ഭാരതം ‘5 ട്രില്ല്യണ്‍ ഡോളര്‍’ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. ഐ.എം.എഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വ്യാപ്തി 2021-22ല്‍ 3.2 ട്രില്ല്യണില്‍ നിന്ന് 2022-23ല്‍ 3.5 ട്രില്ല്യണ്‍ ആയും പിന്നീടത് 2026-27 ല്‍ 5 ട്രില്ല്യണ്‍ കടക്കുമെന്നാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭാരത സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചത് പ്രകാരമാണെങ്കില്‍, 2026-27 ലേക്ക് ഐ.എം.എഫ് പ്രവചിച്ചതിനും മുമ്പായി തന്നെ അത് നേടിയെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് പ്രധാനമന്ത്രിയും കൂട്ടരും.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ ഭാരതം നോമിനല്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്ത് 10-ാം സ്ഥാനത്തായിരുന്നു. (അന്ന് 1.85 ട്രില്ല്യണ്‍ ഡോളര്‍ ഇക്കോണമി ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം). സ്വാതന്ത്ര്യാനന്തരം നീണ്ട 60 വര്‍ഷമെടുത്തു ഭാരതത്തിന് കേവലം ഒരു ട്രില്ല്യണ്‍ ഇക്കോണമി എന്ന ലക്ഷ്യം പോലും സാധ്യമാക്കാന്‍ എന്നുള്ളിടത്താണ് വിഷയത്തിന്റെ ഗൗരവമിരിക്കുന്നത്.
2018 ഒക്‌ടോബറിലാണ് ”2025ല്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ ഇക്കോണമി” എന്നതിലേക്കുള്ള റോഡ് മാപ്പിന് ഭാരത സര്‍ക്കാര്‍ രൂപംനല്‍കുന്നത്. അന്നത് വിഭാവനം ചെയ്യുമ്പോള്‍ ലോക സമ്പദ് വ്യവസ്ഥയില്‍ ഭാരതം ആറാം റാങ്കില്‍ ആയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടനെ പിന്തള്ളി ഭാരതം അഞ്ചാം റാങ്കിലെത്തിച്ചേര്‍ന്നു കഴിഞ്ഞു. എന്നുവച്ച് മുന്നിലുള്ള ലക്ഷ്യം ചെറുതല്ല; മാര്‍ഗ്ഗം അതിസുഗമവുമല്ല.
നോമിനല്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഓരോ രാഷ്ട്രത്തിന്റെയും നില പരിശോധിക്കുമ്പോഴാണ് മുന്നോട്ടുള്ള ആ വലിയ പാതയെ പറ്റി നമുക്ക് ബോധ്യം വരികയുള്ളൂ.
26.85 ട്രില്ല്യണ്‍ ഡോളര്‍ ഇക്കോണമിയുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 19.37 ട്രില്ല്യണുമായി ചൈന രണ്ടാം സ്ഥാനത്തും. 4.40 ഉള്ള ജപ്പാനും 4.30 ഉള്ള ജര്‍മ്മനിക്കും പിന്നിലായി ഭാരതം 3.73 ട്രില്ല്യണുമായി അഞ്ചാം സ്ഥാനത്താണ്. ഇവിടെ നിന്നുമാണ് നമുക്കാലക്ഷ്യം നേടിയെടുക്കേണ്ടത് (1 ട്രില്ല്യണ്‍ എന്നാല്‍ 1 ലക്ഷം കോടി ആണെന്നോര്‍ക്കണം).
1978ല്‍ 9-ാം സ്ഥാനത്തായിരുന്ന ചൈന 2010ല്‍ രണ്ടാം സ്ഥാനത്തെത്തി. 1980ല്‍ ആഗോള ജിഡിപിയില്‍ 2% മാത്രമായിരുന്നു ചൈനയുടെ സംഭാവന എങ്കില്‍ 2021ല്‍ അത് 18% ആയി ഉയര്‍ന്നു. സ്വാതന്ത്ര്യാനന്തരം വളര്‍ച്ചയുടെ ഗതിവേഗത്തെ പിന്നോട്ടടിപ്പിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലായിരുന്നു ഭാരതത്തെ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇന്ന് നമ്മള്‍ എവിടെ എത്തി നില്‍ക്കുമായിരുന്നു എന്നത് ചിന്തിച്ചുനോക്കുക. കാഴ്ചപ്പാടുള്ള ഒരു സര്‍ക്കാര്‍ ഇല്ലാതെ പോയതാണ് പതിറ്റാണ്ടുകളായി ഭാരതത്തിന് ശാപമായി ഭവിച്ചത്.
2007ല്‍ 1 ട്രില്ല്യണ്‍ ഇക്കോണമി ആയ ഭാരതം ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്:-
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 5 ട്രില്ല്യണ്‍
2035 ല്‍ 10 ട്രില്ല്യണ്‍
2047 ല്‍ 20 ട്രില്ല്യണ്‍ ഡോളര്‍ ഇക്കോണമിയും ലോകത്ത് മൂന്നാം റാങ്കും.
ദേശീയ ബോധമുള്ള, വികസന കാഴ്ചപ്പാടുള്ള, രാഷ്ട്ര വളര്‍ച്ചയെ പറ്റി തീവ്രമായി ചിന്തിക്കുന്ന ഇന്നത്തെ സര്‍ക്കാര്‍ സംവിധാനം ഒരു പതിറ്റാണ്ട് കൂടി ഭരിച്ചാല്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കും.
2018-19ല്‍ അഞ്ച് ട്രില്ല്യണ്‍ എന്ന ചര്‍ച്ച വന്നപ്പോള്‍ അതൊരു വിദൂര സ്വപ്‌നമായാണ് പലരും വിലയിരുത്തിയത്. എന്നാല്‍ 2022ല്‍ ജിഡിപി 3.5 ട്രില്ല്യണ്‍ കടന്നതോടെയാണ് അന്ന് അവിശ്വസിച്ചവര്‍ക്ക് കാര്യങ്ങളുടെ ഗതിയെ പറ്റി ബോദ്ധ്യം വന്നത്.
2020ലെ കോവിഡ് മഹാമാരിയും 2022ലെ റഷ്യ-ഉക്രൈന്‍ സംഘര്‍ഷവുമൊക്കെ ആഗോള സാമ്പത്തിക ഔട്ട്പുട്ടിനെ സാരമായി ബാധിക്കുന്നുണ്ട്. തന്മൂലം പല രാജ്യങ്ങളിലും പണപ്പെരുപ്പം സാരമായി വര്‍ദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ആഗോള വ്യവസ്ഥയിലും വിപണിയിലും ഗൗരവമായ അനിശ്ചിതത്വം സൃഷ്ടിക്കുന്നുമുണ്ട്. ഇത്തരം ഗൗരവ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് നാം നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി അക്ഷീണം യത്‌നിക്കേണ്ടത്.
അടിസ്ഥാന സൗകര്യ വികസനം എന്ന മഹാമേരു
വികസ്വര രാഷ്ട്രത്തെ സംബന്ധിച്ച് അതിന്റെ വികസിത രാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ പ്രധാന വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനം തന്നെയാണ്.
2025ല്‍ അഞ്ച് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ ഇക്കോണമി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഈ മേഖലയില്‍ അക്ഷീണ പരിശ്രമം ചെയ്യേണ്ടതായിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വന്‍വിജയം പോലും സംഭവിച്ചത് ഈ മേഖലയിലെ ഉണര്‍വ് കൊണ്ട് മാത്രമാണ്. യഥാകാലത്തെ സര്‍ക്കാര്‍ ഇടപെടല്‍, സുസ്ഥിര ഫണ്ടിംഗ്, കൃത്യമായ നിരീക്ഷണം ഇവയിലൂടെയാണ് ഓരോ പദ്ധതിയും മുന്നോട്ട് പോകുന്നത്.
വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്‍ഫ്രയിലെ പോരായ്മ ഒരു തടസ്സമാകരുതെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഓരോ ബഡ്ജറ്റിലും ഈ മേഖലയിലെ വികസനത്തിനായി നീക്കി വയ്ക്കുന്ന തുക മുന്‍വര്‍ഷത്തേക്കാള്‍ 20-30% വീതം വര്‍ദ്ധിപ്പിക്കുന്നത് (2023-24ലെ ബഡ്ജറ്റില്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഔട്ട് ലേ ജിഡിപിയുടെ 3.3% ആയിരുന്നു.)
സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് വേണ്ടി എണ്ണമറ്റ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി പോകുന്നത്. പ്രധാനമന്ത്രി ആവാസ് യോജനക്ക് കൂടുതല്‍ വിഹിതം, ക്ഷീര-മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ ഫണ്ട്, റൂറല്‍ മേഖലയിലെ അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ധനസഹായം എന്നിവയാണ് അതില്‍ ചിലത്. ഇതിന് പുറമേ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിലും അനുബന്ധ വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഭാരത സര്‍ക്കാര്‍.
നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍
എന്‍ഐപി (NIP) പദ്ധതി വഴി 2019 മുതല്‍ 2025 വരെയുള്ള കാലം കൊണ്ട് ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളിലൂടെ വന്‍കുതിപ്പാണ് ആ മേഖലയില്‍ ലക്ഷ്യം വയ്ക്കുന്നത്. പൗരന്മാര്‍ക്ക് ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം നല്‍കുക വഴി കേവലം ജീവിത നിലവാരം ഉയര്‍ത്തല്‍ മാത്രമല്ല സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്; മറിച്ച് ജനങ്ങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കലും അതുവഴി രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി ഭദ്രമാക്കലും കൂടിയാണ്.
ഈ പദ്ധതിയുടെ ആവിഷ്‌കാരത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി, ധനകാര്യ വകുപ്പിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ സെക്രട്ടറിയുടെ ചെയര്‍മാന്‍ഷിപ്പില്‍ ഒരു ഹൈലെവല്‍ ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോജക്ടുകള്‍ സക്രിയമാണ് (ഈ റിപ്പോര്‍ട്ട് 2020 ഏപ്രില്‍ 29ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു).
49 സബ്ബ് സെക്ടറുകളിലായി 8980 പദ്ധതികള്‍ നടന്നുവരുന്നു. 2022 പുതിയ പദ്ധതികള്‍ അണിയറയിലാണ്. ആകെ പ്രോജക്റ്റ് ചിലവ് 1783.61 ബില്ല്യണ്‍ ഡോളറാണ്.
പ്രധാനമായും എട്ട് മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
1. ഊര്‍ജ്ജ മേഖല.
2. ലോജിസ്റ്റിക്‌സ്, ഫലപ്രദമായ ഗതാഗത വികസനം.
3. വീട്, ജലം എന്നിവ എല്ലാവര്‍ക്കും സാധ്യമാക്കല്‍.
4. സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്കരണം.
5. എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം.
6. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍.
7. ആരോഗ്യ മേഖല.
8. സ്മാര്‍ട്ട് സിറ്റി.
ജനസംഖ്യയിലെ യുവത്വ ഘടന
2021ല്‍ ലഭ്യമായ കണക്ക് പ്രകാരം, ഭാരതത്തിലെ ജനസംഖ്യയുടെ 25.7% 14 വയസ്സില്‍ താഴെയാണ്. 68% ആകട്ടെ 15 വയസ്സിനും 64 വയസ്സിനും മദ്ധ്യേയാണ്. 7 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് വര്‍ക്ക് ഫോഴ്‌സില്‍ പെടാത്തത്. 15നും 64നും മദ്ധ്യേ പ്രായമുള്ളവരെയാണ് വര്‍ക്കിംഗ് ഏജില്‍ കണക്കാക്കുക. ഒരു രാജ്യത്തിന്റെ ഉത്പാദന ക്ഷമതയുടെ അളവ് കോലാണിത്. 2015 മുതല്‍ 2030 വരെ ഈ സംഖ്യയില്‍ അഭൂതപൂര്‍വ്വമായ വൃദ്ധിയാണ് ഭാരതത്തിനുള്ളത്.
ജനസംഖ്യയുടെ ശരാശരി പ്രായക്കണക്കനുസരിച്ച് ഓരോ രാജ്യവും ഒരു സമയത്ത് ”Demographic window of Opportunity” എന്നൊരു കാലഘട്ടത്തിലൂടെ കടന്നു പോകാറുണ്ട്. ഭാരതം ഇപ്പോള്‍ അതിനുള്ളിലാണ്. (2055-56 കാലം വരെ) അമേരിക്കയും ചൈനയുമൊക്കെ ഈ വിന്‍ഡോയില്‍ നിന്നും പുറത്തേക്ക് കടന്നു പോയി കഴിഞ്ഞു. നിലവില്‍ ജനസംഖ്യയുടെ 68% പേരും ഈ ബ്രാക്കറ്റിനുള്ളില്‍ വരുന്ന അവസ്ഥയാണ് ഭാരതത്തിലുള്ളത്. 2030 ആകുമ്പോഴേക്കും 103 കോടി പേര്‍ ഈ പ്രായപരിധിയിലുണ്ടാകും. അതേ സമയത്ത് ചൈനയില്‍ 97 കോടിയും അമേരിക്കയില്‍ 22 കോടിയും മാത്രമായിരിക്കും എന്നതും ചിന്തിക്കണം. അക്കാലത്ത് ഇന്ത്യന്‍ ജനസംഖ്യയുടെ ശരാശരി പ്രായം വെറും 31 വയസ്സാണ് (ചൈനയുടേത് 43 ഉം അമേരിക്കയുടേത് 40 ഉം). രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ യൗവ്വനാവസ്ഥ നല്‍കുന്ന ഗതിവേഗം പ്രവചനാതീതമാണ്. ഇക്കാരണത്താല്‍ തന്നെ ഇനി ഭാരതത്തിന്റെ സുവര്‍ണ്ണകാലഘട്ടമാണ് വരാന്‍പോകുന്നത്.
നഗരവത്കരണവും വികസനകുതിപ്പും
ലോക ബാങ്ക് ഡാറ്റ അനുസരിച്ച് ഇന്ത്യയുടെ ജനപെരുപ്പം 2011-2017 കാലത്ത് പ്രതിവര്‍ഷം 1.2% സിഎജിആര്‍ പ്രകാരം വര്‍ദ്ധിച്ചിരുന്നു. 2030ല്‍ 152 കോടി ജനസംഖ്യ എത്തുമെന്നാണ് ആഗോള ഏജന്‍സികളുടെ കണക്കൂകൂട്ടല്‍.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഭാരതത്തിലെ അര്‍ബന്‍ ജനസംഖ്യ പ്രതിവര്‍ഷം 2.4% വച്ച് വര്‍ദ്ധിക്കുന്നുണ്ട്. 2030 ഓടെ ഭാരത ജനസംഖ്യയുടെ 42% പേരും നഗരപ്രദേശത്തായിരിക്കും എന്നാണ് അനുമാനം (2011ല്‍ 31% ആയിരുന്നു അര്‍ബന്‍ ജനസംഖ്യ).
യഥാര്‍ത്ഥത്തില്‍ കേവല ജനസംഖ്യാ പെരുപ്പം കൊണ്ടല്ല ഈ വൃദ്ധി. 2030 ഓടെ തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 50 ശതമാനത്തിലധികം ജനങ്ങളുടെ ആവാസകേന്ദ്രവും അര്‍ബന്‍ മേഖലയ്ക്ക് തുല്യം വികസിതമാകുന്നു എന്നതൊരു സുപ്രധാന കാരണമാണ്. 2011ല്‍ ഭാരതത്തില്‍ 46 മെട്രോപൊളിറ്റന്‍ സിറ്റികളാണ് ഉണ്ടായിരുന്നതെങ്കില്‍, അത് 2030ല്‍ 68 ആയി വര്‍ദ്ധിക്കുന്നു എന്നതും നഗരവത്കരണ മേഖലയിലെ വൃദ്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നു.
നഗരവത്കരണം അടിസ്ഥാന സൗകര്യ വികസന അഭിവൃദ്ധിക്കും തന്മൂലം ഉത്പാദന ക്ഷമത കൂടുന്നതിനും കാരണമാകും. തദ്ഫലമായ ജിഡിപിയിലും അത് പ്രതിഫലിക്കും.
ലക്ഷ്യസാധ്യത്തിന് നിലവിലെ പ്രതിസന്ധികള്‍
1. സപ്ലൈ ചെയിന്‍ മേഖലയില്‍ ഇനിയും കാര്യങ്ങള്‍ സുഗമമാക്കേണ്ടതുണ്ട്.
2. കോവിഡ് കാലഘട്ടത്തിലെ ആഗോളസാമ്പത്തിക നയങ്ങള്‍ പണപ്പെരുപ്പത്തിന് (ലോകത്താകമാനം) ഹേതുവാകും.
3. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം.
4. ഫെഡറല്‍ റിസര്‍വ്വിന്റെ പലിശ നയങ്ങള്‍.
നമ്മുടെ ശക്തി
1. പിഡബ്ല്യുസി റിപ്പോര്‍ട്ട് പ്രകാരം 2021-30 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് ചൈനയേക്കാള്‍ 2%, ജര്‍മ്മനിയേക്കാള്‍ 4%, അമേരിക്കയേക്കാള്‍ 3.5% കൂടുതലാണ് എന്നത് ലക്ഷ്യപ്രാപ്തിക്കുള്ള ഏറ്റവും മികച്ച ഇന്ധനമാണ്.
2. സുതാര്യമായ കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റ്; തന്മൂലം ക്രഡിറ്റ് സൗകര്യം വര്‍ദ്ധിക്കും, ഉത്പാദനം കൂടും, വിപണി ഊര്‍ജ്ജസ്വലമാകും (കോര്‍പ്പറേറ്റ് മേഖലയിലെ നികുതി ഇളവും കൂടുതല്‍ തേജസ്സ് പകരും).
3. നിയന്ത്രണ വിധേയമായ പണപ്പെരുപ്പം.
4. പ്രതിമാസം 1.5 ലക്ഷം കോടി രൂപയോളം വരുന്ന ജിഎസ്ടി വരുമാനം.
5. സുതാര്യമായ ഇക്കോണമി, 2022-23 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് അനുസരിച്ച് 113 ലക്ഷം കോടി രൂപ മൂല്യമുള്ള യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് ജിഡിപിയുടെ 48% വരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഡിജിറ്റല്‍ ഇന്ത്യ എത്രത്തോളം വിജയിച്ചു എന്ന് മനസ്സിലാവുക (ഇത് മൂലം കറന്‍സി സര്‍ക്കുലേഷനില്‍ അഭൂതപൂര്‍വ്വമായ കുറവാണ് രേഖപ്പെടുത്തിയത്).
6. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 85 ബില്ല്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം.
7. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെ അടിസ്ഥാനത്തില്‍ ഭാരതം വളരെ മുന്നിലാണ് (ലോകത്ത് 3-ാം സ്ഥാനം).
8. ഏകദേശം എല്ലാ രാജ്യങ്ങളുമായും സൗഹൃദം (ഇത് കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ഗുണപ്രദമാണ്).
9. പുത്തന്‍ സാങ്കേതിക വിദ്യകള്‍ അതിശീഘ്രം നടപ്പിലാക്കുന്ന ശൈലി.
10. 40% ഊര്‍ജ്ജവും ഫോസിലേതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് എന്ന ഘടകം.
11. ഓഫ്‌ഷോറിംഗ് അവസരങ്ങള്‍ – കോവിഡ് 19 കാരണം ആഗോള തൊഴില്‍ സംസ്‌കാരത്തില്‍ വന്ന മാറ്റം രാജ്യത്തിന് ഗുണകരമാണ്. ഓണ്‍ലൈന്‍/വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥിതിയിലേക്ക് തൊഴില്‍ പ്രവണത മാറി. അതിനാല്‍ തന്നെ പല വികസിത രാജ്യങ്ങളിലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും ഭാരതത്തിലെ ഉദ്യോഗാര്‍ത്ഥികളെ കോസ്റ്റ് ഇഫക്ടീവായി ഉപയുക്തമാക്കാം. ലോകത്തിലെ ഏറ്റവും വലിയ യുവജന സംഖ്യ ഭാരതത്തിലാണ് എന്നുള്ളത് നമുക്ക് നല്‍കുന്ന മേല്‍ക്കൈ ചെറുതല്ല.
ഡോളറിന്റെ തകര്‍ച്ചാസാധ്യതയും രൂപയുടെ ഭാവിയും
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആഗോള കറന്‍സിയായി കുതിച്ച ഡോളറിന് ഇനി ശനിദശ തുടങ്ങുകയാണ്. 19-ാം നൂറ്റാണ്ടില്‍ പൗണ്ട് കയ്യടക്കി വച്ചിരുന്ന ആഗോള നാണയ പദവി 1944ലെ ബ്രട്ടണ്‍വുഡ് കോണ്‍ഫറന്‍സിന് ശേഷമാണ് ഡോളര്‍ നേടിയെടുത്തത്. 44 രാജ്യങ്ങള്‍ ഡോളറിനെ അംഗീകരിച്ചതും; 1970 കളിലെ പെട്രോ ഡോളര്‍ സംവിധാനങ്ങളുമൊക്കെ ഡോളറിന്റെ അപ്രമാദിത്വത്തിന് ഹേതുവായി.
എന്നാല്‍ തങ്ങള്‍ക്കുള്ള അധീശത്വത്തില്‍ അഹങ്കരിച്ച് ലോക രാജ്യങ്ങളുടെ മേല്‍ വല്ല്യേട്ടന്‍ കളിച്ച് നടക്കുന്ന അമേരിക്കയ്ക്ക് ചെറിയ തിരിച്ചടികള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് ചില രാജ്യങ്ങള്‍.
റഷ്യയും ചൈനയും തമ്മിലുള്ള ഇടപാടുകള്‍ ചൈനീസ് കറന്‍സിയായ യുവാനില്‍ ആക്കിയതും ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഒരു പൊതുകറന്‍സിയെ പറ്റി ചര്‍ച്ച തുടങ്ങിയതും, സൗദി അറേബ്യ പെട്രോഡോളറിന് പകരം പെട്രൊയുവാന്‍ എന്ന് പറഞ്ഞ് തുടങ്ങിയതും നിസ്സാര കാര്യമല്ല. ഡി-ഡോളറൈസേഷന്‍ എന്ന പ്രയോഗം തന്നെ പ്രചാരത്തിലായി. ലോക രാജ്യങ്ങളിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ്വിന്റെ 61.82% ഉം ഡോളര്‍ ആയിരുന്നത് 59% എത്തി എന്നത് ചെറിയ കണക്കല്ല.
ഇറാനും ഇന്ത്യയും തമ്മിലുള്ള എണ്ണവ്യാപാരത്തിലെ വിനിമയ നാണയം രൂപയായി തീര്‍ന്നതില്‍ നിന്നും തുടങ്ങി ഇന്ന് 18 രാജ്യങ്ങള്‍ ഡോളറിന് പകരം ഇന്ത്യന്‍ രൂപയെ അംഗീകരിച്ചു എന്നതും നമുക്ക് ഗുണകരമാണ്.
ഗുഡ്ഗവേണന്‍സ്, സാമ്പത്തിക സ്ഥിരത, കൂടുതല്‍ ആഗോള വ്യാപാരം എന്നീ 3 കാര്യങ്ങളില്‍ നമ്മള്‍ ബദ്ധ ശ്രദ്ധ ചെലുത്തിയാല്‍ ഡോളറിന്റെ സ്ഥാനത്തേക്ക് ഇന്ത്യന്‍ രൂപ എത്തുന്ന കാലം അതിവിദൂരമല്ല.
Comments