2011-ല്‍ ലിബിയന്‍ ഭരണാധികാരി മൗമ്മാര്‍ ഗദ്ദാഫിയുടെ വാഹന വ്യൂഹത്തിന് നേരെ അമേരിക്ക നേതൃത്വം കൊടുക്കുന്ന നാറ്റോ സഖ്യം നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടു. ഗദ്ദാഫി ഒരു മത തീവ്രവാദിയായിരുന്നില്ല. ലിബിയയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ വിദ്യാഭ്യാസം നിര്‍ബന്ധമായും ലഭ്യമാക്കിയ മതേതര നേതാവായിരുന്നു. പക്ഷെ ഗദ്ദാഫി ഒരു ദേശീയവാദി ആയിരുന്നു. കൊളോണിയല്‍ ശക്തികളുടെ സ്വാധീനത്തില്‍നിന്നും ആഫ്രിക്കയെ സ്വാതന്ത്രമാക്കണമെന്ന സ്വപ്‌നം പേറി നടന്നിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഡോളറിനുപകരം ഒരു പൊതുവായ കറന്‍സി വേണമെന്ന കാര്യത്തെക്കുറിച്ച് നിരന്തരം പ്രസംഗിച്ചു. മറ്റ് ആഫ്രിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിനാലാണ് ഗദ്ദാഫി പാശ്ചാത്യ ദേശങ്ങളുടെ കണ്ണില്‍ കരടായത്. അന്നുമുതല്‍ ഗദ്ദാഫിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. അമേരിക്ക എന്തും സഹിക്കും – ഡോളറിനെ തൊട്ടാല്‍ സഹിക്കില്ല.
ഇന്നും ലോകവ്യാപാരത്തിന്റെ കറന്‍സി അമേരിക്കന്‍ ഡോളറാണ്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ പിടിച്ചുനില്‍ക്കാനുള്ള ഒരേയൊരു കാരണം ഇതാണ്. അമേരിക്ക ആവശ്യമുള്ളതുപോലെ ഡോളര്‍ അച്ചടിച്ചിറക്കും. അത് ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍നിന്നും ഉല്‍പ്പന്നങ്ങളും സര്‍വീസും വാങ്ങും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. കാനഡയില്‍നിന്നും സൗദി അറേബ്യയില്‍നിന്നും എണ്ണയും യൂറോപ്പില്‍നിന്നും കാറുകളും ഇസ്രായേലില്‍നിന്നും മരുന്നും അമേരിക്ക വാങ്ങുന്നത് യഥേഷ്ടം അച്ചടിക്കുന്ന ഈ ഡോളര്‍ ഉപയോഗിച്ചാണ്.
അമേരിക്ക ഇതുവരെ അച്ചടിച്ച മൊത്തം നോട്ടിന്റെ 20 ശതമാനം (( 3.3 Trillion Dollars )) 2020ലാണ് ഇറക്കിയത്. കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക തകര്‍ച്ച മറികടക്കാനായിരുന്നു ഈ തകൃതിയായ നോട്ടടി.
ഇന്ന് അമേരിക്ക ഒരു നിമിഷത്തില്‍ 60 മില്യണ്‍ ഡോളര്‍ (6 കോടി ഡോളര്‍) എന്ന നിരക്കില്‍ അച്ചടിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കടക്കാരനാണ് അമേരിക്ക. ഇതിനെ മറികടക്കാന്‍ വേണ്ടിക്കൂടിയാണ് ഈ ഡോളര്‍ പ്രയോഗം. ഈ ഡോളര്‍ പ്രയോഗത്തെ അമേരിക്കന്‍ ആധിപത്യത്തിന്റെ കുടക്കീഴില്‍ കഴിയുന്ന യുകെ പോലുള്ള പാശ്ചാത്യരാജ്യങ്ങളും അനുകൂലിക്കുന്നു.
എന്ന് ഈ ഡോളര്‍ ലോകവ്യാപാരത്തിന്റെ കറന്‍സി അല്ലാതായി തീരുമോ അന്ന് അമേരിക്കയുടെ പ്രാമുഖ്യം അവസാനിക്കും. അതിനാല്‍ അമേരിക്കയുടെ വിദേശനയത്തിന്റെയും സൈനിക ശക്തിയുടെയും അടിസ്ഥാനലക്ഷ്യം ഡോളറിനെ ലോകവ്യാപാരത്തിന്റെ കറന്‍സിയായി നിലനിര്‍ത്തുക എന്നതാണ്. ഈ നയത്തിന് വിപരീതമായി ആര് നീങ്ങിയാലും അവരെ എന്തുവിലകൊടുത്തും അമേരിക്ക നശിപ്പിക്കും. ഡോളര്‍ അമേരിക്കയുടെ ‘റെഡ് ലൈന്‍’ ആണ്.
അടുത്തകാലത്ത് അമേരിക്കയിലെ പല പ്രമുഖ ബാങ്കുകളും (Silicon Valley Bank, Signature Bank, First Republic Bank ) തകര്‍ന്നതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആ രാജ്യം ഒറ്റ ആഴ്ച മുപ്പതിനായിരം കോടി രൂപയ്ക്ക് സമാനമായ ഡോളറാണ് അടിച്ചിറക്കിയത്. ഡോളര്‍ അന്താരാഷ്ട്ര കറന്‍സി ആയതിനാല്‍ ഈ നോട്ടടിയുടെ ദോഷം മറ്റുള്ള രാജ്യങ്ങള്‍ വിലക്കയറ്റത്തിന്റെ രൂപത്തില്‍ സഹിക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് നരേന്ദ്ര മോദി അന്താരാഷ്ട്ര ഇടപാടുകളില്‍ ഡോളറിന് പകരം രൂപ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇതുവരെ ജര്‍മ്മനി, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, റഷ്യ ഉള്‍പ്പടെ ഏതാണ്ട് 11 രാജ്യങ്ങള്‍ക്ക് ഭാരതവുമായി രൂപ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ RBI അനുവാദം കൊടുത്തിട്ടുണ്ട്. ഇനി ഈ രാജ്യങ്ങള്‍ക്ക് കച്ചവടത്തിനായി Special Vostro Rupee Account തുറക്കാം. ഇതാണ് അമേരിക്കയുടെ മോദി വിരോധത്തിന്റെ അടിസ്ഥാന കാരണം. ജോര്‍ജ് സോറോസിനെയും, ഫോര്‍ഡ് ഫൗണ്ടേഷനെയും ന്യൂയോര്‍ക്ക് ടൈംസിനെയുമൊക്കെ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണം അമേരിക്കന്‍ ഡോളറിന്റെ ആധിപത്യത്തെ കുറയ്ക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളാണ്.
ഡോളറിന്റെ അപകടം ആദ്യം മനസ്സിലാക്കിയത് ഇന്ദിരാഗാന്ധിയാണ്. 1970 കളില്‍ അവര്‍ ഇതിനെ മറികടക്കാന്‍ റുപീ-റൂബിള്‍ വിനിമയത്തിന് ആരംഭം കുറിച്ചു. എന്നാല്‍ ഇതിനെ നയപരമായി പാര്‍ശ്വവല്‍ക്കരിച്ചത് മന്‍മോഹന്‍ സിംഗ് ആണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡിന് കൊടുത്ത ഒരു ലേഖനത്തില്‍ ഈ കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്. അതോടൊപ്പം ഇനിയും ഡോളറിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ഭാരതം ഒന്നും ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു. മന്‍മോഹന്‍ സിങിന്റെ പുത്രി അമൃത് സിംഗ് ജോര്‍ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള Open Foundation Justice Initiative എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നത് ശ്രദ്ധേയമാണ്. യുപിഎ കാലത്ത് സാമ്പത്തിക വിദഗ്ദ്ധരും വിശ്വ പൗരന്മാരുമായി തിളങ്ങിനിന്ന അമര്‍ത്യ സെന്നും രഘു റാം രാജനുമൊക്കെ ഇതേ അഭിപ്രായക്കാരാണ്. മന്‍മോഹന്‍ സിംഗിനെ നെയെന്നപോലെ ഈ രണ്ട് വിദഗ്ദ്ധരെയും പാശ്ചാത്യലോകം സ്ഥാനമാനങ്ങള്‍ നല്‍കി ആദരിച്ചതില്‍ അതിശയത്തിന് വകയില്ല.
നിഴല്‍യുദ്ധം
മാര്‍ച്ച് 12 ന് ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയം സയെമറഹ്‌മാന്‍ (Sayema Rehman) എന്ന് പേരായ ബിജെപി വിരുദ്ധ, ഇന്ത്യാ വിരുദ്ധ, ആക്ടിവിസ്റ്റിനെ വിളിച്ചുവരുത്തി അനുമോദിച്ചതും നിയുക്ത അമേരിക്കന്‍ നയതന്ത്ര സ്ഥാനപതി എറിക് ഗാര്‍സെറ്റി ദില്ലിയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുമ്പ്തന്നെ ഭാരതത്തില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ച് ഇന്ത്യയിലെ മനുഷ്യാവകാശ ആക്ടിവിസ്റ്റുകളുമായി ചര്‍ച്ചകള്‍ നടത്തും എന്ന് പറഞ്ഞതും മോദിസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള പുതിയ നീക്കങ്ങളുടെ സൂചനയാണ്.
ഭാരതം ലിബിയയല്ല. ഗദ്ദാഫിയോട് ചെയ്തത് ഇവിടെ നടക്കില്ല. പാശ്ചാത്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതും ഒരു ലിബിയയോ ഇറാക്കോ ആവര്‍ത്തിക്കുകയല്ല. അവര്‍ക്ക് വേണ്ടത് അവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് അനൂകൂലമായി നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഭാരതം നിയന്ത്രിക്കണം എന്നതാണ്. ആ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഡോളറിന്റെ പ്രാമുഖ്യം ഉയര്‍ത്തിപ്പിടിക്കണം എന്നതാണ്. പിന്നെ അവരുടെ ആയുധങ്ങള്‍ ഇന്ത്യ വാങ്ങുകയും വേണം.
വിദേശ മാധ്യമങ്ങളെക്കൊണ്ട് ഭാരതത്തെ ആക്രമിപ്പിക്കുന്നതും റേറ്റിങ് ഏജന്‍സികളെക്കൊണ്ട് ഭാരതത്തെ പാകിസ്ഥാന്റേയും അഫ്ഘാനിസ്ഥാന്റെയും പിന്നിലാക്കുന്നതും ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഖാലിസ്ഥാനികളെ ഭാരത നയതന്ത്ര കാര്യാലയം ആക്രമിക്കാന്‍ അനുവദിച്ചതും, ഭാരതത്തില്‍നിന്നുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്നതും ഇതിനുവേണ്ടിയാണെന്നുവേണം കരുതാന്‍.
ഭരണമാറ്റ എന്‍ജിഒ
എന്നാല്‍ മറ്റ് രാജ്യങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാന ഉപകരണം ഇതൊന്നുമല്ല. അത് അവര്‍ നിയന്ത്രിക്കുന്ന എന്‍ജിഒ കളാണ്. അവസാനമായി നമ്മള്‍ ഈ ‘ഭരണമാറ്റ എന്‍ജിഒ’കളുടെ പ്രവര്‍ത്തനം കണ്ടത് 2014 ലെ ഉക്രൈയിന്‍ തിരഞ്ഞെടുപ്പിലാണ്. അവിടത്തെ റഷ്യന്‍ അനുകൂല സര്‍ക്കാരിനെതിരെ കീവിലെ മൈദാന്‍ (Maidan) സ്‌ക്വയ റില്‍ നടന്ന ‘ജനാധിപത്യത്തിന് വേണ്ടിയുള്ള’ സമരം വ്യാപകമായി അക്രമത്തില്‍ കലാശിക്കുകയും അത് ക്രമേണ ഭരണമാറ്റത്തിനുള്ള സമരമാവുകയും അതിന്റെ അവസാനം അവിടെ അമേരിക്കയെ അനുകൂലിക്കുന്ന സെലെന്‍സ്‌കി സര്‍ക്കാര്‍ ഭരണത്തിലേറുകയും ചെയ്തു.
ഈജിപ്റ്റിലെ ഹോഷനി മുബാറക് സര്‍ക്കാരിനെ താഴെയിറക്കാന്‍ താഹിര്‍ സ്‌ക്വയറിലും (Tahrir Square) ഇതിന് സമാനമായ സമരമാണ് നടന്നത്. രണ്ടിടത്തും പാശ്ചാത്യ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ശതകോടീശ്വരന്‍ ജോര്‍ജ് സൊറോസ് ഉടമസ്ഥനായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. International Resistance എന്ന എന്‍ ജിഒ യെ മുന്‍നിര്‍ത്തിയാണ് സോറോസ് ഉക്രൈയിനില്‍ ഇടപെട്ടത് (ഇതേ ജോര്‍ജ് സോറോസ് 2024 പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ താഴെയിറക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്). 2011-ല്‍ തന്നെ ദില്ലിയിലെ ജന്തര്‍ മന്ദറില്‍ നടന്ന ആപ്പിനെ ദില്ലിയില്‍ അധികാരത്തിലേറ്റിയ ‘അഴിമതി വിരുദ്ധ’ പ്രക്ഷോഭം ഇതിന് സമാനമായ സമരമായിരുന്നു. ഇതുകൊണ്ടാണ് ആം ആദ്മികള്‍ ഒരു സിഐഎ പദ്ധതിയാണെന്ന് പലരും സംശയിക്കുന്നത്. ആപ്പ് നേതാക്കള്‍ക്ക് വിദേശത്ത് Young Global Leader എന്ന അവാര്‍ഡ് നല്‍കിയത് അമേരിക്ക നേരിട്ട് നിയന്ത്രിക്കുന്ന World Economic Forum ആയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.
ഇപ്പോള്‍ ഗുസ്തിക്കാരുടെ സമരം എന്ന പേരില്‍ ദല്‍ഹിയില്‍ അരങ്ങേറിയിരിക്കുന്നത്. 2011 ല്‍ ദല്‍ഹിയിലും(പില്‍ക്കാലത് എ.എ.പി), ഈജിപ്റ്റിലും (മുസ്ലിം ബ്രദര്‍ഹുഡ്), 2014 ഉക്രൈയിയിനിലും നടന്ന പ്രക്ഷോഭങ്ങളുടെ അതേ ഫോര്‍മാറ്റ് ആണ്. നിയമസംവിധാനങ്ങളെ മറികടന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച ഒരു ചെറിയ വിഭാഗം രാജ്യത്തിന്റെ തലസ്ഥാനത്ത് ദീര്‍ഘകാലത്തേക്ക് സമരത്തിലിരിക്കുക, അതിന് മാധ്യമശ്രദ്ധയും പിന്നെ അന്താരാഷ്ട്ര പിന്തുണയും ലഭിക്കുക, ക്രമേണ സമരക്കാരുടെ മുദ്രാവാക്യങ്ങളിലും ഉന്നയിക്കുന്ന ആവശ്യങ്ങളിലും മാറ്റാംവരുത്തുക. ഇതാണ് അതിന്റെ രീതി.
ഇന്ന് പാശ്ചാത്യലോകം മറ്റ് ദേശങ്ങളില്‍ ഭരണമാറ്റം കൊണ്ടുവരുന്നത് എന്‍ജിഒ കളെ ഉപയോഗിച്ചാണ്. ഈ എന്‍ജിഒ കളുമായുള്ള ഇടപാടുകള്‍ പാശ്ചാത്യ ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല പേരുകളിലുള്ള ഫൗണ്ടേഷനുകള്‍ വഴിയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ്. ഇതുകൂടാതെ ഫോര്‍ഡ് ഫൗണ്ടേഷന്‍, കാര്‍നേജിക് ഫൗണ്ടേഷന്‍ പിന്നെ ഓക്‌സ്ഫാം ഓമനെസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള ‘മനുഷ്യാവകാശ’, ‘ആതുരസേവന’ സംഘടനകള്‍.
അവരുടെ പ്രവര്‍ത്തനശൈലി ഇതാണ് : ഈ സംഘടനകള്‍ ഉപയോഗിച്ച് പശ്ചാത്യര്‍ ഉന്നംവയ്ക്കുന്ന രാജ്യങ്ങളിലെ ചില തിരഞ്ഞെടുക്കപ്പെട്ട എന്‍ജിഒ കളുമായി ബന്ധം സ്ഥാപിക്കുന്നു. അവര്‍ക്ക് പണവും പരിശീലനവും വിദേശയാത്രക്കുള്ള സൗകര്യവും ഒരുക്കുന്നു.
എന്‍ജിഒ ആക്ടിവിസ്റ്റുകള്‍ക്ക് പ്രചാര കാര്യങ്ങളിലും ലീഗല്‍ കാര്യങ്ങളിലും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലും പരിശീലനം ലഭിക്കും. ഈ കൂട്ടര്‍ ക്രമേണ മാധ്യമശ്രദ്ധയും പ്രവര്‍ത്തന പരിചയവും നേടുന്നു. മനുഷ്യാവകാശം, പ്രകൃതിസംരക്ഷണം, അഴിമതിവിരുദ്ധത, ജനാധിപത്യം, ഫെമിനിസം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഈ നന്മമരങ്ങള്‍ ആദ്യം ഏറ്റെടുക്കുക.
അടുത്തഘട്ടത്തില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരില്‍ ആ നാട്ടിലെ പ്രമുഖമായ ഒരു സ്ഥലത്ത്(ഉക്രൈയിനിലെ മൈദാന്‍ സ്‌ക്വയര്‍, ഈജിപ്റ്റിലെ തഹിര്‍ സ്‌ക്വയര്‍, സിറിയയില്‍ ഹോംസ്) ഒരു സമരം ആരംഭിക്കുന്നു. വിദേശസഹായത്തോടെ നവമാധ്യമങ്ങള്‍ ഉപയോഗിച്ച് ഈ ‘ജനകീയ സമരത്തിന്’ പശ്ചാത്യരാജ്യത്ത് സ്ഥിതിചെയ്യുന്ന ഫൗണ്ടേഷന്‍ പ്രചാരണം കൊടുക്കുന്നു. സമരം കൂടുതല്‍ പേരെ, പ്രത്യേകിച്ച് യുവാക്കളെ, ആകര്‍ഷിക്കുന്നു. ഫൗണ്ടേഷന്‍ വഴി പണം ലഭിക്കുന്ന പ്രാദേശിക മാധ്യമങ്ങള്‍ സമരത്തിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നു. നാട്ടില്‍ തങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം എന്ന പ്രതീതി സമരക്കാര്‍ സൃഷ്ടിക്കുന്നു. സമരക്കാരെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചാല്‍, ബലപ്രയോഗം നടത്തിയാല്‍ അത് സമരത്തിന് ആക്കം കൂട്ടുന്നു. ഇതോടെ എന്‍ജിഒയെ നിയന്ത്രിക്കുന്ന ഫൗണ്ടേഷന്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശക്കാരെയും വിദേശ പ്രതിനിധികളെയും നേരിട്ട് ഇറക്കുന്നു. സമരക്കാരുടെ പ്രാധാന്യം കൂടുന്നു. ക്രമേണ ആദ്യം ഉയര്‍ത്തിയ വിഷയങ്ങളില്‍നിന്നും മാറി ഭരണമാറ്റം എന്ന ആവശ്യത്തിലേക്ക് സമരക്കാര്‍ മാറുന്നു. സമരക്കാര്‍ക്ക് വിദേശമാധ്യമങ്ങളിലും അന്താരാഷ്ട്ര സംഘടനകളിലും പ്ലാറ്റ്‌ഫോം ലഭിക്കുന്നു. സമരം അന്താരാഷ്ട്ര പിന്തുണയുള്ള ജനകീയ പ്രക്ഷോഭമാവുന്നു. സര്‍ക്കാര്‍ ആടി ഉലയുന്നു. ഇതാണ് ടൂള്‍കിറ്റ്. ഭാരതത്തില്‍ നടക്കാനിരിക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നെ ഇതിന് സമാനമായ പ്രയോഗങ്ങള്‍ ഇനിയും ഇവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.