പ്രശ്‌നോപനിഷത്തിലെ ഗുരുശ്രേഷ്ഠനാണ് പിപ്പലാദ മഹര്‍ഷി. അദ്ദേഹത്തിന്റെ ഗുരുകുലത്തിലെത്തി കൗമാരപ്രായക്കാര്‍ ചോദിക്കും: ‘ഗുരോ ഞങ്ങള്‍ക്കു സത്യമറിയണം, പഠിക്കണം.’ വിനയാന്വിതനായി അദ്ദേഹം മെല്ലെ പറയും: ”ആവതു പഠിപ്പിക്കാം.” അഡ്മിഷനും പ്രവേശനോത്സവവും കഴിഞ്ഞു. ഗംഭീരോദാരമായ ക്ലാസ്സുകള്‍. ഒക്കെയും പഠിപ്പിച്ചുകഴിഞ്ഞ് സാത്വികമന്ദഹാസത്തോടെ മഹര്‍ഷി പറയും: ”എനിക്കിത്രമാത്രമേ പഠിപ്പിക്കാനുള്ളൂ.” അകം നിറഞ്ഞ ബ്രഹ്‌മചാരികള്‍ നമസ്‌ക്കരിച്ചുകൊണ്ട് ഒന്നിച്ചുപറയും: ”നമഃ പരമ ഋഷിഭ്യഃ നമഃ പരമ ഋഷിഭ്യോഃ” പരമര്‍ഷികള്‍ക്കു നമസ്‌കാരം! നമസ്‌കാരം!
മറ്റൊരു പ്രാചീന സര്‍വകലാശാല. അവിടെ ബിരുദദാനച്ചടങ്ങുണ്ട്. വൈസ് ചാന്‍സലര്‍ കൂടിയായ പരമാചാര്യന്റെ കോണ്‍വെക്കേഷണല്‍ അഡ്രസ്സിലെ പ്രാരംഭവചനങ്ങളിങ്ങനെ: ”സത്യം വദ! ധര്‍മ്മം ചര!….. പ്രജാതന്തും മാ വ്യവച്ഛേത്സി….” വിദ്യാര്‍ത്ഥി സത്യവാദിയും ധര്‍മ്മചാരിയും ആവണം. വിഷയാര്‍ത്ഥി ആവരുത്. പ്രജാതന്തുവിനെ വിച്ഛേദിക്കാതിരിക്കുക. അതായത് ഗൃഹസ്ഥാശ്രമിയാവണം, കുടുംബജീവിതം നയിക്കണം. നാം പഠിച്ചവയൊക്കെയും തേജസ്വിയായ് മാറട്ടെ എന്ന് ഗുരുവും ശിഷ്യനും ഒരേ സ്വരത്തില്‍ ആശീര്‍വദിക്കുന്നു.
യഥാര്‍ത്ഥ ഗുരുവിനുവേണ്ട യോഗ്യതകളും പിപ്പലാദന്‍ പറയുന്നുണ്ട്. ഗുരു ജ്ഞാനസിന്ധുവാകണം, ദയാ സിന്ധുവുമാകണം. അറിവും അന്‍പും നിറഞ്ഞവന്‍. ‘യസ്യജ്ഞാനദയാസിന്ധോ… അമര കോശത്തിന്റെ തുടക്കം ഇങ്ങനെയാണല്ലോ. അറിവിന്റെ വിശുദ്ധജലത്തില്‍ നിത്യസ്‌നാനം നടത്തുന്നവന്‍ ഗുരു. സ്‌നേഹസ്വരൂപനുമാത്രമേ ദയാപരനാവാന്‍ കഴിയൂ. വൈലോപ്പിള്ളി ഈ ആര്‍ഷ ചിന്തയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യുന്നുണ്ട്. – ‘സൈ്വരമാം തെളിവാക്കില്‍ ജ്ഞാനത്തിന്നഗാധത ഗൗരവപ്പുരികത്തിന്‍ കീഴിലാസ്‌നേഹാര്‍ദ്രത.’
ഗുരുശബ്ദത്തിന് പകരം പദംപോലെ എത്രയെത്ര വാക്കുകള്‍ നമ്മുടെ യുഗസംസ്‌കൃതിയിലുണ്ട്. പരമപ്രധാനമായ പദമാണ് ക്ഷേത്രവിദ്. ഏവര്‍ക്കും രണ്ടു ക്ഷേത്രങ്ങള്‍. വിദ്യാഭ്യാസ മനഃശാസ്ത്രമനുസരിച്ച് ബാഹ്യക്ഷേത്രം (External Field), , ആന്തരിക ക്ഷേത്രം(Internal Field).. കായികക്ഷമത ആദ്യക്ഷേത്രം. സര്‍ഗ്ഗപ്രതിഭ രണ്ടാമത്തെ ക്ഷേത്രം. ഈ രണ്ടു ക്ഷേത്രങ്ങളും അറിയുന്നവന്‍ ക്ഷേത്രവിദ്. വിദ്യാര്‍ത്ഥിയുടെ അകവും പുറവും അറിയുന്നവന്‍ എന്നു താല്പര്യം.
‘ഗു’ ശബ്ദമന്ധകാരം താന്‍
‘രു’ ശബ്ദം തന്നിരോധനം
ഉള്ളിലുള്ള ഇരുട്ടിനെ നീക്കുന്നവന്‍ ഗുരു. പിതാവ്, മാതാവ്, വിദ്യോപദേഷ്ടാവ്, ജ്യേഷ്ഠഭ്രാതാവ്, ഭര്‍ത്താവ് – ഇവരത്രെ പഞ്ചഗുരുക്കള്‍. കുടുംബത്തിന്റെ ബന്ധദാര്‍ഢ്യത്തിനാവണം ഭര്‍ത്താവിനെക്കൂടി ഗുരുപ്പട്ടികയില്‍ ചേര്‍ത്തത്.
‘ടീച്ചറു’ടെ പടിഞ്ഞാറന്‍ നിര്‍വചനം നോക്കുക: “Teacher: A seller of knowledge’ അറിവിന്റെ വില്പനക്കാരന്‍ ടീച്ചര്‍. കച്ചവടം മൊത്തമോ ചില്ലറയോ ആവാം. ക്ഷേത്രവിദ് എവിടെ, ടീച്ചര്‍ എവിടെ? കൗണ്‍സിലര്‍, ഡവലപ്പര്‍, മോട്ടിവേറ്റര്‍, ഫെസിലിറ്റേറ്റര്‍ ഒക്കെയായി അധ്യാപകന്‍ വര്‍ത്തമാനകാലത്ത് വിഭജിക്കപ്പെടുന്നുണ്ട്. ഗുരുവും ആചാര്യനും പകരുന്ന ഭാവസൗരഭം ഒന്നുവേറെതന്നെ.
പ്രത്യക്ഷമായ അനുഭവത്തിന്റെയും പരോക്ഷമായ അറിവിന്റെയും കണ്ണികളെ അന്യോന്യം ചേര്‍ത്തുറപ്പിക്കലാണ് വിദ്യാഭ്യാസം. അതുകൊണ്ടാണ് പഴയ ആ സംസ്‌കൃതശ്ലോകം വിദ്യാഭ്യാസത്തിനൊരു മുഖ്യലക്ഷ്യം നല്‍കിയത്. ശ്ലോകാര്‍ത്ഥം ഇങ്ങനെ: ആചാര്യനില്‍ നിന്നും കാല്‍ഭാഗം സ്വീകരിക്കണം. സ്വന്തം മേധ-ബുദ്ധി-ഉപയോഗിച്ച് അടുത്ത കാല്‍ഭാഗം. ക്ലാസ്സ് മുറികളില്‍ നിന്നും മറ്റൊരുകാല്. കാലക്രമേണ ബാക്കി കാല്‍ഭാഗവും. അങ്ങനെ അറിവ് പൂര്‍ണ്ണത നേടുന്നു. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമെടുത്താല്‍ പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു. ഈ പൂര്‍ണ്ണതയെയാണ് ഗാന്ധിജിയും വിവേകാനന്ദനുമൊക്കെ പ്രശംസിച്ചത്.
പറയുന്നതിനു പ്രാധാന്യം നല്‍കുന്ന വേദവിത്തുകള്‍. പ്രാപിക്കുന്നതില്‍ പ്രാവീണ്യം കാട്ടുന്ന യതികള്‍. അനുഷ്ഠാനത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന ബ്രഹ്‌മചാരികള്‍. ഇവരാണ് ഗുരുപരമ്പരയിലെ കണ്ണികള്‍. നമ്മുടെ ധര്‍മ്മശാസ്ത്ര രചയിതാക്കള്‍ ഇരുപതു ഗുരുക്കന്മാരാണ്. ആ പണ്ഡിത ശ്രേഷ്ഠരുടെ പേരുകള്‍ ഗുരുപൂജയ്ക്കായി സമര്‍പ്പിക്കുന്നു. അത്രി, വിഷ്ണു, ഹാരീതന്‍, യാജ്ഞവല്ക്യന്‍, ഉശനസ്സ്, അംഗിരസ്സ്, യമന്‍, ആപസ്തംബന്‍, സംവര്‍ണന്‍, കാര്‍ത്ത്യായനന്‍, ബൃഹസ്പതി, പരാശരന്‍, വ്യാസന്‍, ശംഖന്‍, ലിഖിതന്‍, ദക്ഷന്‍, ഗൗതമന്‍, ശതാതപന്‍, വസിഷ്ഠന്‍, മനു, നമഃ പരമ ഋഷിഭ്യഃ.
ഭൂമീദേവിയെ നിലനിര്‍ത്തുന്ന ഏഴുകൂട്ടരെക്കുറിച്ച് ഗുരുമൊഴിയിങ്ങനെ. പശുക്കള്‍, വേദങ്ങള്‍, ബ്രാഹ്‌മണര്‍, പതിവ്രതകള്‍, സത്യസന്ധര്‍, അലുബ്ധര്‍, ദാനശീലര്‍. വെറും അക്ഷരവിദ്യയായിരുന്നില്ല പ്രാചീന ഗുരുകുലം പകര്‍ന്നതും പകുത്തതും. ധാര്‍മ്മികവും ദേശീയവുമായ ഒരു കാഴ്ചപ്പാട്. മൂല്യാധിഷ്ഠിത ജീവിതത്തിനു വേണ്ടതെല്ലാം ഗുരുസന്നിധിയില്‍ സുലഭം. പഠിച്ചവര്‍ ഇന്നത്തെപ്പോലെ പാപം ചെയ്യുമായിരുന്നില്ല. അറിവേറിയവര്‍ അഴിമതിക്കു ചൂട്ടുപിടിക്കയുമില്ല.
ആ പ്രകരണത്തിലാണ് ഉദാത്തരമണീയമായ ഈ പ്രാര്‍ത്ഥന ഉയരുന്നത്.
”സമാനീ വ ആകൂതിഃ
സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ
യഥാ വഃ സുസഹാസതി.
നിങ്ങളുടെ സങ്കല്പം സമാനമായിരിക്കട്ടെ.
നിങ്ങളുടെ ഹൃദയം സമാനമായിരിക്കട്ടെ.
നിങ്ങളുടെ മനസ്സ് ഒന്നായിരിക്കട്ടെ
ഇപ്രകാരം നിങ്ങളുടെ ശുഭമായ മിത്രത സദാ പുലരുമാറാകട്ടെ.
പ്രപഞ്ചത്തിന്റെ സര്‍വ്വതോമുഖമായ യോഗക്ഷേമത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് പ്രാചീന ഭാരതത്തില്‍ മുഴങ്ങിയത്.
ഗുരു പരമ്പരയെ അവതരിപ്പിക്കുന്നതു നോക്കുക.
‘നാരായണം പത്മഭൂവം വസിഷ്ഠം
ശക്തിശ്ച തല്‍പുത്ര പരാശരശ്ച
വ്യാസം ശുകം ഗൗഡപദം മഹാന്തം
ഗോവിന്ദ യോഗീന്ദ്രമഥാസ്യ ശിഷ്യം
തം ത്രോടകം വാര്‍ത്തികകാരമന്യാ-
നസ്മല്‍ ഗുരുന്‍ സന്തതമാനതോസ്മി’
അവതാരരൂപിയായ നാരായണ മഹര്‍ഷിയില്‍ നിന്നും ബ്രഹ്‌മദേവനും തുടര്‍ന്ന് വസിഷ്ഠമഹര്‍ഷിയും അദ്ദേഹത്തില്‍ നിന്നും ശക്തിമഹര്‍ഷിയും പിന്നീട് പരാശരമഹര്‍ഷിയും അദ്ദേഹത്തില്‍ നിന്നും വ്യാസമഹര്‍ഷിയും തുടര്‍ന്ന് ഗൗഡപാദാചാര്യനും ഗോവിന്ദാചാര്യരും അദ്ദേഹത്തില്‍ നിന്നും ശ്രീശങ്കരാചാര്യരും ബ്രഹ്‌മവിദ്യയെ ഗ്രഹിച്ചുവത്രെ.
വ്യാസജയന്തിയാണല്ലോ ഗുരുപൂര്‍ണ്ണിമ. ഇതിഹാസ പുരാണങ്ങളടങ്ങിയ അധ്യാത്മസാഹിത്യത്തിന്റെ പിമ്പിലുള്ള സര്‍ഗ്ഗപ്രതിഭയെ നാം വ്യാസന്‍ എന്നുവിളിക്കുന്നു. മഹാഭാരതേതിഹാസം തന്നെ മഹത്തായ രചന. കാവ്യത്തെ മുന്‍നിര്‍ത്തി ഇതിഹാസകാരന്‍ ഇങ്ങനെ പറയുന്നു:
‘ധര്‍മ്മേ ചാര്‍ഥേ ച കാമേ ച
മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത്’
അര്‍ത്ഥം: ധര്‍മ്മാര്‍ത്ഥ കാമമോക്ഷ വിഷയകമായി ഇതിലുള്ളത് മറ്റൊരിടത്തുണ്ടാവാം.
എന്നാല്‍, ഇതിലില്ലാത്തത് മറ്റെങ്ങും തന്നെയില്ല.
ഋഷികവിയുടെ ഈ അവകാശവാദം ഒരല്പം അതിരുകടന്നതല്ലേ എന്നു തോന്നാം. പക്ഷെ, ഒരാവര്‍ത്തി വ്യാസഭാരതം ധ്യാനിച്ചു വായിച്ചവര്‍ക്ക് അങ്ങനെ ഒട്ടുതോന്നുകയുമില്ല.
ഭാരതത്തിന്റെ പ്രാചീനചരിത്രം, ധര്‍മ്മശാസ്ത്രം, നീതിശാസ്ത്രം, തത്വോപദേശങ്ങള്‍, ആഖ്യാനങ്ങള്‍, ഉപാഖ്യാനങ്ങള്‍ ഒക്കെയും ഇതിഹാസത്തില്‍ ബൃഹദാകാരം പൂണ്ടു നില്‍ക്കുന്നു.
വ്യസിക്കുന്നവന്‍ വ്യാസന്‍. വ്യസിക്കുക എന്നാല്‍ വിസ്തരിക്കുക എന്നര്‍ത്ഥം.
‘വ്യസിച്ചു വേദമെല്ലാമേ
വ്യാസനായതുകാരണാല്‍’
ബ്രഹ്‌മപുത്രനായ വസിഷ്ഠന്റെ പൗത്രനായ പരാശരമഹര്‍ഷിയ്ക്ക് മുക്കുവത്തിയായ കാളിയില്‍ പിറന്ന പുത്രന്‍ വ്യാസന്‍. ചെറുപ്പകാലത്തെ പേര് കൃഷ്ണന്‍. ജനനം ദ്വീപിലായിരുന്നതിനാല്‍ കൃഷ്ണ ദ്വൈപായനന്‍. പാരാശര്യന്‍, ബാദരായണന്‍, ദ്വൈപായനന്‍ തുടങ്ങിയ സംജ്ഞകളെല്ലാം തന്നെ വ്യാസനു സ്വന്തം.
മഹാരഥന്മാരായ ശിഷ്യരുടെ സാന്നിധ്യത്താല്‍ കേള്‍വികേട്ടതായിരുന്നു വ്യാസഗുരുകുലമെന്ന പ്രാചീന സര്‍വ്വകലാശാല. വൈശമ്പായനന്‍, സൂതന്‍, പൈലന്‍, ജൈമിനി തുടങ്ങിയ പ്രതിഭാധനരെല്ലാം വ്യാസശിഷ്യര്‍.
വ്യാസന്‍ എന്നത് കേവലം ഒരു വ്യക്തി നാമമല്ലത്രെ. ഒരു ഗുരുപരമ്പരയുടെ സാമാന്യ നാമമാണ് വ്യാസന്‍ എന്ന് നവീന ഗവേഷകര്‍. ഇങ്ങനെ സിദ്ധാന്തിക്കുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഓരോരോ മന്വന്തരത്തിലും ഓരോ വ്യാസന്‍ ജനിക്കുമെന്ന് വിഷ്ണുപുരാണം. ഓരോ ദ്വാപരയുഗത്തിലും ഓരോ വ്യാസന്‍ എന്നു മറ്റൊരു കഥ. അങ്ങനെയൊരു കണക്കെടുത്താല്‍ ഏതാണ്ട് ഇരുപത്തെട്ടോളം വ്യാസനാമധാരികളുണ്ടായിക്കാണണം.
അപരാതയുടെ വിശ്വരൂപം പ്രതിബിംബിപ്പിക്കുന്ന ഒരു ദിവ്യദര്‍പ്പണം തന്നെ ഇന്ത്യന്‍ ഇതിഹാസമായ വ്യാസ മഹാഭാരതം. ഭൂഗോളത്തില്‍ ഏഴു ഭൂഖണ്ഡങ്ങളുണ്ടായിരുന്നതില്‍ ഒന്നായ ജംബുദ്വീപമെന്ന, ഒമ്പതു ദ്വീപുകളുടെ സമുച്ചയമായ ഭാരതവര്‍ഷം തന്നെ വ്യാസമഹര്‍ഷിയുടെ മഹാഭാരതം. അങ്ങയ്ക്ക് നമസ്‌കാരം! അങ്ങ് ‘മഹാഭാരത’ മാകുന്ന എണ്ണ നിറച്ച ജ്ഞാനദീപം പ്രജ്വലിപ്പിച്ചുവല്ലൊ.
നമോƒസ്തു തേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോജ്ഞാനമയഃ പ്രദീപഃ
(ഭഗവദ്ഗീത ധ്യാ. ശ്ലോ-02)