ദല്‍ഹിയില്‍ സമരം നടത്തിയ ഗുസ്തിതാരങ്ങളും ചില കര്‍ഷക നേതാക്കളും കൂടി മെഡല്‍ ഗംഗയില്‍ ഒഴുക്കല്‍ നാടകം നടത്തിയപ്പോള്‍ മാതൃഭൂമി പത്രാധിപര്‍ പരിഭ്രമിച്ചു പോയി. നാടിന്റെ അന്തസ്സു തന്നെ ഒലിച്ചു പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭ്രമം. തന്റെ വികാരം അദ്ദേഹം മുഖപ്രസംഗത്തിലൂടെ വായനക്കാരിലേയ്ക്ക് ഒഴുക്കി മുഖം രക്ഷിച്ചു. എന്നിട്ടും സമാധാനം കിട്ടാത്തതുകൊണ്ടാവും പ്രായാധിക്യം മൂലം വീട്ടിലിരിക്കുന്ന ഡോ. എം.ലീലാവതി ടീച്ചറുടെ പേരില്‍ ഒരു പ്രതികരണം അച്ചടിച്ചു വിട്ടത്. മുഖപ്രസംഗത്തിലെ കാര്യങ്ങളുടെ ആവര്‍ത്തനം അതിലും കണ്ടു. ഈ പ്രതികരണം അച്ചടിച്ചു വന്ന പത്രത്തില്‍ ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കലിന്റെ ചെങ്കോലും പൊന്‍കിരീടവും നഷ്ടമായ വാര്‍ത്തയുമുണ്ട്. ചെങ്കോലും കിരീടവും വെച്ച് ഫ്രാങ്കോ യേശുവിന്റെ മണവാട്ടിമാരുടെ മാനം കവര്‍ന്നു എന്ന പരാതി ഉയരുകയും കന്യാസ്ത്രീകള്‍ പരാതി നല്‍കുകയും സമരം നടത്തുകയും ചെയ്തപ്പോഴൊന്നും ഈ പത്രാധിപര്‍ക്ക് നാടിന്റെ പോകട്ടെ കേരളത്തിന്റെ അന്തസ്സ് ഒലിച്ചു പോകുന്നതായി തോന്നിയിട്ടില്ല. കേരളത്തില്‍ അവര്‍ക്കു വേണ്ടി വാദിക്കാന്‍ ഒരു പത്ര മുതലാളിയോ സാമൂഹ്യ രാഷ്ട്രീയ നേതാക്കളോ ഉണ്ടായില്ല. ചിലരൊക്കെ ഫ്രാങ്കോക്കൊപ്പമായിരുന്നുതാനും.
ഈയിടെയാണ് ഈ പത്രം നടത്തുന്ന ചാനലിന്റെ രണ്ടു പത്രക്കാരുടെയും അവരുടെ വാഹനത്തിന്റെ ഡ്രൈവറുടെയും പേരില്‍ കേരള പോലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തത്. എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുംവഴി ഫോട്ടോയെടുത്തതാണ് അവര്‍ ചെയ്ത കുറ്റം. ഔദ്യോഗിക സേവനം തടസ്സപ്പെടുത്തി, പോലീസുകാരുടെയും പ്രതിയുടെയും സുരക്ഷ അപകടത്തിലാക്കി എന്നതാണ് ചുമത്തിയ കുറ്റം. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ കഴുത്തു ഞെരിക്കുന്ന സംസ്ഥാന പോലീസിന്റെ നടപടി സ്വന്തം പത്രസ്ഥാപനത്തിലുള്ളവര്‍ അനുഭവിച്ചപ്പോഴും നാടിന്റെ അന്തസ്സ് ഒലിച്ചു പോകുന്നതായി പത്രാധിപര്‍ക്ക് തോന്നിയിട്ടില്ല. പത്ര മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും തണുപ്പന്‍ പ്രതികരണമായിരുന്നു. ഭരണമുന്നണിയിലെ പ്രമുഖനായ പത്ര മുതലാളി വായ തുറന്നില്ല. കേരളത്തിലായാല്‍ ഇതൊക്കെ അന്തസ്സുള്ള പണി. യു.പിയിലോ ദല്‍ഹിയിലോ ആണെങ്കില്‍ അന്തസ്സ് ഒലിച്ചു പോകുന്ന കാര്യം.