സ്വന്തമായി ഒരു പാട്ടുപോലുമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിവില്ലേ? അതുണ്ടെങ്കില്‍ മോഷ്ടിക്കേണ്ട അവശ്യം വരില്ലായിരുന്നല്ലോ. രാജ്യത്തെ വലിയ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് അതിന്റെ ശക്തി തെളിയിക്കാനാണ് രാഹുലിനെ എഴുന്നള്ളിച്ചു കൊണ്ട് ഭാരത് ജോഡോ യാത്ര നടത്തിയത്. യാത്ര കഴിയുമ്പോഴേയ്ക്കും ഭാരത രാഷ്ട്രീയം മാറുമെന്നായിരുന്നു അവരുടെ പ്രവചനം. രാഹുലിന്റെ യാത്ര കഴിഞ്ഞു; ഭാരത രാഷ്ട്രീയത്തില്‍ ഒരിലയനക്കം പോലുമുണ്ടായില്ല. എന്നാല്‍ മാറ്റമുണ്ടായി. രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഒരു മോഷണക്കേസുണ്ടായി. രാഹുലിന് കുറെക്കാലം കോടതി കയറിയിറങ്ങാമെന്നത് വലിയ മാറ്റം തന്നെയല്ലേ?
ഭാരത് ജോഡോ യാത്രയുടെ ഓണ്‍ലൈന്‍ പ്രചരണത്തിന് കോണ്‍ഗ്രസ്സുകാര്‍ കന്നഡ സിനിമയായ കെ.ജി.എഫ് ചാപ്റ്റര്‍ 2 ലെ ഒരു ഗാനം മോഷ്ടിച്ചു. കോപ്പിറൈറ്റ് അവകാശമുള്ള പാട്ട് അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് എം.ആര്‍.ടി. മ്യൂസിക്‌സ് ക്രിമിനലായും സിവിലായും രാഹുലിന്റെയും ജയറാം രമേശിന്റെയും സുപ്രിയ ഷിന്‍ഡെയുടെയും പേരില്‍ കേസ് കൊടുത്തു. കേസ് നിലനില്‍ക്കില്ലെന്ന് രാഹുലും കൂട്ടരും ഹൈക്കോടതിയില്‍ വാദിച്ചു. ഈ നേതാക്കള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വാദം കേട്ട ജസ്റ്റിസ് എം.നാഗപ്രസന്ന വിലയിരുത്തി. മോഷണക്കുറ്റത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ കോടതി കയറിയിറങ്ങേണ്ട ഗതിയിലായി. ഹര്‍ത്താലും ബന്ദും നടത്തി കോടതി കയറുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് മാനക്കേടില്ല. അതുപോലാണോ മോഷണം. നാണക്കേട്! പാര്‍ട്ടി സംഘടിപ്പിച്ച വലിയ പരിപാടിക്കുവേണ്ടി സ്വന്തമായി ഒരു പാട്ടുണ്ടാക്കാനാകാതെ മോഷ്ടിക്കല്‍ കലാപരിപാടിയാക്കിയ പാര്‍ട്ടിക്ക് ഇത്ര വലിയ രാജ്യം ഭരിക്കാന്‍ എങ്ങനെ കഴിയും?