എന്റെ വിരലടയാളം (ആത്മകഥ)
പി.ആര്‍. നാഥന്‍
പൂര്‍ണ പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 236 വില: 290 രൂപ
ഫോണ്‍: 0495-2720085
സാഹിത്യ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളുടെ സാംസ്‌കാരിക ജീവിതത്തെ ധന്യമാക്കുന്ന വ്യക്തിയാണ് പി.ആര്‍. നാഥന്‍ എന്ന പയ്യനാട്ട് രവീന്ദ്രനാഥന്‍ നായര്‍. ‘എന്റെ വിരലടയാളം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ, ബഹുമുഖമായ ആ സാംസ്‌കാരിക ജീവിതത്തെ വായനക്കാര്‍ക്കു മുമ്പില്‍ ഹൃദ്യമായി അവതരിപ്പിക്കുന്നു.
തത്വചിന്താപരമായ രചനകള്‍ കൊണ്ട് മലയാള കഥയെ ദാര്‍ശനികതലത്തിലേക്ക് ഉയര്‍ത്തിയ എഴുത്തുകാരനായിട്ടാണ് നിരൂപകര്‍ പി.ആര്‍. നാഥനെ വിശേഷിപ്പിക്കുന്നത്. കഥ, നോവല്‍, യാത്രാവിവരണം, തത്വചിന്ത എന്നീ വിഭാഗങ്ങളിലായി അറുപത്തിയാറ് ഗ്രന്ഥങ്ങള്‍ എഴുതിയ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അന്‍പത്തി യൊന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എണ്‍പത് റേഡിയോ നാടകങ്ങള്‍ രചിച്ച അദ്ദേഹം സംഗീത നാടക അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ആര്‍.നാഥന്‍ രചിച്ച ‘ചാട്ട’ എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ അത് സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ഭരതനാണ്. അങ്ങാടിപ്പാട്ട്, പകല്‍വീട് തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷന്‍ സീരിയലുകളുടെ തിരക്കഥ രചിച്ചുകൊണ്ട് ഈ രംഗത്തും സാംസ്‌കാരികമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അമൃത ചാനലില്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി തുടരുന്ന ‘ധന്യമീ ദിനം’ എന്ന പ്രഭാഷണ പരിപാടിയിലൂടെ മലയാളിയുടെ നിത്യജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ നാഥന്‍ ധന്യമാക്കിക്കൊണ്ടിരിക്കുന്നു.
1946 ജൂണ്‍ 16 ന് പട്ടാമ്പിക്കടുത്തുള്ള കീഴായൂര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം ടെലി കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ശേഷം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തും കോഴിക്കോട്ടും സേവനമനുഷ്ഠിച്ചു. കോഴിക്കോട് മാങ്കാവില്‍ സ്ഥിരതാമസമാക്കിയ ശേഷം ജോലി രാജിവെച്ച് മുഴുവന്‍ സമയ സാഹിത്യ പ്രവര്‍ത്തകനായി. ഭാരതത്തിലും വിദേശത്തുമായി പതിനായിരത്തോളം വേദികളില്‍ തത്വചിന്താപരമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന വസ്തുതയില്‍ നിന്നുതന്നെ അദ്ദേഹം നയിച്ചുവരുന്ന സാംസ്‌കാരിക ജീവിതത്തിന്റെ വൈപുല്യം ഊഹിക്കാവുന്നതാണ്.
തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം അനുക്രമമായി ഗ്രന്ഥകാരന്‍ വിവരിക്കുമ്പോള്‍ അത് കഴിഞ്ഞ കാലത്തിലൂടെയുള്ള ഒരു യാത്രയായി വായനക്കാരനും അനുഭവപ്പെടുന്നു. നാഥന്റെ കുട്ടിക്കാലം കേരളത്തില്‍ ദാരിദ്ര്യം അതിന്റെ നെല്ലിപ്പടി കണ്ട കാലം കൂടിയായിരുന്നു. അച്ഛന്‍ അദ്ധ്യാപകനായിരുന്നിട്ടു കൂടി ജീവിക്കാന്‍ വളരെ പാടുപെടേണ്ട അവസ്ഥയായിരുന്നു. അദ്ദേഹം എഴുതിയത് നോക്കുക: ‘അന്ന് സ്‌കൂളുകളില്‍ ഉച്ചഭക്ഷണമില്ല. രാവിലത്തെ ആഹാരം പോലും കഴിക്കാത്ത കുട്ടികളുണ്ടാകും. വെള്ളച്ചോറാണ് പലരുടെയും ആഹാരം. ഉപയോഗം തീര്‍ന്ന ചായപ്പൊടിയുടെ ചണ്ടി വീട്ടില്‍ വന്ന് ശേഖരിച്ചു പോകുന്നവരുണ്ട്. അവരത് ഉണക്കി വെച്ച ശേഷം ആ പൊടി കൊണ്ട് ചായ ഉണ്ടാക്കും’ (പേജ്44).
കേരളത്തിലെ മിക്ക സാഹിത്യകാരന്മാരുമായും സിനിമാ പ്രവര്‍ത്തകരുമായും ഗ്രന്ഥകാരനുള്ള പരിചയം പല അദ്ധ്യായങ്ങളിലായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്ന കെ. പെരച്ചേട്ടനെ കുട്ടിക്കാലത്ത് പരിചയപ്പെട്ടതിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: ‘കമ്മ്യൂണിസ്റ്റ് ഭ്രമം നിറഞ്ഞ മനസ്സുമായി ഒത്തുകൂടുന്ന കുട്ടികള്‍ക്കിടയിലേക്ക് അരോഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും വേഷം. ഭംഗിയുള്ള മീശ. കുലീനത്വമുള്ള പുഞ്ചിരി. അത് പെരച്ചേട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍. എസ്.എസ്. പ്രവര്‍ത്തകനാണ്. കമ്മ്യൂണിസ്റ്റുകാരെ പോലെ ആര്‍.എസ്. എസ്സുകാരും പട്ടാമ്പിയില്‍ സജീവമായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ പന്തയ്ക്കലെ അമ്പല പരിസരത്തേക്ക് അദ്ദേഹം കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പന്തയ്ക്കല്‍ പറമ്പില്‍ പടര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുണ്ട്. ആ വൃക്ഷത്തിന്റെ തണലില്‍ പെരച്ചേട്ടന്‍ കുട്ടികളെ ഇരുത്തി പുരാണ കഥകള്‍ പറയും. പെരച്ചേട്ടനെപ്പോലെ മാന്യനും സഹൃദയനുമായ ഒരു യുവാവ് കുട്ടികളായ ഞങ്ങളെ പേരെടുത്ത് വിളിച്ച് അംഗീകരിക്കുമ്പോള്‍ സന്തോഷം തോന്നും. പെരച്ചേട്ടന്‍ പറഞ്ഞു തന്ന കഥകള്‍ മറ്റു പലരോടും പറയും’ (പേജ് 44). മാധവ്ജിയുമായുള്ള അടുപ്പവും പുസ്തകത്തില്‍ പറയുന്നുണ്ട്.
കേസരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹിത്യകാരനാണ് പി.ആര്‍.നാഥന്‍. അദ്ദേഹത്തിന്റെ ആദ്യ കഥയായ ‘കളിത്തോക്ക്’ പ്രസിദ്ധീകരിച്ചത് കേസരിയിലാണെന്ന കാര്യം ആമുഖത്തില്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. ‘അന്‍പത്തഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒരു പ്രസിദ്ധീകരണത്തിന്റെ ഓണപ്പതിപ്പില്‍ ഞാന്‍ കഥയെഴുതിയിട്ടുണ്ട്’ എന്ന് അദ്ദേഹം പറയുമ്പോള്‍ ആ പ്രസിദ്ധീകരണം കേസരിയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വായനക്കാര്‍ക്ക് ഊഹിക്കാന്‍ കഴിയും. മലയാള സാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പി. ആര്‍. നാഥന്‍ തന്റെ ആത്മകഥയിലൂടെ ആ സംഭാവനകള്‍ ഭാവിതലമുറകള്‍ക്കുവേണ്ടി രേഖപ്പെടുത്തിവെച്ചതായും കാണാം.