മയക്കുമരുന്ന് അഥവാ ലഹരി, ലോകം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്. ചെറിയ ഗ്രൂപ്പുകളില്‍ നിന്ന് മയക്കുമരുന്ന് വന്‍കിട മാഫിയകളിലേക്കും ഭരണകൂടങ്ങളിലേക്കും എത്തിയതോടെ ലോകത്തെ അരക്ഷിതമാക്കാനും സാംസ്‌കാരികയുദ്ധത്തില്‍ എതിരാളികളെ നിരായുധരാക്കാനും പോന്ന സംഹാരശേഷിയുള്ള ആയുധമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കപ്പെടുന്നു.
അതോടൊപ്പം ലഹരി വിപണനത്തിലൂടെ വന്‍ സമ്പത്തും ഇവര്‍ ലക്ഷ്യമിടുന്നു. ഏകാധിപതികളും ജനാധിപത്യ വിരുദ്ധമായി ഭരണത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരും എക്കാലവും ലഹരിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഉയരാനിടയുള്ള എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനും അടിമ സമൂഹത്തെ സൃഷ്ടിക്കാനും ഇതിലും എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗമില്ല.
പഴയ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് സാമ്രാജ്യത്വവും ലഹരിയുടെ വിപണനത്തിലൂടെ പ്രത്യയശാസ്ത്രവും സാമ്രാജ്യത്വവും കയറ്റുമതി ചെയ്തവരാണ്. ക്യൂബയുടെ രഹസ്യ കയറ്റുമതികളിലൊന്ന് കറുപ്പാണ്. കേരളത്തില്‍ കൂടുതല്‍ ലഹരി വില്‍പ്പനശാലകള്‍ തുടങ്ങുന്നതിന്റെ പ്രത്യയശാസ്ത്രവും ഇതു തന്നെ. ഇന്ന് ഇസ്ലാമിക ഭീകരവാദ സംഘടനകളും മതം പ്രചരിപ്പിക്കാനും അടിമകളെ സൃഷ്ടിക്കാനും പണം സമ്പാദിക്കാനുമുള്ള എളുപ്പ മാര്‍ഗ്ഗമായി കാണുന്നത് മയക്കുമരുന്ന് കച്ചവടമാണ്.
ലോക വ്യാപകമായുള്ള മയക്കുമരുന്ന് വ്യാപാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചൈനയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും മയക്കുമരുന്ന് കയറ്റി അയക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ കാലത്ത് യുദ്ധത്തിലും മറ്റും പരിക്കേല്‍ക്കുന്ന പട്ടാളക്കാര്‍ക്ക് വേദന അറിയാതിരിക്കാന്‍ കറുപ്പ് പോലെയുള്ള ലഹരി വസ്തുക്കള്‍ നല്കിയിരുന്നു. മയക്കുമരുന്നിന്റെ വിപണി സാധ്യതകള്‍ ക്രമേണ വര്‍ദ്ധിച്ചുവരികയും നിയമ വിരുദ്ധമായ ഇത്തരം ഇടപാടുകള്‍ അധോലോക സ്വഭാവം കൈവരിക്കുകയും ചെയ്തത് മനുഷ്യ സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറിയതാണ് സമീപകാല ചരിത്രം.
ഇന്ന് ലോകത്തെ അധോലോക സാമ്പത്തിക ശക്തികളെ നിയന്ത്രിക്കുന്ന വന്‍ ശൃംഖലയായി ഈ മയക്കുമരുന്ന് മാഫിയയും കച്ചവടവും മാറിയിട്ടുണ്ട്. കൊച്ചിയില്‍ മെയ് 13ന് ഇറാനിയന്‍ കപ്പലില്‍ നിന്ന് പിടികൂടിയ മാരക മയക്കുമരുന്നിന്റെ വിപണി മൂല്യം 25,000 കോടിയിലേറെ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ ഇരട്ടിയോളം മയക്കുമരുന്ന് ഇവര്‍ കടലില്‍ ഉപേക്ഷിച്ചതായും പറയുന്നു.
എത്രമാത്രം വലിയ തുകയുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉല്‍പാദനത്തേക്കാള്‍ വലുതാണ് മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ കച്ചവടക്കണക്കുകള്‍.
അധോലോക സംഘങ്ങളും മാഫിയ ഗ്രൂപ്പുകളുമാണ് ആദ്യകാലത്ത് മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്ന് പല രാജ്യങ്ങളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്തോടെ നടക്കുന്ന വന്‍കിട ഇടപാടുകള്‍ ഈ രംഗത്ത് സജീവമാണ്.
കൊച്ചിയില്‍ പിടിക്കപ്പെട്ടത് ഇറാനിലെ മെക്രാന്‍ തുറമുഖത്തുനിന്ന് ഇന്ത്യ ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ബോട്ടാണ്. ആഗോളതലത്തില്‍ പിടിക്കപ്പെടുന്ന മയക്കുമരുന്നിന്റെ 50 ശതമാനവും ഇറാന്‍ വഴി കടത്തുന്നതാണ് എന്നാണ് വ്യക്തമായിട്ടുള്ള ഒരു കാര്യം. ഇറാനിലെ ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഇത്രയും വ്യാപകമായ തോതില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് അസാധ്യമാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇറാനില്‍ നിന്ന് മയക്കുമരുന്നുമായി ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് എത്തിയ ബോട്ടുകള്‍ ഇതിനുമുന്‍പും പലതവണ പിടികൂടിയിട്ടുണ്ട്. ഇപ്പോള്‍ പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഇറാനില്‍ എത്തിച്ചതാകാമെന്നാണ് കരുതുന്നത്. പാകിസ്ഥാനില്‍ നിന്ന് ബസ്മതി അരി കയറ്റുമതി ചെയ്യുന്ന പാക്കറ്റുകളിലാണ് മയക്കുമരുന്ന് കടത്തിയത്. ഈ പാക്കറ്റുകള്‍ പാകിസ്ഥാനില്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.
ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ശക്തമല്ലാത്തതിനാലും മതതീവ്രവാദ സംഘങ്ങള്‍ ഭരണം നിയന്ത്രിക്കുന്നതിനാലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ലഹരി മാഫിയ ഗ്രൂപ്പുകള്‍ക്ക് നിര്‍ബാധം വിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം ലഹരി മാഫിയ ഗ്രൂപ്പുകളുടെ കയ്യില്‍ നിന്ന് വന്‍തുകകള്‍ ഇവിടുത്തെ ഭരണകൂടങ്ങള്‍ കൈപ്പറ്റുന്നു. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും മുരടിച്ച, മതമല്ലാതെ മറ്റൊന്നും വിളയാത്ത ഇവിടുത്തെ ഭരണകൂടങ്ങള്‍ക്ക് പണ സമ്പാദനത്തിനുളള എളുപ്പവഴിയാണ് ലഹരികച്ചവടം. ഖജനാവ് കാലിയായ കേരള സര്‍ക്കാര്‍ മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. മയക്കുമരുന്നുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള എല്ലാ ഒത്താശയും ഈ മാഫിയ ഗ്രൂപ്പുകള്‍ക്ക് അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.
അഫ്ഗാനില്‍ നിന്നും നിര്‍ബാധം ഇറാനിലേക്ക് എത്തുന്ന മയക്കുമരുന്നുകള്‍ അവിടെ നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് വഴി അറബിക്കടലിലേക്ക് എത്തുകയും ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ,് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കടത്തുകയുമാണ് ഇവരുടെ രീതി. പല ആഫ്രിക്കന്‍ രാജ്യങ്ങളും മയക്കുമരുന്ന് കടത്തിന്റെ സജീവ കേന്ദ്രങ്ങളായി ഇതിനകം മാറിയിട്ടുണ്ട്. ഇന്ന് കേരളവും ഇവരുടെ പ്രധാന വിപണന കേന്ദ്രങ്ങളിലൊന്നാണ്.
അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ലഹരി മാഫിയയെ പ്രധാനമായും സഹായിക്കുന്നത് മത തീവ്രവാദ സംഘടനകളും അഴിമതിക്കാരായ ചില ഭരണകൂടങ്ങളുമാണ്. സാമ്പത്തികമായി തകര്‍ന്ന ഇത്തരം ഭരണകൂടങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ലഹരി കടത്തിലൂടെ ഇവര്‍ കണ്ടെത്തുന്നു. അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്ത താലിബാന്‍, പാകിസ്ഥാനിലെ വിവിധ മത ഗ്രൂപ്പുകള്‍, മധ്യേഷ്യയിലെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചില ഏകാധിപത്യ ഭരണകൂടങ്ങള്‍, ഇവരെല്ലാം മയക്കുമരുന്ന് കടത്തിന് കാര്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നവരാണ്. അവരുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താനാണ് ഈ മാഫിയകളെ ഇവര്‍ സഹായിക്കുന്നത്.
ഇന്ത്യയില്‍ ലഹരി മാഫിയയുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കേരളം. മുംബൈയും ഗോവയും കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരിക്കച്ചവടം ഇപ്പോള്‍ കേരളം കേന്ദ്രീകരിച്ചാണ് കൂടുതല്‍ നടക്കുന്നത്. ടൂറിസത്തിന്റെ സാധ്യതകള്‍, മതതീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ്, തദ്ദേശീയരല്ലാത്ത ലക്ഷക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യം, അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണ സംവിധാനങ്ങള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍, ഇതെല്ലാം കേരളത്തെ ലഹരി മാഫിയക്ക് പ്രിയപ്പെട്ടവരാക്കുന്നു.
കഴിഞ്ഞവര്‍ഷം (2022) കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണം 26029 ആണ്. 2016ല്‍ നിന്ന് 300 ശതമാനത്തിന്റെ വളര്‍ച്ചയാണ് ആറു വര്‍ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായത്. 2016 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയം മൂലം ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളം ലഹരി മാഫിയക്ക് എത്രമാത്രം പ്രിയപ്പെട്ടവരായി എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തം കേരളത്തിലെ യുവജനതയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് അടുത്തകാലത്ത് പുറത്തുവന്ന പല സംഭവങ്ങളും. ഏറ്റവും ഒടുവില്‍ മയക്കുമരുന്നിന് അടിമയായ ഒരു അധ്യാപകന്‍ ചികിത്സയ്ക്കിടെ വനിതാ യുവ ഡോക്ടറെ കുത്തിക്കൊന്ന സംഭവം വരെ അരങ്ങേറി.
കേരളത്തില്‍ പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്ന 40 ശതമാനത്തിലേറെപേരും 18 വയസ്സിന് താഴെയുള്ളവരാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ആദ്യം പുകവലിയില്‍ തുടങ്ങുന്ന ശീലം പിന്നീട് കഞ്ചാവിലേക്കും മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളിലേക്കും മാറുകയാണ്.
കേരളത്തിലെ യുവാക്കളില്‍ 31.8ശതമാനവും മദ്യം, ലഹരിമരുന്ന്, പാന്‍ മസാല, പുകവലി തുടങ്ങി ഏതെങ്കിലും ലഹരി ഉപയോഗിക്കുന്നതായി രണ്ടുവര്‍ഷം മുന്‍പ് പോലീസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെയാണ്. ആദ്യം ഒരു രസത്തിന് തുടങ്ങുന്ന പുകവലി ക്രമേണ ലഹരിയിലേക്ക് വഴിമാറുന്നു.
ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഇവര്‍ ലഹരിക്ക് അടിമയായി മാറിയിട്ടുണ്ടാകും. ഇതുതന്നെയാണ് മാഫിയ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ കുട്ടികളെ ലഹരിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഏജന്റുമാരും ഇവര്‍ക്കുണ്ട്.
സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ഏജന്റുമാര്‍ വല വിരിക്കുകയാണ് രീതി. കേരള പോലീസ് അടുത്തകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എണ്‍പത് ശതമാനത്തിലേറെയും കോളേജ,് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് കച്ചവടം ചെയ്തത് സംബന്ധിച്ചായിരുന്നു.
പെണ്‍കുട്ടികളെയാണ് ലഹരി മാഫിയ കൂടുതല്‍ ലക്ഷ്യമിടുന്നത്. ഒരിക്കല്‍ ലഹരിക്ക് അടിമയായി കഴിഞ്ഞാല്‍ പിന്നെ ആ പെണ്‍കുട്ടികളെ ലഹരിയുടെ കാരിയര്‍മാരായും വില്‍പ്പനക്കാരായും യഥേഷ്ടം ഉപയോഗിക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന പാവകളെപ്പോലെ ഇവരെ ഉപയോഗപ്പെടുത്തി കച്ചവടം നടത്താന്‍ ലഹരി മാഫിയക്ക് കഴിയുന്നു. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനും സംശയം തോന്നാതിരിക്കാനും ആണ്‍കുട്ടികളെക്കാള്‍ നല്ലത് പെണ്‍കുട്ടികളാണ്.
മറ്റൊന്ന് ലൈംഗിക ചൂഷണമാണ്. മയക്കുമരുന്നിന് അടിമകളാകുന്ന പെണ്‍കുട്ടികള്‍ക്ക് മിക്കപ്പോഴും സ്വബോധം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അത് ഫോട്ടോകളും വീഡിയോകളും ആക്കി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് കാണിച്ച് വീണ്ടും ഈ കുട്ടികളെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കൊപ്പം നിര്‍ത്തി ലഹരി കച്ചവടത്തിനും മറ്റു പെണ്‍കുട്ടികളെ വലയിലാക്കാനും ഉപയോഗിക്കുന്നു
ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും എത്തിച്ചേരുന്നത് സെക്‌സ് റാക്കറ്റുകളിലും വ്യഭിചാര കേന്ദ്രങ്ങളിലുമാണ്. മതഭീകരവാദ പ്രവര്‍ത്തനത്തിനും ഇവരെ ഉപയോഗിക്കുന്നു.
അടുത്തകാലത്ത് ക്രൈസ്തവസഭയുടെ ഒരു ബിഷപ്പ് കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് എന്ന ഒരു ഏര്‍പ്പാട് വര്‍ഷങ്ങളായി തുടരുന്നുവെന്നും ഇസ്ലാമിക ഭീകരവാദ ശക്തികള്‍ പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി മതപരിവര്‍ത്തനത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും പ്രേരിപ്പിക്കുന്നുവെന്നും വ്യക്തമാക്കുകയുണ്ടായി.
ഇങ്ങനെ ലഹരിയുടെ കെണിയില്‍ അകപ്പെട്ട് മതംമാറ്റപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് ഐഎസ് ചാവേര്‍ കേന്ദ്രങ്ങളില്‍ എത്തിപ്പെടുകയും ഇവിടുത്തെ ചാവേറുകളുടെ ലൈംഗിക അടിമകളാക്കി മാറ്റപ്പെടുകയും ചെയ്യുന്നു.
ബിഷപ്പ് ഇക്കാര്യം പറഞ്ഞപ്പോള്‍ കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടായെങ്കിലും പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് ഇത്തരം ആശങ്കകള്‍ വസ്തുതാപരമാണ് എന്നാണ്. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും ഇത്തരം നാര്‍ക്കോട്ടിക് ജിഹാദ് നടത്തുന്നതിന് ഇസ്ലാമിക ഭീകരവാദ ശക്തികള്‍ നേതൃത്വം നല്‍കുന്നുണ്ട്. സിറിയയില്‍ ഐഎസ് ക്യാമ്പുകളില്‍ നിന്ന് പിടിക്കപ്പെട്ടവരില്‍ ഏറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരായിരുന്നു.
ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പഴവര്‍ഗങ്ങളും മറ്റും ഇറക്കുമതി ചെയ്യുമ്പോള്‍ മാരക രാസ ലഹരികളും രാജ്യത്തെത്തുന്നുവെന്നതും അതില്‍ മലയാളികള്‍ പങ്കുകച്ചവടക്കാരാകുന്നുവെന്നും ഇതിനകം പലകേസുകളിലും വ്യക്തമായിട്ടുണ്ട്.
കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് വിപണനക്കേസില്‍ ബംഗളുരുവില്‍ പ്രതിയാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തത് കേരളം കണ്ടു.
ഭരണ നേതൃത്വും മത ഭീകരവാദികളും ലഹരി മാഫിയയും തമ്മിലുള്ള രഹസ്യബന്ധം ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കയാണ്. നാര്‍ക്കോടിക് ജിഹാദ് സംബന്ധിച്ച ആക്ഷേപമുന്നയിച്ച ബിഷപ്പിനു നേരെ സിപിഎം നേതൃത്വം എന്തുകൊണ്ടാണ് രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നതെന്ന് വ്യക്തം.
സൂക്ഷ്മവും അതീവ കര്‍ക്കശവുമായ പരിശോധനകളും നിരീക്ഷണവും കൊണ്ടു മാത്രമാണ് മയക്കുമരുന്ന് കടത്ത് തടയാനാവുക. വേലി തന്നെ വിളവ് തിന്നുമ്പോള്‍, ഉദ്യോഗസ്ഥര്‍ നിസ്സഹായരാവുകയാണ്. ഭരണ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് മത ഭീകരവാദികളും – ലഹരി മാഫിയയുമായി ബന്ധമുണ്ടാകുമ്പോള്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എന്തു ചെയ്യാനാകുമെന്നതാണ് സമൂഹം നേരിടുന്ന വലിയ ചോദ്യം.
2047 ഓടെ ലഹരി വിമുക്ത ഭാരതം ലക്ഷ്യം – അമിത് ഷാ (കേന്ദ്ര ആഭ്യന്തരമന്ത്രി)
2047 – ഓടെ ഭാരതം മയക്കുമരുന്ന് മുക്തമാകും. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും വലിയ കടമയാണ്. പോരാട്ടം രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ഏത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും എല്ലാസംസ്ഥാനങ്ങളും ഇതില്‍ അണിനിരക്കണം.
ചില രാജ്യങ്ങള്‍ അവരുടെ തെറ്റായ സമീപനം കാരണം മയക്കുമരുന്നിന് എതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടു. നമുക്ക് പക്ഷെ വ്യക്തത ഉണ്ടായിരിക്കണം. മയക്കുമരുന്ന് ഉപഭോക്താവ് എന്നു പറയുന്നത് ഇരയാണ്. എന്നാല്‍ നിര്‍ദ്ദയം കൈകാര്യം ചെയ്യേണ്ട കുറ്റവാളിയാണ് മയക്കുമരുന്ന് വിലപന്ക്കാരന്‍. ഒരു മയക്കുമരുന്ന് വില്പനക്കാരനെ ഒരുപാക്കറ്റ് കൈവശം ഉള്ളപ്പോള്‍ പിടികൂടിയാല്‍ അതിന്റെ അന്വേഷണം ഉത്ഭവസ്ഥാനത്തേക്ക് കേന്ദ്രീകരിക്കണം. അത് എങ്ങിനെ (ജില്ലയില്‍) അവിടെ എത്തി? ആരാണ് ഇത് കടത്തിയത്? ആരാണ് ചരക്ക് ശേഖരിച്ചത്? മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കുമുള്ള അതിന്റെ യാത്രാരേഖ കണ്ടെത്തുന്ന വിധത്തിലുമുള്ള സമീപനമാണ് ആവശ്യം. ഒരു മയക്കു മരുന്ന് പാക്കറ്റ് ഒരു പാന്‍ഷോപ്പില്‍ നിന്ന് കണ്ടെത്തിയാലും അതിന്റെ ഉത്ഭവസ്ഥാനവും അവസാന ലക്ഷ്യസ്ഥാനവും കണ്ടെത്തണം.