മകള്‍
പടിയിറങ്ങിയപ്പോഴാണ്
ഒരു മരുഭൂമി
രൂപപ്പെട്ടു വന്നത്
പതം പറഞ്ഞെത്തുന്ന
മഴ
അകലേയ്ക്കു
പോയത്
കലമ്പല്‍ കൂട്ടുന്ന
കിളികള്‍ മൗനിയായത്
മധുരമെല്ലാം
ചവര്‍പ്പായത്
വക്കുപൊട്ടിയ വാക്ക് തട്ടി
മനസ്സ് മുറിഞ്ഞ്
ചോര പൊടിഞ്ഞത്
പൊള്ളലേറ്റ നിനവുകള്‍
കരിഞ്ഞു വീണത്
മകളാരുടെ കൈ പിടിച്ചുവെന്ന്
പിന്നെയും പിന്നെയും
നോക്കുമ്പോള്‍
മിഴികളില്‍
പുഴയൊഴുകുന്നു
മകള്‍ പടി കടന്നതില്‍ പിന്നെ
നിലാവ്
ചിരിച്ചിട്ടേയില്ല
നക്ഷത്രങ്ങള്‍
തിരിഞ്ഞു നോക്കിയുമില്ല
ഒരു മീന്‍ കഷണത്തിനായി
കുറുങ്ങിപ്പൂച്ച
ആര്‍ത്തിയോടെ
നോക്കിയിട്ടില്ല
ടൈഗര്‍ പുര ചുറ്റും
ഓടിവന്ന്
കൊതിയോടെ
വാലാട്ടിയിട്ടില്ല
എങ്കിലും
മകളേ
വീടു മുഴുവന്‍
നീ നിറഞ്ഞു നില്‍ക്കുകയാണെന്ന്
എനിക്കല്ലേ അറിയൂ.
Comments