി മതപ്രീണനം നടത്തുകയും മതവര്‍ഗീയതയ്ക്ക് കുടപിടിക്കുകയുമല്ലേ? ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാനുള്ള അടവുനയങ്ങളാണ് സിപിഎം വളരെക്കാലമായി ആവിഷ്‌കരിച്ചു വരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുസ്ലിങ്ങളില്ല എന്നായിരുന്നു ഒരിക്കല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപം?
♠കേരളത്തിന്റെ ജനസംഖ്യയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. കേരളത്തിന്റെ ജനസംഖ്യയില്‍ ഏതാണ്ട് 54 ശതമാനത്തോളം ഹിന്ദുക്കള്‍ ആയിരിക്കും. 27% എങ്കിലും മുസ്ലിങ്ങളാണ്. പിന്നെ ക്രൈസ്തവരും മറ്റും ആണ്. അപ്പോള്‍ കേരളത്തിലെ ജനസംഖ്യയില്‍ ന്യൂനപക്ഷം എന്നു പറയുന്നവര്‍ ഏതാണ്ട് 45 ശതമാനത്തോളം വരും. ഇവിടുത്തെ ഭൂരിപക്ഷ- ന്യൂനപക്ഷ അനുപാതം ഏതാണ്ട് തുല്യമാണ് എന്നര്‍ത്ഥം. ഇവിടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ വളരെ നിര്‍ണായകമായ ഘടകമാണ്. അതുകൊണ്ട് കോണ്‍ഗ്രസായാലും സിപിഎമ്മായാലും ഈ രണ്ടു വിഭാഗത്തെയും കൂട്ടുപിടിച്ചുകൊണ്ടാണ് എല്ലാകാലത്തും അവരുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. കാരണം അവര്‍ക്ക് വിജയിക്കണമെങ്കില്‍ ഈ രണ്ടുകൂട്ടരില്‍ നിന്ന് കൂടി വോട്ട് കിട്ടേണ്ടതുണ്ട്. അതുപോലെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും ഹിന്ദുക്കളാണ്. അപ്പോള്‍ ഹിന്ദുക്കളുടെ വോട്ടുകള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അടുത്ത കാലത്ത് ബിജെപിക്കും കൂടിയായി ഭിന്നിക്കപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മിനും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനും ന്യൂനപക്ഷങ്ങളുടെ വോട്ട് കൂടിയേതീരൂ. അപ്പോള്‍ ന്യൂനപക്ഷങ്ങളായ മുസ്ലിം ന്യൂനപക്ഷത്തെയും ക്രൈസ്തവ ന്യൂനപക്ഷത്തെയും പ്രീതിപ്പെടുത്തിക്കൊണ്ടുപോവുക എന്നതാണ് കേരളത്തിലെ മതേതര പാര്‍ട്ടികള്‍ എത്രയോ കാലമായി സ്വീകരിച്ചു വരുന്ന നയം. അത് ഇപ്പോഴും തുടരുകയാണ്. അക്കാര്യത്തില്‍ ആണ് അവര്‍ തമ്മില്‍ മത്സരമുള്ളത്. അപ്പോള്‍ ഓരോ വിഷയത്തിലും ന്യൂനപക്ഷം എവിടെ നില്‍ക്കുന്നു എന്നത് നോക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ അവര്‍ക്ക് ഇവിടെ ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് രണ്ടുകൂട്ടരും കരുതുന്നത്. അതുകൊണ്ട് രണ്ടു കൂട്ടരും ന്യൂനപക്ഷങ്ങളെ അവിഹിതമായി പ്രീതിപ്പെടുത്തിക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. തീര്‍ച്ചയായും അത് മതേതരത്വത്തിന് അനുകൂലമല്ല. അത് മതേതരത്വത്തിന്റെ ശോഭ കെടുത്തുന്ന, അതിന്റെ ശക്തികെടുത്തുന്ന ഒരു പ്രവണത തന്നെയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും പിന്നീടുണ്ടായ നിരോധനവും ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ എന്തൊക്കെയാണ്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാവി എന്തായിരിക്കും?
♠പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം വലിയ കാര്യമൊന്നുമില്ല. കാരണം പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. അത് നിരോധിക്കപ്പെട്ടിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ തന്നെയാണ് എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐയെ നിയന്ത്രിച്ചിരുന്നത് പോപ്പുലര്‍ ഫ്രണ്ട് ആണ്. അതുപോലെ എസ്ഡിപിഐ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നയപരിപാടികള്‍ ഒക്കെ രൂപീകരിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നത്. രണ്ടു കൂട്ടരും ഒന്നുതന്നെയാണ്. അതുകൊണ്ട് എസ്ഡിപിഐ നിരോധിക്കപ്പെടാത്തോളം കാലം പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം നിരോധിച്ചതുകൊണ്ട് വലിയ വിശേഷമൊന്നുമില്ല. ഏതാണ്ട് 2020 നു ശേഷം കേരളത്തില്‍ മതമൗലികവാദ സംഘടനകള്‍ക്കൊന്നും കാര്യമായി അവരുടെ ആശയ പ്രചാരണങ്ങള്‍ കൊണ്ട് മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരത്തെ മദനി രംഗത്ത് വന്നകാലത്ത്, 1990 ല്‍ ബാബറി മസ്ജിദ്- രാമജന്മഭൂമി ക്ഷേത്ര പ്രശ്‌നം ഒക്കെ കത്തിനിന്നപ്പോള്‍ വളരെ തീവ്രമായ പ്രസംഗങ്ങളിലൂടെ ഒരുപാട് മുസ്ലിം യുവാക്കളെ തന്റെ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ മദനിക്ക് സാധിച്ചിരുന്നു. അതുപോലെയൊന്നും ഇപ്പോഴുള്ള മുസ്ലിം ചെറുപ്പക്കാരെ കൊണ്ടുപോകാന്‍ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതിനു പല കാരണങ്ങളുണ്ടാവാം. രാഷ്ട്രീയ സാഹചര്യത്തില്‍ വന്ന മാറ്റങ്ങള്‍ ഒരു കാരണം ആയിരിക്കും. അതുപോലെ പഴയതുപോലെ അവര്‍ക്ക് വൈദേശിക സ്രോതസ്സുകളില്‍ നിന്ന് സാമ്പത്തിക സഹായം കിട്ടാത്ത അവസ്ഥ നിലവില്‍ വന്നിട്ടുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് പല മുസ്ലിം മതമൗലികവാദ പ്രസ്ഥാനങ്ങള്‍ക്കും വലിയ അളവില്‍ വിദേശ സ്രോതസ്സുകളില്‍ നിന്ന് ഫണ്ട് ലഭിച്ചു പോന്നിട്ടുണ്ട്. അങ്ങനെ ഇപ്പോള്‍ ഫണ്ട് ലഭിക്കുന്നില്ല. ഫണ്ട് ഇല്ലാതെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ക്കൊന്നും കഴിയില്ല. അതിന്റെ ഒരു മന്ദീഭാവം തീര്‍ച്ചയായിട്ടും ഈ സംഘടനകള്‍ക്കൊക്കെയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
താങ്കള്‍ ഇപ്പോള്‍ എഴുപത്തഞ്ച് വയസ്സ് പിന്നിടുകയാണ്. അരനൂറ്റാണ്ട് കാലത്തെ മതരാഷ്ട്രീയ വിമര്‍ശനം താങ്കള്‍ക്ക് സമ്മാനിച്ച വെല്ലുവിളികളും പഠിപ്പിച്ചപാഠങ്ങളും എന്തൊക്കെയാണ്?
♠മതരാഷ്ട്രീയത്തെ അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുമ്പോള്‍ ഒക്കെ ഞാന്‍ വിമര്‍ശിക്കുന്നത് ഇസ്ലാമിനെ തന്നെയാണ് എന്നു പറഞ്ഞുവെക്കുകയാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ ചെയ്യുന്നത്. അവര്‍ ഇക്കാര്യം പറയുമ്പോള്‍ മറ്റു മുസ്ലിം മത സംഘടനകളും അത് ഏറ്റെടുക്കും. ഇസ്ലാമിക ഭരണം എന്ന കാഴ്ചപ്പാട് അഥവാ ഇസ്ലാമികരാഷ്ട്രം വേണമെന്ന കാഴ്ചപ്പാട് ജനാധിപത്യ വിരുദ്ധമാണെന്നും അത് ആധുനിക സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും ഒക്കെ ഞാന്‍ പറയുമ്പോള്‍ ഇസ്ലാം ആധുനിക സമൂഹത്തിന് യോജിച്ചതല്ല എന്നാണ് ഞാന്‍ പറയുന്നതെന്ന് ജമാഅത്തെ ഇസ്ലാമിക്കാര്‍ വരുത്തിത്തീര്‍ക്കുന്നു. അത് മറ്റു സംഘടനകളും ഏറ്റെടുക്കുന്നു. 1981 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ഇസ്ലാമിക ഫണ്ടമെന്റലിസം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. മലയാളത്തിലെ ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തുറന്നുകാട്ടുന്ന ആദ്യത്തെ ലേഖനമായിരുന്നു അത്. അതിനുമുന്‍പ് പി.പി. ഉമ്മര്‍കോയ മാതൃഭൂമി പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ട കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഒരാളും ആര്‍എസ്എസിനെക്കുറിച്ച് മറ്റൊരാളും ലേഖനം എഴുതി. അതില്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് എഴുതിയത് പി.പി. ഉമ്മര്‍കോയ ആയിരുന്നു. അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നു, ഗാന്ധിയനായിരുന്നു. ആദ്യകാലത്ത് കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതായിരുന്നു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ വന്ന ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്ന ആദ്യലേഖനം. എഡിറ്റോറിയല്‍ പേജില്‍ ഒരു ചെറിയ കുറിപ്പായിട്ടാണ് അതു വന്നത്. മലയാളത്തില്‍ വിശദമായി ജമാഅത്തെ ഇസ്ലാമിയെ തുറന്നുകാണിക്കുന്ന ഒരു ലേഖനമെഴുതുന്നത് ഞാനാണ്. 1981-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. അത് അവര്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. കാരണം അതുവരെ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ തുറന്ന് എതിര്‍ക്കപ്പെട്ടിട്ടില്ല. അതുവരെ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് എഴുതിക്കൊണ്ടിരുന്നതൊക്കെ ജമാഅത്തെ ഇസ്ലാമിയോട് യോജിപ്പില്ലാത്ത മുജാഹിദുകളും സുന്നികളും മാത്രമാണ്. അതായത് ഇസ്ലാമിക മത കേന്ദ്രങ്ങളില്‍ നിന്നു മാത്രമാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നത്. അതല്ലാതെ മതേതര കേന്ദ്രത്തില്‍നിന്ന് ഒരു വിമര്‍ശന ലേഖനം ഞാന്‍ എഴുതിയപ്പോള്‍ ഒരുപാട് ഭീഷണി കത്തുകള്‍ എനിക്കു ലഭിച്ചു. ഒരു ഘട്ടത്തില്‍ ‘ഞങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലെ അടുത്തയാള്‍ നീയാണ്’ എന്നുള്ള ഒരു കത്ത് ലഭിച്ചു. ഇതുകൂടാതെ പൊതുസമൂഹത്തില്‍ നിന്ന് എന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായി. പൊതുവേ എന്റെ ഗ്രാമത്തില്‍ മുസ്ലിം സാംസ്‌കാരിക പരിസരമാണുള്ളത്. അവിടെ എന്നെ എങ്ങനെയൊക്കെ തടയാമോ, എങ്ങനെയൊക്കെ താഴ്ത്തിക്കെട്ടാമോ അതൊക്കെ ജമാഅത്തെ ഇസ്ലാമിയും അവരോട് ചേര്‍ന്നു നിന്ന മറ്റു സംഘടനകളും ചെയ്തുകൊണ്ടിരുന്നു. അവിടെ മാത്രമല്ല മറ്റെല്ലായിടത്തും എന്നെ എങ്ങനെ ഒക്കെ അവഗണിക്കാമോ അരികുവല്‍ക്കരിക്കാമോ അതിനുള്ള ശ്രമവും അന്നുതൊട്ട് ഇന്നുവരെ അവര്‍ നടത്തിപ്പോന്നിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയെയും മതമൗലികവാദത്തെയും ഒക്കെ എതിര്‍ക്കുമ്പോള്‍ ചിലര്‍ താങ്കളെ മൃദുഹിന്ദുത്വവാദി എന്നു വിമര്‍ശിക്കാറുണ്ടല്ലോ?
♠അതേക്കുറിച്ച് പറയുമ്പോള്‍, ഏതാണ്ട് ഒരു മുപ്പതു വര്‍ഷം മുന്‍പ് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ മതവും മാതൃരാജ്യവും തമ്മില്‍ സംഘട്ടനമുണ്ടാവുമ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്ന ഒരു ചോദ്യം ഞാന്‍ ഉന്നയിച്ചു. ഉദാഹരണത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടാകുമ്പോള്‍ പാകിസ്ഥാന്‍ ഒരു മുസ്ലിം രാഷ്ട്രമാണ് എന്നതുകൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങള്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്നായിരുന്നു ചോദ്യം. അവര്‍ നില്‍ക്കേണ്ടത് ഇന്ത്യയുടെ ഭാഗത്താണ് എന്നു ഞാന്‍ പറഞ്ഞു. കാരണം അവരുടെ സ്വന്തം രാജ്യം ഇന്ത്യയാണ്. മതവും മാതൃരാജ്യവും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അവിടെ സ്വന്തം മതത്തിനു ഭൂരിപക്ഷമുള്ള രാഷ്ട്രത്തോടൊപ്പമല്ല മറിച്ച് മാതൃരാജ്യത്തോടോപ്പമാണ് മുസ്ലിങ്ങള്‍ നില്‍ക്കേണ്ടത് എന്നു ഞാന്‍ എഴുതി. എന്റെ ഈ അഭിപ്രായം വന്നപ്പോള്‍ അക്കാലത്ത് ‘കേസരി’യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ‘ഇത്തരമൊരു അഭിപ്രായം പറഞ്ഞ ഹമീദിനെ പോലുള്ളവര്‍ കണ്ണിലുണ്ണിയെപ്പോലെ സംരക്ഷിക്കപ്പെടേണ്ടവരാണ്’ എന്ന് ആരോ അഭിപ്രായപ്പെട്ടു. ഇതുവെച്ച് പിന്നീട് ജമാഅത്തെ ഇസ്ലാമിക്കാര്‍ എന്നെ ആര്‍എസ്എസിന്റെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെക്കുന്നതുപോലുള്ള ഇസ്ലാമിക രാഷ്ട്രം അല്ലെങ്കില്‍ ഇസ്ലാമിക ഭരണം അല്ലെങ്കില്‍ മതഭരണം എന്നീ സങ്കല്പങ്ങള്‍ ആര് ഉയര്‍ത്തിയാലും അത് ഏതു സമുദായത്തില്‍പ്പെട്ടവര്‍ ഉയര്‍ത്തിയാലും അത് വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നതാണ് എന്റെ എക്കാലത്തെയും അഭിപ്രായം. ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ തരം വര്‍ഗീയവാദവും മതമൗലികവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ട്.