ഭാരതം ലോകത്തിന് നല്‍കിയ മഹത്തരമായ സംഭാവന ആദ്ധ്യാത്മികതയാണെന്ന് വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടുണ്ട്. ആദ്ധ്യാത്മികതയെ അറിയാതെ ഭാരതത്തെ അറിയാനാവില്ല. ഈ നാടിന്റെ ആത്മാവാണത്. ഭാരതീയ ആദ്ധ്യാത്മികതയുടെ ഇരിപ്പിടമാണ് ഉത്തര്‍പ്രദേശ്. ഭൂതകാലത്തിന്റെ മഹത്തായ സ്വര്‍ണ്ണശൃംഗത്തില്‍ നിന്നും അഗാധമായ തമോഗര്‍ത്തത്തിലേക്ക് പതിച്ചു പോയ ആ നാട് ഇപ്പോള്‍ വീണ്ടും ഗതകാല പ്രൗഢി വീണ്ടെടുക്കുകയാണ്.
സദ്ഭരണ യാത്രയുടെ ഭാഗമായി അഞ്ചുനാള്‍ യുപിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. പുണ്യഭൂമിയായ കാശിയിലായിരുന്നു ആദ്യ ദിവസത്തെ സന്ദര്‍ശനം. ഗംഗയിലെ നമോ ഘട്ടിലേക്കാണ് ഞങ്ങള്‍ ആദ്യമായി പോയത്. നരേന്ദ്രമോദി ഗംഗാ ആരതി നടത്തിയ ഗംഗയിലെ ഏറ്റവും അവസാനത്തെ സ്‌നാനഘട്ടാണത്. വീതികൂടിയ പടികളോടു കൂടി പിങ്ക് കല്ലുകളാല്‍ പണിത അതിമനോഹരമായ ഒരു നിര്‍മ്മിതിയാണ് നമോ ഘട്ട്. അമ്മയുടേയും അച്ഛന്റേയും കുട്ടിയുടെയും പ്രതീകങ്ങളായി മൂന്ന് കൂപ്പുകൈ രൂപങ്ങള്‍ അവിടെ നിര്‍മ്മിച്ചിട്ടുണ്ട്. അത് ഗംഗാമാതാവിനെ കുടുംബസമേതം പ്രണമിക്കുന്ന മഹാദേവനാണെന്ന് അറിയാന്‍ സാധിച്ചു. നദിയെ പ്രണമിക്കുന്ന ദൈവം! എന്തൊരു മഹത്തായ സങ്കല്‍പ്പം. നമോഘട്ടിന്റെ നിര്‍മ്മാണത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ദിവ്യാംഗര്‍ക്ക് പോലും ഇവിടേക്ക് കയറാന്‍ പറ്റുമെന്നതാണ്. വികസനവും കരുതലും ആത്മീയതയും സമ്മേളിക്കുന്ന മനോഹരമായ കാഴ്ച. അവിടെ നിന്നും ബോട്ടില്‍ ഗംഗയിലൂടെ വിശ്വനാഥദര്‍ശനം ലക്ഷ്യമാക്കി ഞങ്ങള്‍ മുന്നോട്ട് നീങ്ങി. ഓരോ ഘാട്ടുകളും കണ്‍കുളിര്‍ക്കെ കണ്ടു. ഒടുവില്‍ മണികര്‍ണ്ണികാ ഘാട്ടിന്റെ അടുത്തെത്തി. ശരീരമാവുന്ന വസ്ത്രം അഗ്‌നിയില്‍ സമര്‍പ്പിച്ച് ആത്മാവാകുന്ന ചാരം പരമശിവനില്‍ ലയിക്കുന്ന അപൂര്‍വ്വമായ രംഗം കണ്ടു. കത്തുന്ന മൃതദേഹങ്ങളുടെ മണം മൂക്കിലേക്ക് ഇരച്ചു കയറി. വാരാണസിയെ പറ്റി കേട്ട അനേകം കാര്യങ്ങളിലൊന്ന് പാതിവെന്ത ശവശരീരങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമെന്നൊക്കെയായിരുന്നു. എന്നാല്‍ മോദി വന്നതിന് ശേഷം എല്ലാം മാറി. അല്ല, എല്ലാം മാറ്റി. അവിടെ മൃതദേഹം ദഹിപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ഗംഗ മലിനമാവുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന നടപടികള്‍ കൈക്കൊണ്ടു. എല്ലാ സ്‌നാനഘട്ടങ്ങളും വൃത്തിയാക്കി. മാലിന്യമെന്നത് ഗംഗയിലും കാശിയിലും പഴങ്കഥയായി. 2014ല്‍ പ്രധാനമന്ത്രി സ്വച്ഛ്ഭാരത് അഭിയാന്‍ പ്രഖ്യാപിക്കുമ്പോള്‍ അത് നമ്മുടെ നാട്ടില്‍ ഇത്രയും മാറ്റം വരുത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ അതാ സ്വര്‍ണ്ണപ്രഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന കാശി ധാം. ലോകോത്തരമായ നിര്‍മ്മിതി. ഭാരതം അതിന്റെ പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുന്നുവെന്ന പ്രതീതി ഉളവാക്കിയ നിമിഷം. വിശാലവും മനോഹരവുമായ പടികള്‍ കയറി മൂന്ന് ഗോപുരങ്ങളുള്ള കവാടത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ഹിന്ദുക്കളുടെ പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ആ കവാടമെന്ന് പറയാതെ വയ്യ. കവാടം കടന്ന് മുന്നോട്ട് പോയപ്പോള്‍ ആദ്യം കണ്ടത് ഹൈന്ദവധര്‍മ്മത്തെ പുനരുദ്ധരിച്ച ആദിശങ്കരന്റെ പ്രതിമ. സര്‍വ്വജ്ഞപീഠം കയറാന്‍ പോവുകയായിരുന്ന ശങ്കരന് ചണ്ഡാള രൂപത്തില്‍ ശിവശങ്കരന്‍ ദര്‍ശനം നല്‍കിയത് കാശിയില്‍ വെച്ചായിരുന്നല്ലോ! സനാതനധര്‍മ്മത്തിന്റെ തലസ്ഥാനമായ കാശി പുനരുദ്ധരിക്കുമ്പോള്‍ ശങ്കരാചാര്യരുടെ പ്രതിമയല്ലാതെ മറ്റെന്താണ് അവിടെ സ്ഥാപിക്കുക! പിന്നീട് ഞങ്ങള്‍ മുഗള്‍ ആക്രമണകാരികള്‍ തകര്‍ത്ത വിശ്വനാഥക്ഷേത്രത്തെ 18ാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മിച്ച ഇന്‍ഡോറിലെ മഹാരാജ്ഞിയായിരുന്ന അഹല്ല്യ ഭായ് ഹോള്‍ക്കറുടെ പ്രതിമ കണ്ടു. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വികസനമാണ് കാശിയിലുള്ളതെന്നതിന് അടിവരയിടുന്നതാണ് ഇവിടുത്തെ ഓരോ നിര്‍മ്മിതികളും. അധികം വൈകാതെ സര്‍വ്വമംഗളകാരിയായ കാശിവിശ്വനാഥനെ തൊട്ട് തൊഴുതു. ഹരഹര മഹാദേവ മന്ത്രങ്ങളാല്‍ മുഖരിതമായ ആ സന്ധ്യാസമയം ഒരിക്കലും അവസാനിക്കരുതേയെന്ന് മാത്രം കൈലാസനാഥനോട് പ്രാര്‍ത്ഥിച്ച് തൊട്ടപ്പുറത്ത് നില്‍ക്കുന്ന നന്ദിയെ നോക്കി. വിശ്വനാഥന്റെ മൂലക്ഷേത്രമായ, ഔറംഗസേബിന്റെ കാലത്ത് തകര്‍ക്കപ്പെട്ട് പിന്നീട് മുസ്ലിം പള്ളിയായി മാറിയ ഗ്യാന്‍വ്യാപിയിലേക്ക് നോക്കി നില്‍ക്കുന്ന നന്ദി മനസ്സിനൊരു നൊമ്പരമായി അവശേഷിക്കുന്നു. കാശിയിലെ മറ്റൊരു പ്രത്യേകതയാണ് ഗംഗാ ആരതി. പ്രകൃതിയെ പൂജിക്കുന്ന അതിപുരാതനമായ ആചാരം. ഗംഗാ ആരതി കാണുവാന്‍ വലിയ തിരക്കാണ് ഗംഗാനദിയില്‍ അനുഭവപ്പെട്ടത്.
അത്ഭുതത്തോടെയല്ലാതെ നമുക്ക് വാരാണസി നഗരത്തിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കുകയില്ല. ലോകത്തിലെ ഏറ്റവും പുരാതനമായ നഗരത്തെ അതിന്റെ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ദിവസം ശരാശരി ഒരു ലക്ഷം പേര്‍ വരുന്ന, വിശേഷ ദിവസങ്ങളില്‍ 25 ലക്ഷം വരെ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും എത്തുന്ന നഗരംഎത്ര മനോഹരമായാണ് ഇവിടെ പരിപാലിക്കപ്പെടുന്നത്. ഒരു കാലത്ത് വൃത്തിഹീനമായി കിടന്നിരുന്ന വാരാണസിയുടെ തെരുവുകള്‍ ഇന്ന് വൃത്തിയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളോടൊപ്പം എത്തിനില്‍ക്കുന്നു. പുരാതനമായ കെട്ടിടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ നഗരത്തില്‍ അംബരചുംബികളായ പുതിയ ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു. റോഡരികിലെ മതിലുകളിലെല്ലാം കാശിയുടെ മഹത്തായ സംസ്‌കാരവും ഭാരതത്തിന്റെ ദേശീയ പാരമ്പര്യവും അടയാളപ്പെടുത്തിയിരിക്കുന്ന പെയിന്റിംഗുകള്‍ കാണാന്‍ സാധിക്കും. എത്ര അടുക്കും ചിട്ടയോടും കൂടിയാണ് അവരിതൊക്കെ ചെയ്തിരിക്കുന്നതെന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഒരു ഭാഗത്ത് ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ മറുഭാഗത്ത് ടൂറിസത്തിന് അവസരമൊരുക്കാനും യുപി സര്‍ക്കാരിന് സാധിക്കുന്നുണ്ട്. മികച്ച പില്‍ഗ്രിം ടൂറിസത്തിന് ഉദാഹരണമാണ് കാശി. ഇവിടുത്തെ ഒരു തരി മണ്ണും വെറുതെ കിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഒരു ഭരണകൂടം വിചാരിച്ചാല്‍ എന്തൊക്കെ മാറ്റം വരുത്താമെന്ന് കാശി കണ്ടാല്‍ നമുക്ക് ബോധ്യമാവും.
പുതിയ കാശി കണ്ട സന്തോഷത്തില്‍ അല്‍പ്പം ആകാംക്ഷയോടെയാണ് ഞങ്ങള്‍ ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലേക്ക് തിരിച്ചത്. അയോധ്യയിലെത്തിയപ്പോള്‍ ചാറ്റല്‍ മഴയും തണുത്ത കാറ്റും ഞങ്ങളെ സ്വാഗതം ചെയ്തു. സരയൂ ആരതിയായിരുന്നു ആദ്യം കണ്ടത്. സരയൂവില്‍ സ്‌നാനഘട്ടങ്ങളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഗംഗയെ പോലെ സരയൂവിലും ഇനി വലിയ സ്‌നാനഘട്ടങ്ങള്‍ ഉയരുമെന്നുറപ്പായിരിക്കുന്നു. രാമന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത സരയൂ നദിയില്‍ ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത് നിന്നും ജയ്ശ്രീരാം വിളികളും ഭജനകളും കേള്‍ക്കുന്നുണ്ടായിരുന്നു. ചിലയിടങ്ങളില്‍ നിന്നും ഹരഹര മഹാദേവ വിളികളും കേള്‍ക്കാം. കാശിയില്‍ ശിവസ്തുതികള്‍ക്കിടയിലും ഗോവിന്ദ ഭജനം കേട്ടത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു. ഹരനും ഹരിയും രണ്ടല്ല, ഒന്നാണെന്ന ഉള്‍ക്കാഴ്ചയായിരുന്നു അത്. പിറ്റേന്ന് രാവിലെയായിരുന്നു ഞങ്ങള്‍ രാമജന്മഭൂമിയിലേക്ക് യാത്ര തിരിച്ചത്. രാമഭക്തന്മാര്‍ ഇതിഹാസം രചിച്ച അയോദ്ധ്യയില്‍ എത്തിയപ്പോള്‍ രാമജന്മഭൂമി പ്രക്ഷോഭത്തെക്കുറിച്ച് മനസ്സിലോര്‍ത്തു. ചിലര്‍ സരയൂ നദിയില്‍ സ്‌നാനം ചെയ്തു. പളുങ്ക് പോലെ ശുദ്ധമായ ജലമായിരുന്നു സരയൂവിലേത്. എത്ര വൃത്തിയായാണ് ഇവിടുത്തെ ഭരണാധികാരികള്‍ പുണ്യനദികള്‍ സംരക്ഷിക്കുന്നത് എന്നോര്‍ത്ത് ആശ്ചര്യപ്പെട്ടു. കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളോടു ചേര്‍ന്ന് കിടക്കുന്ന പുണ്യസ്‌നാനഘട്ടങ്ങളുടെയെല്ലാം ചിത്രം ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. സത്യം പറഞ്ഞാല്‍ ഡച്ച് മാതൃകയും ജര്‍മ്മന്‍ മാതൃകയുമെല്ലാം പഠിക്കാന്‍ കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ മന്ത്രിമാര്‍ ഗംഗയും സരയൂമൊക്കെ ഒന്ന് വന്നു കണ്ട് കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം.
രാമനേക്കാള്‍ പഴക്കമുള്ള അയോദ്ധ്യനഗരം പുതിയ വികസനത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. ഇടുങ്ങിയ ഗല്ലികള്‍ മുഴുവന്‍ പൊളിച്ചിരിക്കുകയാണ്. റോഡ് വികസനത്തിനും സൗന്ദര്യവത്ക്കരണത്തിനും വേണ്ടി പഴയ കെട്ടിടങ്ങള്‍ എല്ലാം പൊളിക്കുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ മകരസംക്രമദിവസം ഭവ്യമായ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ ഞങ്ങളെ അറിയിച്ചു. ശ്രീരാമ ജന്മഭൂമിയായ അയോധ്യ ലോകത്തിന്റെ ആത്മീയ തലസ്ഥാനമാവാനുഉള്ള ഉദ്യമത്തിലാണെന്ന് അവിടെയെത്തുന്ന ആര്‍ക്കും മനസ്സിലാവും. ശ്രീരാമദാസന്റെ ഹനുമാന്‍ ഗഡിയും സീതാദേവിക്കായി കൈകേയി മാതാവ് നിര്‍മ്മിച്ചു നല്‍കിയതും ശ്രീകൃഷ്ണ ഭഗവാന്‍ പുതുക്കി പണിതതുമായ കനക ഭവനിലും ഞങ്ങള്‍ ദര്‍ശനം നടത്തി. അയോദ്ധ്യ ഡവലപ്‌മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥനായ വിനീത് ഞങ്ങള്‍ക്ക് ഗൈഡ് ആയി ഓരോ മന്ദിരങ്ങളുടെയും പ്രാധാന്യം വിശദീകരിച്ചു തന്നു. രാമജന്മഭൂമി ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സ്വാഭാവികമായും മനസ്സിലേക്ക് കാര്‍സേവകരുടെ ഓര്‍മ്മ ഇരച്ചു കയറി. ഇവിടെ എവിടെയോ വെച്ചാണ് കോത്താരി സഹോദരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന്റെ വെടിയേറ്റ് വിഷ്ണുപാദം പൂകിയത്. ഇവിടെ എവിടെയോയാണ് വന്ദ്യവയോധികരായ രാമഭക്തന്മാരെ മുലായം സിംഗിന്റെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇഞ്ചിഞ്ചായി കൊല്ലാക്കൊലയ്ക്ക് വിധേയരായപ്പോള്‍ അവര്‍ ഉറക്കെ വിളിച്ച രാമമന്ത്രം വീണ്ടും ഞങ്ങളുടെ കാതുകളില്‍ മുഴങ്ങിയതു പോലെ തോന്നി. നൂറ്റാണ്ടുകളുടെ വിദേശ ആധിപത്യത്തില്‍ തകര്‍ന്നുപോയ അയോദ്ധ്യ, പതിനാറാം നൂറ്റാണ്ടില്‍ ബാബറുടെ കിങ്കരന്മാര്‍ തകര്‍ത്ത രാമക്ഷേത്രം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ഉണ്ടായ ജനകീയ സമരങ്ങളിലൂടെ വീണ്ടെടുക്കപ്പെട്ട പുണ്യഭൂമി. പതിനായിരങ്ങള്‍ ഈ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിനായി സ്വജീവന്‍ ബലി നല്‍കി. 1800 കളില്‍ ആരംഭിച്ച കോടതി വ്യവഹാരം, ക്രമസമാധാന പ്രശ്‌നം പറഞ്ഞ് ബ്രിട്ടീഷുകാര്‍ ആരെയും ആരാധന നടത്താന്‍ അനുവദിക്കാതെ പൂട്ടിയിട്ട മന്ദിരം. 2020 ഓഗസ്റ്റ് അഞ്ചാം തീയതി നരേന്ദ്രമോദി ക്ഷേത്രനിര്‍മ്മാണത്തിന് പ്രാരംഭം കുറിച്ച അതേ സ്ഥലത്ത് കമ്പിവേലി കെട്ടി വേര്‍തിരിച്ച ഭാഗത്തുനിന്നുകൊണ്ട് രാംലാലയുടെ ദര്‍ശനം നടത്തി. നിര്‍മ്മാണം നടക്കുന്ന ക്ഷേത്രത്തിന്റെ മുമ്പിലെത്തിയപ്പോള്‍ ഹിന്ദുവെന്ന നിലയില്‍ അഭിമാനം തോന്നി. 300 മീറ്ററില്‍ അധികം നീളവും 200 മീറ്ററിലധികം വീതിയുമുള്ള മഹാക്ഷേത്രം. താഴത്തെ നില മിക്കവാറും നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ എഞ്ചിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും ജോലിക്കാരും ഒക്കെ തകൃതിയായി പണിയെടുക്കുന്നു. ആദ്യത്തെ അമ്പരപ്പൊന്ന് മാറിയതിനുശേഷം എല്ലാവരും നിര്‍മ്മാണം നടക്കുന്ന ക്ഷേത്രത്തിന്റെ പടിയില്‍ തൊട്ടു തൊഴുതു. ശ്രീരാമക്ഷേത്രത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. ഇവിടെ കേവലമൊരു ക്ഷേത്രമല്ല പുനര്‍ നിര്‍മ്മിക്കപ്പെടുന്നത്. ഭാരതത്തിന്റെ നഷ്ടപ്രതാപമാണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാവുന്നതോടെ തന്നെ അയോദ്ധ്യയുടെ സമഗ്രവികസനമാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയോദ്ധ്യ ഡവലപ്‌മെന്റ് അതോറിറ്റി അഥവാ അയോധ്യയുടെ വികസനത്തിനായി രൂപീകരിച്ച സര്‍ക്കാര്‍ സംവിധാനം അയോധ്യ ജില്ല മാത്രമല്ല തൊട്ടടുത്ത ഗോണ്ട, ബസ്തി ജില്ലകളിലെ ചില പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ട വിശാലമായ പ്രദേശമാണ് ഈ സംവിധാനത്തിന്റെ കീഴില്‍ വരുന്നത്. അയോദ്ധ്യാ വിഷന്‍ 2047 പ്രകാരം അയോദ്ധ്യയുടെ 70% വും ബസ്തിയുടേയും ഗോണ്ടയുടെ 30% പ്രദേശങ്ങളും ദ്രുതഗതിയില്‍ മാറുകയാണ്. അയോദ്ധ്യ ഡവലപ്പ്‌മെന്റ് അതോറിറ്റി 3 ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. സ്പിരിച്ച്വല്‍ സിറ്റി, നോളേജ് സിറ്റി, സിറ്റി ഓഫ് സെലിബ്രഷന്‍ തുടങ്ങി ഒന്‍പത് മേഖലകളിലായി 230 പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 108 ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. വിദ്യാഭ്യാസ ആരോഗ്യ സംരക്ഷണം, മെച്ചപ്പെട്ട പാര്‍ക്കിംഗ് സംവിധാനം തുടങ്ങി നിരവധി മേഖലകളില്‍ മാറ്റം കൊണ്ടുവരുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിമാനത്താവളം, റെയില്‍വെസ്റ്റേഷന്‍, റോഡുകള്‍ എല്ലാം ലോകോത്തര നിലവാരമുള്ളതാക്കി മാറ്റി അയോദ്ധ്യയിലേക്ക് ലോകത്തെ കണക്ട് ചെയ്യുകയാണ് യുപി സര്‍ക്കാര്‍. ലഖ്‌നൗ-അയോദ്ധ്യ ഹൈവേ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാവുന്നു. അയോദ്ധ്യവിമാനത്താവളവും റെയില്‍വെ സ്റ്റേഷന്‍ വികസനവും അന്താരാഷ്ട്രനിലവാരത്തിലാണ് നടക്കുന്നത്.
ഭാവിയില്‍ അയോദ്ധ്യയിലേക്ക് ഉണ്ടാവുന്ന ഭക്തജനപ്രവാഹത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ ഭരണകൂടം ഒരുക്കുന്നുണ്ട്. നിലവില്‍ 50,000 മുതല്‍ 60,000 വരെ ആളുകളാണ് അയോദ്ധ്യയില്‍ സാധാരണ ദിവസങ്ങളില്‍ വരുന്നത്. എന്നാല്‍ വിശേഷ ദിവസങ്ങളില്‍ അഞ്ച് മുതല്‍ 6 ലക്ഷം വരെ ആളുകളും അതിവിശേഷ ദിവസങ്ങളില്‍ 25 മുതല്‍ 30 ലക്ഷം വരെ ആളുകളും ഒരു ദിവസമായി ഇവിടെ എത്താറുണ്ട്. ഇത്രയും വലിയ ജനപ്രവാഹം സൃഷ്ടിക്കുന്ന മാലിന്യ പ്രശ്‌നം, ഗതാഗതക്കുരുക്ക്, അതോടൊപ്പം ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടാതെ അയോദ്ധ്യയില്‍ ക്ഷേത്രദര്‍ശനത്തിനായി വരുന്നവരുടെ എണ്ണം ഒരു പരിധി കഴിഞ്ഞാല്‍ അവരെ എങ്ങനെ ദര്‍ശനം നടത്താന്‍ സഹായിക്കാന്‍ സാധിക്കും എന്നുള്ള കാര്യവും പരിഹരിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഡവലപ്പ്‌മെന്റ് അതോറിറ്റി നടത്തുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ എങ്ങനെ പൂര്‍ത്തിയാക്കിയെന്നതായിരുന്നു ഞങ്ങളുടെ സംശയം. യുപി മുഖ്യമന്ത്രി തന്നെ അതിന് വ്യക്തമായ മറുപടി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരെ ബോധവത്ക്കരിച്ചാണ് ഭൂമിയേറ്റെടുക്കല്‍ നടന്നത്. അതിന്റെ പേരില്‍ ഒരു കേസോ പരാതിയോ വിവാദങ്ങളോ ഉണ്ടായില്ലെന്നതാണ് എടുത്ത് പറയേണ്ടതെന്നും യോഗിജി പറഞ്ഞു. ക്രാന്തദര്‍ശിത്വമുള്ള നേതൃത്വവും അവരില്‍ പൂര്‍ണ വിശ്വാസമുള്ള ജനതയുമാണ് യുപിയുടെ ഇന്നത്തെ ഈ മാറ്റത്തിന് കാരണം.
(ബിജെപി സംസ്ഥാന മീഡിയ കണ്‍വീനറാണ് ലേഖകന്‍)