തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ എന്ന പവിത്രമായ സ്ഥാനത്തിരുന്നുകൊണ്ട് ആചാരവിരുദ്ധമായ നടപടികള്‍ നടത്തി ക്കൊണ്ടിരിക്കുന്ന മുഞ്ചിറമഠം പരമേശ്വര ശ്രീ ബ്രഹ്മാനന്ദ തീര്‍ത്ഥയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്ര രക്ഷാവേദിയും മിത്രാനന്ദപുരം തീര്‍ത്ഥക്കുളം സംരക്ഷണ സമിതിയും ജില്ലാ കലക്ടര്‍ക്കും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ളവര്‍ക്കും പരാതി നല്‍കി.
തികച്ചും ആചാരവിരുദ്ധവും ക്ഷേത്രവിരുദ്ധവുമായ നടപടികളാണ് ഇദ്ദേഹം സ്വീകരിച്ച് വരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ സിപിഎം അനുകൂല സംഘടനയുടെ പേരില്‍ നടന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. കോട്ടയ്ക്കകത്ത് സേവാഭാരതി ബാലസദനം പ്രവര്‍ത്തിക്കുന്ന കെട്ടിടം കൈവശപ്പെടുത്താന്‍ ഇദ്ദേഹവും കൂട്ടരും ചേര്‍ന്നു നടത്തിയ സമരം ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയുണ്ടായി. ഇദ്ദേഹത്തോടൊപ്പം നഗരത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങള്‍ കൂട്ടായുണ്ടെന്നും പരാതിയില്‍ പറയുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രഭരണം നടത്തിയിരുന്നത് യോഗത്ത് പോറ്റിമാരും മഹാരാജാക്കന്മാരും പുഷ്പാഞ്ജലി സ്വാമിയാരും ചേര്‍ന്നാണ്. ക്ഷേത്രത്തിലെ ചെയര്‍മാന്‍ പദവിക്ക് തുല്യമായ സ്ഥാനമാണ് പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക്. അതിനെയാണ് നിലവിലുള്ള പുഷ്പാഞ്ജലി സ്വാമിയാരായ ബ്രഹ്മാനന്ദ തീര്‍ത്ഥ ദുരുപയോഗം ചെയ്യുന്നത്.