ജനാധിപത്യ ഭാരതം സ്വാതന്ത്ര്യബോധത്തിലേക്കും സ്വത്വ മഹിമയിലേക്കും ഉണര്‍ന്നെണീക്കുവാന്‍ സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് സംവത്സരങ്ങള്‍ കഴിയേണ്ടിവന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇന്നും സാമ്രാജ്യത്വ ശക്തികള്‍ക്കു മുന്നില്‍ ചിന്തയെ പണയപ്പെടുത്തിയവരാണെന്ന് നിസംശയം പറയാം. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ പിന്നിട്ടിട്ടും കോളനി വാഴ്ചയുടെ വിഴുപ്പുകളില്‍ അഭിരമിക്കുന്ന ചില വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യകതയും പ്രാധാന്യവും തന്നെ പിടികിട്ടിയിട്ടില്ല. അതുകൊണ്ടൊക്കെയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കാതിരുന്നത്. മൂക്കു മുറിച്ചും ശകുനം മുടക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണ ശ്രീകോവിലാണ് ഭാരത പാര്‍ലമെന്റ് മന്ദിരം. നാളിതുവരെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കോളനി വാഴ്ചയുടെ ശേഷിപ്പായിരുന്ന നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ ഭാരതീയ വാസ്തു ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലേക്കു മാറുന്ന മംഗള മുഹൂര്‍ത്തത്തെ വില കുറഞ്ഞ വിവാദ വേദിയാക്കിയവര്‍ക്ക് പൗരബോധമുള്ള ഭാരതീയര്‍ നാളെ പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള സമ്മതി നല്‍കില്ല എന്നത് നിശ്ചയമാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം വരെ ബഹിഷ്‌ക്കരിച്ച കോണ്‍ഗ്രസ്, മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനുള്ള പ്രധാനമന്ത്രിയുടെ യോഗ്യതയെ ചൊല്ലിയാണ് ഇപ്പോള്‍ വിലപിക്കുന്നത്. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും രാഷ്ട്രപതി പിന്നാക്ക സമുദായാംഗമായതുകൊണ്ടാണ് അവരെ അതിന് അനുവദിക്കാത്തതെന്നും വരെ ചില പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു. പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ ഗോത്രവര്‍ഗ വനിതയും സര്‍വ്വോപരി പരമ യോഗ്യയുമായ ശ്രീമതി ദ്രൗപദി മുര്‍മ്മുവിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ രാഷ്ട്രപതി സ്‌നേഹവുമായി വരുന്നത്.
പുതിയ പാര്‍ലമെന്റിന്റെ മകുടത്തില്‍ അശോകസ്തംഭത്തിലെ സിംഹത്തെ സ്ഥാപിക്കുമ്പോഴും ഒരു കൂട്ടര്‍ വിവാദമുണ്ടാക്കിയിരുന്നു. ഗര്‍ജ്ജിക്കുന്ന സിംഹ ശില്‍പ്പം ചിലരുടെ ഉറക്കം കെടുത്തുകയുണ്ടായി. ഭാരതം അതിന്റെ പരാക്രമഭാവം പുറത്തെടുക്കുമ്പോള്‍ ഗര്‍ജ്ജിക്കുന്ന സിംഹം പ്രതീകമാ കുക സ്വാഭാവികമാണ്. അതിര്‍ത്തിക്കപ്പുറത്തെ കൈയേറ്റക്കാരോടും ഭീകരവാദികളോടും അഹിംസാ സൂക്തങ്ങള്‍ ഉരുവിട്ടിരുന്നവര്‍ക്ക് ഗര്‍ജ്ജിക്കുന്ന സിംഹം നാണക്കേടായി തോന്നിയേക്കാം. എന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പുതിയ ഭാരതത്തിന് ചേരുന്ന പ്രതീകം ഗര്‍ജ്ജിക്കുന്ന സിംഹരാജന്‍ തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോല്‍ ആണ് ഇനി ഒരു കൂട്ടരെ വിഷമിപ്പിക്കുന്നത്. ചെങ്കോല്‍ ഫ്യൂഡല്‍ രാജവാഴ്ചയുടെ പ്രതീകമാണത്രെ. 1947 ആഗസ്റ്റ് 14 രാത്രി 11.45ന് നെഹ്രു ഏറ്റുവാങ്ങിയ ചെങ്കോല്‍ തന്നെയാണ് പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസ് നാളിതുവരെ മറച്ചുവച്ച ഒരു ചരിത്ര സംഭവത്തെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുറന്നുകാട്ടിയിരിക്കുന്നത്. 1947ല്‍ അധികാര കൈമാറ്റം എങ്ങിനെ ആവണമെന്ന വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ചോദ്യം നെഹ്രു പണ്ഡിതനും പരിണിതപ്രജ്ഞനുമായ സി.രാജഗോപാലാചാരിയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹമാണ് ചെങ്കോല്‍ കൈമാറ്റം എന്ന ആശയം മുന്നോട്ടുവച്ചത്. ഭാരത ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ ഒന്നായറിയപ്പെടുന്ന ചോള ഭരണകാലത്ത് അധികാരം കൈയേറ്റിരുന്നത് രാജഗുരുവില്‍ നിന്നും ചെങ്കോല്‍ സ്വീകരിച്ചു കൊണ്ടായിരുന്നു. ദക്ഷിണ ഭാരതത്തില്‍ തമിഴകത്തിന്റെ ശൈവ പാരമ്പര്യം പേറുന്ന ചോള കാലഘട്ടത്തിന്റെ പുന:സ്മരണ സത്യ ത്തില്‍ അഖണ്ഡ ഭാരത സങ്കല്‍പ്പത്തിന്റെ അടിത്തറ ഉറപ്പിക്കുന്ന ഒന്നാണ്. ധര്‍മ്മത്തിന്റെ പ്രതീകവും ശിവ വാഹനവുമായ നന്ദികേശ്വരനെ പ്രതിഷ്ഠിച്ച, തമിഴ് അക്ഷരങ്ങളും ലക്ഷ്മി ഭഗവതിയുടെ ചിത്രവും ആലേഖനം ചെയ്യപ്പെട്ട ചോള പാരമ്പര്യത്തിന്റെ പ്രതീകമായ ചെങ്കോല്‍ നെഹ്രുവിന് കൈമാറിയത് തിരുവാടുതുറൈ മഠത്തിന്റെ ഉപ മഠാധിപതി കുമാരസ്വാമി തമ്പിരാന്‍ ആയിരുന്നു. ഗംഗാജലം തളിച്ച് ശുദ്ധി വരുത്തിയ അധികാര ദണ്ഡ് കൈമാറുമ്പോള്‍ മാണിക്കം ഓതുവാര്‍ മന്ത്രോച്ചാരണവും ടി.എന്‍.രാജരത്‌നം പിള്ള മംഗളവാദ്യവും വായിക്കുക ഉണ്ടായി. ഈ അനുഷ്ഠാനങ്ങളെ ആധുനിക ഭാരതത്തിന്റെ പുതിയ ഭരണ ശ്രീകോവിലായ പാര്‍ലമെന്റിലേക്ക് കയറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്‍തുടരാന്‍ തീരുമാനിച്ചത് സമുചിതമായി. കാരണം ഭാരതം എന്ന രാഷ്ട്രം വൈദിക കാലം മുതല്‍ ആരംഭിക്കുന്ന അതിന്റെ ചരിത്രത്തെയാണ് ഈ അനുഷ്ഠാനത്തിലൂടെ അനുസ്മരിക്കുന്നത്. ദ്രാവിഡ ദേശവാദികള്‍ക്കും കട്ടിംഗ് സൗത്ത് വിഘടനവാദികള്‍ക്കുമൊക്കെയുള്ള ഭാവാത്മകമായ മറുപടിയാണ് ചെങ്കോല്‍ കൈമാറ്റത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്നത്. അതിര്‍ത്തി ഭേദിച്ചു വന്ന മതഭീകരരായ അക്രമികളുടെ കുടുംബവാഴ്ചയെ ചരിത്രത്തില്‍ ഭാരതത്തിന്റെ സുവര്‍ണ്ണകാലമെന്ന് കൊണ്ടാടുന്നവര്‍ക്ക് ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരും ചാലൂക്യരും പല്ലവന്മാരും മൗര്യന്മാരും ഒന്നും മഹത്വത്തിന്റെ ശേഷിപ്പുകള്‍ ബാക്കി വച്ച് കടന്നു പോയവരായി തോന്നില്ല. എന്നാല്‍ ഭാരതം സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തുന്ന കാഴ്ച ലോകം കാണുകയാണ്. കൊളോണിയല്‍ സാമ്രാജ്യത്വ യജമാനന്മാര്‍ക്ക് ബുദ്ധിയും മനസ്സും അടിയറ വെച്ചവര്‍ക്ക് ഭാരതം അതിന്റെ യഥാര്‍ത്ഥ പൈതൃകങ്ങളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് തുടങ്ങുന്നത് ചിലപ്പോള്‍ അലോസരം സൃഷ്ടിച്ചേക്കാം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നപ്പോള്‍ രാജഗുരുവിന്റെ സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സന്യാസിശ്രേഷ്ഠന്മാര്‍ പങ്കെടുത്ത് ചെങ്കോല്‍ കൈമാറിയത് ഭാരത ജനാധിപത്യത്തെ മൂല്യാധിഷ്ഠിത അടിത്തറയില്‍ പുന:പ്രതിഷ്ഠിക്കുന്ന ചടങ്ങായി മാറിയിരിക്കുകയാണ്.