മാവോയിസ്റ്റുകളുടെ മുന്‍നിര പോരാളികളാണ് അര്‍ബന്‍ നക്‌സലുകള്‍. സിപിഐ മാവോയിസ്റ്റിന്റെ 2004-ലെ ‘അര്‍ബന്‍ പെര്‍സ്‌പെക്ടീവ്’ എന്ന പാര്‍ട്ടി രേഖ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളില്‍നിന്ന് വിദ്യാസമ്പന്നരായ നേതൃനിരയെ വളര്‍ത്തിയെടുക്കുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം. ഇപ്പോഴത്തെ മാവോയിസ്റ്റ് നേതാക്കളില്‍ പലരും സര്‍വകലാശാലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ഭാവിയിലും ഇങ്ങനെ വേണമെന്ന് മാവോയിസ്റ്റ് നേതൃത്വം കരുതുന്നു. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, മധ്യവര്‍ഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍, വനിതകള്‍, ദളിതുകള്‍ എന്നിവരെ സംഘടിപ്പിച്ച് മാവോയിസ്റ്റുകളുടെ സായുധസമരത്തിന് പുറംകവചമൊരുക്കുകയാണ് അര്‍ബന്‍ നക്‌സലുകളുടെ ദൗത്യം.
രാജ്യത്തിന്റെ വനമേഖലകള്‍ കേന്ദ്രീകരിച്ച് സമാന്തര ഭരണം നടത്തുകയും, സുരക്ഷാഭടന്മാരുമായി സായുധസംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്ന സിപിഐ (മാവോയിസ്റ്റ്) ലോകത്തിലെ ഏറ്റവും ശക്തമായ ഭീകര സംഘടനകളില്‍ നാലാമത്തേതാണെന്ന് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 43 വ്യത്യസ്ത ഭീകരസംഘടനകളില്‍ ഏറ്റവും മാരകമാണ് സിപിഐ (മാവോയിസ്റ്റ്) എന്നും, രാജ്യത്ത് നടക്കുന്ന മൊത്തം ഭീകരാക്രമണങ്ങളില്‍ 53 ശതമാനവും നടത്തുന്നത് ഇവരാണെന്നും, യുഎസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സ്റ്റാര്‍ട്ട്’ (സ്റ്റഡി ഓഫ് ടെററിസം ആന്‍ഡ് റെസ്‌പോണ്‍സസ് ടു ടെററിസം)പറയുന്നു.
പരമ്പരാഗത നക്‌സലുകളെക്കാള്‍ അപകടകാരികളാണ് അര്‍ബന്‍ നക്‌സലുകളെന്ന് മഹാരാഷ്ട്ര പോലീസിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍, നക്‌സലുകളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ജയന്ത് ഉമ്രാനികര്‍ അഭിപ്രായപ്പെടുന്നു. ”ഇക്കൂട്ടര്‍ വീട്ടിലിരുന്ന് കാപ്പികുടിച്ച് സര്‍ക്കാര്‍ സംവിധാനത്തിനെതിരെ സമരം ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നവരാണ്.” അറസ്റ്റിലായവര്‍ നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും, വ്യക്തമായ തെളിവുകള്‍ കിട്ടിയതിനുശേഷമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഉമ്രാനികര്‍ അഭിപ്രായപ്പെടുന്നു.
മാവോയിസ്റ്റ്-ക്രൈസ്തവ അച്ചുതണ്ട് പല ഘട്ടങ്ങളിലും വെളിപ്പെട്ടിട്ടുള്ളതാണ്. ക്രൈസ്തവ മിഷണറിമാരുടെ മതംമാറ്റത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത ഒറീസ്സയിലെ സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചത് മാവോയിസ്റ്റുകളായിരുന്നു. തങ്ങളുടെ സ്വാധീന മേഖലകളില്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ ആക്രമിച്ചുതകര്‍ക്കുന്ന മാവോയിസ്റ്റുകള്‍ ക്രൈസ്തവ ദേവാലയങ്ങളെ സ്പര്‍ശിക്കാറുപോലുമില്ല!
സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റിയംഗമായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസിനെ 2014 ഏപ്രിലില്‍ നാഗ്പൂര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. യുപിഎ ഭരണകാലത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ഗോണ്‍സാല്‍വസിനെ 2007- ല്‍ പിടികൂടിയിരുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ 2005-ല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വരവരറാവു അറസ്റ്റിലായിട്ടുണ്ട്. ഗൗതം നവ്‌ലാഖയെ 2011-ല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയുണ്ടായി. ഗൗതത്തിന്റെ സാന്നിദ്ധ്യം താഴ്‌വരയില്‍ സമാധാന ഭംഗം വരുത്തുമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2016-ല്‍ സുരക്ഷാ സേന ബുര്‍ഹാന്‍ വാനി എന്ന ലഷ്‌കര്‍ ഭീകരനെ വധിച്ചപ്പോള്‍ ഭീകരവാദികളെ പിന്തുണച്ച് ഗൗതം ലേഖനം എഴുതുകയുണ്ടായി. ‘ബുര്‍ഹാന്‍ വാനിയും അവന്റെ സഖാക്കളും’ എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചത്. മാവോയിസ്റ്റ് ഭീകരര്‍ക്ക് കശ്മീര്‍ ഭീകരരുമായുള്ള ബന്ധമാണിത് കാണിക്കുന്നത്. ഇപ്പോള്‍ പിടിയിലായവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് ചുരുക്കം.
(2018 ഒക്ടോബർ 18 ലക്കം കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ)