ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് തീരുമാനിച്ചതാണ് പഞ്ചകേദാര യാത്ര. എല്ലാവരും തന്നെ മറ്റു ഹിമാലയയാത്രകള്‍ നടത്തിയിട്ടുള്ളവരുമാണ്.പഞ്ചകേദാരങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കല്‌പേശ്വര്‍. ഇവിടെ ശിവന്റെ ജടാഭാരമാണ് ആരാധിക്കുന്നത്.
ബദ്രിമാര്‍ഗ്ഗത്തില്‍ ജോഷിമഠ് എത്തുന്നതിനുമുന്‍പ് ഒരു ചെറിയ ഗ്രാമമുണ്ട് ‘ഹേലാങ്ഛട്ടി’. ഇവിടെ നിന്നാണ് കല്‌പേശ്വറിലേക്ക് നടന്നു കയറേണ്ടത്-ഏകദേശം പതിമൂന്ന് കിലോമീറ്ററിലധികം വരും. അതികഠിനമായ മലകയറ്റമാണ്.
അളകനന്ദാതീരത്തുള്ള ചമോളി ജില്ലയുടെ തലസ്ഥാനം ഗോപേശ്വര്‍ ആണ്. ചമോളികഴിഞ്ഞാല്‍ ‘പിപ്പല്‍കോട്ട്’ എന്ന ചെറുനഗരം. ഇവിടെ നിന്നും കുറച്ചകലെ ‘ഗരുഡ്ഗംഗാ’ എന്നൊരു ചെറിയ ഗ്രാമമുണ്ട്. വിഷ്ണുവാഹനമായ ഗരുഡന്‍ ഇവിടെ ജീവിച്ചിരുന്നു. ഇവിടത്തെ കല്ലുകള്‍ക്ക് പാമ്പുവിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. ഗരുഡ് ഗംഗയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ അധികം യാത്രചെയ്താല്‍ ”ഹെലാങില്‍” എത്താം.
ഇവിടെനിന്ന് ദുര്‍ഗ്ഗമമായ കയറ്റങ്ങള്‍ കയറിയാല്‍ ഒരു ചെറിയ ശിലാക്ഷേത്രമായ കല്‌പേശ്വറില്‍ എത്തും. അര്‍ഘ്യമുനി, ദുര്‍വ്വാസാവ് തുടങ്ങി ഒട്ടനവധി ഋഷീശ്വരന്മാര്‍ ഇവിടെ തപസ്സനുഷ്ടിച്ചിട്ടുണ്ട്.അപ്‌സരസുന്ദരിയായ ഉര്‍വ്വശി സൃഷ്ടിക്കപ്പെട്ടത് ഇവിടെയാണെന്ന് പറയപ്പെടുന്നു.
ബ്രഹ്മപുത്രന്മാരായ നരനാരായണന്മാര്‍ ഇവിടെ തപസ്സുചെയ്തിരുന്നു. ഇവരുടെ ഘോരതപസ്സ്‌കണ്ടു ഭയചകിതനായി ഇന്ദ്രന്‍. ഇന്ദ്രപദംനേടാനാണ് ഇവരുടെ തപസ്സ് എന്ന് ഇന്ദ്രന്‍ തെറ്റിദ്ധരിച്ചു. ഇവരുടെ തപസ്സ് മുടക്കാന്‍ പലവിധത്തില്‍ യത്‌നിച്ചു. പരാജയപ്പെട്ട ഇന്ദ്രന്‍,ഒടുവില്‍ അപ്‌സരസ്സുകളെ മഹര്‍ഷിമാരുടെ തപസ്സിളക്കാന്‍ നിയോഗിച്ചു. പെട്ടന്ന് കണ്ണു തുറന്ന ഋഷിമാര്‍ അപ്‌സരസ്സുകളെ കണ്ട് ക്രുദ്ധരായിത്തീര്‍ന്നു. ക്ഷുഭിതനായ നാരായണമുനി തന്റെ തുടമേല്‍ മെല്ലെ ഒന്നടിച്ചു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ രത്‌നം ആവിര്‍ഭവിച്ചു. മഹര്‍ഷിയുടെ ഉര്‍വ്വിയില്‍(തുട)നിന്നും വന്നതിനാല്‍ അവള്‍ക്ക് ഉര്‍വ്വശി എന്ന് നാമകരണം ചെയ്തു. ഉര്‍വ്വശിയുടെ സൗന്ദര്യധോരണിയില്‍ മറ്റ് അപ്‌സരസ്സുകള്‍ ലജ്ജിച്ച് തലതാഴ്ത്തി. തുടര്‍ന്ന് ഉര്‍വ്വശിയേയും ഇന്ദ്രനുതന്നെ നല്‍കി, നരനാരായണന്മാര്‍ തപസ്സുതുടര്‍ന്നു.
സ്വച്ഛവും ശൈവചൈതന്യം നിറഞ്ഞു തുളുമ്പുന്നതുമായ ഈ സ്ഥലത്തേക്ക് യാത്രികര്‍ അത്യപൂര്‍വ്വമായിട്ടേ വന്നെത്താറുള്ളൂ. ഹെലാങില്‍ നിന്ന് പത്തു കിലോമീറ്ററോളം നടന്നാല്‍ ‘ഉര്‍ഗം’ എന്ന ചെറുഗ്രാമത്തിലെത്താം. ഇപ്പോള്‍ ഉര്‍ഗം വരെ ജീപ്പ് റോഡുണ്ട്.പക്ഷെ മണ്ണിടിച്ചില്‍ സര്‍വ്വ സാധാരണമായതുകൊണ്ട് ജീപ്പിനെ വിശ്വസിക്ക വയ്യ.
വഴിയില്‍ ചെറിയ വീടുകള്‍ കാണാം. ഹരിതാഭ നിറഞ്ഞുനില്‍ക്കുന്ന സ്ഥലം. ചോളം, മത്തന്‍, കുമ്പളം തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ കൃഷിചെയ്തിരിക്കുന്നു. ഇവിടെ നിന്നും കുറച്ചകലെയുള്ള അളകനന്ദയുടെഘോരാട്ടഹാസം കേള്‍ക്കാം. നദിക്ക് കുറുകെ ഒരു പാലമുണ്ട്. ഉര്‍ഗം എത്തുന്നതിനുമുന്‍പ് കല്‌പേശ്വറില്‍ നിന്നും മറ്റൊരു നദി ഒഴുകിയെത്തുന്നു. പാറക്കെട്ടുകളില്‍ തട്ടിച്ചിതറി, അതീവവേഗതയോടെ, രൗദ്രരൂപിണിയായി, ഭയാനകയായി അലയടിച്ചെത്തുന്നു. വളരെയധികം ഭീതിദമായ അന്തരീക്ഷം. വഴിക്കിരുവശവും വനനിബിഡത.
ഇവിടെനിന്ന് കല്‌പേശ്വറിലേക്കുള്ള ക്ഷേത്രപടവുകള്‍ ആരംഭിക്കുന്നു. ഒരു മലഞ്ചെരുവില്‍ ദീര്‍ഘാകൃതിയിലുള്ള സ്ഥലത്ത് ഗുഹാക്ഷേത്രം പോലെ തോന്നിക്കുന്ന ഒന്ന്. ശിവന്റെ ജടാമുടി കെട്ടഴിഞ്ഞ്, ഭഗീരഥന് വീഴ്ത്തിക്കൊടുത്ത ഗംഗപോലെ ചിന്നിച്ചിതറി ഒഴുകുന്ന നദി. ശിവകേശം പോലെ തിങ്ങി നിറഞ്ഞ വനസ്ഥലിയാണ് ഇവിടുത്തെ ശിവസങ്കല്‍പം.
കേദാര്‍നാഥില്‍ തുടങ്ങിയ ക്ഷേത്രസങ്കല്‍പം, തുംഗനാഥ്, മദ്ധ്യമഹേശ്വര്‍,രുദ്രനാഥ് എന്നിവിടങ്ങളില്‍ ചുരുങ്ങിച്ചുരുങ്ങി കല്‌പേശ്വറില്‍ എത്തുമ്പോള്‍ തീരെ ഇല്ലാതാകുന്നു. പ്രകൃതി ശിവനില്‍ അഥവാ ശിവന്‍ പ്രകൃതിയില്‍ ലയിക്കുന്നതാണ് അനുഭവവേദ്യമാകുന്നത്.യഥാര്‍ത്ഥത്തില്‍ അവനവന്റെ മനസ്സിലെ ബ്രഹ്മസങ്കല്‍പം ഇവിടത്തെ പ്രകൃതിയുമായി ഒത്തുചേരുന്നു.
എടുത്തുപറയേണ്ട ഒരു കാര്യം ഈ കേദാരങ്ങളിലെ പൂജാരികളെ കുറിച്ചാണ്. കേദാര്‍ ഒഴികെ,മറ്റിടങ്ങളില്‍ വല്ലപ്പോഴും കടന്നുവരുന്ന സഞ്ചാരികളോ, അവരുടെ ദക്ഷിണയോ ഒന്നും കാത്തല്ല, അവിടെ പൂജനടക്കുന്നത്. അത് സ്വയാര്‍പ്പിതമാണ്. അവരുടെ ജീവിതത്തിന്റെ ഒരു നിഷ്ഠയാണ്. ഒരു സഞ്ചാരിപോലും ഇല്ലെങ്കിലും പൂജാവിധികള്‍ യഥാക്രമം നടക്കും. കല്‌പേശ്വറിലാണെങ്കില്‍ അവിടെ വിശേഷിച്ച് പൂജകള്‍ ഒന്നും തന്നെ ഇല്ല.
ഋഷഭശിവന്റെ മുതുക്, മധ്യം, കൈകള്‍, മുഖം, ജടാ എന്നീ ക്രമത്തിലാണ് പഞ്ചകേദാരങ്ങള്‍. ഇവിടങ്ങളിലെ പൂജാക്രമങ്ങള്‍ക്കും വ്യത്യാസമുണ്ട്. പ്രകൃതി തന്നെ ഈശ്വരനും ഞാനും നിങ്ങളും. ഈ യാത്രകള്‍ നമ്മെ സ്വയം തിരിച്ചറിയാനുള്ള ഒരു ഉപാധിയാക്കുന്നു.
‘അഹം ബ്രഹ്മാസ്മി’ എന്ന് നാം അറിയുന്നു.
കാഴ്ചകളുടെ അപാരതയാണ് ഉത്തരാഖണ്ഡ്. ആദികൈലാസവും മറ്റും ഇവിടെ കുമയൂണ്‍ മേഖലയിലാണ്. അത്ഭുതപ്പെടുത്തുന്ന വൈചിത്ര്യമാണ് ഹിമാലയത്തിന് വിവിധ ഋതുക്കളില്‍.- പ്രഭാതത്തിലും സന്ധ്യയിലും വ്യത്യസ്ത ഭാവങ്ങളാണുള്ളത്. അതിനെ അറിയണമെങ്കില്‍ മഴയിലും വെയിലിലും,മഞ്ഞിലും മാത്രമല്ല നിലാവിലും അന്ധകാരത്തിലും, അതിനെപരിക്രമം ചെയ്താല്‍ മാത്രമേ കഴിയൂ. ഉത്തരാഖണ്ഡിലെ ജനജീവിതത്തെ നിയന്ത്രിക്കുന്നത് ഇവയാണ്. കടുത്ത ശാരീരികക്ലേശങ്ങളും, അപകടസാധ്യതകളും മറികടന്ന് പ്രകൃതിയുടെ സൗന്ദര്യാനുഭവങ്ങള്‍ക്കുടമയാകുന്നവന്‍ ഭൂമിയുടെ സാമഗീതം നുകരുന്നു. ഇത് യാത്രികരെ ഹൃദയവിശാലതയുള്ളവരാക്കുന്നു.