ശ്രീകുമാരന്‍ തമ്പിയുടെ ‘പ്രവേശനം’ എന്ന കവിത ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചാണ്. ആ വിളംബരത്തിന് കാരണമായ സാമൂഹ്യ സാഹചര്യം അതിതീവ്രമായി അവതരിപ്പിക്കുന്നതാണ് ആ കവിത.
മലമുകളിലുള്ള അമ്പലത്തിലെ ഉത്സവം കാണാന്‍ ഒരു കുടിലിലെ കുഞ്ഞ് ആഗ്രഹിക്കുന്നതും അമ്മ വിലക്കുന്നതുമാണ് തുടക്കം. നമ്മള്‍ ”തീണ്ടലുള്ളവരും അവരുടെ അമ്പലത്തില്‍ പോകാന്‍ കഴിയാത്തവരും” ആണെന്നും നമുക്ക് തൊഴാന്‍ താഴെ വേറേ അമ്പലമുണ്ടെന്നും അമ്മ കുഞ്ഞിനോട് പറയുന്നു. അപ്പോള്‍ കുഞ്ഞ് അമ്മയോട് ചോദിക്കുന്നു: ”നമ്മളെ ചെറുമക്കളാക്കിയതാരാണമ്മേ? ദൈവത്തെ മേലേം താഴേം നിര്‍ത്തിയതാരാണമ്മേ?” എന്ന്. ആ ചോദ്യം മാറ്റൊലിയായി രാജകര്‍ണത്തില്‍ പതിഞ്ഞെന്നാണ് കവികല്‍പ്പിതം. അതിന്റെ തുടര്‍ച്ചയായി ക്ഷേത്രപ്രവേശന വിളംബരത്തിന് കല്‍പ്പനയായി. അതിലെ ‘പ്രവേശനം’ എന്ന വാക്ക് ഭാഷയിലും സമൂഹത്തിലും പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാക്കിയെന്നാണ് ‘പ്രവേശനം’ എന്ന കവിതയിലൂടെ കവി പറയുന്നത്. ക്ഷേത്രപ്രവേശന വിളംബരം വന്നിട്ട് 87 വര്‍ഷം കഴിഞ്ഞിട്ടും ആ ചോദ്യം നിലനില്‍ക്കുന്നു- ആരാണ് അതു ചെയ്തത്; ദൈവത്തെ മേലേം കീഴേം നിര്‍ത്തിയത് ആരാണ്?
വൈക്കം സത്യഗ്രഹ സമരം തുടങ്ങിയ ദിവസത്തിന് (1924 മാര്‍ച്ച് 30- 1925 നവംബര്‍ 23) നൂറുവര്‍ഷം തികഞ്ഞ വേളയില്‍ ഈ ചോദ്യത്തിന് പ്രസക്തി കൂടുന്നുണ്ട്. ദൈവത്തിനും ദൈവവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലും ചരിത്രങ്ങളിലും നാട്ടുകഥകളിലുമൊക്കെ ദൈവം ”താഴ്ന്നവരും വ്യഥിതരും മര്‍ദ്ദിതരും എവിടെ വസിക്കുന്നോ അവര്‍ക്കൊക്കെ ഒപ്പമാണ്” ഉള്ളത്, ഉണ്ടായിരുന്നത്. പിന്നെ എന്നാണ് വൈക്കം ക്ഷേത്രത്തിന് പരിസരത്ത് ”ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ പാടില്ലെ”ന്ന ‘ചൂണ്ടുപലകകള്‍’ വന്നത്. എങ്ങനെയാണ് അത് ലംഘിച്ച് വഴി നടന്നവരുടെ കണ്ണുകളില്‍ ചുണ്ടാമ്പ് എഴുതാനിടയായത്, എങ്ങനെയാണ് ആ കാട്ടുനീതിക്കെതിരേ ജനകീയ പ്രക്ഷോഭം ഉയര്‍ന്നത്? ആരാണ് അതിന് തുടക്കം കുറിച്ചത്? നേതൃത്വം നല്‍കിയത്?
ആ ചരിത്ര സംഭവങ്ങള്‍ക്ക് നൂറാണ്ട് തികയുമ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താന്‍ സത്യമായ ചരിത്രം അന്വേഷിച്ചു പോകണം, എന്നതാണ് സ്ഥിതി; അല്ല, ദുഃസ്ഥിതി. മതേതരവും മതരഹിതവുമായ സമൂഹത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടി പ്രതിനിമിഷവും ജാതിയും മതവും ചിന്തിപ്പിക്കുകയും പറയിപ്പിക്കുകയും അതിന്മേല്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സമാനമായിരുന്നു ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുമ്പും സ്ഥിതി. ജാതി ചോദിച്ചേ, അറിഞ്ഞേ എന്തും ചെയ്യുമായിരുന്നുള്ളൂ. ഇന്ന് ജാതിക്കെതിരേ പലരും നടത്തുന്ന പ്രസ്താവനകളും പ്രക്ഷോഭങ്ങളും ജാതിവോട്ടുകള്‍ സംരക്ഷിക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്. എന്നാല്‍, വൈക്കത്തെ ജാതിവിരുദ്ധ സമരത്തിന് നൂറു തികയുമ്പോള്‍, ഈ വര്‍ഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറഞ്ഞു: ”ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്, ജാതി മേല്‍ക്കോയ്മ ഉണ്ടാക്കിയത് ശാസ്ത്രങ്ങളെന്നപേരില്‍ ചില പുരോഹിതര്‍ പരത്തിയ നുണകളാണ്. ജാതി മേല്‍ക്കോയ്മ സമൂഹത്തെ വഴിതെറ്റിക്കുന്നതാണ്, അതിനെ അകറ്റി നിര്‍ത്തണം.” ശിരോമണി രോഹിദാസിന്റെ 647-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജാതിസമ്പ്രദായവും അതിനെത്തുടര്‍ന്നു രൂപപ്പെട്ട സവര്‍ണ-അവര്‍ണ ഭേദ ചിന്തകളും അതിന്റെ പേരിലുള്ള സാമൂഹ്യ അനാചാരങ്ങളും അസഹ്യമായ കാലമുണ്ടായിരുന്നു. അന്ന് ‘അവര്‍ണ’രെന്നു മുദ്ര കുത്തപ്പെട്ടവര്‍ക്കു വേണ്ടി അവരോടൊപ്പം ‘സവര്‍ണ’രെന്ന് അവകാശംകൊണ്ടിരുന്നവര്‍ക്കിടയിലെ ചിലരില്‍ കൂടി രൂപപ്പെട്ട പുരോഗമന ചിന്തയാണ് ക്ഷേത്രപ്രവേശന വിളംബരത്തിനു വഴി തെളിച്ച വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും ഉണ്ടാക്കിയത്. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് വഴിയൊരുക്കുകയായിരുന്നുവല്ലോ ആ സമരങ്ങള്‍.
വൈക്കം സമരവും സത്യഗ്രഹവും ഹിന്ദുസാമൂഹ്യ പരിഷ്‌കരണത്തിനായി നടന്ന അന്തര്‍വിപ്ലവമായിരുന്നു. ക്ഷേത്രപരിസരത്തെ വഴിയിലൂടെ നമ്പൂതിരിക്കും അമ്പലവാസികള്‍ക്കും നായര്‍ക്കും നടക്കാമെങ്കിലും ഹിന്ദുമതവിഭാഗത്തിലെ ചില ജാതിക്കാര്‍ക്ക് വിലക്കുണ്ടായിരുന്നു. ‘നായയ്ക്ക് നടക്കാം, നായാടിക്കാവില്ല’ എന്ന സ്ഥിതി. പക്ഷേ, നായാടിയും മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനിയോ മുസ്ലിമോ ആയാല്‍ ഒരു തീണ്ടല്‍ത്തടസ്സവുമില്ലായിരുന്നു! ഈ വിലക്കിന് പിന്നില്‍ ഹിന്ദുസമൂഹത്തിന്റെ ശൈഥില്യം മാത്രമായിരുന്നു അജണ്ട എന്ന് വ്യക്തം. ആ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞവരാണ് ‘അവര്‍ണര്‍’ക്കായി സമരം നയിച്ചത്.
നാടിന്റെ സ്വത്വം തിരിച്ചറിഞ്ഞ്, സംരക്ഷിയ്ക്കാന്‍ നടത്തിയ ഉണര്‍ച്ചയായിമാറി അത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഹൈന്ദവ ഐക്യത്തിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ അന്ന് ശക്തമായി. വൈക്കത്തെ വഴിനടക്കല്‍ അവകാശ സത്യഗ്രഹവും ഗുരുവായൂരിലെ ക്ഷേത്രപ്രവേശനാധികാര സത്യഗ്രഹവും ഭിന്നിച്ചകന്നുനിന്ന ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം കൂട്ടി. അപ്പോഴേക്കും സമത്വമോഹന മഹത്വദര്‍ശനമെന്ന വാഗ്ദാനവുമായി കമ്മ്യൂണിസ്റ്റ് ആശയം ഭാരതത്തില്‍, കേരളത്തിലും ചെറുരൂപത്തില്‍ പ്രചരിച്ചെത്തി. ഹിന്ദുസമൂഹത്തില്‍നിന്നുള്ളവരെത്തന്നെ അതിന് തലപ്പത്ത് കിട്ടി. പക്ഷേ, അവര്‍ കെ.കേളപ്പനും മന്നത്തു പത്മനാഭനും ഡോ.പല്‍പ്പുവും ടി.കെ.മാധവനും ആര്‍. ശങ്കറും പോലുള്ള കേരള നേതാക്കളും ഗാന്ധിജിയെപ്പോലുള്ള ദേശീയനേതാക്കളും ശ്രീനാരായണഗുരുവിനെയും ആഗമാനന്ദ സ്വാമികളേയും പോലുള്ള ആത്മീയദീര്‍ഘദര്‍ശികളും വിഭാവനം ചെയ്ത സങ്കല്‍പ്പത്തെ ഹൈന്ദവസമൂഹത്തില്‍ നിന്നുതന്നെ രൂപപ്പെട്ട ഒരു നവവിഭാഗത്തിന്റെ സഹായത്തോടെ അട്ടിമറിച്ചു. ഇഎംഎസും എകെജിയും മറ്റും മുന്നില്‍ നിരന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മേല്‍പ്പറഞ്ഞ ഹിന്ദുസമന്വയത്തെയാണ് തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയത്. പക്ഷേ, 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം അക്കൂട്ടരുടെ പദ്ധതികള്‍ കുറേയൊക്കെ തടസ്സപ്പെടുത്തി. കേരള സമൂഹത്തിന്റെ കരുത്തുണരുകയായിരുന്നുവല്ലോ ക്ഷേത്രപ്രവേശനം വഴി.
വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശന വിളംബരത്തിനുള്ള നാന്ദി കുറിക്കലായിരുന്നു . വിളംബരത്തോടെ ‘അവര്‍ണര്‍’ മതില്‍ക്കകത്തും നാലമ്പലത്തിലും ചെന്നപ്പോള്‍ ദേവനും ദേവിയും ഒരു ശ്രീകോവിലും വിട്ടുപോയില്ല. പൂജ മുടങ്ങിയില്ല. ഭക്തജനങ്ങളുടെ തിക്കും തിരക്കുമായിരുന്നു അമ്പലങ്ങളിലെങ്ങും. ഹിന്ദുസമുദായമാകെ ബലപ്പെട്ടു. അതിപ്പോഴും തുടരുകയാണെന്നല്ല, ഇക്കാലത്ത് കൂടുകയാണ്. അതില്‍ ക്ഷീണം പറ്റിയവര്‍ പ്രതിക്രിയകള്‍ ശക്തമാക്കി, അതിപ്പോഴും തുടരുന്നുമുണ്ട്.
അന്നത്തെ ക്ഷേത്ര പ്രവേശന വിളംബരം ഇന്നത്തെ കേരളത്തിന്റെ നവോത്ഥാനത്തിനു കാരണമായ ഉജ്ജ്വല തീരുമാനമായിരുന്നു. ഇന്നും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സാമൂഹ്യ പരിഷ്‌കരണ കര്‍മ്മങ്ങള്‍ക്ക് അത് വേഗംകൂട്ടി. ക്ഷേത്ര കേന്ദ്രിതമായ സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ സാധ്യത അന്നത്തെ ഭരണകൂടം തിരിച്ചറിഞ്ഞു. അത് പോഷിപ്പിച്ചു, സാധ്യമാക്കി, ത്വരിതമാക്കി. ഇന്നത്തെ ഭരണകൂടവും ക്ഷേത്രകേന്ദ്രിതമായ ധര്‍മ്മ ഐക്യത്തിന്റെ സാധ്യത തിരിച്ചറിയുന്നു. അവര്‍ അതുകൊണ്ടുതന്നെ ‘ക്ഷേത്രധ്വംസനത്തിന് ജനാധിപത്യ വഴികള്‍’ വിനിയോഗിക്കുന്നുവെന്ന് ക്ഷേത്ര വിശ്വാസികള്‍ തിരിച്ചറിയുന്നു.
വൈക്കം സത്യഗ്രഹത്തിന് 90 തികഞ്ഞകാലത്താണ് ആ ബോര്‍ഡുകള്‍ വ്യാപകമായി വന്നത്. ആ കുപ്രചാരണം ഇങ്ങനെയായിരുന്നു:”അമ്പലപ്പറമ്പില്‍ വിലക്കുണ്ടായിരുന്നവന് അമ്പലത്തില്‍ കടക്കാന്‍ അവകാശം വാങ്ങിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരായിരുന്നു, എന്നാല്‍ ഇന്നവന്‍ അമ്പലപ്പറമ്പില്‍ ശാഖയ്ക്കുപോകുന്നു” എന്ന്. വായിക്കുമ്പോള്‍ ചിലര്‍ക്ക് ആത്മരോഷവും പലര്‍ക്കും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന പരസ്യപ്പലക. അതുപക്ഷേ ‘ജാതിവിലക്കിന്റെ തീണ്ടല്‍പ്പലക’കളേക്കാള്‍ അപകടകാരിയായ ‘പരസ്യപ്പലകകള്‍’ ആയിരുന്നു. കാരണം അത് ചരിത്രം തെറ്റായി എഴുതിച്ചേര്‍ക്കലായിരുന്നു. അത് സാമൂഹ്യ അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നതായിരുന്നു. ഒരുകാര്യം ഉറപ്പ്, ആ ബോര്‍ഡുകള്‍ ചരിത്രം അറിയാത്തവരെഴുതിയതാണെന്നു വ്യക്തം; അല്ലെങ്കില്‍, ചരിത്രം തെറ്റായി തിരുത്താന്‍ ഇറങ്ങിയവര്‍ എഴുതിയത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും പാര്‍ട്ടിയും ഉണ്ടാവും മുമ്പാണ് വൈക്കത്തിന്റെ ചരിത്രം; വൈക്കം സമര ചരിത്രം, ക്ഷേത്രപ്രവേശന വിളംബര ചരിത്രം എല്ലാം. ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് 1937 ല്‍, ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണല്ലോ.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത് 1925 ഡിസംബര്‍ 26നാണ്, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍. അതിനും മുമ്പ് താഷ്‌കന്റില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചുവെന്നും ചരിത്രമുണ്ട്. കേരളത്തില്‍ ഈ പാര്‍ട്ടിക്ക് ഘടകമുണ്ടായത് എന്നെന്ന കാര്യത്തിലും രണ്ട് വാദമുണ്ട്. ഔദ്യോഗികമായി ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഘടകം കേരളത്തില്‍ രൂപീകരിച്ചത് 1939 ഡിസംബര്‍ 31നാണ്. എന്നാല്‍, 1937 ല്‍ കോഴിക്കോട്ട് അഞ്ചുപേര്‍ ഇക്കാര്യത്തിനായി ഒന്നിച്ചിരുന്നുവെന്നത് ആ പാര്‍ട്ടി പറയുന്ന മറ്റൊരു ചരിത്രം. വൈക്കം സത്യഗ്രഹം തുടങ്ങിയത് 1924 മാര്‍ച്ച് 30 നാണ്. 1925 നവംബര്‍ 23ന് വിജയം കണ്ട് അവസാനിച്ചു. ആ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ചു, നേതാക്കള്‍ വിജയിച്ചുവെന്നൊക്കെ പാര്‍ട്ടിയുടെ രഹസ്യ ക്ലാസില്‍ പറയട്ടെ. പാവം അണികള്‍ വിശ്വസിക്കട്ടെ. അതിനപ്പുറം, ക്ഷേത്രപരിസരത്ത് കടക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ അവകാശം വാങ്ങിക്കൊടുത്തുവെന്നെല്ലാം വീമ്പിളക്കുന്നതും അവകാശം പറയുന്നതും പതിവ് രീതിയിലെ നുണച്ചരിത്രകഥകളാണല്ലോ. ഒറ്റച്ചോദ്യത്തില്‍ തീരുന്നതേയുള്ളൂ ഈ വാദം: വൈക്കം സത്യഗ്രഹകാലത്ത് ഇ.എം. ശങ്കരന്‍ നമ്പൂതിരി കമ്മ്യൂണിസ്റ്റ് സഖാവായിരുന്നോ. ആയിരുന്നെങ്കില്‍, സഖാവ് ഇഎംഎസ് വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നോ? എന്തായിരുന്നു ഇഎംഎസ്സിന്റെ വൈക്കം സത്യഗ്രഹത്തോടുള്ള നിലപാട്?
വാസ്തവത്തില്‍ വൈക്കത്തെ വഴിവിലക്കിന് പിന്നില്‍ സവര്‍ണ വിഭാഗക്കാരായ, പ്രദേശത്തെ ഏതാനും ധനികര്‍ മാത്രമായിരുന്നു. ഇണ്ടന്തുരുത്തി നമ്പ്യാതിരിയുടെ വീട്ടില്‍ നിര്‍ണായക ഘട്ടത്തില്‍ നടന്ന ഒരു യോഗം അതു വ്യക്തമാക്കുന്നു. സത്യഗ്രഹം ജനശ്രദ്ധ പിടിക്കുകയും അത് വിജയത്തിലേക്കു നീങ്ങുന്നുവെന്നുറപ്പുവരികയും ചെയ്തപ്പോള്‍ ചെറുക്കാന്‍ സവര്‍ണ വിഭാഗം വൈക്കത്തു നടത്തിയ ആ യോഗത്തില്‍ 200-250 പേരേ പങ്കെടുത്തുള്ളൂ. അവരില്‍ 80 ശതമാനം ബ്രാഹ്‌മണരായിരുന്നു. അപ്പോള്‍പ്പിന്നെ എങ്ങനെ ‘സവര്‍ണര്‍’ എന്ന ഗണത്തില്‍ ജാതിതിരിച്ചുള്ള പട്ടിക സാധുവാകും.
ഇഎംഎസ് മുഖ്യമന്ത്രിയായി വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതല്‍ വൈക്കം-ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിന്റെയും ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും അതിലൂടെ ഉണ്ടായ സാമൂഹ്യ നവോത്ഥാനത്തിന്റെയും ആക്കം കുറയ്ക്കാനാണ് ശ്രമിച്ചിരുന്നതെല്ലാം. ക്ഷേത്രകേന്ദ്രിതമായ സകല സാമൂഹ്യ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്താന്‍ അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എതിര്‍ നില്‍ക്കുകയാണെന്നത് സ്പഷ്ടമാണ്. പക്ഷേ ആ നവോത്ഥാന പ്രവാഹത്തിന്റെ ഒഴുക്ക് തെല്ലു നിലച്ചതല്ലാതെ വറ്റിപ്പോയില്ല. അതിപ്പോള്‍ പുഷ്ടിപ്പെടുകയാണല്ലോ.
വര്‍ഷങ്ങള്‍ നൂറുകടക്കുമ്പോള്‍, വൈക്കത്തെ വഴിയിലൂടെ നടന്ന വിപ്ലവത്തിന് പുതിയ ഗതിവേഗമുണ്ട്. ‘സവര്‍ണ’പാര്‍ട്ടിയെന്നും സംഘടനയെന്നും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും തെറ്റായി പ്രചരിപ്പിക്കുന്ന ബിജെപിയോടും സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടും പുലയര്‍ മഹാസഭ (കെപിഎംഎസ്), ശ്രീനാരായണധര്‍മ പരിപാലന യോഗം (എസ്എന്‍ഡിപി), ധീവരസമുദായ സംഘടനകള്‍, നാടാര്‍ സമുദായസംഘങ്ങള്‍ തുടങ്ങി പത്തിലേറെ പ്രമുഖ സംഘടനകള്‍ സഹകരിക്കാന്‍ തയ്യാറാണിന്ന്. പലതരം എതിര്‍പ്പുകള്‍ അവഗണിച്ചുള്ള പുതുമാറ്റത്തില്‍ കേരളത്തിലെ വമ്പിച്ച മുന്നേറ്റമാണിത്.
ഈ കാഴ്ച കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളില്‍ വ്യാപകമായിരിക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ കിട്ടുന്ന വോട്ടിന്റെ ശതമാനമോ സീറ്റിന്റെ എണ്ണമോ അല്ല ഇവിടെ കണക്കാക്കപ്പെടേണ്ടത്, മാറ്റത്തിന്റെ ദിശയാണ്, തോതാണ്, വേഗമാണ്്. കേരളത്തിന്റെ സാമൂഹ്യക്രമത്തില്‍ പുതിയ വഴിതുറക്കുകയാണ്.
വൈക്കം സത്യഗ്രഹത്തില്‍ എവിടെയും കമ്മ്യൂണിസ്റ്റുകളില്ല. പക്ഷേ, കുപ്രചാരണങ്ങളിലൂടെ, അവരാണത് നയിച്ചതെന്ന ധാരണ പരത്താന്‍ ആ പാര്‍ട്ടി ശ്രമം തുടരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ.കെ. ഗോപാലന്‍ പങ്കെടുത്തു. ആ സത്യഗ്രഹസമരം 1931 -32 കാലത്തായിരുന്നു. മേല്‍പ്പറഞ്ഞ വിവരണങ്ങളില്‍നിന്ന് അന്ന് കമ്മ്യൂണിസ്റ്റായിരുന്നില്ല എകെജി എന്ന് വ്യക്തം. പി. കൃഷ്ണപിള്ള അന്ന് സഖാവായിരുന്നില്ല. പക്ഷേ സത്യഗ്രഹ സമരം നയിച്ച കെ. കേളപ്പനെ ഗുരുവായൂര്‍ സമരചരിത്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ത്തുന്നത്. കൃഷ്ണപിള്ളയ്ക്ക് ശ്രീകോവിലില്‍ ഇരിപ്പിടം കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ തിരുനടയില്‍ സ്മാരകം പണിഞ്ഞു.
വൈക്കം സത്യഗ്രഹത്തിന് ആദ്ധ്യാത്മിക പിന്തുണയും പദ്ധതിയുമുണ്ടായിരുന്നു. ഹിന്ദുമതത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും പിന്തുണച്ചു. ശ്രീരാമകൃഷ്ണ മിഷനും പഞ്ചാബിലെ അകാലികളും ആര്യസമാജവും അടക്കം ആദ്ധ്യാത്മിക-മത പ്രസ്ഥാനങ്ങള്‍ സമരമുഖത്തുണ്ടായിരുന്നു. അത് നേടിയെടുത്ത വിജയം സാമൂഹ്യ നവോത്ഥാന സന്ദേശം പരത്തിയിരുന്നു.
ചരിത്രത്തിലെ ചില ചിത്രങ്ങള്‍ ഇവിടെ പ്രസക്തമാണ്: നിയമസഭയില്‍ 1100 മകരം 23-ന് (1925-ല്‍) സഞ്ചാര സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ച്, ഈഴവ പ്രതിനിധിയായിരുന്ന എന്‍.കുമാരന്‍ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു, ”…നാല്‍പ്പതു ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 26 ലക്ഷത്തോളം വരും ഹിന്ദുക്കള്‍. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 64 ശതമാനമാണ്. ഹിന്ദുക്കളില്‍ എട്ടുലക്ഷം അല്ലെങ്കില്‍ 33 ശതമാനം ജാതിഹിന്ദുക്കളാണ്. മൊത്തം ജനസംഖ്യയുടെ 41 ശതമാനം, അല്ലെങ്കില്‍ 17 ലക്ഷം തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും എന്നു പറയപ്പെടുന്ന വിഭാഗത്തില്‍പ്പെടുന്നവരും…” തിരുവിതാംകൂറിലെ രാജഭരണത്തിന്‍കീഴില്‍ ഹിന്ദു വിഭാഗത്തില്‍ നിലനിന്ന, അല്ലെങ്കില്‍ നിലനിര്‍ത്തിയിരുന്ന സവര്‍ണ്ണ-അവര്‍ണ്ണ ഭേദത്തെ എതിര്‍ത്ത്, പൊതുവഴിയില്‍ സവര്‍ണ്ണര്‍ക്കുള്ളതുപോലെ അവര്‍ണ്ണര്‍ക്കും നടക്കാനുള്ള അവകാശം നേടാന്‍ നടത്തിയ സമരത്തിന്റെ ഭാഗമായിരുന്നു ആ പ്രമേയം. പ്രമേയത്തില്‍ പറഞ്ഞ അടിസ്ഥാന ജാതിക്കണക്കും മതക്കണക്കും പരാമര്‍ശിക്കാനാണ് അത് ഉദ്ധരിച്ചത്. പ്രശ്‌നം ഹിന്ദു വിഭാഗത്തിലെ ജാതിയും ഉപജാതിയും മറ്റു വേര്‍തിരിവുകളുമായിരുന്നു. അതിന് അതീതമായുള്ള ഗതിയായിരുന്നു സത്യഗ്രഹത്തിന്റെ ഹൃദയത്തുടിപ്പ്.
ഹിന്ദു ഏകതയ്ക്കു വേണ്ടിയുള്ള സമരമായിരുന്നു വൈക്കത്തേതെന്നതിന് സമരക്കാര്‍തന്നെ സാക്ഷ്യം. സത്യഗ്രഹ വാളണ്ടിയര്‍മാര്‍ കൈയൊപ്പുവെച്ചു സമര്‍പ്പിച്ചിരുന്ന പ്രതിജ്ഞയിലെ ആദ്യ വാക്യംതന്നെ ”ഞാന്‍ ഒരു ഹിന്ദുവാണ്” എന്നായിരുന്നു. ഹിന്ദുക്കള്‍ക്കു വേണ്ടി ഹിന്ദുക്കള്‍ നടത്തിയ ഹിന്ദുക്കള്‍ക്കിടയിലെ സമരമായിരുന്നു അത്. അതിനാലാണ് മുതിര്‍ന്ന, കാര്യശേഷിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫിനോട് സത്യഗ്രഹത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മഹാത്മജിതന്നെ ആവശ്യപ്പെട്ടത്.
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ ഞങ്ങള്‍ ‘ഒരാത്മാവും രണ്ട് ശരീരവുമാണെ’ന്ന് സ്വയം പ്രഖ്യാപിച്ച തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചേര്‍ത്തുനിര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീരസ്യം വിളമ്പിയപ്പോള്‍ വൈക്കം സത്യഗ്രഹ ചരിത്രത്തിലെ ഈ അദ്ധ്യായം മറന്നു: തമിഴ്‌നാട്ടില്‍നിന്ന് വൈക്കം സമരപ്പന്തലിലെത്തിയ ഇ.വി. രാമസ്വാമി നായ്ക്കര്‍ അവിടെ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമിങ്ങനെ, ” … ഹിന്ദുമതത്തില്‍മാത്രം ജനങ്ങള്‍ കുറഞ്ഞുവരുന്നു. മറ്റു സകല മതത്തിലും ജനങ്ങള്‍ വര്‍ദ്ധിച്ചു. ഇതിനു കാരണം തീണ്ടല്‍, തൊടീല്‍ എന്നിവ മൂലമുണ്ടാകുന്ന മതപരിവര്‍ത്തനമാണ്. ഈ സ്ഥിതി തുടര്‍ന്നുകൊണ്ടിരുന്നാല്‍ ഹിന്ദുമതം എന്ന പദം പോലും നശിക്കും. വൈക്കം റോഡില്‍ ധര്‍മ്മഭ്രഷ്ടന്മാര്‍ സഞ്ചരിക്കുന്നു. എന്നാല്‍ ധര്‍മ്മിഷ്ഠനായ ഒരു തീണ്ടല്‍ ജാതിക്കാരന് ആ വഴി പൊയ്ക്കൂടാ; ഈ അധര്‍മ്മരാജ്യത്തിന് എന്ന് ഗുണമുണ്ടാകും? ആറായിരം മൈല്‍ ദൂരത്തുനിന്ന് വന്ന് ഭാരതം ഭരിക്കുന്നവരില്‍ നാം അയിത്തത്തെ പരിപാലിക്കുന്നതും ഒരുജാതി മറ്റൊരു ജാതിയേക്കാള്‍ താഴ്ന്നതാണെന്ന് അവരെ ധരിപ്പിക്കുന്നതും മൂലം നാം ബ്രാഹ്‌മണ-ചണ്ഡാല ഭേദബുദ്ധിയുള്ളവരാകുന്നു. ഇതുമൂലം ഇംഗ്ലീഷുകാര്‍ വണ്ടിയിലും കപ്പലിലും മറ്റും വര്‍ഗ്ഗീയഭേദം കാണിക്കുന്നു. നമ്മുടെ ഇന്നത്തെ ഹിന്ദുമതം അധഃപതിച്ചുവെന്ന് പരിഗണിക്കാം. ക്രിസ്തുമതത്തിലെ ജനസംഖ്യ ഇരുപത്തിരണ്ട് ശതമാനവും ഇസ്ലാം മതത്തിലേത് അഞ്ചര ശതമാനവും വര്‍ദ്ധിക്കുകയും ഹിന്ദുമതത്തിലേത് അഞ്ചു ശതമാനം കുറയുകയും ചെയ്താണിരിക്കുന്നത്. നാം വിവാഹം ചെയ്യുന്നില്ലേ? നമ്മുടെ സ്ത്രീകള്‍ പ്രസവിക്കുന്നില്ലേ? ഇസ്ലാം മതത്തിലെ പ്രചാരണ കാരണം അതിലെ സ്വാതന്ത്ര്യമാണ്. ക്രിസ്തുമതത്തിന്റെ അഭിവൃദ്ധിക്കും കാരണം അതുതന്നെ. ജാതിയാല്‍ നമ്മുടെ മതം ചീത്തയായിരിക്കുന്നു. മതകാര്യം രാജ്യകാര്യത്തെക്കാള്‍ വലുതാണ്…” രാമസ്വാമി നായ്ക്കര്‍ എന്ന ഇവിആറിന്റെ ഈ വാക്കുകളില്‍ എല്ലാമുണ്ട്. അന്നത്തെ, 1930 കളിലെ, ഹിന്ദുവിന്റെ സ്ഥിതി വിവരിക്കുന്ന വാക്കുകള്‍.
മറ്റൊരു ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു: സത്യഗ്രഹ പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരന്‍ മന്നത്തു പത്മനാഭന്‍ ഒരു ചര്‍ച്ചയില്‍ സുവ്യക്തമാക്കി,”ഹിന്ദുക്കളല്ലാത്ത ക്രിസ്ത്യാനിക്കും മുഹമ്മദീയനും നടക്കാവുന്ന വഴിയിലൂടെ ഒരു ഹിന്ദുവിനു നടക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാണ് ഇവിടത്തെ ആഗ്രഹം,” എന്ന്. 1093 വൃശ്ചികം 12-ന് അതായത് 1918-ല്‍ വൈക്കം പ്രക്ഷോഭത്തിനും ഏഴുവര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന്‍ ആലുംമൂട്ടില്‍ ഗോവിന്ദന്‍ ചാന്നാര്‍ക്ക് ഒരു കത്തെഴുതി. അതില്‍നിന്ന്: ”…ഈ രണ്ടു സമുദായങ്ങളും തമ്മില്‍ കഴിയുന്നത്രവേഗം പൂര്‍വബന്ധം ഉറപ്പിച്ചും സഹോദരബന്ധം കൂട്ടിയും ജീവിക്കേണ്ടതാണെന്നുള്ള ബോധം ഇരുകൂട്ടരിലും അപൂര്‍വം ചിലരിലെങ്കിലും ഉണ്ടായിക്കാണുന്നു…. രണ്ടു സമുദായങ്ങളിലുമുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി നമ്മുടെ പൂര്‍വ ചരിത്രബന്ധത്തെയും മനുഷ്യത്വത്തെയും ഗ്രഹിപ്പാന്‍ ഇനി അമാന്തിപ്പാന്‍ പാടില്ല.” ആ അവസരം വന്നുചേര്‍ന്ന അടുത്ത നിമിഷം അതു സംഭവിക്കുകയും ചെയ്തു, വൈക്കത്ത് അത് പ്രകടമായി.
ഹിന്ദുക്കള്‍ സംഘടിതമാകുന്നതിനെ അന്ന് ഇതര മതസ്ഥരും പ്രത്യക്ഷത്തില്‍ എതിര്‍ത്തിരുന്നില്ല. പില്‍ക്കാലത്താണ്, അതായത്, ഹൈന്ദവ ശാക്തീകരണം ഉറപ്പായപ്പോഴാണ്, വിയോജിപ്പുകള്‍ സംഭവിച്ചത്. 1099 മേടം 26-ന് (1924) വൈക്കത്ത് നടന്ന നായരീഴവ സമ്മേളനം വമ്പിച്ച ചരിത്ര പ്രാധാന്യമുള്ളതാണ്. ഇടവം മൂന്നാം തീയതി നായരീഴവ സംയുക്ത പ്രതിനിധിസംഘം ദിവാന് നിവേദനം സമര്‍പ്പിച്ചത് അതിനോടൊപ്പംതന്നെ പ്രധാനം. നിവേദനത്തില്‍ പറയുന്നു,”…സവര്‍ണ്ണ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍, കാക്കാലന്മാര്‍, അതുപോലുള്ള മറ്റു സമുദായക്കാര്‍ ഇവര്‍ ഉപയോഗിച്ചു വരുന്നതായ വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിലൂടെ ഇഴവന്മാര്‍, പുലയര്‍, പറയര്‍ മുതലായ സമുദായക്കാര്‍ക്ക് അതിലേ പോയിക്കൂടെന്നുള്ള നിരോധനപ്പലകകള്‍ നാലു റോഡുകളിലും സ്ഥാപിച്ച പരേതനായ ദിവാന്‍ പേഷ്‌കാര്‍ മി. കെ.പി.ശങ്കരമേനോന്റെ കാലം മുതലാണ്, ഈ അനാശാസ്യ നിരോധനം കര്‍ശനമായി നടപ്പില്‍ വരുത്തിയിട്ടുള്ളത്… ഹിന്ദു സമുദായത്തിലെ ഏതാനും ജാതിക്കാര്‍ക്കു മാത്രം ഈ റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്നതിന്റെ ഫലങ്ങള്‍ ഇതര മതാനുസാരികളുടെ ദൃഷ്ടിയില്‍ അതിനെ പരിഹാസ പാത്രമാക്കുകയും ഹിന്ദുക്കളില്‍ അതിന്റെ പിടി ശിഥിലീകരിക്കുകയും മാത്രമാകുന്നു. ഒരു മാതൃകാ ഹിന്ദുരാജ്യമെന്നു പറഞ്ഞ് ഘോഷിക്കുന്ന തിരുവിതാംകൂര്‍ രാജ്യത്തിലെ ഗവണ്‍മെന്റ് ഇങ്ങനെയുള്ള അപമാനകരമായ വ്യത്യാസങ്ങളെ അംഗീകരിക്കരുതെന്ന് ഞങ്ങള്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല….”
കാര്യങ്ങള്‍ വ്യക്തമാണ്. വൈക്കം സത്യഗ്രഹത്തിനു ശേഷമുണ്ടായ ഉണര്‍വ്വില്‍ കേരളം മുമ്പോട്ടു പോയിരുന്നെങ്കില്‍ നൂറ്റാണ്ടുകാലം കൊണ്ട് സംഭവിക്കാവുന്നത് മറ്റു പലതുമായിരുന്നു. പക്ഷേ, അതിന് തടയിടാന്‍ പിണിയാളായി നിന്ന് പല ശക്തികള്‍ക്ക് ഒത്താശ ചെയ്തവരുടെ പങ്ക് ബാധിച്ചത് ഏറെയാണ്. തുടക്കത്തില്‍ പറഞ്ഞ കവിതയിലെ കുഞ്ഞ് അമ്മയോട് ചോദിക്കുന്നത് ഇന്നും പ്രസക്തമാണ്, മറ്റൊരു തലത്തില്‍. ”ദൈവത്തെ മേലേം താഴേം നിര്‍ത്തിയതാരാണമ്മേ” എന്ന ചോദ്യം ”സമൂഹത്തെ വര്‍ണത്തിന്റെയും ജാതിയുടെയും അടിത്തറയില്‍ പല തട്ടിലായി അകറ്റി നിര്‍ത്തുന്നതാരാണ്” എന്ന ചോദ്യമായി ഉയരേണ്ടതുണ്ട്. ചരിത്രം തെറ്റിച്ച് വായിപ്പിക്കുന്ന ”പരസ്യപ്പലകകള്‍ക്ക്” മറുപടിയായി ഈ ചോദ്യം ഉയര്‍ത്തുന്നതാണ് വൈക്കം സത്യഗ്രഹത്തിന് നൂറ്റാണ്ട് തികയുമ്പോള്‍ കേള്‍ക്കേണ്ടത്. അപ്പോള്‍ മതരാഹിത്യവും മതേതരത്വവും പരസ്യമായി പറയുകയും ജാതിയും വര്‍ണവും ഒളിയായുധങ്ങളാക്കി വിഘടനം വളര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് ഉത്തരം മുട്ടുകതന്നെ ചെയ്യും.