പശ്ചിമ ബംഗാളില്‍ അരാജകത്വമാണെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിന് മമതാ ബാനര്‍ജി പുല്ലുവിലയാണ് കല്പിക്കുന്നത്. മമതയുടെ പോലീസും തൃണമൂല്‍ ഗുണ്ടകളും ചെയ്യുന്നതൊക്കെ ശരിയാണ്. എന്നതാണ് പശ്ചിമ ബംഗാളിലെ നിയമം. ഇതറിയാത്ത ബി.ജെ.പിക്കാരെക്കുറിച്ച് മമത ദീദിക്ക് പുച്ഛമേയുള്ളൂ. എന്നാല്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഇതേ അജ്ഞതാരോഗം പിടിപെട്ടാല്‍ ദീദി എന്തു ചെയ്യും. ബംഗാള്‍ വെള്ളരിക്കാപട്ടണമാണെന്ന വിധത്തില്‍ സര്‍ക്കാരിന്റെ ഒരു അന്വേഷണ ഏജന്‍സിയേയും കോടതി വിശ്വസിക്കുന്നില്ല. ഏതു കേസ് വന്നാലും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് വിടുകയാണ് ഹൈക്കോടതി. സ്‌കൂള്‍ നിയമന ക്രമക്കേട്, രാമനവമി ഘോഷയാത്രക്ക് നേരെയുള്ള അക്രമം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് തുടങ്ങിയവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടിരിക്കയാണ് ഹൈക്കോടതി.
അഭിജിത്ത് ഗംഗോപാധ്യായ എന്ന ജഡ്ജി ഒരു ഡസനിലധികം തവണ കേസുകള്‍ കേന്ദ്ര ഏജന്‍സിക്കു വിട്ടു. രക്ഷയില്ലാതെ മമത സുപ്രീം കോടതിയിലെത്തി സ്റ്റേ വാങ്ങി തടി രക്ഷിച്ചിരിക്കയാണ്. സ്‌കൂള്‍ നിയമനത്തിലാണ് ഈ നടപടി ഉണ്ടായത്. രാമനവമിഘോഷയാത്രക്കു നേരെയുള്ള അക്രമം സംബന്ധിച്ച കേസ് എന്‍. ഐ.എക്കു വിട്ടത് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി.എസ്.ശിവ ഗണും ജസ്റ്റിസ് ഹിരണ്‍മയ ഭട്ടാചാര്യയുമാണ്. അക്രമത്തെ തുടര്‍ന്ന് ഹൗറ, ഉത്തര ദിനാജ്പൂര്‍, ഹുബ്‌ളി എന്നിവിടങ്ങളിലുണ്ടായ അക്രമവും ഹൈക്കോടതി കേന്ദ്ര ഏജന്‍സിക്കു വിട്ടു. കലിയചൗക്കില്‍ ഒരാള്‍ കൊല്ലപ്പെട്ടതും കേന്ദ്രമന്ത്രിക്കു നേരെ അക്രമമുണ്ടായതും അന്വേഷിക്കാന്‍ മമതയുടെ പോലീസ് പറ്റില്ലെന്നു തോന്നിയതിനാലാവാം കേന്ദ്ര ഏജന്‍സിക്കു വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തൃണമൂല്‍ ആക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധി പേരുടെ വീട് തകര്‍ക്കപ്പെടുകയും ചെയ്തു. ക്രമസമാധാന തകര്‍ച്ചയില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു വിടാനാണ് കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയില്‍ പോയി ഹൈക്കോടതി ഉത്തരവുകള്‍ക്ക് സ്റ്റേ വാങ്ങുന്ന പണി മമത കോണ്‍ഗ്രസ് നേതാക്കളായ വക്കീലന്മാരെ ഏല്‍പിച്ചിരിക്കയാണ്. മമതക്ക് ബി.ജെ.പിയേക്കാള്‍ വലിയ തലവേദന ഇപ്പോള്‍ ജുഡീഷ്യറി ആയിരിക്കയാണ്.
Comments